പുനരധിവാസകേന്ദ്രത്തിലേയ്ക്കു മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

പുനരധിവാസകേന്ദ്രത്തിലേയ്ക്കു മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

റോം നഗരത്തിനു പുറത്ത് ഒരു സന്നദ്ധ സംഘടന തെരുവുവാസികള്‍ക്കുവേണ്ടി നടത്തുന്ന പുനരധിവാസകേന്ദ്രത്തിലേയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം. പ്രസിദ്ധ സംഗീതജ്ഞനായ ആന്‍ഡ്രിയ ബൊച്ചെല്ലിയും പാപ്പായോടൊപ്പമുണ്ടായിരുന്നു. നവചക്രവാളങ്ങള്‍ എന്ന പേരിലുള്ള ഒരു കത്തോലിക്കാ സന്നദ്ധസംഘടന കഴിഞ്ഞ 25 വര്‍ഷമായി നടത്തിപ്പോരുന്നതാണ് ഈ പുനരധിവാസകേന്ദ്രം. ബൊച്ചെല്ലി ആരംഭകാലം മുതല്‍ ഇവരുമായി സഹകരിക്കുന്നുണ്ട്. മയക്കുമരുന്നിനും വേശ്യാവൃത്തിക്കും ദാരിദ്ര്യത്തിനും അടിപ്പെട്ടു തെരുവുകളില്‍ അഭയം പ്രാപിക്കുന്നവര്‍ക്കായി ഇത്തരം 200 കേന്ദ്രങ്ങള്‍ ഈ സംഘടന നടത്തുന്നുണ്ട്. വത്തിക്കാന്‍ അല്മായ കാര്യാലയത്തിന്‍റെ അംഗീകാരമുള്ള സംഘടനയാണിത്. സംഘടനയുടെ ആസ്ഥാനത്തോടു ചേര്‍ന്നുള്ള ഭവനത്തില്‍ തന്‍റെ ചെറുകാറില്‍ എത്തിച്ചേര്‍ന്ന മാര്‍പാപ്പ നിരവധി മണിക്കൂറുകള്‍ അവിടെ ചിലവഴിച്ചു. പാപ്പ അവിടെ ദിവ്യബലിയര്‍പ്പിച്ചു. ബൊച്ചെല്ലിയാണ് കുര്‍ബാനയ്ക്കിടെ പാട്ടുകള്‍ പാടിയത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകള്‍ തന്നെ കരയിപ്പിച്ചുവെന്ന് ബോച്ചെല്ലി അവിടെ അനുസ്മരിച്ചു. "എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക" എന്നതായിരുന്നു ആ വാക്കുകള്‍. അതെന്തുകൊണ്ട് എന്നെ കരയിപ്പിച്ചു എന്നെനിക്കറിയില്ല – അദ്ദേഹം പറഞ്ഞു. കാരുണ്യപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഭവനങ്ങളിലേയ്ക്ക് മുന്‍കൂട്ടി അറിയിക്കാതെ ചെല്ലുന്ന ശൈലിക്കു കാരുണ്യവര്‍ഷത്തില്‍ പാപ്പാ തുടക്കമിട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org