വരികള്‍ക്കിടയില്‍

ദാനധര്‍മ്മത്തിന്റെ പേരില്‍ സാധാരണക്കാരനെ പെരുവഴിയിലാക്കരുത്

മുണ്ടാടന്‍ കെ.

വഖഫ് ഭേദഗതി ബില്ല് 2024 ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുക യാണ്. മുനമ്പത്ത് വഖഫ് ഭൂമിയാണെന്നു അവകാശപ്പെട്ടു കൊണ്ട് 600 ഓളം കുടുംബങ്ങളെ തെരുവിലിറക്കാന്‍ പോകുന്ന തിന്റെ വേദനകളും രോഷങ്ങളും കേരളത്തിന്റെ രാഷ്ട്രീയ സമുദായിക പരിസരത്ത് ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു വശത്ത് കേന്ദ്ര സര്‍ക്കാര്‍ 1954 ല്‍ കൊണ്ടുവന്ന് 1995 ലും 2013 ലും ഭേദഗതി വരുത്തിയ വഖഫ് നിയമം രാഷ്ട്രീയപരമായ മുസ്ലീം പ്രീണന തന്ത്രമാണെന്ന് പറയപ്പെടുന്നു. മറുവശത്ത് കഴിഞ്ഞ ലോക്‌സഭ ഇലക്ഷനു തൃശ്ശൂര്‍ മണ്ഡലത്തില്‍ ബി ജെ പി സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്രൈസ്തവരെയും മുസ്ലീം സമുദായത്തെയും തമ്മില്‍ അകറ്റുന്നതിനുള്ള സംഘപരിവാര്‍ തന്ത്രമാണെിതെന്നു പറയപ്പെടുന്നു. മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നത്തില്‍ മുതലെടുപ്പിനു മാത്രമായി ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. സത്യാനന്തര കാലത്തില്‍ സത്യം കണ്ടെത്തല്‍ അത്ര എളുപ്പമല്ല. സത്യം തിരിച്ചറിയാന്‍ ദൈവികമായ വെളിപാട് ആവശ്യമുള്ള സമയ മാണിത്. നമ്മുടെ സോഷ്യല്‍ മാധ്യമങ്ങള്‍ അത്ര സങ്കീര്‍ണ്ണ മാണ്. സത്യത്തിന്റെ വിസ്മയിപ്പിക്കുന്ന വസ്ത്രവിധാനങ്ങളിട്ട് അസത്യങ്ങള്‍ ആത്മീയ തലങ്ങളിലും രാഷ്ട്രീയ തലങ്ങളിലും സ്വച്ഛമായി വിഹരിക്കുന്നുണ്ട്.

'വഖഫ്' എന്നാല്‍ അല്ലാഹുവിന് മാറ്റിവയ്ക്കപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍ ഒരു മുസ്ലീം ഉപവി പ്രവര്‍ത്തികള്‍ക്കോ പള്ളികളുടെ നടത്തിപ്പിനോ ആയി നീക്കിവയ്ക്കുന്ന ഭൂമിയാണ്. ഒരാള്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ പണമോ ഭൂമിയോ പള്ളിക്കോ പാവപ്പെട്ട വനോ കൊടുക്കുന്നതിനെ പുണ്യപ്രവര്‍ത്തി എന്നാണ് വിളിക്കേണ്ടത്. പക്ഷേ, ഇപ്പോള്‍ മുനമ്പത്ത് വഖഫ് ബോര്‍ഡ് അവകാശപ്പെടുന്ന ഭൂമി വര്‍ഷങ്ങളായി അനുഭവിച്ചു പോരുന്ന അവിടെ താമസിക്കുന്ന സാധാരണക്കാരുടെ സ്വന്തമെന്നു കരുതുന്ന സ്ഥലമാണ്. എന്തിന്റെ പേരിലായാലും അവിടെ നിന്നും അവരെ ഇറക്കിവിടുന്നത് ദൈവത്തിനു പോലും ഇഷ്ടപ്പെടുന്ന കാര്യമല്ല. ദൈവത്തിന്റെ പേരില്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ സത്യവും നീതിയും ഇല്ലെങ്കില്‍ അത് ദൈവികമാണെന്ന് പറയാന്‍ പറ്റുകയില്ലല്ലോ. അതിനാല്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ സത്യസന്ധമായ പഠനം ഇവിടെ നടത്തേണ്ടതുണ്ട്.

