Todays_saint

വിശുദ്ധ ജോസഫാത്ത് കുന്‍സേവിച്ച് (1580-1623) : നവംബര്‍ 12

Sathyadeepam
ജോസഫാത്തിന്റെ ജന്മദേശം ലിത്വാനിയായാണ്. റുത്തേനിയന്‍ സഭ റോമ്മായുമായി പിണങ്ങിപ്പിരിഞ്ഞ് തെറ്റായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന കാലമാണ് അത്. ജോണ്‍ കുന്‍സേവിക് എന്ന ജോസഫാത്തിന് 15 വയസ്സുള്ളപ്പോഴാണ് "ബ്രസ്റ്റ് ലിറ്റോവ്‌സ്‌കി" പുനരൈക്യം നടന്നത്. ഏതാണ്ട് പത്തുദശലക്ഷം ക്രിസ്ത്യാനികളെ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് റോമ്മാസഭയോടു ചേര്‍ക്കാനുള്ള ഒരു വലിയ സംരംഭമായിരുന്നു അത്. റഷ്യയിലും പോളണ്ടിലും മതപീഡനം ആരംഭിച്ചു എന്നതായിരുന്നു അതിന്റെ അനന്തരഫലം.

ഒരു വ്യവസായിയുടെ സഹായിയായി ജോലി ആരംഭിച്ചെങ്കിലും ജോണിന് സന്ന്യാസജീവിതത്തോടായിരുന്നു ആഭിമുഖ്യം. അതുകൊണ്ട് 24-ാമത്തെ വയസ്സില്‍ വില്‍നായിലെ ബസീലിയന്‍ സന്ന്യാസസഭയില്‍ ചേര്‍ന്ന് ജോസഫാത്ത് എന്ന നാമം സ്വീകരിച്ചു. അന്നത്തെ വൈദികര്‍ മിക്കവരും ആവശ്യമായ വിദ്യാഭ്യാസം ലഭിച്ചവരായിരുന്നില്ല. അതുകൊണ്ട് വചനപ്രഘോഷണം നടത്താനും വിശ്വാസസത്യങ്ങള്‍ പഠിപ്പിക്കാനും അവര്‍ അശക്തരായിരുന്നു. 1609-ല്‍ പൗരോഹിത്യം സ്വീകരിച്ച ജോസഫാത്ത് താനുള്‍പ്പെട്ട സന്ന്യാസസഭയുടെയും വൈദികരുടെയും പരിവര്‍ത്തനം തന്റെ മുഖ്യജീവിതലക്ഷ്യമായി കരുതി. പെട്ടെന്ന് ആശ്രമാധിപനായിത്തീര്‍ന്ന അദ്ദേഹം 38-ാമത്തെ വയസ്സില്‍ പൊളോസ്‌കിന്റെ ആര്‍ച്ചുബിഷപ്പായി. അന്നവിടെ കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും തമ്മില്‍ തുറന്ന സമരത്തിലായിരുന്നു.

അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ജോസഫാത്ത് സത്യവിശ്വാസത്തിലേക്ക് ജനങ്ങളെ തിരികെ കൊണ്ടുവരാനുള്ള യജ്ഞത്തിലായിരുന്ന അദ്ദേഹം കേണപേക്ഷിച്ചു; ഉപദേശിച്ചു; കുമ്പസാരം ശ്രവിച്ചു; ദൈവാലയത്തില്‍ മാത്രമല്ല, ആശുപത്രികളിലും ജയിലുകളിലും ജോലിസ്ഥലങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം അദ്ദേഹം ആത്മാക്കളെത്തേടി അലഞ്ഞു. ഏതായാലും അതിനു ഫലമുണ്ടായി. മോസ്‌കോയുടെ പാത്രിയാര്‍ക്കും ഗ്രീക്കു ചക്രവര്‍ത്തിയുടെ ഒരു ബന്ധുവും ഉള്‍പ്പെടെ ഉന്നതസ്ഥാനങ്ങളി ലുള്ള ധാരാളം പേര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ച് സത്യവിശ്വാസത്തിലേക്കു തിരിച്ചുവന്നു. വൈദികരെ കൂടെക്കൂടെ വിളിച്ചുകൂട്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ദൈവാലയങ്ങള്‍ പുനഃസംവിധാനം ചെയ്യപ്പെട്ടു. വൈദികരുടെ ജീവിതരീതി സംബന്ധിച്ച നിബന്ധനകള്‍ എഴുതി പ്രസിദ്ധീകരിച്ചു. കൂടാതെ, വിശ്വാസപരിശീലനത്തിനാവശ്യമായ പാഠങ്ങളും എഴുതി പ്രസിദ്ധം ചെയ്തു.

ജോസഫാത്തിന്റെ ജീവിതം പ്രാര്‍ത്ഥനയുടെയും പ്രായശ്ചിത്തത്തിന്റേതുമായിരുന്നു. കൂടെക്കൂടെയുള്ള ഉപവാസം, മാംസവര്‍ജ്ജനം, ആത്മസംയമനം, തറയില്‍ കിടന്നുള്ള ഉറക്കം – അങ്ങനെ അനേകം പ്രായശ്ചിത്ത പ്രവൃത്തികള്‍. തന്റെ തല തറയില്‍ മുട്ടുന്നതുവരെ കുനിഞ്ഞ് ദൈവത്തെ വണങ്ങുന്നത് അദ്ദേഹം താത്പര്യപൂര്‍വ്വം ചെയ്യുന്ന ഒരു കൃത്യമായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും: "യേശുവേ, ദൈവപുത്രാ, ഈ സാധുവായ പാപിയുടെ മേല്‍ കരുണയുണ്ടാകണമേ."
ജോസഫാത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഫലമണിയുന്നതുകണ്ട ശത്രുക്കള്‍ അസൂയമൂത്ത് അദ്ദേഹത്തെ വകവരുത്താന്‍തന്നെ തീരുമാനമെടുക്കുകയായിരുന്നു. അങ്ങനെയാണ്, 1623 നവംബര്‍ 12 ന് അവര്‍ അദ്ദേഹത്തെ വധിച്ച്, മൃതശരീരം നദിയില്‍ എറിഞ്ഞത്. പക്ഷേ, അതുകൊണ്ട് മാനസാന്തരങ്ങള്‍ കുറയുഞ്ഞില്ല, അടിയ്ക്കടി വര്‍ദ്ധിച്ചുവന്നു; അദ്ദേഹത്തിന്റെ ഘാതകര്‍ വരെ മാനസാന്തരപ്പെട്ടു!

ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ, പ്രവൃത്തി കൂടാതെയുള്ള വിശ്വാസവും മൃതമാണ്.
യാക്കോബ് 2:26

1643-ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലായ ജോസഫാത്ത് 1867-ല്‍ പോപ്പ് പയസ് ഒമ്പതാമനാല്‍ വിശുദ്ധനെന്നു പ്രഖ്യാപിക്കപ്പെട്ടു. റോം ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ച ആദ്യത്തെ പൗരസ്ത്യനാണ് വി. ജോസഫാത്ത്.

ഡിജിറ്റല്‍ യുഗത്തിലെ വായന

നിറഭേദങ്ങള്‍ [5]

മാത്തനച്ചായന്റെ സ്വര്‍ഗപ്രവേശം

വചനമനസ്‌കാരം: No.148

ടാക്‌സി ഡ്രൈവര്‍