Novel

പ്രകാശത്തിന്റെ മക്കള്‍ [27]

Sathyadeepam

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 27]

രണ്ടു കിടപ്പുമുറികള്‍ മാത്രമുള്ള വീടായിരുന്നു. ഒന്നില്‍ മേരിക്കുട്ടിയും പ്രീതിയും.

സൗമ്യ ഉറങ്ങാനായി ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചു കൊണ്ടിരുന്നപ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്.

പരിചയമില്ലാത്ത നമ്പര്‍. ആരായിരിക്കും? ആരായാലും ഇപ്പോ എടുക്കുന്നില്ല. പകല്‍ വിളിക്കട്ടെ!

വീണ്ടും മൊബൈല്‍ ശബ്ദിച്ചപ്പോള്‍ രണ്ടും കല്പിച്ച് അവള്‍ ഫോണ്‍ എടുത്തു.

''ഹലോ.'' മുഴക്കമുള്ള പുരുഷ ശബ്ദം കാതില്‍ വന്നു.

''ഹലോ'' അവള്‍ ആശങ്കയോടെ പറഞ്ഞു.

''പ്രിയതമ കിടന്നായിരുന്നോ.'' ചോദ്യത്തിനു പിന്നാലെയുള്ള ചിരി കേട്ടപ്പോള്‍ അവള്‍ക്ക് ആളെ പിടികിട്ടി. അവളുടെ മനസ്സില്‍ അജയിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു.

''എങ്ങനെ കിട്ടി എന്റെ നമ്പര്‍?''

''ഇന്നത്തെ കാലത്ത് ഒരാളുടെ നമ്പര്‍ ലഭിക്കാന്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല. വീട്ടിലേക്കു പോകാന്‍ നേരത്ത് ചേട്ടാ ഞാന്‍ വീട്ടില്‍പ്പോവുകയാ എന്നും പറഞ്ഞ് ഒന്നു വിളിക്കുകയോ, ചേട്ടന്‍ ഇടയ്ക്കിടെ എന്നെ വിളിക്കണമെന്നും പറഞ്ഞു ഒന്നു വിളിക്കുകയോ ഒന്നും ചെയ്തില്ല.'' അവന്‍ ചിരിച്ചു.

''അതിനൊന്നും കൊള്ളില്ലാത്ത പെണ്ണാ ഇതെന്ന് ഇത്രയും നാളായിട്ടും ചേട്ടനു മനസ്സിലായില്ലേ?''

''മമ്മിയും പ്രീതിയും ഉറങ്ങിയോ?'' അജയ് ചോദിച്ചു.

''മമ്മി ഉറങ്ങി. പ്രീതി പഠിച്ചുകൊണ്ടിരിക്കയാ. എന്താ മമ്മിയെ വിളിക്കണോ?'' അവള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

''എന്റെ പൊന്നേ വേണ്ട.'' അവന്‍ തിടുക്കത്തില്‍ പ്രതികരിച്ചു.

''ഞാന്‍ വിളിച്ച കാര്യം പറയാം. ചെറുക്കന്റെ പാര്‍ട്ടി വിവാഹം ഉറപ്പിക്കാന്‍ തീരുമാനിച്ചു. പെണ്ണിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെറുക്കന്‍വീട്ടില്‍ നാളെ അറിയിക്കണം. എന്നിട്ടുവേണം ഉറപ്പീരിന്റെ ഡേറ്റു ഫിക്‌സ് ചെയ്യാന്‍.''

''ഞാന്‍ ഇതേക്കുറിച്ച് നാളെ മമ്മിയോടു സംസാരിക്കാം. എന്നിട്ടു വിളിക്കാം. ഗുഡ്‌നൈറ്റ്.''

''ഗുഡ്‌നൈറ്റ്.''

പിറ്റേന്നു രാവിലെ മേരിക്കുട്ടി കോണ്‍വെന്റിലേക്കു പോകുന്നതിനു മുമ്പായി സൗമ്യ മേരിക്കുട്ടിയുടെ അടുത്തെത്തി.

