കാഴ്ചപരിമിതരുടെ സ്നേഹസംഗമം

കാഴ്ചപരിമിതരുടെ സ്നേഹസംഗമം

കൊച്ചി: ദൈവാനുഭവത്തിന്‍റെ ഉള്‍ക്കാഴ്ച പകര്‍ന്നു കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ കാഴ്ചപരിമിതരുടെ സ്നേഹസംഗമം. കാഴ്ചപരിമിതര്‍ക്കൊപ്പം മൂകബധിരരും ശാരീരിക വെല്ലുവിളി നേരിടുന്നവരുംകൂടി ഒത്തുചേര്‍ന്നതു സ്നേഹസംഗമത്തിനു കരുത്തായി. സീറോ മലബാര്‍ സഭയിലെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍റെ ഭാഗമായ പ്രോ ലൈഫ് അപ്പസ്തോലേറ്റിന്‍റെ നേതൃത്വത്തിലാണു കാഴ്ചപരിമിതരുടെ പ്രഥമ സമ്മേളനം സംഘടിപ്പിച്ചത്. സമൂഹത്തില്‍നിന്നു മാറ്റിനിര്‍ത്തപ്പെടാനല്ല, ചേര്‍ത്തുനിര്‍ത്താനാണു സഭ ആഗ്രഹിക്കുന്നതെന്നു വിളിച്ചോതുന്നതായി സംഗമം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണു സ്നേഹസംഗമത്തിനു തിരിതെളിഞ്ഞത്. വി. കുര്‍ബാനയില്‍പങ്കാളികളായ മൂക-ബധിരര്‍ക്കായി സൈന്‍ ഭാഷയില്‍ സിസ്റ്റര്‍ അഭയ വി. കുര്‍ബാന പകര്‍ന്നു നല്കി.

പൊതുസമ്മേളനം കര്‍ദിനാള്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ മക്കളായ നിങ്ങളെ ചേര്‍ത്തുപിടിച്ചും സംരക്ഷിച്ചും മാത്രമേ സഭ മുന്നോട്ടുപോകുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. സഭയുടെ സ്നേഹം എന്നും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. സഭയുടെയും സമൂഹത്തിന്‍റെയും സംരക്ഷണം ഭിന്നശേഷിക്കാരായ മക്കള്‍ക്കു ലഭിക്കണം.

കാഴ്ചപരിമിതര്‍ സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. കാഴ്ചപരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രോ-ലൈഫ് അപ്പസ്തോലേറ്റുമായി സഹകരിച്ചു കൊച്ചി ചാവറ ഫാമിലി വെല്‍ഫയര്‍ സെന്‍റര്‍ ആരംഭിക്കുന്ന ചാവറ എംപവര്‍ മാട്രിമണിയുടെ ഉദ്ഘാടനവും കര്‍ദിനാള്‍ നിര്‍വഹിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

കാഴ്ചപരിമിതരുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ്സ് ദേശീയ കൗണ്‍സിലിലേക്കു ഭിന്നശേഷിക്കാരെ നിയോഗിക്കുമെന്നു ദേശീയ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലവും ഭിന്നശേഷിക്കാര്‍ക്കായി കര്‍മപദ്ധതികള്‍ നടപ്പിലാക്കുമെന്നു മാതൃവേദി പ്രസിഡന്‍റ് ഡോ. കെ. വി. റീത്താമ്മയും അറിയിച്ചു. ഫാ. മാത്യു പുളിമൂട്ടില്‍, പ്രോ ലൈഫ് അപ്പസ്തലേറ്റ് സെക്രട്ടറി സാബു ജോസ്, ചാവറ ഫാമിലി വെല്‍ഫയര്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബിന്‍ കണ്ണന്‍ചിറ, ഫാ. സോളമന്‍ കടമ്പാട്ടുപറമ്പില്‍, സിസ്റ്റര്‍ ശുഭ മരിയ, അല്മായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, കെസിബിസി പ്രോ ലൈഫ് സമിതി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍, ബ്രദര്‍ സ്കറിയ, കെസിബിസി പ്രോ ലൈഫ് സമിതി എറണാകുളം മേഖലാ പ്രസിഡന്‍റ് ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി കാളകെട്ടി അസ്സീസി സ്കൂളിലെ കാഴ്ചപരിമിതരായ കുട്ടികളുടെ ഈശ്വരപ്രാര്‍ത്ഥനയും കാഴ്ചപരിമിതരുടെ നേതൃത്വത്തിലുള്ള തൃശൂര്‍ ദര്‍ശന ക്ലബിലെയും ഹെവന്‍ലി സ്റ്റാര്‍സിന്‍റെയും അംഗങ്ങള്‍ അവതരിപ്പിച്ച ശിങ്കാരിമേളവും ശ്രദ്ധേയമായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org