1954 ല്‍ വന്ന വഖഫ് ആക്ടും അതിനുശേഷം 1995 ലും 2013 ലും ആ നിയമത്തിലുണ്ടായ ഭേദഗതികളും വായിക്കുമ്പോള്‍ ഭരണഘടനാപരമായി മതേതരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ അത്തരം നിയമം മനസ്സിലാക്കുക അത്ര എളുപ്പമല്ല. ആ നിയമ പ്രകാരം ഇന്ത്യയിലെ ഏതെങ്കിലും സ്ഥലം തങ്ങളുടെതാണെന്ന് വഖഫ് ബോര്‍ഡിനു തോന്നിയാല്‍ ആ സ്ഥലത്തിനു അവര്‍ക്ക് അവകാശം ഉയര്‍ത്താം. അങ്ങനെ അവകാശമുയര്‍ത്തിയാല്‍ അത് തങ്ങളുടേതാണെന്നു തെളിയിക്കേണ്ടത് ആ സ്ഥലത്ത് ഇപ്പോള്‍ താമസിക്കുകയോ ആ സ്ഥലം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നവരുടെയോ ഉത്തരവാദിത്തമാണ്. അതിന് അവര്‍ സമീപിക്കേണ്ടത് വഖഫ് ട്രിബ്യൂണലിനെയാണ്.

വഖഫ് ബോര്‍ഡും വഖഫ് ട്രിബ്യൂണലുമെല്ലാം പ്രവര്‍ത്തിക്കുന്നതിനാധാരമായിരിക്കുന്ന വഖഫ് ആക്ടിനെ കുറിച്ച് പല പരാതികളും ഉണ്ട്. അതിന്റെ പശ്ചാലത്തിലാകാം ഇപ്പോഴത്തെ ബി ജെ പി സര്‍ക്കാര്‍ വഖഫ് ഭേദഗതി 2024 ബില്ല് കൊണ്ടുവരുന്നത്. എന്നാല്‍, ന്യൂനപക്ഷവിരുദ്ധമായ കേന്ദ്രഭരണകൂടത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തികച്ചം നിഷ്‌കളങ്കമായിരിക്കുമെന്നു പൂര്‍ണ്ണമായും വിശ്വസിക്കാന്‍ നമുക്ക് എളുപ്പമല്ല. കേരളത്തില്‍ അതിന്റെ അലയൊലികള്‍ ഉയര്‍ത്തുന്നത് ക്രിസ്ത്യന്‍ ലേബലില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ സംഘടനകളാകുന്നത് ഏറെ അപകടകരമാണ്. സമൂഹ മാധ്യമങ്ങളിലെ ആശയ വിനിമയങ്ങളിലൂടെ പ്രകടമാകുന്ന അവരുടെ രഹസ്യവും പരസ്യവുമായ അജണ്ട കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ പരസ്പരം വെറുപ്പിച്ച്, ഹിന്ദു തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇടമുണ്ടാക്കി കൊടുക്കലാണ്. അതുകൊണ്ടു തന്നെ അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ജനാധിപത്യത്തെയും മതേതര ഇന്ത്യയേയും സ്‌നേഹിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.

പക്ഷേ മുനമ്പത്തെ ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. നിയമപരവും ഭരണപരവുമായ പരിഹാരനടപടികള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കണം. വര്‍ഗീയതയുടെ വിഷം കലക്കാതെ ഈ പ്രശ്‌നത്തിനു പരിഹാരം തേടാനുള്ള ഇച്ഛാശക്തിയും പക്വതയും സമുദായ, രാഷ്ട്രീയനേതൃത്വങ്ങള്‍ പ്രകടമാക്കട്ടെ.

  • ഫുള്‍സ്റ്റോപ്പ്

ഉപവി പ്രവര്‍ത്തികള്‍ ചെയ്യേണ്ടത് മനുഷ്യനെ നോക്കിയാണ്. അവന്റെ ജാതിയും മതവും വര്‍ഗവും പരിഗണിച്ചാണ് ഉപവി പ്രവര്‍ത്തികള്‍ ചെയ്യേണ്ടതെന്ന് കരുണാമയനായ ദൈവം ഒരിക്കലും പറയുകയില്ല. ദൈവത്തിന്റെ നാമത്തില്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ അപരോന്മുഖമായിരിക്കണം. അവിടെ മനുഷ്യത്വമാണ് ഏറ്റവും വലിയ മൂല്യം. അത്തരത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദാനധര്‍മ്മത്തിന്റെയും ഉള്‍പ്പൊരുളുകളുള്ള വേദപുസ്തകങ്ങളിലാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. അതിന്റെ പേരില്‍ മനുഷ്യരെ പെരുവഴിയിലാക്കുന്നത് ദൈവത്തിന് ഇഷ്‌പ്പെടുന്ന പ്രവര്‍ത്തിയല്ല.

വിശുദ്ധ ക്ലമന്റ് ഒന്നാമന്‍ (100) - നവംബര്‍ 23

ക്രൂശിതന്റെ നോവ്

മനുഷ്യത്വത്തിന്റെ മരണത്തില്‍നിന്നു ജനിച്ച കാവ്യം

മുനമ്പത്തെ മതേതരത്വത്തിന്റെ ശവപറമ്പാക്കില്ലെന്ന് ലത്തീന്‍ മെത്രാന്മാര്‍

വചനമനസ്‌കാരം: No.149