നോവലിസ്റ്റ്:
ബേബി ടി കുര്യന്‍
അധ്യായം 06
ഒരു പെണ്ണുകാണല്‍ കഥ
കല്ല്യാണം കഴിഞ്ഞതോടെ ഞങ്ങള്‍ 'പിള്ളേര് സെറ്റു'മായുള്ള ചങ്ങാത്തം ചാക്കോച്ചന്‍ ഏറെക്കുറേ അവസാനിപ്പിച്ചു. അവസാനിക്കാതെ നിലനിന്നു പോന്നത് ഞങ്ങളിരുവരും തമ്മിലുള്ള സൗഹൃദം. തമ്മില്‍ കാണുന്നതും സൊറ പറയുന്നതും അവധി ദിവസങ്ങളിലേക്കു ചുരുങ്ങി. തോട്ടിറമ്പിലെ മണല്‍കൂനകളിലെ ഒത്തുകൂടലില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം.
ആ കൂടിക്കാഴ്ചകള്‍ കൂടുതല്‍ രസകരമായിരുന്നു. ഭാര്യ ആനിക്കുട്ടിയുമായുള്ള പിണക്കങ്ങളും ഇണക്കങ്ങളും പിന്നെ ദാമ്പത്യ ജീവിതത്തിന്റെ എരിവും പുളിയും കലര്‍ന്ന ചില കിടപ്പറ വിശേഷനുറുങ്ങുകളും സംസാരവിഷയങ്ങളായി വരും. കൗമാരത്തിലേക്ക് കാലൂന്നുന്ന ഒരുവന്റെ സഹജമായ ആകാംക്ഷയോടെ രസംപിടിച്ച് എല്ലാം കേട്ടിരിക്കും.
അങ്ങനൊരവസരത്തിലാണ് എന്നെ ആശ്ചര്യപ്പെടുത്തിയ ഒരു രഹസ്യസംഭവത്തിന്റെ ചുരുള്‍ ചാക്കോച്ചന്‍ അഴിച്ചത്.
''ഈ പെണ്ണുങ്ങള്‍ക്ക് പല അബദ്ധോം പറ്റാറുണ്ട്. എന്നാ ആനിക്കുട്ടിക്ക് പറ്റിയതുപോലൊന്ന് ഹോ... ആര്‍ക്കും പറ്റിയേല. ഹഹഹാ....''
അതും പറഞ്ഞ് പതിവുരീതിയില്‍ കൈവെള്ളകള്‍ രണ്ടും കൂട്ടിയടിച്ച് അല്പം പിറകോട്ടാഞ്ഞ് ചാക്കോച്ചന്‍ പൊട്ടിച്ചിരിച്ചു.
എന്താണ് ആ വമ്പന്‍ അബദ്ധം? എന്നിലെ ജിജ്ഞാസ സടകുടഞ്ഞെഴുന്നേറ്റു. കാതുകള്‍ ജാഗരൂപംപൂണ്ടു.
തുടര്‍ന്ന് ചാക്കോച്ചന്‍ വിവരിച്ച ആ സംഭവം എന്റെ എല്ലാ പ്രതീക്ഷകളേയും ധാരണകളേയും അതിലംഘിക്കുന്നതായിരുന്നു.
പക്ഷെ, അത് ഒരുഅബദ്ധമെന്ന് കേവലമായി വിശേഷിക്കാമോ? ഒരു ധാരണപ്പിശക്? അല്ല ദൗര്‍ഭാഗ്യം.
ഒരു ദുരന്തമെന്ന് വിശേഷിപ്പിച്ചാലും അധികമാകില്ല.
എങ്ങനെയാണ് ആ സംഭവം വിവരിക്കേണ്ടത്? ഒരു കഥാരൂപത്തിലാക്കി യാല്‍ ഇപ്രകാരമാവാം.
ചാക്കോച്ചന്‍ അപ്പച്ചനോടൊപ്പം പെണ്ണുകാണലിനായി ആനിക്കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെടുന്നതു മുതല്‍ കഥ ആരംഭിക്കുന്നു.
പെണ്ണുകാണലിനായി ഒരാള്‍ വരുന്നു. ഏതൊരു പെണ്‍കുട്ടിയേയും പോലെ ആനിക്കുട്ടിയുടെ ഉള്‍ത്തടത്തിലും ആകാംക്ഷയും അതിലേറെ ഉല്‍ക്കണ്ഠയും നിറഞ്ഞു.
എങ്ങനെയിരിക്കും വരുന്നയാള്‍?