''മമ്മീ, ഇന്നലെ അജയ് വിളിച്ചിരുന്നു. കല്ല്യാണം ഉറപ്പിക്കുന്ന കാര്യത്തെക്കുറിച്ചു ചോദിച്ചു.''

അവരുടെ സംഭാഷണം കേട്ട് പ്രീതിയും അടുത്തേക്കു വന്നു.

''നമുക്കും കൂടി സൗകര്യപ്രദമായ ഒരു ഡേറ്റ് നിശ്ചയിക്കാനാ ആലോചിച്ചു വിളിക്കാന്‍ പറഞ്ഞത്.''

''നമുക്ക് ആലോചിക്കാനൊന്നും ഇല്ലല്ലോ ഇല്ലേ. നമുക്കു പൂര്‍ണ്ണസമ്മതമല്ലേ. അവര്‍ ഡേറ്റ് നിശ്ചയിച്ചിട്ടു പറയട്ടെ.''

''എങ്കില്‍ മമ്മി വൈകിട്ടൊന്നു വിളിക്ക്, എത്ര പേര്‍ ചെല്ലണം എന്നൊക്കെ ചോദിച്ചു.''

''ഞാന്‍ വൈകിട്ടു വിളിക്കാം കൊച്ചേ, ഉറപ്പീരെന്നു പറയുമ്പം നമ്മള്‍ തന്നെ പോയാല്‍ മതിയോ? നിങ്ങടെ പപ്പേടെ വീട്ടിലും എന്റെ വീട്ടിലും ഒന്ന് അറിയിക്കണ്ടെ. കാര്‍ന്നോന്‍മാര് രണ്ടിടത്തും ഇല്ലെങ്കിലും...''

''പഷ്ട്. എന്റെ മമ്മി അവരെ വിളിച്ചോണ്ടുപോയി അജയ്‌ച്ചേട്ടന്റെ വീട്ടുകാരെ നാണം കെടുത്തണോ?'' പ്രീതി ചോദിച്ചു.

''അതെന്താടി നീ അങ്ങനെ പറഞ്ഞത്. നമ്മുടെ ആള്‍ക്കാരും പാവങ്ങളാണെന്നു നേരത്തേ അവരോടു പറഞ്ഞേക്കണതാ.''

''പാവങ്ങള്‍ എത്ര നല്ലവരാ. ഇത് അവര് എന്തു ചടങ്ങിനു വന്നാലും കുടിച്ചു പൂസായിട്ടേ വരൂ. എന്നിട്ട് വെറുതെ ഒന്നും രണ്ടും പറഞ്ഞ് കാണുന്നവരോടൊക്കെ മെക്കിട്ടു കേറും. കൂടെയുള്ളവര്‍ക്കും നാണക്കേടാകും.''

പ്രീതി പറയുന്നതു ശരിയാണല്ലോ എന്ന് മേരിക്കുട്ടിയും സൗമ്യയും ചിന്തിച്ചു. അവര്‍ പരസ്പരം നോക്കി.

''ഉറപ്പീരല്ലേ കല്ല്യാണമൊന്നും അല്ലല്ലോ. നമ്മളു മൂന്നുപേരും പോയാല്‍ മതി. മറ്റുള്ളവരെ കല്ല്യാണത്തിനു ക്ഷണിച്ചാല്‍ മതി.''

സൗമ്യയുടെ തീരുമാനത്തിന് മേരിക്കുട്ടി സമ്മതം മൂളി.

അന്നു രാത്രി അജയ്‌നു മേരിക്കുട്ടി ഫോണ്‍ ചെയ്തു.

''എന്നത്തേക്ക് ഉറപ്പീരു വയ്ക്കാനാ പ്ലാന്‍.'' മേരിക്കുട്ടി ചോദിച്ചു.

''ഞായറാഴ്ച ആയാലോ എന്ന് അപ്പ ചോദിച്ചു. അവിടെ മമ്മിക്കും മറ്റും എന്തെങ്കിലും അസൗകര്യം ഉണ്ടോ?''

