ചൈനയിലെ വിട്ടുവീഴ്ചകള്‍: കാര്‍ഡി.സെന്‍ വത്തിക്കാനെതിരെ

ചൈനയിലെ വിട്ടുവീഴ്ചകള്‍: കാര്‍ഡി.സെന്‍ വത്തിക്കാനെതിരെ

ചൈനയിലെ കത്തോലിക്കാസഭയുടെ നടത്തിപ്പില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി കൂടുതല്‍ ഒത്തുതീര്‍പ്പുകളിലെത്താനുള്ള വത്തിക്കാന്‍ അധികാരികളുടെ നീക്കത്തില്‍ ഹോങ്കോംഗ് മുന്‍ ആര്‍ ച്ചുബിഷപ് കാര്‍ഡിനല്‍ ജോസഫ് സെന്‍ തന്‍റെ അതൃപ്തി കൂടുതല്‍ പരസ്യമാക്കി. ചൈനീസ് ഭരണകൂടത്തിന്‍റെ നിതാന്ത വിമര്‍ശകനായ സഭാനേതാവാണ് കാര്‍ഡിനല്‍ സെന്‍. വത്തിക്കാനോടു വിധേയത്വം പുലര്‍ത്തുകയും ചൈനയുടെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങാതെ രഹസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കത്തോലിക്കരോടാണ് കാര്‍ഡിനല്‍ സെന്നിനു താത്പര്യം. ചൈനീസ് സര്‍ക്കാരിന്‍റെ കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനുമായി ബന്ധപ്പെട്ട് മതകാര്യവകുപ്പിന്‍റെ നിയന്ത്രണത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു കത്തോലിക്കാസമൂഹവും ചൈനയിലുണ്ട്. ഇവരുടെ മെത്രാന്‍ നിയമനത്തിലും മറ്റും ചൈനീസ് ഭരണകൂടത്തിനാണു മേല്‍ക്കൈ. ഈ വിഷയത്തില്‍ ചില നീക്കുപോക്കുകള്‍ നടത്താന്‍ ഇപ്പോള്‍ ചൈന സന്ദര്‍ശിച്ച വത്തിക്കാന്‍ പ്രതിനിധിസംഘം തയ്യാറായി. ഭരണകൂടം നിയമിച്ച ചില മെത്രാന്മാരെ വത്തിക്കാന്‍ അംഗീകരിക്കുകയും അവര്‍ക്കു വേണ്ടി സ്ഥാനമൊഴിയാന്‍ വത്തിക്കാനോടു വിധേയത്വം പുലര്‍ത്തിയിരുന്ന മെത്രാന്മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു വത്തിക്കാന്‍ അധികാരികള്‍. പരമ്പരാഗതമായി വത്തിക്കാനു വിധേയപ്പെട്ടു കഴിഞ്ഞു വരുന്ന കത്തോലിക്കാസമൂഹത്തിന്‍റെ ചില തലങ്ങളില്‍ ഇതു പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു കീഴടങ്ങാന്‍ വത്തിക്കാന്‍ തയ്യാറാണെന്ന് അവിടത്തെ സഹോദരങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അതിലവര്‍ക്ക് അസ്വസ്ഥതയുണ്ടെന്നും കാര്‍ഡിനല്‍ സെന്‍ പ്രസ്താവിച്ചു. സര്‍ക്കാര്‍ നല്‍കിയ മെത്രാഭിഷേകം സ്വീകരിച്ചതുകൊണ്ട് സഭയില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്ന മെത്രാന്മാരെ സ്വീകരിക്കാനും അനുസരിക്കാനും കത്തോലിക്കര്‍ തയ്യാറാകേണ്ടി വരുന്നതോടെ അവരുടെ സഹനത്തിന്‍റെ രാത്രികള്‍ ആരംഭിക്കുകയാണെന്ന് കാര്‍ ഡിനല്‍ പറഞ്ഞു.

ചൈനയിലെ ഭരണകൂടവുമായി വത്തിക്കാന്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നതിന് എതിരായ കാര്‍ഡിനല്‍ സെന്‍ തന്‍റെ എതിര്‍പ്പു നേരിട്ടറിയിക്കാന്‍ റോമിലേയ്ക്കു പോകുകയും ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുകയും ചെയ്തിരുന്നു. വിഷയം പരിശോധിക്കാമെന്നു സമ്മതിച്ച മാര്‍പാപ്പ തനിക്കനുകൂലമായി പ്രതികരിച്ചുവെന്ന് കാര്‍ഡിനല്‍ പറയുകയും ചെയ്തു. എന്നാല്‍, മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു കാര്‍ഡിനല്‍ സെന്‍ പുറത്തു പറഞ്ഞ വിവരങ്ങള്‍ നിഷേധിച്ചുകൊണ്ട് വത്തിക്കാന്‍ പത്രക്കുറിപ്പിറക്കിയിരുന്നു. ചൈനയിലെ കത്തോലിക്കരുടെ സഹനങ്ങളെക്കുറിച്ച് തങ്ങള്‍ക്കറിയാമെന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍റെ പ്രസ്താവനയേയും കാര്‍ഡിനല്‍ സെന്‍ വിമര്‍ശിച്ചു. "ദാരിദ്ര്യമോ തടവറയോ രക്തച്ചൊരിച്ചിലോ അല്ല ചൈനയിലെ സഹോദരങ്ങളെ പേടിപ്പിക്കുന്നത്. സ്വന്തം കുടുംബാംഗങ്ങളുടെ വഞ്ചനയാണ് അവരുടെ ഏറ്റവും വലിയ സഹനം. – കാര്‍ഡിനല്‍ സെന്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org