Novel

പ്രകാശത്തിന്റെ മക്കള്‍ [28]

ജോര്‍ജ് നെയ്യശ്ശേരി

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 28]

അന്നു രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പായി സൗമ്യ മേരിക്കുട്ടിയുടെ അടുത്തെത്തി.

മേരിക്കുട്ടി എന്തോ തയ്ച്ചു കൊണ്ടിരിക്കുകയായിരുന്നു.

''കല്യാണം ഉറപ്പിച്ചതിനുശേഷം ഞാന്‍ ശ്രദ്ധിക്കുന്നതാ - അമ്മയുടെ മുഖത്തെ തെളിച്ചമില്ലായ്മ. അമ്മയ്ക്കീ കല്യാണം ഇഷ്ടമല്ലേ?'' അവള്‍ ചോദിച്ചു.

മേരിക്കുട്ടി തയ്യല്‍ ജോലി നിര്‍ത്തി.

''നീയെന്താ അങ്ങനെ ചോദിക്കുന്നത്. നിനക്കു ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല ബന്ധമാ ഇത്. പിന്നെ ഞാനെന്തിനാ ഇഷ്ടക്കുറവു കാണിക്കുന്നത്.''

''പിന്നെയെന്താ മുഖം ഇങ്ങനെ?''

''അമ്മയ്‌ക്കൊരു ഉത്തരവാദിത്തം ഇല്ലേ കൊച്ചേ. ഒത്തു കല്യാണം പെണ്‍വീട്ടുകാരുടെ അവകാശമാ. അതു വേണ്ടെന്നു വച്ചതില്‍ എനിക്കു സങ്കടമൊന്നും ഇല്ല. പക്ഷേ, നിന്റെ കഴുത്തിലും കൈയിലും എന്തെങ്കിലും ഇട്ടു തരണ്ടേ?'' അവരുടെ മനഃക്ലേശത്തിന്റെ കാരണം വ്യക്തമാക്കി.

''എങ്കില്‍ അമ്മ നമ്മുടെ കോ-ഓപ്പറേറ്റീവ് ബാങ്കിലെ രണ്ടു ലക്ഷം രൂപ എങ്ങനെയും തിരിച്ചെടുക്കാന്‍ നോക്കണം. വികാരിയച്ചനോടു പറഞ്ഞു ബാങ്ക് പ്രസിഡന്റിനോടു പറഞ്ഞാല്‍ കാര്യം നടക്കും. കല്യാണത്തിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞാല്‍ അച്ചന്‍ ഇടെപടും.''

''നീ പറയുന്നതില്‍ കാര്യമുണ്ട്. നാളെ പള്ളിയിലൊന്നു പോകാം. ഞാന്‍ ആ വഴി ചിന്തിച്ചില്ല.''

മേരിക്കുട്ടിയുടെ മുഖത്തു പ്രകാശം പരന്നു.

പിറ്റേന്നു കുര്‍ബാനയ്ക്കുശേഷം മേരിക്കുട്ടി വികാരിയച്ചനെ കണ്ടു.

''കല്യാണം ഉറപ്പിച്ചല്ലോ ഇല്ലേ.''

''ഉവ്വ് അച്ചോ. ഞാന്‍ കോ-ഓപ്പറേറ്റീവില്‍ രണ്ടു ലക്ഷം രൂപ ഇട്ടിരുന്നു. സൗമ്യയ്ക്ക് എന്തേലും ആവശ്യം വന്നാല്‍ എടുക്കാനായി. ബാങ്കില്‍ എന്തോ പ്രതിസന്ധിയാണെന്നും പറഞ്ഞ് എടുക്കാന്‍ പറ്റന്നില്ല. കല്യാണത്തിന് ഇനി ഒത്തിരി ദിവസങ്ങളില്ല.''

വികാരിയച്ചന്‍ അപ്പോള്‍ തന്നെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്ത് ബാങ്ക് പ്രസിഡന്റിനെ വിളിച്ചു.