''ഇവിടെ അന്ന് അസൗകര്യം ഒന്നും ഇല്ല. പിന്നെ ഞങ്ങള്‍ മൂന്നു പേരുമേ ഉറപ്പീരിനു കാണൂ. സ്വന്തക്കാരെയൊക്കെ കല്ല്യാണത്തിനു വിളിക്കാമെന്നാ കരുതുന്നത്.''

''അതുമതി മമ്മി, ഇവിടെയും അത്യാവശ്യം ആള്‍ക്കാരു മാത്രമേ കാണൂ. മമ്മിയും മറ്റും ഞായറാഴ്ച പന്ത്രണ്ടു മണി ആവുമ്പം തറവാട്ടില്‍ വന്നാല്‍ മതി.''

''അങ്ങനെ ആകട്ടെ അജയ്.''

''മമ്മിയും മറ്റും എങ്ങനെയാ ഞായറാഴ്ച വരിക. വേണോങ്കീ ഞാന്‍ കാറുമായി വരാം.''

''അയ്യോ, വേണ്ട'' മേരിക്കുട്ടി തിടുക്കത്തില്‍ അവന്റെ നിര്‍ദേശത്തിനു തടയിട്ടു.

''ഞാന്‍ ദേ അപ്പയുടെ കൈയില്‍ കൊടുക്കാം അപ്പ ഔദ്യോഗികമായി കാര്യങ്ങള്‍ പറയട്ടെ.''

''മേരിക്കുട്ടിയേ, ചെറുക്കന്‍ കാര്യങ്ങളെല്ലാം പറഞ്ഞെങ്കിലും ചെറുക്കന്റെ അപ്പന്‍ ഔദ്യോഗികമായി കാര്യങ്ങള്‍ പറയണമല്ലോ എന്നു കരുതി വിളിച്ചതാ.''

''ഉവ്വ്.''

''അപ്പോ, ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിക്ക് തറവാട്ടിലേക്ക് അജയിന്റെയും സൗമ്യയുടെയും കല്യാണം ഉറപ്പിക്കാനായി എല്ലാവരും എത്തണം.''

''ഞങ്ങള്‍ മൂന്നു പേരുമേ കാണൂ.'' മേരിക്കുട്ടി പറഞ്ഞു.

''ഇറ്റ്‌സ് ഓക്കെ. ഉറപ്പീരല്ലേ കല്യാണത്തിനു എല്ലാവരെയും വിളിച്ചാല്‍ മതിയല്ലോ. ഞങ്ങളും അത്യാവശ്യം ആള്‍ക്കാരേ ഉള്ളൂ. എന്നാല്‍ വയ്ക്കട്ടെ മേരിക്കുട്ടി.''

''ശരി സാര്‍.''

''സാറു വേണ്ട ചേട്ടാന്നു വിളിച്ചാ മതി.''

അയാള്‍ ചിരിച്ചു. മേരിക്കുട്ടിയും ചിരിച്ചു.

ഫോണ്‍ ഡിസ്‌ക്കണക്ട് ആയപ്പോള്‍ സൗമ്യ ചോദിച്ചു - അപ്പ എന്തു തമാശയാ പറഞ്ഞത് അമ്മ ചിരിക്കണ കേട്ടല്ലോ.

''ഞാന്‍ സാറേന്നു വിളിച്ചപ്പം അങ്ങനെ വിളിക്കണ്ട ചേട്ടാ എന്നു വിളിച്ചാല്‍ മതിയെന്നു പറഞ്ഞു.''

''അതു ശരിയാ ആ സാറു പറഞ്ഞത്.''

പ്രീതി പറഞ്ഞപ്പോള്‍ മേരിക്കുട്ടിയും സൗമ്യയും ചിരിച്ചു.

ഞായറാഴ്ച രാവിലത്തെ കുര്‍ബാനയ്ക്കു ശേഷം പതിവുപോലെ മേരിക്കുട്ടിയും മക്കളും സിമിത്തേരിയില്‍ പോയി ജെയിംസിന്റെ കുഴിമാടത്തിനരികില്‍ നിന്നു പ്രാര്‍ത്ഥിച്ചു.

