ചെറുപ്പത്തില്‍ തിയഡോര്‍ എന്നു വിളിക്കപ്പെട്ടിരുന്ന വി. ഗ്രിഗറി ഏഷ്യാമൈനറില്‍ (ടര്‍ക്കി) പൊണ്ടൂസ് എന്ന സ്ഥലത്ത് പേഗനായിട്ടാണ് ജനിച്ചതും വളര്‍ന്നതും. പതിന്നാലാമത്തെ വയസില്‍ സഹോദരനായ അത്തനോഡോറീസുമൊപ്പം ബെയ്‌റൂട്ടിലെ പ്രസിദ്ധമായ സ്‌കൂളില്‍ നിയമം പഠിക്കാന്‍ പോയി. പാലസ്തീനായിലെ ചേസറിയായില്‍ വച്ച് ദാര്‍ശനികനായ ഒറിജന്റെ സ്വാധീനത്തില്‍ പെട്ടു. അലക്‌സാണ്ഡ്രിയന്‍ കാറ്റകെറ്റിക്കല്‍ സ്‌കൂളിന്റെ തലവനായിരുന്നു ഒറിജന്‍. ഏതായാലും ഗ്രിഗറി ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. അതോടെ നിയമപഠനത്തിനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചു. ഏഴുവര്‍ഷം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കാന്‍ ചെലവഴിച്ച ഗ്രിഗറി 26-ാമത്തെ വയസ്സില്‍ നവചേസ്സറിയായുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
ഡേഷ്യന്റെ മതപീഡനകാലത്ത് ഗ്രിഗറി, പൊണ്ടൂസിനു സമീപം ഏകാന്തവാസത്തിലായി. നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ട ശേഷമാണ് അദ്ദേഹം രംഗത്തു വന്നത്. അതിനുശേഷം മുപ്പതു വര്‍ഷക്കാലം തന്റെ രൂപതയെ വിജയകരമായി നയിച്ചു. ഡേഷ്യന്‍ മതപീഡനത്തില്‍ മരിച്ച രക്തസാക്ഷികളെ അനുസ്മരിക്കാനും ആദരിക്കാനും ആരാധനക്രമത്തില്‍ വേണ്ട പരിവര്‍ത്തനങ്ങള്‍ വരുത്തി. കൂടാതെ, 264-ല്‍ തന്റെ സഹോദരനും ബിഷപ്പുമായ അത്തനോഡോറസുമൊപ്പം അന്ത്യോക്യയില്‍ വച്ചു നടന്ന പ്രഥമ സിനഡില്‍ സംബന്ധിക്കുകയും സമോസത്തയിലെ പോളിന്റെ തെറ്റായ ആശയങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തു.
അക്കാലത്ത് പത്തു ക്രിസ്ത്യാനികള്‍ ഒരുമിച്ചു കൂടിയാല്‍ അവര്‍ക്ക് ഒരു ബിഷപ്പിനെ തിരഞ്ഞെടുക്കാമായിരുന്നു. ഗ്രിഗറിയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്തത് 17 ക്രിസ്ത്യാനികളായിരുന്നു. എന്നാല്‍, 270-ല്‍ അദ്ദേഹം മരിക്കുമ്പോള്‍, ആ നഗരത്തില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാത്തവര്‍ വെറും പതിനേഴുപേരായിരുന്നു.
"വിശ്വാസത്തിന്റെ വ്യാഖ്യാനം" എന്ന കൃതിയില്‍ ഗ്രിഗറി ത്രിത്വത്തിലെ മൂന്നാളുകളുടെ സ്വഭാവവും നിത്യതയും, സമാനതയും പൂര്‍ണതയുമൊക്കെ സവിസ്തരം പ്രതിപാദിച്ചിരുന്നു.
കാലത്തിന്റെ തികവില്‍, നൈസായിലെ വി. ഗ്രിഗരിയാണ് ഗ്രിഗറിയുടെ ജീവിതകഥ രചിച്ചത്. അതില്‍ ഗ്രിഗറിയെ അത്ഭുതപ്രവര്‍ത്തകനായ ഗ്രിഗറി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വി. ഗ്രിഗറി വഴി ദൈവം പ്രവര്‍ ത്തിച്ച നിരവധി അത്ഭുതങ്ങളാണ് അതിനു കാരണം. പ്രതീക്ഷ നശിച്ച അവസരങ്ങളിലാണ് വിശ്വാസികള്‍ വി. ഗ്രിഗറിയുടെ മാദ്ധ്യസ്ഥ്യം തേടുന്നത്.
"നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്കുക."മത്താ. 19:21