നോവലിസ്റ്റ്:
ബേബി ടി കുര്യന്‍
കല്യാണം
കൊപ്രാക്കളത്തിലെ പണിക്കാരനായതോടെ ചാക്കോച്ചന്റെ രീതികളില്‍ പല മാറ്റങ്ങളും പ്രകടമായിത്തുടങ്ങി. കളത്തില്‍ ധാരാളം പണിയുണ്ട്. പലപ്പോഴും രാവിലെ എട്ടുമണിക്കുതന്നെ ജോലിക്കുകയറണം. പല ദിവസങ്ങളിലും നിശ്ചിത സമയം കഴിഞ്ഞ് 'ഓവര്‍ ടൈം' ജോലിയും കാണും.
ആഴ്ചയവസാനമാണ് പണിക്കാര്‍ക്ക് വേതനം ലഭിക്കുന്നത്. ചാക്കോച്ചനും സ്വന്തമായി ഒരു വരുമാനമൊക്കെയായി. പുതിയ ഷര്‍ട്ട്, ടൗണിലെ ചായക്കടയില്‍ നിന്നു ഭക്ഷണം, ഇടയ്ക്ക് സിനിമാ....
ചാക്കോച്ചനും ആളാകെ മാറിത്തുടങ്ങി.
ചാക്കോച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു മൂന്നവസരങ്ങളിലായി അമ്മച്ചിയുടെ സമ്മതം ഒരു തരത്തില്‍ വാങ്ങിയെടുത്ത് പുള്ളിക്കാരന്റെ ചെലവില്‍ ഞാനും സിനിമ കാണാന്‍ പോയി. ഒപ്പം ചായക്കടയില്‍ നിന്ന് ഒരു ചായ കുടിയും.
ചാക്കോച്ചന്‍ പണിക്കുപോയി ഏതാനും മാസങ്ങള്‍ കഴിഞ്ഞൊരു ഞായറാഴ്ച, കുഞ്ഞവദച്ചേട്ടന്‍ അപ്പച്ചനെ കാണാനെത്തി. അന്ന് കൊപ്രാക്കളത്തിന് അവധിയാണ്.
പതിവു കുശലം പറച്ചിലുകള്‍ക്കുശേഷം കുഞ്ഞവദച്ചേട്ടന്‍ മെല്ലെ മറ്റൊരു വിഷയത്തിലേക്കു കടന്നു.
''അതേയ് മാത്തൂട്ടിച്ചാ ഞാനൊരു കാര്യം പറയാനാ വന്നത്.''
അപ്പച്ചന്റെ നോട്ടം ചോദ്യരൂപത്തില്‍.
''അത്... ചാക്കോ...''
അപ്പച്ചന്റെ മുഖത്ത് ചൊറിയൊരു ആകാംക്ഷ.
''എന്താ അവന്‍ വല്ല ഗുലുമാലുമൊപ്പിച്ചോ?''
''ഏയ് അങ്ങനെ പ്രശ്‌നോന്നൂല്ല. പിന്നെ... അവന്റെയൊരു മട്ടുംമാതിരീമൊക്കെ നമുക്കറിയാമല്ലോ.''
''പിന്നെ?''
''അത്... ഞാനൊരു കാര്യം പറയണോന്ന് കൊറച്ച് ദെവസായ്ട്ട് വിചാരിക്കുവാ... അവനെ... ചാക്കോനെയൊരു കല്ല്യാണം കഴിപ്പിച്ചാലോന്ന്...''
വലിയൊരു തമാശ കേട്ടപോലെ അപ്പച്ചന്‍ പൊട്ടിച്ചിരിച്ചു.
''ഹാ അവന്‍ വെറും പയ്യനല്ലേ? ഇപ്പോഴും പിള്ളേര് കളിമാറാത്ത പ്രകൃതം. കൊറച്ചൂടെ ഒരു പക്വതേം ഉത്തരവാദിത്വബോധോം ഒക്കെ വരട്ടേ. എന്നിട്ട് പോരേ?''