വികാരിയച്ചനെ കണ്ട് അവര്‍ വിവരങ്ങള്‍ ധരിപ്പിച്ചു.

''ഞാന്‍ അറിയുന്ന പയ്യനാ. അവനെ കിട്ടിയത് സൗമ്യയുടെ ഭാഗ്യമെന്നേ പറയേണ്ടൂ. നിങ്ങള്‍ കുടുംബത്തിനാകെ അവനൊരു ആശ്വസമായിരിക്കും. മേരിക്കുട്ടിക്ക് ഒരു മകനെ ലഭിച്ചു എന്നു കരുതിയാല്‍ മതി.''

മേരിക്കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു.

''ഞാന്‍ പ്രാര്‍ത്ഥിച്ചോളാം. നിങ്ങള്‍ പോയി വാ.''

കോണ്‍വെന്റില്‍ നിന്നും മദര്‍ ഒരു കാര്‍ ഏര്‍പ്പാടാക്കിയിരുന്നു - മേരിക്കുട്ടിക്കും മക്കള്‍ക്കും ഞായറാഴ്ച പോകുന്നതിനായി. മദറിന്റെ പരിചയക്കാരനായ ഒരു അധ്യാപകന്റെ കാര്‍.

പന്ത്രണ്ടു മണിക്കു മുന്നേ അവര്‍ പാലക്കാട്ട് തറവാടിലെത്തി.

ഗെയ്റ്റിങ്കല്‍ അവരുടെ വരവു പ്രതീക്ഷിച്ച് അജയ് നില്‍ക്കുന്നുണ്ടായിരുന്നു.

അവരെ കണ്ട് അജയ് കൈ ഉയര്‍ത്തി സന്തോഷം പ്രകടിപ്പിച്ചു.

മേരിക്കുട്ടിയുടേയും മക്കളുടെയും മുഖത്തു ചിരി വിരിഞ്ഞു.

അവര്‍ ആദ്യം അമ്മച്ചിയുടെ അടുത്തേക്കാണുപോയത്. അമ്മച്ചി സൗമ്യയെ ദേഹത്തോടു ചേര്‍ത്തു മുത്തം നല്കി സന്തോഷം പ്രകടിപ്പിച്ചു.

''ഇങ്ങനെയൊക്കെ സംഭവിക്കണമെന്നു ദൈവനിശ്ചയമാണ്.'' അമ്മച്ചി മേരിക്കുട്ടിയെ നോക്കി പറഞ്ഞു. മേരിക്കുട്ടി ശരിയാ അമ്മച്ചി എന്നു പറഞ്ഞു.

''നീ ഞാന്‍ തന്നുവിട്ട പുസ്തകം മുഴുവന്‍ പഠിച്ചോ?''

അമ്മച്ചി പ്രീതിയോടു ചോദിച്ചു.

''പഠിച്ചമ്മച്ചി.'' പ്രീതി ഝടുതിയില്‍ ഉത്തരമരുളി.

''ഇപ്പം ഞാന്‍ ചോദ്യം ചോദിക്കുന്നില്ല. അടുത്ത പ്രാവശ്യം കാണുമ്പം ചോദിക്കും.''

''അമ്മച്ചി ചോദിച്ചോ. ഞാന്‍ പറയാം.'' പ്രീതി പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.

''വാ. നമുക്ക് ഡ്രോയിംഗ് റൂമിലേക്ക് ഇരിക്കാം.''

മനോജ് വന്ന് എല്ലാവരെയും ക്ഷണിച്ചു.

സൗമ്യ അമ്മച്ചിയെ കൊണ്ടുവന്ന് ഡ്രോയിംഗ് റൂമിലെ കസേരയില്‍ ഇരുത്തി.

അജയ്, മിനി, ജോര്‍ജ്കുട്ടി, അമ്മച്ചി, മനോജ്, ഡെയ്‌സി, സൗമ്യ, പ്രീതി, മേരിക്കുട്ടി എന്നിവരാണ് അവിടെ ഒത്തു കൂടിയത്.