ഏതായാലും 'മുന്നില്‍ പ്രത്യക്ഷപ്പെടുന്ന' ചടങ്ങിനു മുമ്പായി ആളെ നന്നായി ഒന്നു കാണണം. ആനിക്കുട്ടി മനസ്സില്‍ തീരുമാനിച്ചുറച്ചു.
പ്രധാനവീഥിയില്‍ നിന്നും വീട്ടിലേക്കുള്ള നടവഴിയിലേക്ക് നോട്ടമെത്തുന്ന ഒരു മുറിയിലെ ജനാലയ്ക്കരുകില്‍ നിശ്ചയിച്ചിരുന്ന സമയമെത്താറായപ്പോള്‍ ആനിക്കുട്ടി നില്പ്പുറപ്പിച്ചു.
നോട്ടം ആകാംക്ഷയോടെ വഴിയിലേക്ക്.
അധികം വൈകിയില്ല അതാ വരുന്നു രണ്ടുപേര്‍! ആനിക്കുട്ടിയുടെ ഹൃദയം ശക്തിയായി തുടിച്ചു.
വഴി പിന്നിട്ട് മുറ്റത്തേക്ക് കടന്ന അവരില്‍ മുമ്പേ വന്നയാളില്‍ നോട്ടമുറപ്പിച്ച ആനിക്കുട്ടിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കുവാന്‍ സാധിച്ചില്ല.
ഒരു സുന്ദരന്‍!
വെളുത്തു ചുവന്ന മുഖത്ത് നേരിയ ഗൗരവം തുടിക്കുന്നുണ്ടെങ്കിലും വശ്യമായ പുഞ്ചിരി അതിനെ മറയ്ക്കു ന്നു. ആ നടപ്പും നോട്ടവുമെല്ലാം എത്ര ചേതോഹരം!
അപ്പനും ആങ്ങളമാരും ചേച്ചിമാരുടെ ഭര്‍ത്താക്കന്മാരും ചേര്‍ന്ന് ആദരവോടെ അദ്ദേഹത്തെ വീടിനുള്ളിലേക്കാനയിക്കുന്നു.
കൂടെ ഒരു 'പേട്ട്' ചെറുക്കനുമുണ്ട്. തലയും കുനിച്ചുപിടിച്ച് പമ്മിപ്പരുമ്മി അദ്ദേഹത്തിന് പിന്നിലായി നീങ്ങുന്നു.
ഛേ. ഇങ്ങേര്‍ക്ക് വേറെ ആരെയും കിട്ടിയില്ലേ ഒരു കൂട്ടിന് ഒപ്പം കൊണ്ടുവരാന്‍?
അകത്ത് കയറി ആഗതര്‍ കസേരകളില്‍ ഉപവിഷ്ഠരായി. ആനിക്കുട്ടി നില്‍പുസ്ഥലം അടുത്തൊരു മുറിയിലെ വാതില്‍ പാളിമറയിലേക്കാക്കി. അവിടെ നിന്നാലും ആളെ വ്യക്തമായി കാണാം.
എന്തൊരു ഭംഗി! എത്ര സരസമായ സംസാരം! എന്തൊരു ശബ്ദഗാംഭീര്യം!
ആ മുഖത്തുനിന്ന് കണ്ണെടുക്കാന്‍ തോന്നില്ല.
ഇങ്ങനെ വേണം ആണുങ്ങള്‍.
അദ്ദേഹം ഇടയ്ക്കിടെ പറയുന്ന തമാശകള്‍ കേട്ട് മുറിയിലുണ്ടായിരുന്നവര്‍ ക്കൊപ്പം വാതില്‍പാളി മറഞ്ഞുനിന്നിരുന്ന ആനിക്കുട്ടിയും വാപൊത്തിച്ചിരിച്ചു.
ദൈവമേ ഈ കല്ല്യാണം നടന്നാമതിയായിരുന്നു....
മനസ്സും ദേഹവും ആകെ പൂത്തുതളിര്‍ത്തപോലെയാണ് ആനിക്കുട്ടി 'ചെറുക്കന്റെ' മുന്നിലേക്കു കടന്നുവന്നത്.
അദ്ദേഹം ഒരുപാട് വിശേഷങ്ങള്‍ ചോദിച്ചു. ഒപ്പം പല തമാശകളും. അതുകേട്ട് ഒരു പെണ്ണുകാണല്‍ ചടങ്ങാണ് നടക്കുന്നത് എന്നുപോലും വിസ്മരിച്ച് ആനിക്കുട്ടി കുലുങ്ങി ച്ചിരിച്ചു.
''ഇതാരാണെന്ന് മനസ്സിലായോ?''