''കല്ല്യാണം കഴിച്ച് ഒരു പെണ്ണൊക്കെ വന്നു കഴീമ്പം അതൊക്കെ പയ്യെ വന്നോളും മാത്തൂട്ടിച്ചാ. എത്ര നാളാ ഞങ്ങളിങ്ങനെ രണ്ടാള് മാത്രായിട്ട് വീട്ടില്. അല്ലേത്തന്നെ അതൊരു വീടാണോ? കുടുംബം നോക്കാനൊരു പെണ്ണ് വന്നാലല്ലേ അതൊരു വീടെന്ന് പറയാമ്പറ്റൂ. പണ്ടാര്‌ന്നെങ്കി മിക്കവാറും കത്രി ഒണ്ടാര്‍ന്ന്...''
അപ്പച്ചന്റെ മുഖം ചിന്താധീനം.
''അവന്‍ ഒരു പെണ്ണുകെട്ടി കുടുംബായിട്ട് ജീവിച്ചു തൊടങ്ങട്ടേ മാത്തൂട്ടിച്ചാ. എനിക്കും അതൊരു സമാധാനാ. നാളെ ഞാനെവടേങ്കിലും മറിഞ്ഞു വീണു ചത്താലും അവനൊരു തൊണയുണ്ടാകൂല്ലോ?''
കുഞ്ഞവദച്ചേട്ടന്‍ വിഷയത്തിന്റെ പ്രധാനഭാഗത്തേക്ക് കടന്നു. മാണിച്ചേട്ടന്റെ തറവാടു വീടിനടുത്തായി ഒരു ഇടത്തരം കുടുംബമുണ്ട്. ആറ് മക്കളില്‍ നാലും പെണ്ണ്. രണ്ടു പേരെ വിവാഹം കഴിപ്പിച്ചു. ഇനി രണ്ടുപേര്‍ വിവാഹപ്രായമായി നില്‍ക്കുന്നു. ആ വീട്ടുകാര്‍ ഇപ്പോള്‍ അല്പം മോശം സാമ്പത്തിക സ്ഥിതിയിലുമാണ്. എന്നു വച്ച് പെണ്‍മക്കളുടെ വിവാഹം വേണ്ടെന്നു വയ്ക്കാനാവില്ലല്ലോ? ഏതെങ്കിലും ഒരു ബന്ധം കണ്ടുപിടിച്ച് ഇനിയുള്ളവരില്‍ മൂത്തവളുടെയെങ്കിലും കല്ല്യാണം വൈകാതെ നടത്തണം.
''നല്ല കൊച്ചാന്നാ മാണീടെ വീട്ടുകാര് പറഞ്ഞേ. നമക്കതൊന്ന് ആലോചിക്കാം മാത്തൂട്ടിച്ചാ.''
അപ്പച്ചന്‍ അപ്പോഴും ചിന്തയില്‍തന്നെ.
''അവനോട് പറഞ്ഞോ?''
''അത്... ഇല്ല.''
''പിന്നെ? അവന് സമ്മതാണോന്ന് ചോദിക്കണ്ടേ?''
''അത്... മാത്തൂട്ടിച്ചന്‍ അവനോടങ്ങ് പറഞ്ഞാമതി. പിന്നെ അവനൊരെതിരും പറയിയേല.''
അപ്പച്ചനില്‍ നിന്നും വിവരങ്ങളറിഞ്ഞ പ്പോള്‍ അമ്മച്ചിക്കും ചിരിയടക്കാനായില്ല.
''ശ്ശോ ആ ചെറ്ക്കനെ പെണ്ണുകെട്ടിക്കാനോ?''
അമ്മച്ചിയുടെ സാന്നിധ്യത്തിലാണ് അപ്പച്ചന്‍ ചാക്കോച്ചനോട് 'ആലോചനക്കാര്യം' പറഞ്ഞത്. കാര്യം കേട്ടപ്പോള്‍ മുഖത്ത് ചമ്മിയ ഒരു ചിരി.
പെണ്ണുകാണലിന് ചാക്കോച്ചനെ അപ്പച്ചന്‍ കൊണ്ടുപോണം. അത് കുഞ്ഞവദച്ചേട്ടന് നിര്‍ബന്ധം.
''എന്താകൂന്ന് അറിയില്ല. ആ പെണ്ണിന് ഇവനെ ഇഷ്ടപ്പടുമോ ആവോ. കണ്ടറിയണം.''
