വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ: സാധാരണത്വം നിറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയവള്‍ – മെത്രാന്‍ സമിതി

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ: സാധാരണത്വം നിറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയവള്‍ – മെത്രാന്‍ സമിതി

സാധാരണത്വം നിറഞ്ഞ, അതേസമയം ഏറെ പ്രയോഗികമായ, കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും പ്രാവര്‍ത്തികമാക്കിയവളുമാണു വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ഹോളി ഫാമിലി കോണ്‍ഗ്രിഗേഷന്‍റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധ പവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിനോടനുബന്ധിച്ച് കെസിബിസി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അനുസ്മരിക്കുന്നത്. "നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം കര്‍ത്താവിന് കൊടുക്കുക. പകരം കര്‍ത്താവിന്‍റെ ഹൃദയം ചോദിച്ചു വാങ്ങുക;" "തമ്മില്‍ തമ്മില്‍ സ്നേഹിക്കുക; തമ്മില്‍ തമ്മില്‍ സഹായിക്കുക" എന്ന് തുടങ്ങിയ വചനങ്ങളിലൂടെ ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിക്കുവാന്‍ വി. മറിയം ത്രേസ്യ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. വിശുദ്ധയുടെ ജീവിതമാതൃക ഉള്‍ക്കൊണ്ട് വിശുദ്ധ ജീവിതം നയിക്കാന്‍ നമുക്ക് മാദ്ധ്യസ്ഥ്യം യാചിക്കാം – സര്‍ക്കുലറില്‍ മെത്രാന്‍സമിതി ആഹ്വാനം ചെയ്തു.

ഒരു വിശുദ്ധനോ വിശുദ്ധയോ ആയി ജീവിക്കുകയെന്നാല്‍ എല്ലാ ജീവിതാനുഭവങ്ങളെയും, പ്രത്യേകിച്ചു സഹനങ്ങളെയും പരീക്ഷണങ്ങളെയും പരാജയങ്ങളെയും വിശ്വാസത്തിന്‍റെ കൃപയിലൂടെ സ്വീകരിച്ചു സ്നേഹത്തിനു സാക്ഷ്യം വഹിക്കുക എന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ദൈവിക പുണ്യങ്ങള്‍ വീരോചിതമായി ജീവിച്ചു എന്ന് സുദീര്‍ഘവും ശ്രമകരവും ശാസ്ത്രീയവുമായ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചതിനു ശേഷമാണു തിരുസഭ മറിയം ത്രേസ്യയെ വിശുദ്ധയെന്നു പ്രഖ്യാപിക്കുന്നത്. ദൈവികപുണ്യങ്ങളായ വിശ്വാസം, ശരണം, ഉപവി എന്നിവയും സാന്മാര്‍ഗിക പുണ്യങ്ങളായ വിവേകം, നീതി, ആത്മധൈര്യം, ആത്മസംയമനം എന്നിവയും മറ്റു നിരവധി പുണ്യങ്ങളും വീരോചിതമായി ജീവിച്ചാണ് അവള്‍ വിശുദ്ധിയുടെ ഉന്നതപദവിയിലേക്കുയര്‍ത്തപ്പെട്ടിരിക്കുന്നത്.

കുരിശിന്‍ ചുവട്ടിലിരുന്ന് ഈശോയുടെ പീഡാനുഭവം ധ്യാനിച്ചിരുന്ന അവള്‍ പീഡാനുഭവത്തില്‍ പങ്കുചേരാനും ഈശോയുമായി താദാത്മ്യപ്പെടാനും ആഗ്രഹിച്ചതിന് നാഥന്‍ സമ്മാനമായി നല്‍കിയ തിരുമുറിവുകള്‍ അവളെ പഞ്ചക്ഷതം പേറുന്നവളാക്കി. സാന്മാര്‍ഗിക പുണ്യങ്ങളായ വിവേകത്തിന്‍റെ പൂര്‍ണ്ണതയും നീതിയുടെ ശബ്ദവും ആത്മസംയമനത്തിന്‍റെ കരുത്തും, ആത്മധൈര്യത്തിന്‍റെ ശക്തിയും മറിയം ത്രേസ്യയുടെ ജീവിതത്തിലും ശുശ്രൂഷാമേഖലകളിലും പ്രസ്പഷ്ടമായിരുന്നുവെന്ന് മെത്രാന്‍സമിതി സൂചിപ്പിച്ചു. ഒക്ടോബര്‍ 13-ന് റോമില്‍വച്ചു നടക്കുന്ന നാമകരണ കര്‍മ്മങ്ങളിലും നവംബര്‍ 16-ന് കുഴിക്കാട്ടു ശ്ശേരിയില്‍ നടക്കുന്ന കൃതജ്ഞതാ ബലിയിലും ആത്മീയമായും നേരിട്ടും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് വിശ്വാസികളെ കെസിബിസി ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org