വചനമനസ്‌കാരം

വചനമനസ്‌കാരം: No.146

എസ്. പാറേക്കാട്ടില്‍
തുളച്ചുകയറുന്ന വാളുപോലെ, വീണ്ടുവിചാരമില്ലാതെ വാക്കുകള്‍ പ്രയോഗിക്കുന്നവരുണ്ട്; വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.
സുഭാഷിതങ്ങള്‍ 12:18

'ഇനി താങ്കള്‍ ഒരു നിലാക്കതിരു മാത്രം,

സ്മൃതിയില്‍ പൊള്ളി നീറുന്ന മധുരം മാത്രം,

കളങ്കലേശമേശാത്തോരറിവു മാത്രം,

തനിക്കു മീതെയാം തന്റെ ഉലകമെന്നോ

രയത്‌നസുന്ദരം സ്‌നേഹപ്പൊലിമ മാത്രം!

വിരലമര്‍ത്തുക നിന്റെ വിതുമ്പും ചുണ്ടില്‍

വിരിയുന്ന പരമാര്‍ത്ഥം തെളിക്ക കണ്ണില്‍!

ഋതുക്കള്‍ തന്‍ കളം മായ്ച്ചു കടന്നുപോമീ

പുരുഷനെത്തിരുമുറ്റത്തറിഞ്ഞാവൂ ഞാന്‍!

തൊഴുകൈ മൊട്ടായിടാവൂ കരണം മൂന്നും,

നെടിയൊരു നമസ്‌കാരം നിമിഷപുണ്യം!'

വിഷ്ണുനാരായണന്‍ നമ്പൂതിരി

നിദ്രാവിഹീനമായ ഒരു രാത്രിക്കൊടുവില്‍, വിടുതല്‍ സമ്മേളനത്തില്‍ ധരിച്ച അതേ വേഷത്തില്‍ അദ്ദേഹം സ്വന്തം ജീവന് വിടുതല്‍ നല്‍കി. പക തീര്‍ത്തതിന്റെ ഗൂഢമായ ആഹ്ലാദത്തില്‍ ചിലര്‍ സ്വച്ഛമായി നിദ്രയിലാണ്ടപ്പോള്‍ അദ്ദേഹം ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ ഉള്ളു പൊള്ളി സഞ്ചരിക്കുകയായിരുന്നു. പ്രിയതമയുടെയും പൊന്നോമനകളുടെയും മുഖം പോലും കൊടിയ നൈരാശ്യത്തിന്റെ തീരുമാനത്തെ മാറ്റിയില്ല. വാക്കിന്റെ വാളാല്‍ ആര്‍ക്കും പിളര്‍ക്കാനോ കളങ്കമേല്പിക്കാനോ കഴിയാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായി. കവി കുറിച്ചതു പോലെ ഇനി ആ നിലാക്കതിര്‍ സ്മൃതിയില്‍ പൊള്ളി നീറുന്ന മധുരം മാത്രം; കളങ്കലേശമേശാത്തോരറിവു മാത്രം.

ആത്മഹത്യയെ മഹത്ത്വവത്കരിക്കുന്നില്ല. എങ്കിലും, അതിലേക്ക് ഒരു മനുഷ്യന്‍ നയിക്കപ്പെട്ട സാഹചര്യം പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. ഒരായുസ്സു കൊണ്ട് പടുത്തുയര്‍ത്തിയ യശസും സത്‌പേരും ഒരു നിമിഷം കൊണ്ട് തകര്‍ത്തു കളയുമ്പോള്‍ നിയമത്തിന്റെ വഴിയേ അതിനെ നേരിടാനുള്ള ഉള്‍ക്കരുത്ത് എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. നിയമം നിയമത്തിന്റെ വഴിയേ പോകും എന്നത് നമ്മുടെ രാജ്യത്ത് ഒരു വൃഥാസങ്കല്പം മാത്രമാണ്.

നീതിയോടും നിര്‍ഭയത്വത്തോടും കൂടി നിയമം അതിന്റെ വഴിയേ പോയിരുന്നെങ്കില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്കും പ്രഫ. സായിബാബക്കും അപമൃത്യു സംഭവിക്കില്ലായിരുന്നു. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിന്റെ അനേകമിരട്ടി മനുഷ്യര്‍ വാക്കേറ്റ് മരിച്ചിട്ടുണ്ട്. വാളായും അസ്ത്രമായും ശിലയായും ശൂലമായും വാക്കുകള്‍ ഹൃദയം പിളര്‍ക്കുന്നു.

രാഷ്ട്രമെന്നോ സഭയെന്നോ ഭേദമില്ലാതെ എല്ലാ അധികാരമണ്ഡലങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും എല്ലാം ആ ആയുധമുണ്ട്. ചിലര്‍ അതേറ്റ് ഉടനടി മരിക്കും; മറ്റു ചിലര്‍ രക്തമിറ്റിറ്റ് അല്പാല്പമായി മരിക്കും; ഇനിയും ചിലര്‍ ജീവച്ഛവം പോലെ ജീവിതം തുടരും. പേരില്‍ ദിവ്യത്വം ഉണ്ടായതു കൊണ്ടായില്ല; സംസാരത്തിലും പെരുമാറ്റത്തിലും ബന്ധങ്ങളിലും മനുഷ്യത്വം ഉണ്ടാകണം.

അലിവും ആര്‍ദ്രതയും നീതിബോധവും സത്യസന്ധതയുമുള്ള ഒരു മനുഷ്യവ്യക്തി ആകുക എന്നതാണ് ഏറ്റവും ദിവ്യമായ കാര്യം. അധികാരലഹരിയില്‍ മത്തു പിടിക്കുന്നവര്‍ക്ക് ഇത് അസാധ്യമാണ്. അവര്‍ വാക്കെന്ന വാള്‍ ചുഴറ്റി രക്തമൊഴുക്കും; വിനാശം വിതയ്ക്കും.

രാഷ്ട്രീയയജമാനന്മാരുടെ താന്‍പോരിമയിലും തന്നിഷ്ടത്തിലും ദിവ്യമാര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടേക്കാം. എന്നാല്‍, സ്വന്തം മനഃസാഷിയുടെ കോടതി നടത്തുന്ന വിചാരണയുടെയും വിധിയുടെയും ഉള്ളുരുക്കം താങ്ങാന്‍ ഇപ്പോഴുള്ള ദിവ്യത്വവും പിന്തുണയും പോരാതെ വരും. 'ചെറുപ്പക്കാരിയായ ആ സഖാവ് പാഠം പഠിച്ചുകാണുമെന്ന്' ആരോ പറയുന്നതു കേട്ടു.

അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് പാഠങ്ങള്‍ പഠിക്കാനുള്ള വിഷയങ്ങളല്ല മറ്റുള്ളവരുടെ ജീവനും ജീവിതവും. ആരെയും മുറിപ്പെടുത്താതെ പഠിക്കുന്ന പാഠങ്ങള്‍ക്കേ മൂല്യമുള്ളൂ. പഠനവും പരിശ്രമവും പ്രാര്‍ഥനയുമെല്ലാം മുറിവുണക്കുന്ന വിവേകമുള്ള വാക്കുകള്‍ക്ക് വേണ്ടിയാകട്ടെ.

2024 ലെ കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ (1884-1971) : നവംബര്‍ 26

പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

അബ്ബാ ഹൃദയം പ്രകാശനം ചെയ്തു

അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ കാതറൈന്‍ (4-ാം നൂറ്റാണ്ട്) : നവംബര്‍ 25