കാര്‍ഡിനല്‍ ടവ്റാന്‍ നിര്യാതനായി

കാര്‍ഡിനല്‍ ടവ്റാന്‍ നിര്യാതനായി

വത്തിക്കാന്‍റെ അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ചരിത്രപരമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള കാര്‍ഡിനല്‍ ജീന്‍ ലൂയി ടവ്റാന്‍ അന്തരിച്ചു. 75 കാരനായ അദ്ദേഹം ദീര്‍ഘകാലമായി പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. രോഗത്തെ നേരിടുമ്പോഴും കഴിഞ്ഞ ഏപ്രിലില്‍ സൗദി അറേബ്യയിലേക്ക് ദീര്‍ഘമായ സന്ദര്‍ശനം നടത്താന്‍ നിയോഗിക്കപ്പെട്ടത് അദ്ദേഹമായിരുന്നു. വത്തിക്കാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കത്തോലിക്കാ-മുസ്ലീം സംഭാഷണകാര്യങ്ങളിലെ വിദഗ്ദ്ധനായിരുന്ന അദ്ദേഹത്തിനു സാധിച്ചു. മരിക്കുമ്പോഴും മതാന്തരസംഭാഷണത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ അംഗമായിരുന്നു. 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട വിവരം ലോകത്തെ അറിയിച്ചത് കാര്‍ഡിനല്‍ ടവ്റാന്‍ ആയിരുന്നു.

ഫ്രാന്‍സ് സ്വദേശിയായ കാര്‍ഡിനല്‍ ടവ്റാന്‍ 1975-ല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനമാരംഭിച്ചു. 1991-ല്‍ വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറിയും ആര്‍ച്ചുബിഷപ്പുമായി. 2007-ല്‍ മതാന്തരസംഭാഷണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായി. ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതിനു ശേഷം വത്തിക്കാന്‍ ബാങ്കിലെ പരിഷ്കരണനടപടികള്‍ക്കു നിയോഗിച്ച സമിതിയില്‍ കാര്‍ഡിനല്‍ അംഗമായിരുന്നു. 2014-ല്‍ സഭയുടെ ചേംബര്‍ലെയിന്‍ (കമെര്‍ലെംഗോ) ആയി മാര്‍പാപ്പ നിയമിച്ചതും ഇദ്ദേഹത്തെയായിരുന്നു. മാര്‍പാപ്പയുടെ മരണമുണ്ടാകുന്ന സാഹചര്യത്തില്‍ സഭയുടെ താത്കാലിക ചുമതല വഹിക്കേണ്ടത് കമെര്‍ലെംഗോ ആണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളില്‍ സമാധാനസ്ഥാപനം മുന്‍നിറുത്തി സജീവമായി ഇടപെടാനും നേട്ടങ്ങള്‍ കൈവരിക്കാനും കഴിഞ്ഞിട്ടുള്ള നയതന്ത്രവിദഗ്ദ്ധനാണ് കാര്‍ഡിനല്‍ ടവ്റാന്‍. 2003-ല്‍ അദ്ദേഹം അമേരിക്കയിലെത്തി പ്രസിഡന്‍റ് ബുഷിനെ നേരില്‍ കണ്ട് ഇറാഖിനെ ആക്രമിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമത്തിന്‍റെ ശക്തിയും ശക്തിയുടെ നിയമവും തമ്മിലുള്ള തിരഞ്ഞെടുപ്പ് ആവശ്യമാണെന്നും അമേരിക്ക ശക്തിയുടെ നിയമം തിരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞത് ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്താരാഷ്ട്ര വിഷയങ്ങളില്‍ സഭയുടെയും ലോകമനഃസാക്ഷിയുടെയും ശബ്ദമായി സ്വയം മാറാന്‍ കഴിഞ്ഞിട്ടുള്ള നയതന്ത്രജ്ഞനായിരുന്നു കാര്‍ഡിനല്‍ ടവ് റാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org