തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയ്ക്കെതിരെ പ്രതികരിക്കുക – സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

വര്‍ഗീയതയ്ക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് സിബിസിഐയുടെ ലെയ്റ്റി കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മതേതരത്വം ഉറപ്പാക്കുന്നതിനും വര്‍ഗീയതയ്ക്ക് എതിരെയും നിലകൊള്ളണമെന്ന സൂചനയും ലെയ്റ്റി കൗണ്‍സില്‍ നല്‍കുന്നു. തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ നിലപാടുകള്‍ സംബന്ധിച്ചു ലെയ്റ്റി കൗണ്‍സില്‍ സിബിസിഐയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ദളിത് സംവരണം, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, തീരദേശ ജനത നേരിടുന്ന പ്രതിസന്ധികള്‍, ന്യൂനപക്ഷാവകാശ ധ്വംസനങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയവ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ വിശ്വാസികളുടെ നിലപാടുകളെക്കുറിച്ചും ഭാരതത്തിലെ സാമൂഹ്യ – രാഷ്ട്രീയ മേഖലകളെക്കുറിച്ചും കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ അല് മായ സമ്മേളനങ്ങളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് സിബിസിഐയ്ക്ക് ലെയ്റ്റി കൗണ്‍സില്‍ സമര്‍പ്പിച്ചത്.

ഭാരത സംസ്ക്കാരം ഉള്‍ക്കൊണ്ടും രാജ്യത്തെ ഭരണഘടനയെ മാനിച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കി വര്‍ഗീയതയ്ക്കെതിരെ നിലകൊള്ളുന്നവരാണ് അധികാരത്തില്‍ വരേണ്ടത്. കത്തോലിക്കാ സഭ ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമല്ലെന്നും ആര്‍ക്ക് വോട്ടു ചെയ്യണമെന്നു വിവേചനപൂര്‍വം വിശ്വാസികള്‍ വിലയിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്‍റെ സംക്ഷിപ്ത രൂപം എല്ലാ രൂപതകളിലേക്കും നല്‍കിയിട്ടുണ്ടെന്ന് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org