വചനമനസ്‌കാരം

വചനമനസ്‌കാരം: No.104

എസ്. പാറേക്കാട്ടില്‍
അങ്ങനെയിരിക്കേ, നിങ്ങളോടു സത്യം തുറന്നു പറഞ്ഞതുകൊണ്ട് ഞാന്‍ നിങ്ങളുടെ ശത്രുവായി എന്നോ?
ഗലാത്തിയാ 4:16
  • ഇന്നെന്‍ മനസ്സാക്ഷി മൂളുന്ന ചിന്തുക-

  • ളന്യര്‍ക്കസഹ്യമായ്ത്തീരാതിരിക്കണേ!

  • സര്‍വചരാചരമംഗള പ്രാര്‍ത്ഥന

  • ഗര്‍വമാണെങ്കിലതാണു ഞാന്‍ സ്‌നേഹമേ !!

  • അക്കിത്തം

വിരോധി; തനിക്കു ദോഷം ചെയ്യുന്നവന്‍ എന്നാണ് ശത്രു എന്ന വാക്കിന്റെ അര്‍ത്ഥം. 'കോപകാമദ്വേഷമത്സരകാര്‍പ്പണ്യലോഭമോഹാദി' ശത്രുക്കള്‍ ഏഴു തരമുണ്ട്. സത്യം പറയുന്നവര്‍ എന്ന ഒരു അര്‍ത്ഥമോ സൂചനയോ ആ പട്ടികയില്‍ ഇല്ല. നടത്തദോഷമുള്ള അമ്മ, കടമുണ്ടാക്കുന്ന അച്ഛന്‍, സുന്ദരിയായ ഭാര്യ, അറിവില്ലാത്ത മകന്‍ ഇവ നാലുമാണ് ശത്രുചതുഷ്ടയം. ആ പട്ടികയിലും സത്യം പറയുന്നവര്‍ ഇല്ല. അര്‍ത്ഥവിവരണങ്ങളിലൊന്നും ഇടമില്ലെങ്കിലും ഫലത്തില്‍ സത്യം തുറന്നുപറയുന്നവരോളം വലിയ ശത്രുക്കളില്ല എന്നതാണ് സത്യം. സീറോ മലബാര്‍ സഭയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പ്രതിസന്ധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരമില്ലാതെ തുടരുന്നതിന്റെ യഥാര്‍ത്ഥ കാരണം തുറന്നു പറഞ്ഞ ചില സത്യങ്ങളും അവയുണര്‍ത്തിയ അനുരണനങ്ങളുമാണ്. 'ന ഭ്രൂയാത് സത്യമപ്രിയ' - അപ്രിയസത്യം പറയരുത് എന്ന അടിസ്ഥാനതത്വം അതിരൂപതയ്ക്ക് ലംഘിക്കേണ്ടിവന്നു. ഏറെനാള്‍ ക്ഷമയോടെ കാത്തിരുന്നിട്ടും ഫലമില്ലാതെ വന്നപ്പോള്‍ ചില സത്യങ്ങള്‍ ഉറക്കെ പറയേണ്ടി വന്നു. ചില പരമാര്‍ത്ഥങ്ങള്‍ ബന്ധപ്പെട്ടവരുടെ മുഖത്തുനോക്കി ചോദിക്കേണ്ടി വന്നു. 'സത്യം സത്യമായി' എന്ന് എപ്പോഴും ആവര്‍ത്തിക്കുകയും 'നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും' എന്ന് പഠിപ്പിക്കുകയും ചെയ്ത (യോഹ. 8:32) കര്‍ത്താവിന്റെ ഓര്‍മ്മയിലാണ് അപ്രകാരം ചെയ്തത്. 'കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട്, അവനെ മുഖത്തു നോക്കി എതിര്‍ത്ത' (ഗലാ. 2:11) പൗലോസ് അപ്പസ്‌തോലന്റെ ഓര്‍മ്മയിലാണ് അപ്രകാരം ചെയ്തത്. എന്നിട്ടെന്തുണ്ടായി? കവി കുറിച്ചതു പോലെ, മനസ്സാക്ഷി മൂളിയ സത്യത്തിന്റെ ചിന്തുകളില്‍ പലരും അസഹ്യരും അസ്വസ്ഥരും ക്ഷുഭിതരുമായി. 'സുവിശേഷത്തിന്റെ സത്യം എല്ലാവര്‍ക്കുമായി നിലനിറുത്തേണ്ടതിന്' അതിരൂപത ഉയര്‍ത്തിയ മംഗളപ്രാര്‍ത്ഥനയെ അവര്‍ ഗര്‍വെന്നും ചിത്തഭ്രമമെന്നും വിധിച്ചു. നീതിക്കു വേണ്ടിയുള്ള ആര്‍ദ്രമായ നിലവിളികളെ സംഘബലത്തിന്റെ മിടുക്കില്‍ അവര്‍ അനുസരണക്കേടിന്റെ അട്ടഹാസങ്ങളായി ചിത്രീകരിച്ചു. ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങള്‍ക്കൊന്നിനും ഉത്തരം നല്‍കാതെ അവര്‍ അനുസരണം എന്ന ഏകജാലകത്തിന് പിന്നിലൊളിച്ചു. അവരോട് ഒന്നേ ചോദിക്കാനുള്ളൂ: സത്യത്തില്‍ നിങ്ങള്‍ സത്യത്തെയും സുവിശേഷമൂല്യങ്ങളെയും യേശുക്രിസ്തുവിനെയും അവന്റെ സഭയെയും സ്‌നേഹിക്കുന്നുണ്ടോ?

എറണാകുളം-അതിരൂപത ആസ്ഥാനമായി സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായതിന്റെ ശതാബ്ദിയാണ്. 'മേജര്‍ ആര്‍ക്കി എപിസ്‌കോപല്‍ ചര്‍ച്ച് ഓഫ് എറണാകുളം-അങ്കമാലി'ക്ക് ശതാബ്ദിയുടെ മംഗളാശംസകള്‍.

സത്യദീപം ലോഗോസ് ക്വിസ് 2024 [104]

ഉണ്ണാതെ മടങ്ങുന്ന മഹാബലി!

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അവാര്‍ഡ് സി. നിരഞ്ജനയ്ക്ക്

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 19]