ജനാധിപത്യത്തിന്റെ ചുടലക്കാട്ടില്‍ മതേതരത്വത്തിന്റെ ശവം വലിച്ചുകീറാന്‍ വന്ന കഴുകന്മാരേയും കുറുക്കന്മാരേയും വകവരുത്താന്‍ ശ്രമിക്കുന്ന ലത്തീന്‍ റീത്തിലെ മെത്രാന്മാര്‍ക്കും മുസ്ലീംലീഗ് നേതാക്കാന്മാര്‍ക്കും കൈയടി നല്കാതെ തരമില്ല. സംഭവം മുനമ്പത്തെ കുടിയിറക്ക പ്പെടുന്ന ജനതയുടെ സമരവും അതോടനുബന്ധിച്ചുള്ള സംഭവങ്ങളുമാണ്. തൊട്ടുമുമ്പുള്ള ഇതേ പംക്തിയില്‍ ഈ വിഷയം തന്നെയാണ് കുറിച്ചത്. മുനമ്പം ജനത പ്രത്യക്ഷസമരം തുടങ്ങുന്നതിനു മുമ്പ് ഒക്‌ടോബര്‍ ആദ്യം പുറത്തിറങ്ങിയ സത്യദീപ ത്തില്‍ ഈ വിഷയത്തെക്കുറിച്ച് എഴുതുകയും മാതൃഭൂമി ദിനപത്രം സത്യദീപത്തെ ഉദ്ധരിച്ച് ഒക്‌ടോബര്‍ 3 ന് വാര്‍ത്തയും ചെയ്തിരുന്നു. പക്ഷേ, സീറോ മലബാര്‍ സഭയിലെ ചില മെത്രാന്മാര്‍ ഉള്‍പ്പെടെ ചില സംഘങ്ങള്‍ സത്യദീപവും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും ഈ വിഷയ ത്തില്‍ കാര്യമായി പ്രതികരിച്ചില്ലെന്നു കമന്റ് പറയുന്നതുകൊണ്ട് ഈ വിഷയം വീണ്ടും ഇവിടെ ചര്‍ച്ച ചെയ്യുകയാണ്.
മുനമ്പത്ത് ഇടവക ജനത്തെ കൂട്ടി പോയി അവിടെ സമരം ചെയ്യുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെന്ന ആധികാരികതയോടെയാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതുന്നത്. മുനമ്പം സമരപന്തലില്‍ ചെന്നു പ്രസംഗിച്ചപ്പോള്‍ മഹാഭാരതത്തിലെ ഒരു ഉപകഥയെ ഉദ്ധരിച്ചാണ് ഈ ലേഖകന്‍ സംസാരിച്ചത്. ഒരു സായാഹ്നത്തില്‍ തങ്ങളുടെ മകന്റെ ജഡം ചുടലക്കാട്ടിലേക്കെ ടുത്ത മാതാപിതാക്കളോട് ചുടലക്കാട്ടിലെ സമീപത്തുളള കുറ്റിക്കാട്ടില്‍ ശവം വരുന്നതും നോക്കി കാത്തിരുന്ന കുറുക്കന്‍ പറഞ്ഞു, 'സൂര്യന്‍ അസ്തമിച്ചിട്ട് മാത്രം ശവം അവിടെ ഉപേക്ഷിക്കാവൂ, അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തില്‍ മറ്റൊരു അനര്‍ത്ഥം സംഭവിക്കും.'
മെത്രാന്മാരുടെയും മുസ്ലീം നേതാക്കന്മാരുടെയും സൗഹൃദ കൂടിവരവ് കേരളത്തിന്റെ മതേതര ഭൂമികയില്‍ തെളിഞ്ഞ വെള്ളിനക്ഷത്രമാണ്.
ഇതുകേട്ട് മരത്തിലിരുന്ന കഴുകന്‍ മാതാപിതാക്കളോടു ഉറക്കെ വിളിച്ചു പറഞ്ഞു, 'ആ കുറുക്കന്‍ ചതിയനാണ്. അവന്‍ നിങ്ങളെ പറ്റിക്കുകയാണ്. സൂര്യന്‍ അസ്തമി ക്കുന്നതിനു മുമ്പ് ശവം ചുടലക്കാട്ടില്‍ ഉപേക്ഷിച്ചില്ലെങ്കിലാണ് നിങ്ങളുടെ വീട്ടില്‍ ദോഷങ്ങള്‍ ഉണ്ടാകുന്നത്. കഥയുടെ പൊരുള്‍ മനസ്സിലായല്ലോ. കുറുക്കനും കഴുകനും ആ ശവം ഒറ്റയ്ക്ക് തിന്നാനുള്ള സൂത്രപ്പണിയാണ് പറഞ്ഞത്. ഇത്തരം കഴുകന്മാരും കുറുക്കന്മാരുമുണ്ട്, മുനമ്പം സമര പന്തലില്‍ എത്തി ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നവരുടെ കൂട്ടത്തില്‍.
