തമിഴ്നാട്ടില്‍ കത്തോലിക്കാ സ്കൂളിനു നേരെ അതിക്രമം, മെത്രാന്‍സമിതി അപലപിച്ചു

തമിഴ്നാട്ടില്‍ കത്തോലിക്കാ സ്കൂളിനു നേരെ അതിക്രമം, മെത്രാന്‍സമിതി അപലപിച്ചു

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്‍റെ പേരില്‍ തമിഴ്നാട്ടിലെ ചിന്നസേലത്തു പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സ്കൂള്‍ അക്രമികള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ തമിഴ്നാട് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രതിഷേധിച്ചു. സംഭവത്തെ അതിശക്തമായി അപലപിച്ച മെത്രാന്‍ സമിതി കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടം കന്യാസ്ത്രീകളെയും സ്കൂള്‍ ജീവനക്കാരെയും അപഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് തമിഴ്നാട് ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഡോ. ആന്‍റണി പപ്പുസാമി പറഞ്ഞു. ഈ സംഭവം തമിഴ്നാട്ടിലെ ന്യൂനപക്ഷ സ്ഥാപനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കുറ്റവാളികളെ പിടികൂടണമെന്നും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു മതിയായ സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.

ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. കന്യാസ്ത്രീകളടക്കമുള്ള അധ്യാപകരെ കയ്യേറ്റം ചെയ്ത അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇരുനൂറോളം പേര്‍ വരുന്ന അക്രമിസംഘം സ്കൂളിലേക്ക് അതിക്രമിച്ചു കയറി അധ്യാപകരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കമ്പ്യൂട്ടറടക്കമുള്ള പഠനോപകരണങ്ങള്‍ നശിപ്പിക്കുകയുണ്ടായി. ഒരു ഹിന്ദു സംഘടനയുടെ നേതൃത്വത്തിലാണ് അതിക്രമങ്ങള്‍ നടന്നത്.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗ്രാമത്തിലുള്ള വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടിരുന്നു. പരീക്ഷ നന്നായി എഴുതാന്‍ കഴിയാത്തതിലുള്ള മനോവിഷമം പെണ്‍കുട്ടി കൂട്ടുകാരോടു പങ്കുവച്ചിരുന്നത്രെ. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മാതാപിതാക്കള്‍ വഴക്കു പറയുമോ എന്നുള്ള ഭയമുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവത്തിന്‍റെ പേരില്‍ സ്കൂള്‍ അധികൃതരെ പഴിചാരി പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ചിലരെയും കൂട്ടി അതിക്രമികള്‍ സ്കൂളിലെത്തുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു.

ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് ദ് സേക്രഡ് ഹാര്‍ട്ട് ഓഫ് മേരി എന്ന സന്യാസസഭയുടെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ നടക്കുന്നത്. അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന സ്ത്രീകളാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. നാലു സിസ്റ്റേഴ്സും രണ്ടു സ്കൂള്‍ ജീവനക്കാരും ആശുപത്രിയില്‍ ചികിത്സയിലണ്. ഈ വിഷയത്തില്‍ പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തകളും വന്നില്ല. ഈ പശ്ചാത്തലത്തില്‍ സന്യാസ സഭാധികൃതര്‍ പത്രസമ്മേളനം വിളിച്ചു കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ദരിദ്രയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് സ്കൂള്‍ അധികൃതര്‍ സാമ്പത്തിക സഹായം ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ തുക വേണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടതായും സഭാധികൃതര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org