ബെലാറസിലെ ആര്‍ച്ചുബിഷപ്പിനു വികാരപരമായ യാത്രയയപ്പ്

ബെലാറസിലെ ആര്‍ച്ചുബിഷപ്പിനു വികാരപരമായ യാത്രയയപ്പ്
Published on

ബെലാറസിലെ മിന്‍സ്‌ക് അതിരൂപതാദ്ധ്യക്ഷപദവി ഒഴിഞ്ഞ ആര്‍ച്ചുബിഷപ് തദേവൂസ് കോണ്‍ഡ്രുസിവിസിനു രൂപതാസമൂഹം വികാരഭരിതമായ യാത്രയയപ്പു നല്‍കി. കഴിഞ്ഞ ആഗസ്റ്റില്‍ പോളണ്ടിലേയ്ക്കു പോയ ആര്‍ച്ചുബിഷപ്പിനു തിരികെ ബെലാറസില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതു വലിയ വിവാദമായിരുന്നു. പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞുവെന്ന കാരണം പറഞ്ഞാണ് ആര്‍ച്ചുബിഷപ്പിനെ മാതൃരാജ്യത്തിനു പുറത്തു നിറുത്തിയത്. വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗാല്ലഘര്‍ ഇതറിഞ്ഞു ബെലാറസിലെത്തുകയും പ്രശ്‌നപരിഹാരത്തിനായി നയതന്ത്രശ്രമങ്ങള്‍ നടത്തുകയും ചെയ്തു. എന്നിട്ടും നാലു മാസം കഴിഞ്ഞതിനു ശേഷമാണ് ആര്‍ച്ചുബിഷപ്പിനു സ്വന്തം രാജ്യത്തില്‍ പ്രവേശിക്കാനായത്. മടങ്ങിയെത്തിയ ഉടന്‍ അദ്ദേഹം അതിരൂപതാ ഭരണത്തില്‍ നിന്നു രാജിവയ്ക്കുകയും രാജി മാര്‍പാപ്പ അംഗീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന് വിരമിക്കല്‍ പ്രായമായ 75 വയസ്സ് തികയുകയും ചെയ്തിരുന്നു.
ബെലാറസില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോവിനെതിരെ നടന്ന രാജ്യവ്യാപകമായ പ്രക്ഷോഭത്തെ ആര്‍ച്ചുബിഷപ് കോണ്‍ഡ്രൂസിവിസ് പിന്തുണച്ചിരുന്നു. 1994 മുതല്‍ രാജ്യം ഭരിക്കുന്ന ലുകാഷെങ്കോ സ്വേച്ഛാധിപത്യഭരണമാണു നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്നുണ്ട്. സ്വേച്ഛാധിപത്യത്തിനെതിരായ നിലപാടു സ്വീകരിച്ചതു മൂലമാണ് ആര്‍ച്ചുബിഷപ് കോണ്‍ഡ്രുസിവിസിനെ ഭരണകൂടം ഉപദ്രവിച്ചതെന്നു കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org