''തോമസ്സേ, വികാരിയച്ചനാ വിളിക്കുന്നേ, നമ്മുടെ മഠത്തില്‍ ജോലി ചെയ്യുന്ന മേരിക്കുട്ടി അവിടെ രണ്ടു ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തിരുന്നു. അവരുടെ മകളുടെ കല്യാണമാ. പൈസ എങ്ങനെയും കൊടുക്കണമല്ലോ.''

''ചില സാങ്കേതിക ക്ലേശങ്ങള്‍ ഉണ്ടെങ്കിലും പണം പിന്‍വലിക്കുന്നതിന്റെ നിയന്ത്രണത്തില്‍ അയവു വരുത്തിയിട്ടുണ്ട് അച്ചാ. രോഗികള്‍ക്കും കല്യാണ ആവശ്യക്കാര്‍ക്കും മുഴുവന്‍ പൈസയും കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൈസ എപ്പോ വേണേലും തിരിച്ചെടുത്താളാന്‍ പറ.''

''വലിയ ഉപകാരം തോമസ്സേ.''

ബാങ്കില്‍ നിന്നും രൂപ കിട്ടുമെന്നറിഞ്ഞപ്പോള്‍ മേരിക്കുട്ടിക്ക് ആശ്വാസമായി. അവരുടെ മുഖം തെളിഞ്ഞു.

''സര്‍ക്കാരില്‍ നിന്നും അന്‍പതിനായിരം രൂപ വിധവകളുടെ മകളുടെ വിവാഹത്തിന് കൊടുക്കുന്ന ഒരു പദ്ധതിയുണ്ട്. അതിന്റെ തുക വര്‍ധിപ്പിച്ചോ എന്നറിയില്ല. പഞ്ചായത്ത് മെമ്പറെ ഒന്നു കാണ്. ഒരപേക്ഷ കൊടുക്ക്.''

''കൊടുക്കാമച്ചോ.'' മേരിക്കുട്ടി ഉത്സാഹത്തോടെ പ്രതികരിച്ചു.

''ഇവിടെ വിന്‍സെന്റ് ഡി പോളിലും അപേക്ഷ തന്നേക്ക് പറ്റുന്ന സഹായം ചെയ്യാം.''

''ശരി അച്ചാ.'' അവള്‍ അച്ചനു നേരെ കൈകൂപ്പി തിരിഞ്ഞു നടന്നു.

'ദൈവം വഴികളെല്ലാം തെളിച്ചു തരുന്നുണ്ട്.'

മേരിക്കുട്ടി വീട്ടില്‍ വന്നു വിവരങ്ങളെല്ലാം സൗമ്യയെ അറിയിച്ചു.

സൗമ്യയും സന്തോഷത്തിലായി.

മേരിക്കുട്ടി പെട്ടെന്നു തന്നെ മഠത്തിലേക്ക് യാത്രയായി.

അന്നു മഠത്തിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനു മുമ്പായി മേരിക്കുട്ടിയെ മദര്‍ മുറിയിലേക്കു വിളിപ്പിച്ചു വിശേഷങ്ങള്‍ തിരക്കി.

''പ്രൊവിന്‍ഷ്യാള്‍ ഹൗസിലേക്കു ഞാന്‍ മേരിക്കുട്ടിയുടെ കാര്യം പറഞ്ഞു ഒരു ലെറ്റര്‍ അയയ്ക്കുന്നുണ്ട്. അവിടെ നിന്ന് നമുക്കെന്തെങ്കിലും പ്രതീക്ഷിക്കാം. സന്തോഷത്തോടെ ഇരിക്ക്. കര്‍ത്താവ് കാര്യങ്ങള്‍ നടത്തിത്തരും.''

''ശരി അമ്മേ.''

മദറിനെ നന്ദിയോടെ നോക്കി അവള്‍ വീട്ടിലേക്കു മടങ്ങി.

ജെയിംസ് ചേട്ടന്‍ ഉണ്ടായിരുന്നെങ്കീ എങ്ങനെ മകളുടെ വിവാരം നടത്തുമോ അതുപോലെ സൗമ്യയുടെ കല്യാണം നടത്തണം. എങ്കിലേ മനസ്സിനൊരു സുഖം ഉണ്ടാവൂ.

