മനുഷ്യന്റെ പ്രബുദ്ധതയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രബുദ്ധത എന്നതു ചിന്തയുടെ വെളിച്ചത്തിന്റെ കാലമാണ്. ചിന്തിക്കാന്‍ സകലര്‍ക്കും സാധിക്കുന്നു എന്നത് അംഗീകൃതമായ കാലഘട്ടം. ഈ പ്രബുദ്ധതയില്ലാത്തവര്‍ ആരുമില്ല എന്ന് സ്വീകൃതമായ കാലം. ഈ പ്രബുദ്ധത അധികാരത്തിന്റെതാക്കി കരുതപ്പെട്ട എല്ലാ അടിസ്ഥാനങ്ങളെയും ചോദ്യം ചെയ്യുന്നതും എല്ലാ അടിസ്ഥാനങ്ങളും തകര്‍ന്നതുമായ ഒരു സ്ഥിതിവിശേഷം നിലനില്‍ക്കുന്നു.
പ്ലേറ്റോയുടെ ചിന്തകനായ രാജാവ് മനുഷ്യജീവിതത്തിന്റെ ഗുഹാജീവിതത്തില്‍ നിന്നു പുറത്തുകടന്നു സൂര്യനെ കണ്ടവനും വെളിച്ചം സ്വീകരിച്ചവനുമാണ്. ഈ പ്രബുദ്ധനായ രാജാവ് ഒരു കാര്യത്തിലും ഗുഹാമനുഷ്യരോട് കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല എന്ന് സ്വാഭാവികമായി കരുതി. ഈ രാജത്വം കാലഹരണപ്പെട്ടു. എല്ലാവര്‍ക്കും ചിന്തിക്കാനും പ്രുബദ്ധരാകാനും കഴിയുമ്പോള്‍ അധികാര രാഷ്ട്രീയത്തിന്റെ ആധാരം എല്ലാവരിലുമായി.
ആധുനിക കാലത്ത് ഈ പലമ (plurality) യില്‍ അടിസ്ഥാനമില്ലാത്ത ഒരു അധികാരത്തിനും സാധുതയില്ലാതായി. ചിലര്‍ ഭരിക്കാനായി ജനിക്കുന്നു, മറ്റുള്ളവര്‍ ഭരിക്കപ്പെടാനും എന്ന അരിസ്റ്റോട്ടിലിന്റെ ഗ്രീക്കു ചിന്തയ്ക്ക് അടിസ്ഥാനവുമില്ലാതായി. ഭരിക്കാന്‍ ജനിക്കുന്നവര്‍ക്ക് കൂടുതല്‍ സ്വര്‍ണ്ണാംശമുണ്ടെന്ന വാദം വെറും കെട്ടുകഥയായി മാറി. ഈ അധികാരപ്രതിസന്ധി സഭയിലുമുണ്ട്. വൈദികര്‍ പ്രബുദ്ധരാണ്, അല്‍മായര്‍ അല്ല എന്നു പറയാന്‍ ഇന്ന് ആരും ധൈര്യം കാണിക്കില്ല. അധികാര പ്രതിസന്ധിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡാലിറ്റി എന്ന പദപ്രയോഗത്തിലൂടെ സഭയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും പ്രവര്‍ത്തനവും എല്ലാ ക്രൈസ്തവരിലും ഉണ്ട് എന്നു മാര്‍പാപ്പ വ്യക്തമാക്കി. മാമ്മോദീസ സ്വീകരിച്ചവര്‍ തമ്മിലുള്ള അടിസ്ഥാന സമത്വമാണ് മാര്‍പാപ്പ വ്യക്തമായി അവതരിപ്പിക്കുന്നതും. വൈദികരും മെത്രാ ന്മാരും ഈ ക്രൈസ്തവ സമൂഹത്തിന്റെ സേവകരാണ്, അധികാരികളല്ല എന്നു വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ പഴയ രാജാവിന്റെ ഭരണവിധത്തിന്റെ കാഴ്ചപ്പാടാണ് മാറ്റേണ്ടത്. സംഘര്‍ഷങ്ങളും വിവാദങ്ങളും പരിഹരിക്കാനുള്ള മാര്‍ഗമാണ് സിനഡാലിറ്റി. അതാണ് ആധുനിക ലോകത്തിന്റെ ചിന്തകര്‍ അവതരിപ്പിക്കുന്നത്. ഈ താത്വികപ്രശ്‌നം അപഗ്രഥിച്ചവര്‍ പലരാണ്. അതില്‍ ഏറ്റവും ആദ്യമായി എടുത്തുപറയാന്‍ ആഗ്രഹിക്കുന്ന വ്യക്തി മിഖായേല്‍ ബക്ക്ത്തീന്‍ എന്ന റഷ്യക്കാരനാണ്.