കൂടെ വന്ന ആ 'വേങ്ങോടനെ' ചൂണ്ടി ഇടയ്ക്ക് അദ്ദേഹത്തിന്റെ ചോദ്യം. അതുകേട്ട് ആ ചെറുക്കന്റെ മുഖത്തേക്കും ഒന്നു നോക്കി.
ആകെ ചമ്മി വളിച്ച മോന്തയുമായി വിമ്മിഷ്ടത്തോടെയിരിക്കുകയാണ് അവന്‍. എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്ന മട്ട്.
ആ ഇരിപ്പുകണ്ട് ആനിക്കുട്ടിക്ക് ചിരിപൊട്ടി.
''എന്തെങ്കിലും മിണ്ടടാ.''
അദ്ദേഹം പറഞ്ഞതുകേട്ട് അവന്‍ 'ഇപ്പോള്‍ കരയും' എന്ന മട്ടിലിരുപ്പാണ്.
ആനിക്കുട്ടി പിന്നേയും ചിരിച്ചുപോയി. ഇങ്ങനെ പേടിത്തൊണ്ടന്മാര് ആണുങ്ങളുണ്ടാകുമോ? ഏതായാലും കൂട്ടിനു കൊണ്ടുവന്ന ആളുകൊള്ളാം! എവടെന്ന് കിട്ടി ഈ സാധനത്തിനെ?
ചടങ്ങുകഴിഞ്ഞു വന്നവര്‍ മടങ്ങി.
അപ്പനും ആങ്ങളമാരും ചേട്ടന്മാരും ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യുവാന്‍ തുടങ്ങി. അവര്‍ക്ക് ആകെ ആശയക്കുഴപ്പം.
ഇത് വേണോ?
മിക്കവരുടെയും ഉള്ളില്‍ ഈ ചോദ്യമുയര്‍ന്നു.
പക്ഷെ വേണ്ടെന്ന് വച്ചാല്‍? കുടുംബത്തിന്റെ ഇപ്പോഴത്തെ സ്ഥിതിവച്ച് മറ്റൊരു ബന്ധം?
ഏതായാലും പെണ്ണിന്റെ അഭിപ്രായം ചോദിക്കാം. അവള്‍ സമ്മതിച്ചാല്‍ നടത്താം.
അപ്രകാരമൊരു പൊതു തീരുമാനത്തിലേക്ക് എല്ലാവരുമെത്തി.
സകലരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പെണ്ണ് പൂര്‍ണ്ണസമ്മതം അറിയിച്ചു. അതുകേട്ട് ആശ്വാസം തോന്നിയെങ്കിലും ഉള്ളില്‍ വിഷമം.
മനസമ്മതദിവസം പള്ളിക്കകത്ത് വികാരിയച്ചന്റെ മുന്നിലായി തന്റെ വലതുവശത്തു വന്നുനിന്ന ആളെക്കണ്ട് ആനിക്കുട്ടി ഞെട്ടി.
അന്ന് പെണ്ണുകാണലിന് ഒപ്പം വന്ന ആ പേട്ട് ചെറുക്കന്‍!
അയാള്‍ക്ക് എന്തോ അബദ്ധം പറ്റി വന്നു നിന്നതാണെന്നാണ് ആദ്യം കരുതിയത്. പക്ഷെ, അതാ അല്പം മാറി നില്‍ക്കുന്നു തന്നെ മോഹിപ്പിച്ച ആ സുന്ദരന്‍! ഒപ്പം നല്ല പട്ടുസാരിയൊക്കെയുടുത്ത് കുലീനത്വവും അഴകും നിറഞ്ഞ ഒരു സ്ത്രീ. കൂടെ പന്ത്രണ്ടു വയസ്സുതോന്നിക്കുന്ന ഒരു പയ്യന്‍. പിന്നെ അവന്റെ ഇളയത് എന്നുതോന്നിപ്പിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍.
തലയ്ക്ക് ഒരു പെരുപ്പുപോലെ തോന്നി ആനിക്കുട്ടിക്ക്. വീണുപോയേക്കുമോ എന്നു ഭയന്നു.
അടുത്തുനിന്ന ആരോ എന്തോ പറഞ്ഞുകൊണ്ട് തോളില്‍ തട്ടി. ആനിക്കുട്ടി സ്ഥലകാലബോധം വീണ്ടെടുത്തു.
പെട്ടുപോയി... അബദ്ധം തനിക്കാണ് പറ്റിയത്.
അച്ചന്‍ സമ്മതം ചോദിക്കുമ്പോള്‍ 'അല്ല' എന്ന് പറഞ്ഞാലോ?
