ബാലനോവല്‍: 9 | നെവിന്‍ കളത്തിവീട്ടില്‍
ചുറുചുറുക്കോടെ നടന്ന കുട്ടിക്ക് പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും ഉണ്ടായി. പേടിതോന്നിയ മാതാപിതാക്കള്‍ കാര്‍ലോയെയും കൂട്ടി ആശുപത്രിയില്‍ എത്തുന്നു. കാര്യമായ പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു കുട്ടിക്ക് രക്താര്‍ബുദം (progressive Leukaemia, m3 type) ആണെന്ന്. ശരീരത്തിലെ ചുവന്ന ബ്ലഡ് സെല്‍സിനെ നശിപ്പിക്കുകയും പുതിയ സെല്‍സ് വളരുന്നതില്‍ താമസം ഉണ്ടാവുകയും ചെയ്യുന്ന ഈ ക്യാന്‍സര്‍ വളരെ അപകടകരമാണ്.
രോഗത്തെ തിരിച്ചറിയുമ്പോള്‍ തന്നെ ഒത്തിരി താമസിച്ചിരുന്നു. കാര്‍ലോ തീരെ അവശനാവുകയും തന്റെ മരണം അടുത്തുവെന്ന് മനസിലാക്കുകയും മാതാപിതാക്കളെയും മുത്തശ്ശിയെയും സുഹൃത്തുക്കളെയും അതിനായി ഒരുക്കുകയും ചെയ്തു. ഒപ്പം സ്വയം പ്രാര്‍ഥിച്ചൊരുങ്ങി കാര്‍ലോ തന്റെ ദിവസങ്ങള്‍ എണ്ണി കിടന്നു. ആശുപത്രിയില്‍, തന്നെ കാണാന്‍ വന്നവരോടെല്ലാം തന്റെ വേദനകള്‍ മറന്നു, കാര്‍ലോ പുഞ്ചിരിച്ചു സംസാരിച്ചു. രാത്രിയില്‍ വേദന കാരണം ഉറങ്ങാനാവാതെ കിടന്നപ്പോള്‍ അമ്മയെ വിളിക്കണോ എന്ന് ചോദിച്ച നഴ്‌സിനോട് കാര്‍ലോ പറഞ്ഞു,
'അമ്മ ഇപ്പോഴാ കിടന്നത്. വിളിച്ചാല്‍ അമ്മയ്ക്ക് പേടിയും സങ്കടവും ആവും. അമ്മ കിടന്ന് ഉറങ്ങിക്കോട്ടെ.' രാവിലെ എഴുന്നേറ്റ ഉടന്നെ തന്നെ കാര്‍ലോ തന്റെ സങ്കടം ഉള്ളിലൊതുക്കി അമ്മയോട് പറഞ്ഞു, 'അമ്മെ ഞാന്‍ ഇനി ഈ കിടപ്പില്‍ നിന്നും ഉണരില്ല, എനിക്ക് രോഗീലേപനം തരാന്‍ അച്ചനോട് പറയാമോ.' തന്റെ മകന്‍ കാണിക്കുന്ന ഈ ധൈര്യം തനിക്കു ലഭിക്കാത്തതില്‍ അമ്മ പൊട്ടികരഞ്ഞു. കാര്‍ലോയുടെ നിര്‍ബന്ധ പ്രകാരം വൈദികന്‍ അന്ത്യകൂദാശ നല്‍കി.
ഒടുവില്‍ 2006 ഒക്‌ടോബര്‍ 12 ന് രാവിലെ 6.45 ന് കാര്‍ലോ തന്റെ ഏറ്റവും പ്രിയ സുഹൃത്തായ ഈശോയുടെ അടുക്കലേക്കു യാത്ര തിരിച്ചു. വെറും 15 വയസ്സ് മാത്രമായിരുന്നു കാര്‍ലോയുടെ പ്രായം. രോഗനിര്‍ണ്ണയവും, ആശുപത്രി പ്രവേശനവും, മരണവും എല്ലാം പെട്ടെന്നായിരുന്നു. എന്നാല്‍ കാര്‍ലോയുടെ ജീവിതം തന്നെ സ്വര്‍ഗപ്രവേശനത്തിനുള്ള ഒരുക്കമായതിനാല്‍ ആ പുണ്യവാളന് മരണത്തെ ഭയമില്ലായിരുന്നു, മറ്റ് ഒരുക്കത്തിന്റെ ആവശ്യവും ഇല്ലായിരുന്നു. കാര്‍ലോയുടെ വിശുദ്ധ ദേഹം, കാര്‍ലോയുടെ തന്നെ ആഗ്രഹപ്രകാരം അസ്സീസിയിലുള്ള സെമിത്തേരിയില്‍ സംസ്‌കരിച്ചു. ആളുകളുടെ തിരക്ക് കാരണം നാല് ദിവസം കാര്‍ലോയുടെ ദിവ്യദേഹം പൊതുദര്‍ശനത്തിനു വച്ചു.
കാര്‍ലോയുടെ അമ്മ ഒരിക്കല്‍ പറഞ്ഞു, 'എന്റെ മകന്‍ എന്റെ രക്ഷകനാണ്, വിശ്വാസത്തിലും ദൈവസ്‌നേഹ ത്തിലും നിന്ന് അകന്നിരുന്ന എന്നെയും, കുടുംബത്തെയും വീണ്ടെടുത്തത് കാര്‍ലോ യാണ്. മരണശേഷം ഞങ്ങള്‍ക്ക് അവനെ ഓര്‍ക്കാനും അവന്റെ നഷ്ടത്തില്‍ തളര്‍ന്നു പോകാതിരിക്കാനും അവന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. ദൈവം ഞങ്ങള്‍ക്ക് ഇരട്ടകുട്ടികളെ നല്‍കി. ധമിഷേലെയും ഫ്രാന്‍സെസ്‌കോയും ഞങ്ങള്‍ക്ക് ലഭിച്ചു.' കാര്‍ലോയുടെ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്നതില്‍ നിന്ന് ഇന്നും ആ അമ്മ പിന്‍വാങ്ങിയിട്ടില്ല.
(തുടരും)