ഉള്ളില്‍ തോന്നിയ സംശയം അപ്പച്ചന്‍ അമ്മച്ചിയുമായി പങ്കുവയ്ക്കാതിരുന്നില്ല.
പറഞ്ഞുവച്ച സമയത്തു തന്നെ പെണ്ണുകാണലിന് പോകാന്‍ തയ്യാറായി ചാക്കോച്ചന്‍ വീട്ടിലെത്തി.
''എന്താടാ ഇത്. കൊറച്ചൂടെ നല്ല ഒരു ഷര്‍ട്ടൊക്കെയിട്ട് കൊള്ളാവുന്നൊരു മുണ്ടൊക്കെയുടുത്ത് ഒന്നൂടെ മെനയ്‌ക്കൊക്കെ വേണ്ടേ പോകാന്‍? ഈ കോലത്തില്‍ നിന്നെക്കണ്ടാല്‍ ഏത് പെണ്ണിനാടാ ഒരു മതിപ്പ് തോന്നണേ?''
ചാക്കോച്ചന്റെ ഉടുത്തൊരുങ്ങലിലൊള്ള അതൃപ്തി അമ്മച്ചി മറച്ചുവച്ചില്ല.
''അയ്യോ, റോസമ്മച്ചീ ഞാന്‍ അലക്കിത്തേച്ചെടുത്തതാ.''
''ഉം... ആ കത്രി അവിടില്ലാത്തതിന്റെ അറിയാനൊണ്ട്.''
പക്ഷേ, കാര്യങ്ങള്‍ ഏറ്റവും ശുഭകരമായി കലാശിച്ചു. പെണ്ണിന് ചെറുക്കനെ ഇഷ്ടപ്പെട്ടു.
കല്ല്യാണം നിശ്ചയിച്ചു.
മനസമ്മതം കൂടാന്‍ മണ്ണാര്‍ക്കാട്ടുനിന്നും കത്രിച്ചേച്ചിയും ഒരു മകനും മാത്രമാണ് വന്നത്. മാണിച്ചേട്ടന് അവിടെ തകൃതിയായി നടക്കുന്ന കൃഷിപ്പണികള്‍ വിട്ട് വരാന്‍ തീരെ സമയമില്ലത്രേ. കുഞ്ഞവദച്ചേട്ടന്റെ മുഖമിരുണ്ടു.
''എന്നാലും എന്റെ കത്രീ ആകെയൊള്ളൊരു അളിയങ്കൊച്ചന്റെ മനസ്സ് ചോദ്യം കൂടാമ്പോലും നിന്റെ മാപ്പളയ്ക്ക് നേരയില്ലാണ്ടായല്ലോ?''
''അതൊന്നും അപ്പന് പറഞ്ഞാ മനസ്സിലാകത്തില്ല. കാര്യാറിയണേ ചെന്ന് കാണണം.''
''ഏതായാലും കല്ല്യാണത്തിന് നീയും മാണീം പിള്ളേരും ഒരാഴ്ചമുന്നേ ഇങ്ങെത്തിയേക്കണം.''
പക്ഷെ, കല്ല്യാണത്തലേന്ന് മാത്രമാണ് അവരെത്തിച്ചേര്‍ന്നത്.
കത്രിച്ചേച്ചിയേയും മാണിച്ചേട്ടനേയും പിള്ളേരെയും അത്ഭുതത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. കത്രിച്ചേച്ചിക്കുണ്ടായ മാറ്റാണ് ആശ്ചര്യകരം. മുഖത്തെ വിഷാദഭാവവും സംസാരത്തിലെ വെറുപ്പും പുച്ഛവുമെല്ലാം എങ്ങോപോയി മറഞ്ഞു. ഇപ്പോള്‍ ആകെ സന്തോഷം, ഉന്മേഷം, പ്രസരിപ്പ്. മാണിച്ചേട്ടനും മക്കളും നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് ആഹ്ലാദത്തോടെ.
പറക്കാന്‍ ചിറകു ലഭിച്ച പക്ഷികള്‍! നിര്‍വിഘ്‌നം പറന്നു കയറാന്‍ വിശാലമായ ആകാശം അവര്‍ക്കിന്ന് സ്വന്തം.