പക്ഷെ ഏറെ ബദ്ധപ്പെട്ട് എല്ലാം ഒരുക്കിയ സ്വന്തം വീട്ടുകാര്‍? അവര്‍ക്കും കുടുംബത്തിനും ഉണ്ടാകുന്ന അപമാനം?
ഇല്ല ഈ കുരുക്കില്‍ നിന്നു രക്ഷയില്ല.
പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞതു മുതല്‍ ഒരു സ്വപ്നലോകത്തായിരുന്നു. ഏതൊക്കെയോ മായക്കാഴ്ചകളുടെ ഭ്രമാത്മക ലോകത്ത്.
ഇതാ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.
ഇതാണ് വിധിച്ചത്. അനുഭവിക്കുക.
സംഭവം പറഞ്ഞവസാനിപ്പിച്ച് ചാക്കോച്ചന്‍ വീണ്ടും കൈകൊട്ടി പൊട്ടിച്ചിരിച്ചു.
''എങ്ങനൊണ്ട് ജോണച്ചാ. ഏതെങ്കിലും പെണ്ണിന് പറ്റ്വോ ഇതുപോലൊരു പറ്റ്?''
അപ്രതീക്ഷിതമായി അറിഞ്ഞ ആ പുതുവിശേഷം പകര്‍ന്ന അമ്പരപ്പിലാണ് ഞാന്‍.
''അപ്പോ... അന്ന് ചെറ്ക്കന്‍ ചാക്കോച്ചനാണെന്നറിഞ്ഞിരുന്നേ... ആനിക്കുട്ടിച്ചേച്ചി കല്ല്യാണത്തിന് സമ്മതിക്കില്ലാര്‍ന്നോ?''
പിന്നെ ചാക്കോച്ചന്റെ ചിരി.
''എവടെ സമ്മതിക്കാന്‍? അവളങ്ങനെ മാത്തുട്ടിച്ചനെ കണ്ട് മയങ്ങി നില്‍ക്കുവല്ലേ? അല്ല, അവള്‍ക്കിത് വേണം. വല്യകേമിയാന്നാ അവള്‍ടെ ഒരു വിചാരം. പൊട്ടി.''
ഈ സംഭവം കേട്ടതിന്റെ അമ്പരപ്പിലും സുമുഖനും യോഗ്യനുമായ അപ്പച്ചനെക്കുറിച്ചോര്‍ത്ത് ഉള്ളില്‍ ഒരു അഭിമാനം.
ദിവസങ്ങള്‍ കഴിയുന്തോറും പല പല സംശയങ്ങളും ചോദ്യങ്ങളും ഉള്ളില്‍ ഉയരാന്‍ തുടങ്ങി. ഈ കാര്യം മറ്റാര്‍ക്കെങ്കിലും അറിയാമോ? പ്രത്യേകിച്ച് അപ്പച്ചന്? പിന്നെ അമ്മച്ചിക്ക്?
അതിനുള്ള സാധ്യത കാണുന്നില്ല. ചാക്കോച്ചന്റെ കല്ല്യാണം കഴിഞ്ഞപ്പോള്‍ തൊട്ട് ഇന്നുവരെ ഇങ്ങനൊന്ന് നടന്നതിന്റെ യാതൊരു ലക്ഷണവും അപ്പച്ചനുമമ്മച്ചിയും കാണിച്ചിട്ടില്ല. മാത്രമല്ല ആനിക്കുട്ടിച്ചേച്ചി ഇരുവരോടും വളരെ വിനയബഹുമാനങ്ങളോടെ സന്തോഷപൂര്‍വം ഇടപഴകുകയും ചെയ്യുന്നു. ആനിക്കുട്ടിച്ചേച്ചി അമ്മച്ചിയെ കാണാന്‍ പലപ്പോഴും വീട്ടില്‍ വരാറുണ്ട്. വളരെ നേരം സംസാരിച്ചിരിക്കാറുമുണ്ട്.
ചാക്കോച്ചന്‍ നുണ പറഞ്ഞതാണോ? എന്നെ കബളിപ്പിക്കാന്‍ മെനഞ്ഞുണ്ടാക്കിയ ഒരു കള്ളക്കഥ? എങ്കിലും ഇതുപോലൊരു കഥ സങ്കല്പിച്ചെടുക്കാന്‍ മാത്രം ഭാവനാസമ്പന്നനാണോ ചാക്കോച്ചന്‍?
അതിനു സാധ്യതകുറവാണ്.
എങ്ങനെയെങ്കിലും ഇതിന്റെ സത്യാവസ്ഥ അറിയണം. ഉള്ളില്‍ സദാനേരവും ആ ഒരു ചിന്ത.
അത് ഒരു വീര്‍പ്പുമുട്ടലായി മാറുന്നു.
(തുടരും)