''നമുക്കു കല്യാണം പിള്ളേരുടെ ജോലിക്കു മുമ്പായി നടത്തിയാലോ എന്ന ആലോചനയുണ്ട്. ഏതെങ്കിലും രാജ്യത്ത് ജോലിക്കു ചേര്‍ന്നു കഴിഞ്ഞാല്‍ രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞേ ലീവ് കിട്ടുകയുള്ളൂവെങ്കില്‍ അതുവരെ കാത്തിരിക്കേണ്ട. അതുകൊണ്ട് മാര്യേജ് താമസിയാതെ നടത്തിയാലോ.'' ജോര്‍ജ്കുട്ടി തുടക്കമിട്ടു.

''മേരിക്കുട്ടി എന്തു പറയുന്നു.'' മിനി ചോദിച്ചു.

''ആ അഭിപ്രായം നല്ലതെന്നാ തോന്നണേ. പിള്ളേര്‍ക്ക് എതിരഭിപ്രായം ഉണ്ടോ?'' മേരിക്കുട്ടി അജയ് നെയും സൗമ്യയെയും നോക്കി.

''ഞാന്‍ ഓ കെ.'' അജയ് ചിരിച്ചു കൊണ്ടു പറഞ്ഞു.

''ഞാനും.'' സൗമ്യ പുഞ്ചിരിച്ചു.

''ജനുവരി ഏഴ് ഞായറാഴ്ച ആയാലോ? ഇനി ഒന്നരമാസം ഉണ്ട്.'' മനോജ് നിര്‍ദ്ദേശം വച്ചു.

''അതിനു മുമ്പായി ഒത്തുകല്യാണം നടത്താം.'' മേരിക്കുട്ടി പറഞ്ഞു.

''എനിക്കൊരു നിര്‍ദേശമുണ്ട്. ഇപ്പോ പല സ്ഥലത്തും ഒത്തുകല്യാണം വേണ്ടെന്നു വച്ച് കല്യാണം മാത്രം നടത്താറുണ്ട്. വെറുതെ എന്തിനാ രണ്ടു കല്യാണം. സൗമ്യയുടെ ആള്‍ക്കാരെല്ലാം കല്യാണത്തിനു വരട്ടെ. അതേക്കുറിച്ചൊന്നു ചിന്തിച്ചു കൂടേ.''

അജയിന്റെ നിര്‍ദേശം നല്ലതായി സൗമ്യയ്ക്കു തോന്നി. അവള്‍ സമ്മത ഭാവത്തില്‍ അവന്റെ നേരേ തല ചലിപ്പിച്ചു.

''എങ്കീ അങ്ങനെ ആകാം.'' മേരിക്കുട്ടി സമ്മതം അറിയിച്ചു.

''ഒരു ഫോം ഇരുകൂട്ടരും കൂടി പൂരിപ്പിച്ചു കൊടുത്താല്‍ പള്ളിയില്‍ വിളിച്ചു ചൊല്ലിക്കോളും.'' മനോജ് പറഞ്ഞു.

''അങ്ങനെ ചെയ്യാം അങ്കിള്‍.'' സൗമ്യ അറിയിച്ചു.

ലഞ്ചിനു ശേഷം അവര്‍ യാത്ര പറയാനായി അമ്മച്ചിയുടെ അടുത്തു ചെന്നു.

''നിന്റെ മുറിയും കട്ടിലുമൊക്കെ ഫ്രീയായി കിടക്കയാ. ഇടയ്ക്കു വന്നു കിടക്കാം.''

അമ്മച്ചി പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.

  • (തുടരും)

കേരളം വീണ്ടെടുത്ത കാന്ധമാല്‍ കനവ്

വിശുദ്ധ ലെയോ ഒന്നാമന്‍ പാപ്പ (-461) : നവംബര്‍ 10

മുനമ്പം വിഷയത്തിൽ ഐക്യദാർഡ്യവുമായി : കത്തോലിക്ക കോൺഗ്രസ്സ്

ജനനീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ വര്‍ഗ്ഗീയവാദമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരം

മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം ഒഴിവാക്കണം : കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന