ചിന്താജാലകം

പ്രതീകത്തെ വിഗ്രഹമാക്കിയപ്പോള്‍

പോള്‍ തേലക്കാട്ട്‌

സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ സിനഡാണ് കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും രണ്ടാം ഭാഗം അള്‍ത്താരാഭിമുഖമായും ചൊല്ലണം എന്നു തീരുമാനിച്ചത്. എന്തുകൊണ്ട് ഇങ്ങനെ തീരുമാനിച്ചു എന്നതിന് ഒരു വിശദീകരണവും നല്‍കിയില്ല. പത്തു കല്പനകളെപ്പോലെ വെറും ആജ്ഞമാത്രം. അതിനു ''ഏകീകരണം'' എന്നു വിളിക്കുന്നു. ഈ നടപടിയാണ് ഗൗരവമാര്‍ന്ന വിവാദമായി തുടരുന്നത്. ഈ തീരുമാനം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ കല്പന പോലെ ഇതു നിലകൊള്ളുന്നത് എന്തുകൊണ്ട് എന്നതും അതിന് ഒരു ഉള്ളടക്കമില്ലാതെ പോയത് എന്തുകൊണ്ട് എന്നതും വിവാദപരമാകുന്നു. രണ്ടു കാര്യങ്ങള്‍ ഇവിടെ ചോദ്യങ്ങള്‍ ഉണ്ടാക്കുന്നു. ഒന്ന്, ഇതുവഴി ഒരു പ്രതീകത്തെ സഭാധികാരികള്‍ ഒരു വിഗ്രഹമാക്കി എന്നു വരുന്നു. വെറും നിലപാട് എന്ന പ്രതീകത്തെ ഒരു ''വിശുദ്ധ വിഗ്രഹ''മാക്കപ്പെടുന്നു. വിശുദ്ധ വിഗ്രഹത്തിന്റെ മുമ്പില്‍ ഒരു ചോദ്യത്തിനും ഉത്തരമില്ല. അത് അനുസരിക്കുക മാത്രമാണു ബാക്കിയുള്ളത്. എന്തുകൊണ്ട് ഇങ്ങനെയൊരു കാര്യം സാധാരണ വിശ്വാസികളുടെ ബോധത്തെ പ്രകാശിപ്പിക്കാതെ വെറും അനുസരണത്തിന്റെ കല്പനയാക്കി? കുര്‍ബാനയുടെ നിലപാട് എന്നതിനു വ്യക്തിപരമായും സാമൂഹികമായും സഭാപരമായും അര്‍ഥമുണ്ട്. ഈ അര്‍ഥങ്ങളിലേക്ക് ഒന്നും പോകാതെ അത് അനുസരണത്തിന്റെ മാത്രം പ്രശ്‌നമാക്കി

''ഏകീകരണം'' എന്ന വാക്ക് അവ്യക്തമാണ്. അത് ഒന്നിപ്പിക്കലാകാം, ഒന്നുപോലെ ആക്കുന്ന ഐക്യരൂപ്യവുമാകാം. ഇതില്‍ രണ്ടാമത്തേതാണ് ഉണ്ടാക്കുന്നത് എന്നു വ്യക്തം. എന്തിന് ഇങ്ങനെ ''ഐക്യം'' അപകടത്തിലാക്കി ഐക്യരൂപം അടിച്ചേല്പിക്കുന്നു? ഈ ചോദ്യം ഉന്നയിക്കുമ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തവരുടെ ബോധവും ആഖ്യാനവിധേയമാകുന്നത്. ഈ ബോധത്തിന്റെ പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചു സംശയിച്ചുപോകുന്നത്.

''ഏകീകരണം'' എന്ന വാക്ക് അവ്യക്തമാണ്. അത് ഒന്നിപ്പിക്കലാകാം, ഒന്നുപോലെ ആക്കുന്ന ഐക്യരൂപ്യവുമാകാം.

''ഞങ്ങള്‍ തീരുമാനിച്ചു, നിങ്ങള്‍ അനുസരിക്കുക'' എന്ന വാക്കില്‍ നിലപാടിന്റെ അര്‍ഥമെന്ത്? ഇവിടെയാണ് ആഖ്യാനശാസ്ത്രത്തിന്റെ ചിന്തകരായ ഗാഡമര്‍, റിക്കര്‍ എന്നിവര്‍ ചൂണ്ടിക്കാണിക്കുന്ന ''സംശയത്തിന്റെ'' ചിന്തകരായ നീഷേ, ഫ്രോയ്ഡ്, മാര്‍ക്‌സ് എന്നിവര്‍ ബോധത്തിന്റെ തലത്തിലെ തട്ടിപ്പുകളെക്കുറിച്ച് ഉന്നയിക്കുന്ന പ്രതിസന്ധികള്‍ ശ്രദ്ധിക്കേണ്ടത്. ആരാധനക്രമം അടയാളങ്ങളുടെ മണ്ഡലമാണ്. അടയാളങ്ങള്‍ ആഖ്യാനം അനിവാര്യമാക്കുന്നു. ''ബിംബങ്ങള്‍ ചിന്ത ഉണ്ടാക്കുന്നു'' എന്നു പോള്‍ റിക്കര്‍ എഴുതി. പക്ഷെ, ചിന്ത അപ്രസക്തമാക്കപ്പെട്ടിരിക്കുന്നു. വ്യാഖ്യാനം ശാസ്ത്രത്തിനു സാര്‍വത്രികമായ നിയമങ്ങളില്ല. എന്നാല്‍ ഏതു വ്യാഖ്യാനവും രണ്ടു ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സംശയത്തിന്റെ ആശങ്കയും, ബിംബങ്ങളെ കേള്‍ക്കാനുള്ള സന്നദ്ധതയും.

സംശയിക്കാതിരിക്കാനാവില്ല. ബോധം വഞ്ചിക്കുന്നുണ്ടോ? അതു കൊണ്ട് ബോധത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംശയത്തിനു വിധേയമാക്കണം. എന്തു തീരുമാനിച്ചു എന്നല്ല, എന്തിനു തീരുമാനിച്ചു എന്നതാണ് സംശയകരമാകുന്നത്. വ്യാഖ്യാനിക്കുന്നവന്‍ വ്യാഖ്യാന വൃത്തത്തിലാണ്. അധികാരിയെ വിശ്വസിക്കണം, പക്ഷെ, എന്തുകൊണ്ട് വിശ്വസിക്കണം? വിശ്വാസം മനസ്സിലാക്കല്‍ തേടുന്നു. മനസ്സിലാക്കുന്നതു വിശ്വസിക്കാനുമാണ്. ഇവിടെയാണ് സിനഡ് തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത്. തീരുമാനം ബോധത്തില്‍ നിന്നാണല്ലോ.

ആ ബോധം പറയുന്നതും ഒളിക്കുന്നതും എന്ത്? പറയുന്നു എന്നത് പറയാത്തതിന്റെ ഒളിക്കലായി മാറുന്നുണ്ടോ? ''ഏകീകരണം'' എന്ന നല്ല വാക്ക് എന്താണ് തെളിക്കുന്നത്, എന്താണ് ഒളിക്കുന്നത്? അതൊരിക്കലും ഐക്യമായിരുന്നില്ല. ഐക്യരൂപ്യം സൃഷ്ടിച്ച് ഐക്യം നഷ്ടമാക്കരുത് എന്നു വത്തിക്കാന്‍ പ്രതിനിധി മുന്നറിയിപ്പ് കൊടുത്തതാണ്. അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പില്‍ ചിലര്‍ കോപിച്ചു. കോപിച്ചവര്‍ കോപിച്ച് വത്തിക്കാനിലേക്ക് എഴുതിയത് എന്തുകൊണ്ട്? അതില്‍ എന്തോ ഒളിച്ചിരിക്കുന്നു.

