ഭ്രൂണഹത്യ ഭേദഗതി തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം -കെസിബിസി / സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍

ഗര്‍ഭച്ഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം പിന്‍വലിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് പോള്‍ മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

1971 -ല്‍ കര്‍ശനമായ വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിലവില്‍ വന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്നുസരിച്ച് 12 ആഴ്ചവരെയെ ഭ്രൂണഹത്യയ്ക്ക് ഇന്ത്യയില്‍ അംഗീകാരം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പിന്നീട് അത് 20 ആഴ്ച വരെയെത്തി നില്‍ക്കുന്നു. എന്നാല്‍ ഇത് 24 ആഴ്ചവരെ ആക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം ഭ്രൂണഹത്യയ്ക്കു അനുകൂലമായ സാഹചര്യം ഒരുക്കും.

പെണ്‍ഭ്രൂണഹത്യയ്ക്കും ഗര്‍ച്ഛിദ്രത്തിനും വഴിയൊരുക്കി നരഹത്യയ്ക്കു സാഹചര്യമൊരുക്കുന്ന നിയമ നിര്‍മ്മാണത്തിനെതിരെ കെസിബിസി പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. വിവിധ മത സാംസ്കാരിക രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് കേരളത്തിലുടനീളം ജീവന്‍ സംരക്ഷണ സന്ദേശ റാലികള്‍ സംഘടിപ്പിക്കും. ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് നമ്മുടെ സംസ്കാരത്തിനു തന്നെ കളങ്കം ഏല്‍പ്പിക്കും എന്ന് യോഗം വിലയിരുത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, പ്രസിഡന്‍റ് സാബു ജോസ്, അഡ്വ. ജോസി സേവ്യര്‍, ടോമി പ്ലാന്തോട്ടം, ജെയിംസ് ആഴ്ചങ്ങാടന്‍, നാന്‍സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

24 ആഴ്ച വളര്‍ച്ചയെത്തിയ, ജനിക്കാന്‍ കേവലം 3 മാസം മാത്രം ബാക്കിയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ക്രൂരമായി കൊല്ലുവാന്‍ അനുവദിക്കുന്ന തരത്തിലുള്ള നിയമഭേദഗതി ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും അഹിംസയുടെ നാടിന്‍റെ മൂല്യങ്ങള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും ഈ നിയമം കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോ മലബാര്‍ ്സിനഡല്‍ കമ്മീഷനും ആവശ്യപ്പെട്ടു. കമ്മീഷന്‍ എപ്പി സ്കോപ്പല്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോലൈഫ് അപ്പോസ്തോലേറ്റ് ചെയര്‍മാന്‍ മാര്‍ മാര്‍ ജോസ് പുളിക്കല്‍ ജനറല്‍ സെക്രട്ടറി ഫാ. ആന്‍റണി മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org