കത്രിച്ചേച്ചിയേയും കുടുംബത്തേയും സന്തോഷത്തോടെ അപ്പച്ചനുമമ്മച്ചിയും നോക്കിനിന്നു.
''ഇവരെ പണ്ടേതന്നെ മണ്ണാര്‍ക്കാട്ടേയ്ക്ക് വിടേണ്ടതായിരുന്നു.''
അപ്പച്ചന്‍ പറഞ്ഞതുകേട്ട് കുഞ്ഞവദച്ചേട്ടന്‍ തുലകുലുക്കി ചിരിച്ചു.
കത്രിചേച്ചിക്ക് അമ്മച്ചിയോട് വിസ്തരിക്കാന്‍ വിശേഷങ്ങളേറെ. പുതിയനാട്, നാട്ടുകാര്‍, പുതിയ സൗഹൃദങ്ങള്‍, സമൃദ്ധമായി വിളവു നല്കുന്ന ഭൂമി, ലഭിച്ചുകൊണ്ടിരിക്കുന്ന മെച്ചങ്ങള്‍....
''എന്റെ റോസമ്മച്ചീ ഈ മനുഷേന്‍ ഇവടെ അപ്പന്റേം ചേട്ടന്മാര്‌ടേം കൂടെക്കെടന്ന് പോത്തു പോലെ പണ്തിട്ടെന്നാ ഗൊണോണ്ടായി? തിന്നും കുടിച്ചും പോകാനൊള്ളത് കിട്ടിയാലായി. ഇപ്പോഴാ കൈയ്യിലെന്തെങ്കിലുമൊന്നു മിച്ചമൊണ്ടാകാന്‍ തൊടങ്ങിയത്.''
സ്വന്തമായി വാങ്ങിയതിനു പുറമേ കുറേയധികം ഭൂമി പാട്ടത്തിനെടുത്തും മാണിച്ചേട്ടന്‍ കൃഷിയിറക്കിയിരി ക്കുകയാണ്.
''കേട്ടോ മാഷേ ആ പറമ്പിലൊക്കെ വളന്ന് നിക്കണ കശുമാവേന്ന് ആര്‍ക്കുംവേണ്ടാതെ വീണുപോണ കശുവണ്ടി പെറുക്കി വിറ്റാമതി പാട്ടക്കാശ് കൊടുക്കാന്‍.''
കല്ല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ അവര്‍ മടങ്ങി പ്പോകാനൊരുങ്ങി.
''അവടന്ന് മാറിനിന്നാ ഒന്നും ശരിയാകിയേല റോസമ്മച്ചീ. എന്തെല്ലാം കൃഷികളാ... നോട്ടംവിട്ടാ എല്ലാം പോക്കാ. അവടെ ചെന്നാലേ എനിക്ക് സമാധാനോള്ള്.''
കത്രിച്ചേച്ചിയുടെ കൈകളില്‍ സ്‌നേഹപൂര്‍വം പിടിച്ച് ചിരിയോടെ മുഖത്തേക്ക് അമ്മച്ചി സൂക്ഷിച്ചു നോക്കി.
''അല്ലാ... പണ്ടിവടെവന്ന് കുറ്റിയടിച്ച് കെടന്ന് തിരിച്ചുപോകില്ലെന്ന് വാശിപിടിച്ചിരുന്ന കത്രി തന്നെയാണോ ഇത്?''
കത്രിച്ചേച്ചിയും ചിരിച്ചുപോയി.
''അത് റോസമ്മച്ചീ... അതങ്ങനൊരു കാലം.''
ചാക്കോച്ചന്റെ മണവാട്ടിപ്പെണ്ണിനെക്കണ്ട് എല്ലാവര്‍ക്കും ആശ്ചര്യം. നല്ല മുഖശ്രീയുള്ളൊരു സുന്ദരി. ആകര്‍ഷകമായ പുഞ്ചിരി.
അങ്ങനെ കാലം കാത്തുവച്ചിരുന്ന മറ്റൊരു വേഷവുമണിഞ്ഞ് ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് ചാക്കോച്ചനും പദമൂന്നി.
ഒരു ഭര്‍ത്താവിന്റെ കുടുംബസ്ഥന്റെ വേഷം.
(തുടരും)