ഓസ്ട്രിയായില്‍ പള്ളികളിലെ വി.കുര്‍ബാന മെയ് 15 ന് ആരംഭിക്കും

ഓസ്ട്രിയായില്‍ പള്ളികളിലെ വി.കുര്‍ബാന മെയ് 15 ന് ആരംഭിക്കും

കോവിഡ് മൂലം അടച്ചിട്ടിരിക്കുന്ന ഓസ്ട്രിയായിലെ പള്ളികളില്‍ ദിവ്യബലിയര്‍പ്പണം മെയ് 15 നു പുനരാരംഭിക്കുമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കര്‍സ് അറിയിച്ചു. സ്വാഭാവികമായും പള്ളികള്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും. സാമൂഹിക അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പള്ളികളില്‍ ഒരുക്കണം – കത്തോലിക്കാ വിശ്വാസി കൂടിയായ കര്‍സ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. തുരങ്കത്തിനൊടുവിലെ വെളിച്ചം കാണാന്‍ തുടങ്ങിയിട്ടുണ്ടെന്നും 'സാദ്ധ്യമായത്ര സ്വാതന്ത്ര്യം, ആവശ്യമായത്ര നിയന്ത്രണം' എന്നതായിരിക്കും ഓസ്ട്രിയായുടെ അടുത്ത ഘട്ടത്തിലെ നയമെന്നും അദ്ദേഹം വിശദീകരിച്ചു.

ഉത്തരവാദിത്വത്തോടെയും സന്തോഷത്തോടെയും പളളികളിലെ ബലിയര്‍പ്പണങ്ങളിലേയ്ക്ക് പ്രവേശിക്കാമെന്ന് വിയെന്ന ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണ്‍ പ്രസ്താവിച്ചു. വിശ്വാസത്തിന് ദൈവവുമായുള്ള വ്യക്തിബന്ധവും ആവശ്യമാണ്, ഒത്തു ചേര്‍ന്നുള്ള ബലിയര്‍പ്പണവും ആവശ്യമാണ്. അങ്ങിനെയാണ് ക്രൈസ്തവികത രൂപമെടുത്തത്. സഭയിലെ കൂട്ടായ്മ എന്നത് ക്ലബ്ബുകളിലെയോ സംഘടനകളിലെയോ കൂട്ടായ്മ പോലെയല്ല – കാര്‍ഡിനല്‍ വിശദീകരിച്ചു.

89 ലക്ഷം ജനങ്ങളുള്ള ഓസ്ട്രിയ, യൂറോപ്പില്‍ ആദ്യം അടച്ചിടല്‍ പ്രഖ്യാപിച്ച രാജ്യമാണ്. അഞ്ഞൂറോളം പേരാണ് അവിടെ കോവിഡ് ബാധിച്ചു മരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org