മേരിക്കുട്ടി വീട്ടിലെത്തിയപ്പോള്‍ സൗമ്യ ടെയ്‌ലറിംഗിലും പ്രീതി പഠനത്തിലുമായിരുന്നു.

''ഇന്നെന്താ അമ്മ വൈകിയത്.'' സൗമ്യ ചോദിച്ചു.

''മദര്‍ കാണണമെന്നു പറഞ്ഞിരുന്നു. മദറിനോടു കാര്യങ്ങളൊക്കെ പറഞ്ഞു. മദര്‍ പ്രൊവിന്‍സിലേക്ക് എഴുതുന്നുണ്ടെന്നു പറഞ്ഞു. എന്തെങ്കിലും പ്രതീക്ഷിക്കാമെന്നും പറഞ്ഞു.''

''ഇപ്പോള്‍ തന്നെ അവര്‍ ഏതെല്ലാം രീതിയില്‍ നമ്മളെ സഹായിച്ചു ഇല്ലേ അമ്മേ.''

''ശരിയാ മോളെ.''

അവര്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ പൊടുന്നനെ അജയ് വരാന്തയില്‍ പ്രത്യക്ഷപ്പെട്ടു.

അവര്‍ അമ്പരപ്പോടെ പുറത്തേക്കു വന്നു.

''ചേട്ടാ ഗുഡ് ഈവനിംഗ്.'' പ്രീതി പുറത്തേക്കു വന്ന് അജയ്‌നെ അഭിവാദ്യം ചെയ്തു.

''ഗുഡ് ഈവനിംഗ് മോളെ.''

അജയ് ഹൃദ്യമായി ചിരിച്ച് സ്വാതന്ത്ര്യത്തോടെ അകത്തേക്കു കയറി കസേരയില്‍ ഇരുന്നു.

''ഇതെന്താ ഈ സമയത്ത്.'' അമ്പരപ്പ് മാറാതെ സൗമ്യ ചോദിച്ചു.

''എനിക്കിവിടെ വരുന്നതിനു പ്രത്യേക സമയം വല്ലതും ഉണ്ടോ?'' അവന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

''മോനു കുടിക്കാന്‍ കടുംകാപ്പിയോ വെള്ളമോ എടുക്കാം.''

''വെള്ളം മതി മമ്മീ.''

''ഇനി സമയം പെട്ടെന്നു പോവും. സണ്‍ഡേ മുതല്‍ പ്രീ മാര്യേജ് കോഴ്‌സുണ്ട്. ടിക്കറ്റു നമുക്കു രണ്ടുപേര്‍ക്കും ബുക്ക് ചെയ്യട്ടെ എന്നു ചോദിക്കാനാ വന്നത്.''

''ഇതു ചോദിക്കാന്‍ ഒന്നു ഫോണ്‍ ചെയ്താല്‍ പോരായിരുന്നോ?'' സൗമ്യ ചിരിച്ചു.

''ഇതെന്താ പ്രീതി, ഈ ചേച്ചി എപ്പോഴും തര്‍ക്കുത്തരം പറയണത്.'' അജയ് ചിരച്ചുകൊണ്ടു പ്രീതിയോടു ചോദിച്ചു.

''കൂടുതല്‍ സ്‌നേഹമുള്ളവരോട് ചേച്ചി അങ്ങനെയാ സംസാരിക്കാറ്. ഇത്രയും നാള്‍ ഞങ്ങളുടെ അടുത്തായിരുന്നു. ഇനി അതു ചേട്ടനും കിട്ടിക്കോളും.''

കൂട്ടച്ചിരി മുഴങ്ങി.

''എന്നാ അടുത്ത ഞായറാഴ്ച കോഴ്‌സിനു പോകാം. ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.'' മേരിക്കുട്ടി പറഞ്ഞ് സൗമ്യയെ നോക്കി.

സൗമ്യ സമ്മതത്തോടെ തല ചലിപ്പിച്ചു.

''എന്നാ, ഞാന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബൈക്കുമായി വരാം. അഞ്ചുമണിക്കാ കോഴ്‌സ് തുടങ്ങുന്നത്. കോഴ്‌സ് തീരുന്ന ദിവസം മമ്മി വരണം. അവിടെ നിന്ന് അപ്പയും അമ്മയും വരും.

