കാര്‍ഡിനല്‍ പെല്‍ വത്തിക്കാനിലേക്കു മടങ്ങി

കാര്‍ഡിനല്‍ പെല്‍ വത്തിക്കാനിലേക്കു മടങ്ങി

മാതൃരാജ്യമായ ആസ്‌ത്രേലിയായില്‍ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു കാര്‍ഡിനല്‍ ജോര്‍ജ് പെല്‍ വത്തിക്കാനിലേക്കു മടങ്ങി. ലൈംഗികചൂഷണത്തില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് നിയമനടപടികളെ നേരിടുന്നതിന് കാര്‍ഡിനല്‍ ആസ്‌ത്രേലിയായിലെത്തിയത്. തുടക്കം മുതലേ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുകയും നിരപരാധിത്വം തെളിയിക്കുമെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. താഴെത്തട്ടിലാരംഭിച്ച നിയമനടപടികളുടെ ഭാഗമായി കുറെ കാലം അദ്ദേഹത്തിനു ജയിലിലും കഴിയേണ്ടി വന്നിരുന്നു.
വത്തിക്കാനില്‍ സാമ്പത്തിക കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികെയാണ് കാര്‍ഡിനലിനെതിരെ ആസ്‌ത്രേലിയായില്‍ കേസ് വന്നത്. തുടര്‍ന്ന് ഔദ്യോഗിക പദവിയില്‍ നിന്ന് അവധിയെടുത്തു കേസ് നേരിടുന്നതിനായി അദ്ദേഹം ആസ്‌ത്രേലിയായിലെത്തി. ഏപ്രിലില്‍ ഹൈക്കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചതിനു ശേഷം അദ്ദേഹം തന്റെ മാതൃരൂപതയായ സിഡ്‌നിയില്‍ താമസിച്ചു വരികയായിരുന്നു.
2014 മുതല്‍ വത്തിക്കാനിലെ സാമ്പത്തിക പരിഷ്‌കരണത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വലംകൈ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് കാര്‍ഡിനല്‍ പെല്‍ ആയിരുന്നു. കാര്‍ഡിനല്‍ പെല്‍ റോമന്‍ കൂരിയായിലെ സാമ്പത്തിക സുതാര്യവത്കരണത്തിനു സ്വീകരിച്ച നടപടികളെയെല്ലാം തടസ്സപ്പെടുത്തിയ കാര്‍ഡിനല്‍ ആഞ്‌ജെലോ ബെച്യു കാര്‍ഡിനല്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടയുടനെയാണ് അദ്ദേഹം റോമിലേക്കു മടങ്ങിയെത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org