കാലവും കണ്ണാടിയും

എന്റെ ഒറ്റപ്പെട്ട നന്മകളില്‍നിന്ന് എന്നെ രക്ഷിക്കണമേ

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍
തങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്ന് കരുതുന്നവര്‍ വഴിയാണ് ലോകത്തില്‍ തിന്മകളില്‍ മുഖ്യപങ്കും സംഭവിക്കുന്നത്. സദുദ്ദേശ്യത്തോടെയേ ലോകത്തിലെ ഭീകരതിന്മകള്‍ അരങ്ങേറിയിട്ടുള്ളൂ. ലോക യുദ്ധങ്ങളും കൂട്ടക്കുരുതികളും എല്ലാം ഇത്തരം നല്ല ഉദ്ദേശ്യങ്ങളുടെ ചതുര വടിവിലാണ് പുറത്തുവന്നത്.

നല്ല മനുഷ്യര്‍ നല്ലതു ചെയ്യുന്നു, ദുഷ്ടമനുഷ്യര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നു എന്നത് ലളിതയുക്തി മാത്രമാണ്. വസ്തുതകള്‍ എപ്പോഴും അങ്ങനെയല്ല. അതായത് നല്ല മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന തിന്മകള്‍ ചെറുതല്ല. പേരുകേട്ട ഇംഗ്ലീഷ് കവി ടി എസ് എലിയട്ട് എഴുതി, ഈ ലോകത്തില്‍ നടക്കുന്ന തിന്മകളില്‍ പ കുതി സംഭവിക്കുന്നത് തങ്ങള്‍ പ്രധാനപ്പെട്ടവരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ മുഖേനയാണ് (The Cocktail Party). തങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്ന് കരുതുന്നവര്‍ വഴിയാണ് ലോകത്തില്‍ തിന്മകളില്‍ മുഖ്യപങ്കും സംഭവിക്കുന്നത്. സദുദ്ദേശ്യത്തോടെയേ ലോക ത്തിലെ ഭീകരതിന്മകള്‍ അരങ്ങേറിയിട്ടുള്ളൂ. ലോകയുദ്ധങ്ങളും കൂട്ടക്കുരുതികളും എല്ലാം ഇത്തരം നല്ല ഉദ്ദേശ്യങ്ങളുടെ ചതുര വടിവിലാണ് പുറത്തുവന്നത്. എല്ലാ നല്ല മനുഷ്യരെയും സ്വയം നല്ലവരാണെന്ന് കരുതുന്നവരെയും ആത്മീയമായും ധാര്‍മ്മികമായും വെല്ലുവിളിക്കാന്‍ പോന്ന കാര്യമാണിത്. അറിഞ്ഞോ അല്ലാതെയോ നല്ല മനുഷ്യര്‍ പല തിന്മകള്‍ക്കും കാരണക്കാരായി മാറാം.

എന്തുകൊണ്ട് നല്ല മനുഷ്യരിലൂടെ തിന്മ സംഭവിക്കുന്നു? രണ്ടുതരം കാരണങ്ങള്‍ പറയാനൊക്കും. ഒന്ന്, നന്മ എന്നത് കുഴപ്പം പിടിച്ച ശൂന്യപദമാണ്. മൂര്‍ത്തമായ സന്ദര്‍ഭങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തിയാല്‍ നന്മയ്ക്ക് ഒരര്‍ഥമല്ല ഉള്ളത്. അതായത്, നന്മ എന്ന പദത്തിന് സന്ദര്‍ഭോചിതം നാം അര്‍ഥം കല്പിക്കണം. ഉദാഹരണത്തിന്, നല്ല പൂച്ച എന്നു പറയുമ്പോഴും നല്ല പുഷ്പം എന്നു പറയുമ്പോഴും നന്മയുടെ അര്‍ഥം ഒന്നല്ല. നല്ല വിഷം എന്ന് പറഞ്ഞാലുള്ള അര്‍ഥമല്ല നല്ല പുസ്തകം എന്നതിന്. ചുരുക്കത്തില്‍ ക്രിസ്ത്യാനിയുടെ പദ കോശത്തില്‍ പ്രധാനമല്ലനല്ല എന്ന വിശേഷണം. സന്ദര്‍ഭത്തി നനുസരിച്ച്, ഉദ്ദേശ്യത്തിന് വിധേയമായി അതിന്റെ അര്‍ഥം മാറിക്കൊണ്ടിരിക്കും. അതുകൊണ്ടായിരിക്കണം ഈശോ പഠിപ്പിച്ച അഷ്ടഭാഗ്യങ്ങളില്‍ നന്മ ചയ്യുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടേതാണ് എന്നു നാം കാണാത്തത്. എന്നാല്‍ അതിനു പകരം, കരുണ, ആത്മാവില്‍ ദാരിദ്ര്യം, ശാന്തത, സമാധാനം തുടങ്ങിയ പുണ്യങ്ങളിലേക്ക് നന്മയെ സന്നിവേശിപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം. എന്നു പറഞ്ഞാല്‍, കേവലം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വിളിക്കപ്പെട്ടവരല്ല ക്രിസ്ത്യാനികള്‍. പുണ്യപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ വിളിക്കപ്പെട്ടവരാണ് നാം. ദൈവത്തിനു ചേരുന്ന വിശേഷണമാണ് നല്ലവന്‍. മനുഷ്യര്‍ക്ക് ചേരു ന്ന വിശേഷണമാണ് പുണ്യവാന്‍. നേരെ തിരിച്ചല്ല.

രണ്ടാമത്തെ കാരണം കുറച്ച് സങ്കീര്‍ണ്ണമാണ്. നല്ല മനുഷ്യര്‍ ചെയ്യുന്ന തിന്മകളെക്കുറിച്ച് ഗൗരവമുള്ള പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇറാക്കില്‍ അമേരിക്ക ഭീകരവേട്ട നടത്തിയ കാലത്ത് അബു ഗ്രൈബ് ജയിലിലെ തടവുകാരോട് ക്രൂരത കാണിച്ച അമേരിക്കന്‍ പട്ടാള ഓഫീസര്‍മാരെ പഠനവിധേയരാക്കിയിട്ടുണ്ട്. 1971-ല്‍ Phillip Zimbardo എന്ന ഗവേഷകന്‍ 24 വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് ഒരു പരീക്ഷണം നടത്തി. ചിലര്‍ക്ക് അദ്ദേഹം തടവുകാരുടെയും ചിലര്‍ക്ക് ജയില്‍ വാര്‍ഡന്മാരുടെയും ചിലര്‍ക്ക് ജയില്‍ മേലധികാരിയുടെയും റോളു കൊടുത്തു. രണ്ടാഴ്ച്ചയ്ക്കിടെ ഇവരുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം അമ്പരിപ്പിക്കുന്നതായിരുന്നു. ജയില്‍ വാര്‍ഡന്മാരായി വേഷമണിഞ്ഞ വിദ്യാര്‍ഥികള്‍ തടവുകാരു ടെ വേഷമിട്ട സഹപാഠികളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. നല്ല വിദ്യാര്‍ഥികള്‍ എങ്ങനെ തിന്മ ചെയ്യാനാരംഭിച്ചു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു Stanford Prison Experiment എന്ന് അറിയപ്പെട്ട ഈ പരീക്ഷണം. സമാനമായ ഗവേഷണങ്ങള്‍ പൊതുവേ നാല് ഘടകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്: അധികാരപ്രയോഗങ്ങള്‍ (power), തിന്മ ചെയ്യുന്നവരോടുള്ള സമരസപ്പെടല്‍ (conformism), അധികാരികളോടുള്ള അന്ധമായ വിധേയത്വം (blind loyalty to authorities), പ്രതികാരം (vengeance) എന്നിവയാണവ.

ഏതെങ്കിലും കാരണത്താല്‍ നല്ല വ്യക്തി എന്നു വിളിക്കപ്പെടുന്നുണ്ടെങ്കില്‍ നാം ഭയപ്പെടണം. സുഖം തരുന്ന ആ വിശേഷണം നമ്മെ കുഴപ്പത്തിലാക്കാം. പ്രത്യേകിച്ചും മുകളില്‍ പറഞ്ഞ നാലു കാര്യങ്ങള്‍ നമ്മില്‍ ഉറങ്ങിക്കിടപ്പുണ്ടെങ്കില്‍. നല്ല മനുഷ്യര്‍ എന്ന വിളിപ്പേര്‍ നിലനില്‌ക്കെത്തന്നെ പല കാരണങ്ങളാല്‍ നാം തെറ്റായ തീരുമാനങ്ങള്‍ എടുക്കാം. അടിത്തറയില്ലാത്ത നിഗമനങ്ങളിലേക്ക് എടുത്തുചാടാം. മൂല്യബദ്ധമല്ലാ ത്ത നിലപാടുകള്‍ സ്വീകരിക്കാം. ഭാഗികസത്യങ്ങളെ പൂര്‍ണ്ണസത്യ ങ്ങളായി കൊണ്ടുനടക്കാം. ഒമ്പത് മൂല്യങ്ങള്‍ കടലിലൊഴുക്കി ഒരെ ണ്ണം കൈപ്പിടിയില്‍ ഒതുക്കാം. വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് പ്രസ്ഥാനങ്ങളെ ബലികൊടുക്കാം. പ്രസ്ഥാനങ്ങളുടെ താത്പര്യാര്‍ഥം വ്യക്തികളെ കൈയ്യൊഴിയാം. ശരി-തെറ്റുകള്‍ നോക്കാതെ ഭൂരിപക്ഷത്തോടൊപ്പം ചേരാം. സ്വന്തം ഇഷ്ടപ്രകാരം വ്യക്തികളെ കറുപ്പായോ അല്ലെങ്കില്‍ വെളു പ്പായോ മാത്രം കണ്ടുപോകാം; രണ്ടു ഗണങ്ങളിലുമുള്ള ചാരനിറം വിട്ടുകളയാം. സ്ഥാപനമേധാവി, അപ്പന്‍, മേലധികാരി തുടങ്ങിയ പദവികള്‍ സ്വന്തം ഇഷ്ടം നടപ്പാക്കാനുള്ള അവകാശമായി ധരിച്ചുപോകാം. ഒരാളോട് കരുണ കാണിക്കുന്നതുവഴി മറ്റൊരാളോട് അന്യായം ചെയ്യുന്നുണ്ടോ തുടങ്ങിയ ശല്യപ്പെടുത്തുന്ന ചോദ്യങ്ങളൊക്കെ ഒഴിവാക്കി നടക്കാം. ആരോടും വെറുപ്പില്ലാതെ എന്നാല്‍ ഒരാളെപ്പോലും സ്‌നേഹിക്കാതെ ജീവിച്ചുപോകാം. ചുരുക്കത്തില്‍, നമ്മിലെ നന്മകള്‍ സമഗ്രമായ പുണ്യങ്ങളായി മാറുവോളം നമ്മിലെ നന്മകളെ കരുതലോടെ വേണം കാണാന്‍.

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ II മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിലപാട് ആത്മാർത്ഥതയില്ലാത്തത് : കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

മുനമ്പം: ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു