CATplus

വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [8]

കാര്‍ലോ മരിയ അക്കുറ്റീസിന്റെ ജീവിതകഥ

Sathyadeepam
  • ബാലനോവല്‍ : [8]

  • നെവിന്‍ കളത്തിവീട്ടില്‍

കാര്‍ലോ എന്ന യുവാവിനെ നമ്മള്‍ തിരിച്ചറിയുന്നത് ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച പുണ്യവാളന്‍ എന്ന രീതിയിലാണ്. ദിവസവും വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പെങ്കിലും ദേവാലയത്തില്‍ വന്ന് അള്‍ത്താരയിലേക്കു നോക്കി, ഏകാഗ്രമായി പ്രാര്‍ഥിക്കുന്ന കാര്‍ലോയെ ഒരിക്കലും മറക്കില്ല എന്ന് വികാരിയച്ചന്‍ പറഞ്ഞു.

ദിവ്യകാരുണ്യത്തെ ആചാരമായും, പ്രാര്‍ഥനയായും മാത്രം കാണുന്ന ഇന്നത്തെ കാലത്ത് അതില്‍ ജീവനുള്ള ഈശോയെ കണ്ടെത്തുവാനും വി. കുര്‍ബാനയെ അത്ഭുതമായി തിരിച്ചറിയാനും കാര്‍ലോയ്ക്കു സാധിച്ചു. തന്റെ സുഹൃത്തിനോട് കാര്‍ലോ ഒരിക്കല്‍ പറഞ്ഞു: ''എത്ര തവണ ഒരുക്കത്തോടെ നമ്മള്‍ വി. കുര്‍ബാന സ്വീകരിക്കുന്നുവോ അത്ര മാത്രം നമ്മള്‍ ഈശോയെ പോലെയാകും. ദിവ്യകാരുണ്യത്തിന്റെ മാധുര്യം നുകരുമ്പോള്‍ നമ്മള്‍ സ്വര്‍ഗത്തെയാണ് രുചിക്കുന്നത്'.

വി. കുര്‍ബാനയോടുള്ള ഈ സ്‌നേഹമാണ് കാര്‍ലോയെ ദിവ്യ കാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ഒരു എക്‌സിബിഷന്‍ ഒരുക്കുവാന്‍ പ്രേരിപ്പിച്ചത്. തന്റെ അതേ അഭിപ്രായമുള്ള ഏതാനും സുഹൃത്തുക്കളുടെ സഹായത്തോടെ ലോകത്തില്‍ പലയിടങ്ങളിലുമായി നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചിത്രങ്ങളോടു കൂടിയ വിശദീകരണ കുറിപ്പുകള്‍ തയ്യാറാക്കി ഇടവകകളിലും, സ്‌കൂളുകളിലും, പ്രധാന പരിപാടികളിലും പ്രത്യേക അനുവാദം വാങ്ങി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ഒപ്പം തന്റെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൂടെ ചേര്‍ത്ത് ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ യഥാവിധം ക്രമീകരിച്ചുകൊണ്ടുള്ള ഒരു സൈറ്റും കാര്‍ലോ നിര്‍മ്മിച്ചു.

താന്‍ അനുഭവിച്ചറിഞ്ഞ ദൈവസ്‌നേഹത്തെ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനും, വി. കുര്‍ബാനയിലെ ഈശോയുടെ ജീവിക്കുന്ന സാന്നിധ്യത്തെ ഘോഷിക്കാനുമാണ് കാര്‍ലോ ഈ പരീക്ഷണങ്ങളെല്ലാം നടത്തിയത്. അങ്ങനെ ക്രിസ്ത്യാനികള്‍, ക്രിസ്തുഅനുയായികളായി മാറണം എന്ന് കാര്‍ലോ ആഗ്രഹിച്ചു. അത്തരത്തില്‍ ഒരു ക്രിസ്തുശിഷ്യനെപോലെ പ്രേഷിത പ്രവര്‍ത്തനം നടത്തി കാര്‍ലോ ദിവ്യകാരുണ്യത്തെ, പുതിയ ലോകത്തിനു കാട്ടിക്കൊടുത്തു. കാര്‍ലോയുടെ ഫേവറേറ്റ് അപ്പസ്‌തോലന്‍

വി. യോഹന്നാന്‍ ആണ്. അന്ത്യാത്താഴവേളയില്‍ ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്ന് തലചായ്ച്ചു കിടന്ന യോഹന്നാന്‍ ആയിരുന്നു കാര്‍ലോയുടെ ദിവ്യകാരുണ്യ ആരാധനയിലെ മാതൃകാപുരുഷന്‍. വി. യോഹന്നാനെ പോലെ ദിവ്യകാരുണ്യത്തോട് ചേര്‍ന്നിരിക്കുവാന്‍ കാര്‍ലോ ആഗ്രഹിച്ചു. താന്‍ രോഗബാധിതനായി കിടപ്പിലാകുന്നതുവരെ ഈശോയുടെ മുന്നില്‍ ഇതുപോലെ ചേര്‍ന്നിരിക്കുന്നതില്‍ നിന്നും കാര്‍ലോ വിരമിച്ചില്ല.

(തുടരും)

ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു

മരണവും മരണാനന്തര ജീവിതവും ബൈബിളില്‍

ആദര്‍ശമാതൃക [Role Model]

പ്രതീകത്തെ വിഗ്രഹമാക്കിയപ്പോള്‍

ഹൃദയത്തില്‍ ഒരാള്‍