ക്രൈസ്തവ ധാര്‍മ്മികത അടിമകളുടെ ധാര്‍മ്മികതയാണ് എന്നു നീഷേ വിമര്‍ശിച്ചു. അടിമകള്‍ക്ക് ഒരു വിശദീകരണവും നല്‌കേണ്ടതില്ല. അവര്‍ വലിയ ചെവിയുള്ള കഴുതകളാണ്. വളരെ സിംപിള്‍ ആന്റ് ഓര്‍ഡിനറിയാണ്. പ്രബുദ്ധത തേടാന്‍ കഴിയാത്ത അടിമകളുടെ കൂട്ടായ്മയായി സഭാ സമൂഹത്തെ കാണുന്നുണ്ടോ? ഇത് ഒതു അധിശത്വ മനോഭാവമാണ്. ഈ ആധിപത്യ മാനസ്സികാവസ്ഥ ഈ തീരുമാനവും വിശദീകരണമില്ലാതെ അനുസരിക്കണമെന്ന ആവശ്യവും വ്യക്തമാക്കുന്നില്ലേ? അവിടെയാണ് അടയാളത്തെ ബിംബമാക്കി എന്ന ആരോപണത്തിന്റെ പ്രസക്തി. ഈ ''വിശുദ്ധ''ബിംബത്തിനു കുമ്പിടാനാണ് സിനഡ് ആവശ്യപ്പെടുന്നത്. ഏത് അടയാളവും ഒരു സത്യത്തിന്റെ വഹനമാണ്. ഈ അടയാളം സംവഹിക്കുന്ന സത്യം എന്താണ്? അതു പറയുന്നില്ല. അതു വിശ്വാസികളോട് പറയേണ്ടതില്ല എന്ന നിലപാടിലാണ്. ഒരു രൂപതയൊഴിച്ച് മറ്റെല്ലാവരും അനുസരിച്ചു എന്നത് ശരിയാണോ? അങ്ങനെ പറയുമ്പോള്‍ അനുസരിച്ചു എന്നു പറയുന്നവരെ എങ്ങനെ കാണുന്നു? വിശ്വാസികളെ മാനിക്കാത്ത നേതൃത്വമാണോ എന്ന ചോദ്യം അപ്രസക്തമല്ല.

സാധാരണ വിശ്വാസികള്‍ സ്വീകരിക്കുന്ന നിലപാട് ആരാധനയില്‍ പ്രബുദ്ധമായി പങ്കുചേരല്‍ എന്തുകൊണ്ട് എന്ന് അറിയാന്‍ അവകാശപ്പെട്ടവരല്ല എന്നു കരുതുന്ന ഒരു നേതൃത്വമാണോ ഈ കല്‍പനയിറക്കിയത്? ഈ പ്രബുദ്ധത അവഗണിക്കുന്നവരുടെ ബോധം അതിന്റെ അഹത്തിന്റെ ആധിപത്യ ജ്വരത്തിലാണോ? ഇത് ഒരു സംശയത്തിന്റെ പ്രതിസന്ധിയാണ്. ഇത് അധികാരികളെയും അധീനരേയും അകറ്റുന്നു. അവിടെ അധികാരിയുടെ വിശ്വാസസാക്ഷ്യം സംശയത്തിലാക്കുന്നു. എന്താണ് സംശയിക്കുന്നത്? കല്പിക്കുന്ന അധികാരത്തിന്റെ അഹം ബാധിച്ച രോഗാവസ്ഥ. ഫ്രോയിഡ് ഉന്നയിക്കുന്ന ബോധത്തിന്റെ രോഗം ഇവിടെയും ആരോപിക്കപ്പെടുന്നു. അങ്ങനെയുള്ള ഒരു പാത്തോളജിക്കല്‍ പ്രശ്‌നം ഈ പ്രതിസന്ധിയുടെ പിന്നിലില്ലേ? തിന്മയുടെ അടയാളമായി അതു വെളിവാകുന്നു.

മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം ഒഴിവാക്കണം : കത്തോലിക്ക കോണ്‍ഗ്രസ്സ് പഴുവില്‍ ഫൊറോന

ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു

മരണവും മരണാനന്തര ജീവിതവും ബൈബിളില്‍

വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [8]

ആദര്‍ശമാതൃക [Role Model]