അദ്ദേഹം സ്റ്റാലിന്റെ കാലത്തു ജീവിച്ചവനാണ്. അദ്ദേഹമാണ് സമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും സത്യത്തിലേക്കു യാത്ര ചെയ്യേണ്ടതും ദെസ്‌തേവ്‌സ്‌ക്കിയുടെ നോവലുകളുടെ രീതിയിലായിരിക്കണം എന്നു വ്യക്തമാക്കിയത്. അതു ബഹുഭാഷകളുടെ സമ്മേളനത്തിന്റെ രീതിയാണ്. ഭിന്നമായവര്‍ സംസാരിച്ചുണ്ടാക്കുന്ന സംഭാഷണശൈലിയാണ് ആ നോവലുകളില്‍ പ്രകടമാകുന്നത്. ഈ ഭാഷണ പലമയുടെ സമ്മേളനത്തിലാണ് സത്യം വെളിവാകുന്നത്.
ഇതേ രീതി തന്നെയാണ് ഹൈഡഗറിന്റെ ശിഷ്യനായി പഠിച്ച ജര്‍മ്മന്‍ ചിന്തകനായ ഗാഡമര്‍ ''സത്യവും സരണിയും'' (Truth and Method) എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതി, ''സംഭാഷണം, അതാണ് നാം.'' സംഭാഷണ സരണിയാണ് സത്യത്തിന്റെ വഴി. മനുഷ്യന്റെ ധാരണയുടെ നിരന്തരമായ അന്വേഷണ വഴി സംഭാഷണത്തിന്റേതാണ്. അധികാരത്തേയും അതിന്റെ രാഷ്ട്രീയത്തേയുംകുറിച്ചുള്ള ചിന്ത ആരംഭിക്കുന്നതു പലമ (plurality) എന്ന ആശയത്തിലാണ്. ഗാഡമര്‍ എഴുതി, ''മനുഷ്യരുടെ സാഹോദര്യം ഞന്‍ കരുതുന്ന് ഒരു ആഗോള ഐക്യരൂപ്യമല്ല. മറിച്ച് വൈവിധ്യങ്ങളുടെ ഐക്യമാണ്. ജനാധിപത്യത്തിന്റെ പലമയുടെ ഒരുമ ലോകം മുഴുവന്‍ വ്യാപിക്കണം. ഏതു സംസ്‌കാരത്തിനും മനുഷ്യരുടെ ഔന്നത്യത്തിനും മനുഷ്യസാഹോദര്യത്തിനും നല്കാനുള്ള തനിമയാര്‍ന്ന സംഭാവനയുണ്ട്.''
