ഫാ. സേവി പഠിക്കപ്പറമ്പില്‍
മിലാന്‍ വിളംബരത്തെ ക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എഡി 313 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ച മിലാന്‍ വിളംബരം പ്രസിദ്ധമാണല്ലോ. എന്നാല്‍ റോമാസാമ്രാജ്യ ത്തിലെ ആദ്യത്തെ മത സഹിഷ്ണുതയുടെ വിളംബരം മിലാന്‍ വിളംബരം ആയിരുന്നില്ല. റോമാ ചക്രവര്‍ത്തിയായിരുന്ന ഗല്ലിയേനുസിന്റെ (253-268) കാലത്താണ് ചരിത്രത്തിലെ മതസഹിഷ്ണുതയുടെ ആദ്യ വിളംബരം റോമാ സാമ്രാജ്യത്തില്‍ നടന്നത്.
റോമാ ചക്രവര്‍ത്തിമാരുടെ മതമര്‍ദനത്തില്‍ ബുദ്ധിമുട്ടി യിരുന്ന ക്രിസ്ത്യാനികള്‍ക്ക് ആശ്വാസമായിരുന്നു ഈ വിളംബരം. എഡി 259 ലാണ് ഈ വിളംബരം നടന്നത്.
ക്രിസ്തുമതം റോമാസാമ്രാജ്യത്തില്‍ ആദ്യമായി നിയമപരമായി അംഗീകരിക്കപ്പെട്ടത് ഗല്ലിയേനുസിന്റെ കാലത്താണ്. 259 ലെ വിളംബരം അനുസരിച്ച് മത മര്‍ദ്ദനങ്ങള്‍ അവസാനിപ്പിക്കുകയും ക്രിസ്ത്യാനികള്‍ക്ക് തകര്‍ന്ന അവരുടെ ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കുവാനുള്ള അനുവാദം ലഭിക്കുകയും ചെയ്തു.
ക്രിസ്ത്യാനികള്‍ക്ക് സഭയുടെ പൊതുവായ സ്വത്തുക്കള്‍ കൈവശം വയ്ക്കുവാനും സാധിച്ചു. മതമര്‍ദന കാലഘട്ടത്തില്‍ സഭയുടേതായ സ്വത്തുക്കള്‍ കൈവശം വയ്ക്കുവാന്‍ റോമാ ചക്രവര്‍ത്തിമാര്‍ അനുവാദം നല്‍കിയിരുന്നില്ല. ക്രിസ്ത്യാനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നതിനേക്കാള്‍ സാമ്രാജ്യത്തില്‍ മതസൗഹാര്‍ദവും സമാധാനവും നിലനിര്‍ത്തുക എന്നുള്ളതായിരുന്നു ഈ വിളംബരത്തിന്റെ ലക്ഷ്യം.
എന്നാല്‍ ഈ പ്രഖ്യാപനത്തിലൂടെ മതസഹിഷ്ണുത പൂര്‍ണ്ണമായും ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചില്ല. റോമാ സാമ്രാജ്യത്തില്‍ പിന്നീടും മതമര്‍ദന ങ്ങള്‍ നടന്നിട്ടുണ്ട്.
മതമര്‍ദനങ്ങള്‍ക്ക് അറുതി വരുത്തുന്നതും ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ മതസ്വാതന്ത്ര്യം ലഭിക്കുന്നതുമായ പ്രധാനപ്പെട്ട വിളംബരങ്ങള്‍ എ ഡി 311 ല്‍ ഗലേരിയുസ് ചക്രവര്‍ത്തിയുടെ സെര്‍ദീക്ക വിളംബരവും എ ഡി 313 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ലിച്ചിനിയുസ് ചക്രവര്‍ത്തിയും സംയുക്തമായി പുറപ്പെടുവിച്ച മിലാന്‍ വിളംബരവുമാണ്.
ഈ വിളംബരങ്ങളെക്കുറിച്ച് പിന്നീട് നമുക്ക് വിശദമായി പ്രതിപാദിക്കാം. ഈ പേരുകള്‍ ഓര്‍ത്തു വെച്ചോളൂ...