കേരളത്തിലെ പ്രബലരായ രണ്ടു മത വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ ദാഹിക്കുന്ന ചെന്നായ്ക്കളുടെ രൂപഭാവങ്ങള്‍ ആത്മീയ നേതാക്കന്മാരും എടുത്തണിയുന്നത് കേരളത്തിന്റെ മതേതര സ്വാഭാവത്തിനു ക്ഷത മുണ്ടാക്കുമെന്നതില്‍ യാതൊരു തര്‍ക്കവും വേണ്ട. വര്‍ഗീതയുടെ ഭ്രാന്താലയമാക്കി മുനമ്പത്തെ മാറ്റിയിട്ടു തങ്ങളുടെ വോട്ടുപ്പെട്ടി യുടെ ഭാരം കൂട്ടാമെന്നു ചിന്തിക്കുന്നവരുടെ സ്വപ്നങ്ങളാണ് ലത്തീന്‍ മെത്രാന്മാരും മുസ്ലീം ലീഗ് നേതാക്കന്മാരും ഒരേ മേശയുടെ ചുറ്റുമിരുന്ന് സംസാരിച്ച് കാര്യങ്ങള്‍ സമവായ ത്തിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്നതു വഴി തകര്‍ക്കുന്നത്. മെത്രാന്മാരുടെയും മുസ്ലീം നേതാക്കന്മാരുടെയും സൗഹൃദ കൂടിവരവ് കേരളത്തിന്റെ മതേതര ഭൂമികയില്‍ തെളിഞ്ഞ വെള്ളിനക്ഷത്രമാണ്. ഏതു പ്രശ്‌നവും പരസ്പര ഭാഷണത്തിലൂടെ മാത്രമേ പരിഹാരിക്കാനാവൂ എന്ന ജനാധിപത്യത്തിന്റെ മാര്‍ഗമാണ് വരാപ്പുഴ ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ 13 ലത്തീന്‍ മെത്രാന്മാരുമായി മുനമ്പം വിഷയം ചര്‍ച്ച ചെയ്യാന്‍ എത്തിയ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും അന്വേഷിച്ചത്. മുനമ്പത്തുകാരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് മുസ്ലീം സമുദായ സംഘടനകളുടെ പൊതുനിലപാട് എന്ന് പ്രഖ്യാപിച്ചത് വര്‍ഗീയ ശക്തികളുടെ നേര്‍ക്ക് തൊടുത്തുവിട്ട ദിവ്യാസ്ത്രമായി മാറി.
ഏതൊരു ജനാധിപത്യ സംവിധാന ത്തിലും വ്യക്തികള്‍ തമ്മിലും പ്രസ്ഥാന ങ്ങള്‍ക്കിടയിലും ഒരേ സ്ഥാപനത്തിലും തര്‍ക്കങ്ങളുണ്ടാകും. അതു തികച്ചും മാനുഷികവും സ്വാഭാവികവുമാണ്. അതു പരിഹരിക്കപ്പെടുന്നത് പരസ്പരമുള്ള സംഭാഷണങ്ങളിലൂടെ യാണ്. അല്ലാതെ സംഘര്‍ഷങ്ങളിലൂ ടെയോ യുദ്ധങ്ങളിലൂടെയോ അല്ല. സംഭാഷണത്തിന്റെയും സൗഹൃദ ത്തിന്റെയും വാതായനങ്ങളാണ് ലത്തീന്‍ മെത്രാന്മാരും മുസ്ലീം സമുദായവും തുറന്നിട്ടത്.
സഭയ്ക്കുള്ളിലുള്ള പ്രശ്‌നം പോലും സംഭാഷണങ്ങളിലൂടെ തീര്‍ക്കുന്നതിനു പകരം അടിച്ചൊതുക്കലിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്ന സമുദായ നേതാക്കള്‍ മുനമ്പത്തു ചെന്നു പറഞ്ഞ പ്രസംഗങ്ങള്‍ വര്‍ഗീയതയെ ആളിക്കത്തിക്കുന്ന തരത്തിലായിപ്പോയെ ന്നതു കേരളത്തിലെ പൊതുസമൂഹം സങ്കടത്തോടെയാണ് വീക്ഷിച്ചത്. സ്വന്തം അധികാര കസേരകള്‍ ഉറപ്പിക്കാന്‍ ജനാധിപത്യമൂല്യങ്ങള്‍ ക്കെതിരെയും മനുഷ്യാവകാശങ്ങള്‍ ക്കെതിരെയും എന്തും ചെയ്യുന്ന തരത്തിലേക്കു ചില സഭാ നേതാക്കള്‍ തരംതാഴ്ന്നപ്പോള്‍ കേരളത്തിന്റെ മതേതര സ്വാഭാവത്തെയും മുനമ്പം ജനതയുടെ മനുഷ്യാവകാശത്തെയും കുറിച്ച് ചിന്തിക്കാനുള്ള ഹൃദയ വിശാലത അവര്‍ക്കു നഷ്ടപ്പെട്ടു. ഇതിനേ പരിതാപകരമെന്നേ വിളിക്കാനാകൂ.
ഫുള്‍സ്റ്റോപ്പ്
മുനമ്പത്തെ ജനതയുടെ മനുഷ്യവകാശ പ്രശ്‌നത്തെ കേവലം വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യമായി മാറ്റിയെടുക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കിയവരുടെ മുഖം പൊത്തിയുള്ള അടിയായി ലത്തീന്‍ മെത്രാന്മാരും മുസ്ലീം നേതാക്കന്മാരുമായുള്ള സഹൃദഭാഷണവും സംയുക്ത പരിഹാര നിര്‍ദേശവും.