അങ്ങനെയാണത്രേ അതിന്റെ രീതികള്‍. മതാപിതാക്കള്‍ക്കും ഒരു ക്ലാസുണ്ട്.''

പിന്നെ നമുക്ക് ഐ ഇ എല്‍ ടി എസിനു ചേര്‍ന്നേക്കാം. കല്യാണം കഴിയാനൊന്നും നിക്കണ്ട. അതിനു മുമ്പ് പഠിക്കാവുന്നിടത്തോളം പഠിക്കാമല്ലോ. നമുക്ക് അക്കാഡമിയില്‍ ഒന്നു പോകാം. നാളെ ഞാന്‍ ഫ്രിയല്ല. മറ്റന്നാള്‍ പത്തുമണിക്ക് ടൗണിലേക്കു വന്നേര്.''

''ശരി ചേട്ടാ.'' സൗമ്യ പറഞ്ഞു.

''എന്നാല്‍ ഞാന്‍ ഇറങ്ങാന്‍ തുടങ്ങുകയാ.''

അജയ് പോക്കറ്റില്‍ നിന്നും ഒരു കവര്‍ എടുത്തു മേരിക്കുട്ടിക്കു നല്കി. അവരതു വാങ്ങി.

''ഇതെന്താ?''

മേരിക്കുട്ടി കവര്‍ തുറന്നു നോക്കി. അത് രണ്ടു ലക്ഷം രൂപയുടെ ചെക്കായിരുന്നു.

''അയ്യോ മോനെ ഇതു വേണ്ട കേട്ടോ?'' അവര്‍ കവര്‍ തിരിച്ചു കൊടുക്കാന്‍ നോക്കി. അജയ് വാങ്ങിയില്ല.

''അമ്മേ, അത് എന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പൈസയാ. ഞാനിത് അമ്മയ്ക്കു സന്തോഷത്തോടെ തരുന്നതല്ലേ. ഞാന്‍ അമ്മയോടു മുമ്പേ പറഞ്ഞിരുന്നു. എന്നെ മകനായി കാണണമെന്ന്.''

''അമ്മേ, ചെക്ക് എടുത്തു വച്ചോ?'' സൗമ്യ ചിരിയോടെ പറഞ്ഞു.

''സന്ധ്യ ആയല്ലോ മോനെ തിരി വേണോ?'' മേരിക്കുട്ടി ചോദിച്ചു.

''മൊബൈലുണ്ടല്ലോ. അതിന്റെ വെളിച്ചത്തില്‍ പോകാം.''

അവന്‍ എല്ലാവര്‍ക്കും ചിരി സമ്മാനിച്ചു യാത്രയായി.

''അമ്മേ, ചെക്കു നമുക്ക് ജ്വല്ലറിയില്‍ മുന്‍കൂറായി കൊടുക്കാം. കോ ഓപ്പറേറ്റീവിലെ പൈസയും ജ്വല്ലറിയില്‍ കൊടുക്കാം. അപ്പോ സ്വര്‍ണ്ണം എടുക്കുമ്പോള്‍ ബുക്കു ചെയ്ത ദിവസത്തെ റേറ്റിന് ഗോള്‍ഡ് കിട്ടും. ഞാനതു കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടിരുന്നു.''

''എന്നാ നമുക്ക് അങ്ങനെ ചെയ്യാം.'' സൗമ്യയുടെ അഭിപ്രായത്തെ പിന്താങ്ങി മേരിക്കുട്ടി പറഞ്ഞു.

  • (തുടരും)

പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്ന റോബോട്ടുകള്‍!

ദേവാലയ സംഗീതം വെടിക്കെട്ടല്ല

വിശപ്പും മറവിയും !!!

മുല്ലപ്പെരിയാര്‍ ഡാം: കാര്യം പറയുക, കഥകളല്ല

വിശുദ്ധ വെഞ്ചസ്ലാവൂസ് (907-929) : സെപ്തംബര്‍ 28