ഫിലിപ്പൈന്‍സ് ആര്‍ച്ചുബിഷപ്പിന്‍റെ വസതിയില്‍ തോക്കുധാരിയെ വെടിവച്ചുകൊന്നു

ഫിലിപ്പൈന്‍സിലെ സെബു ആര്‍ച്ചുബിഷപ് ജോസ് പാല്‍മായുടെ വസതിയിലേയ്ക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു തോക്കുധാരിയെ പോലീസ് വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടയാളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും പോലീസ് അന്വേഷണത്തിലുള്ള ഇക്കാര്യത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അതിരൂപതാധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സംഭവസമയത്ത് ആര്‍ച്ചുബിഷപ് സ്ഥലത്തുണ്ടായിരുന്നില്ല. ഫിലിപ്പൈന്‍സ് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു മാനിലായില്‍ പോയിരിക്കുകയായിരുന്നു അദ്ദേഹം.

അരമനയിലെത്തി ആര്‍ച്ചുബിഷപ്പിനോടു സംസാരിക്കണമെന്നാവശ്യപ്പെട്ട വ്യക്തി സംശയാസ്പദമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്ന് വൈദികര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ സമീപിച്ചെങ്കിലും തോക്കെടുത്ത് പോലീസിനെ വെടിവയ്ക്കാന്‍ ശ്രമിക്കുകയാണ് അയാള്‍ ചെയ്തത്. പോലീസിന്‍റെ ചെറുത്തുനില്‍പിനിടയില്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ പിതാവിനെ ആര്‍ച്ചുബിഷപ് ബന്ധപ്പെട്ടുവെന്ന് അതിരൂപതാ വക്താവ് അറിയിച്ചു.

ഫിലിപ്പൈന്‍സില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വൈദികര്‍ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വൈദികര്‍ ആത്മരക്ഷാര്‍ത്ഥം തോക്കു സൂക്ഷിക്കുന്നതിനുള്ള അനുമതികള്‍ക്കായി അപേക്ഷകള്‍ നല്‍കി തുടങ്ങുകയും ചെയ്തിരുന്നു. വൈദികര്‍ ആയുധധാരികളാകുന്നതിനോടു മെത്രാന്മാര്‍ വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org