നമുക്കു പരസ്പരം മനസ്സിലാകണമെങ്കില്‍, ധാരണയുണ്ടാകണമെങ്കില്‍, നമുക്കു പരസ്പരം മനസ്സിലാക്കാനുള്ള താല്‍പര്യം വേണം. പരസ്പരം മനസ്സിലാക്കാനുള്ള താല്‍പര്യത്തിന്റെ നല്ല മനസ്സാണ് പരമപ്രധാനം. ഇങ്ങനെ പരസ്പരം മനസ്സിലാക്കുന്നതിന് ഏറ്റവും കൂടുതല്‍ തടസ്സമാകുന്നതു ''മുന്‍വിധി''കളുടെ സമഗ്രാധിപത്യമാണ്. അപരനെയും അപരരേയും കുറിച്ച് നാം കാത്തുസൂക്ഷിക്കുന്നത് ''മുന്‍വിധി''കളുടെ മിഥ്യയാണോ എന്നറിയാന്‍ ഒരു മാര്‍ഗ്ഗമാണുള്ളത്, അപരനുമായി, അപരരുമായി സംഭാഷണത്തിനു തയ്യാറാകുക. അതിനുവേണ്ടത് ഒരു അഭിരുചി (taste)ആണ്. മറ്റുള്ളവരെക്കുറിച്ചുണ്ടാക്കി വച്ചിരിക്കുന്നതും നിരന്തരം അലര്‍ജി ഉണ്ടാക്കുന്നതും ഒഴിവാക്കാന്‍ അപരരോട് താല്‍പര്യം ഉണ്ടാക്കുകയാണ്. അതാണ് രുചി പരിപോഷിപ്പിക്കല്‍. കെട്ടിപ്പൊക്കിയ ഇടച്ചുവരുകള്‍ അതിലംഘിച്ചും അപ്പുറത്തേക്കു തലനീട്ടാനും അപ്പുറം കേള്‍ക്കാനും തയ്യാറാകുക. ഈ അഭിരുചി പരിപോഷിപ്പിക്കാനുള്ള ഏറ്റവും അനിവാര്യമായ വഴി ഒന്നുമാത്രം, സ്വയം മറക്കുക. സ്വയം മറന്നു മറ്റുള്ളവരെ കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഒത്തുകൂടാനും ഒത്തുവസിക്കാനും കഴിയില്ല.
ഗാഡമര്‍ എഴുതി, ''സംഭാഷണം മനസ്സിലാക്കലിന്റെ സരണിയാണ്.'' ദൈവത്തിന്റെ ആധികാരികമായ ദൈവികാടിസ്ഥാനം ചിന്തയിലാണ്. വചനമാണ് മനസ്സിലാക്കലിന്റെ മാധ്യമം. സ്വയം മറന്നു കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നിടത്തുപരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ട്. ''വിമത''രെ മനസ്സിലാക്കാന്‍, വിദേശിയെ മനസ്സിലാക്കാന്‍ അവന്റെ ഭാഷ തര്‍ജമ ചെയ്യണം. ഗാഡമര്‍ എഴുതി, ''സംഭാഷണത്തിനു തന്നെത്തന്നെ തുറക്കുന്നതില്‍ കവിഞ്ഞ് മറ്റൊരു ഉന്നത തത്ത്വവുമില്ല.'' നാം ലോകത്തില്‍ ആയിരിക്കുന്നതിന്റെ അടിസ്ഥാനതത്വം ഇതാണ്. ധര്‍മ്മം തുടുങ്ങുന്നതു സംഭാഷണത്തിലാണ്. സ്വന്തം ഭാഷയില്‍ അടച്ചുപൂട്ടിയവന്‍ ഏകാധിപതിയാണ്. ലോകത്തില്‍ വസിക്കുക എന്നാല്‍ ഭാഷയില്‍ വസിക്കലാണ്. ഭാഷയാണ് അകത്തു നിന്നു പുറത്തേക്ക് ഒഴുകി സൗഹൃദം ഉണ്ടാക്കുന്നത്. അകത്തിന്റെ സത്തയാണ് വചനമായി പുറത്തേക്ക് വരുന്നത്. നീതി ഭാഷയിലാണ് ഉണ്ടാക്കപ്പെടുന്നത്. സംഭാഷിക്കാനാവാത്ത മൗനമാണ് അക്രമം ഉണ്ടാക്കുന്നത്. അടിമത്തവും വര്‍ണ്ണ വിവേചനവും നൈയ്യാമികമായിരുന്നു, പക്ഷെ, നീതിയായിരുന്നില്ല. അടിമകള്‍ക്കു ഭാഷണ സ്വാതന്ത്ര്യം കൊടുക്കാതെ ശാന്തിയുണ്ടാവില്ല, തനിമയുണ്ടാവില്ല. സീറോ മലബാര്‍ സഭയുടെ ഉള്ളിലെ പ്രശ്‌നങ്ങളും വേണ്ടത്ര സംഭാഷണമില്ലാത്തതിന്റെ മാത്രം പ്രതിസന്ധികളാണ്.