കത്തോലിക്കാ-ഓര്‍ത്തഡോക്സ് സാഹോദര്യം വര്‍ദ്ധിക്കുന്നുവെന്നു മാര്‍പാപ്പ

കത്തോലിക്കാ, ഓര്‍ത്തഡോക്സ് സഭകള്‍ക്കിടയില്‍ സാഹോദര്യം സമീപവര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുന്നതായും സമ്പൂര്‍ണ ഐക്യത്തിലേയ്ക്കുള്ള പാതയില്‍ സഭകള്‍ ഒന്നിച്ചു മുന്നേറണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വി. അന്ത്രയോസിന്‍റെ തിരുനാള്‍ ദിനത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ വാക്കുകള്‍. കോണ്‍സ്റ്റിന്‍റോപ്പിള്‍ പാത്രിയര്‍ക്കീസ് വി. അന്ത്രയോസിന്‍റെ പിന്‍ഗാമിയായാണ് പരിഗണിക്കപ്പെടുന്നത്.

പരസ്പരമുള്ള തെറ്റിദ്ധാരണകളുടേയും അഭിപ്രായവ്യത്യാസങ്ങളുടേയും മൗനത്തിന്‍റേയും നൂറ്റാണ്ടുകള്‍ക്കു ശേഷം ഐക്യത്തിന്‍റെ ആത്മാവായ പരിശുദ്ധാത്മാവ് സഭകളെ സാഹോദര്യത്തിന്‍റെ സംഭാഷണത്തിലേയ്ക്കു നയിച്ചുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പാത്രിയര്‍ക്കീസ് അത്തനാഗോറസും പോള്‍ ആറാമന്‍ മാര്‍പാപ്പയും ഇതു സാദ്ധ്യമാക്കി. പരസ്പരമുള്ള കൂട്ടായ്മയുടെ ബന്ധങ്ങള്‍ പുനരാവിഷ്കരിക്കാന്‍ അതു നമ്മെ പ്രാപ്തരാക്കി-മാര്‍പാപ്പ പറഞ്ഞു.

1991 മുതല്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസായി സേവനം ചെയ്തു വരുന്ന ബര്‍ത്തലോമിയോ ഒന്നാമന്‍ കത്തോലിക്കാസഭയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രത്യേക താത്പര്യമെടുത്ത സഭാനേതാവാണ്. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നീ മാര്‍പാപ്പമാരുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയെയും സന്ദര്‍ശിക്കുകയും സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org