ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം -സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂനപക്ഷത്തിന്‍റെ മറവില്‍ ഒരു മതവിഭാഗത്തിനുവേണ്ടി മാത്രമായി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സച്ചാര്‍ റിപ്പോര്‍ട്ടിന്‍റെയും പാലൊളി കമ്മിറ്റിയുടെയും പശ്ചാത്തലത്തില്‍ ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിനു മാത്രമായി ആവിഷ്കരിക്കുന്ന പദ്ധതികള്‍ ന്യൂനപക്ഷ പദ്ധതികള്‍ എന്ന ലേബലില്‍ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ശരിയായ നടപടിയല്ല. ഇത് ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കിയുള്ള ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യമായി അര്‍ഹതയുണ്ടെന്നിരിക്കെ ക്രൈസ്തവരുള്‍പ്പെടെ ഇതര വിഭാഗങ്ങളോട് കാണിക്കുന്ന നീതിനിഷേധം ധിക്കാരപരവും നീതീകരണമില്ലാത്തതുമാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരിട്ടു നല്‍കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ വിതരണവും ആനുപാതിക പങ്കുവയ്ക്കലുകളിലെ അട്ടിമറികളും അന്വേഷണ വിധേയമാക്കേണ്ടതാണ്. ന്യൂനപക്ഷത്തിന്‍റെ പേരില്‍ ക്ഷേമം മുഴുവന്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ ക്രിസ്ത്യാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല.

സര്‍ക്കാര്‍ ജോലികളില്‍ 12 ശതമാനം സംവരണവും ക്ഷേമപദ്ധതികളിലൂടെ വന്‍ ആനുകൂല്യവും നല്‍കി ഒരു സമുദായത്തെ നിരന്തരം പ്രീണിപ്പിച്ചിട്ട് മതനിരപേക്ഷത പ്രസംഗിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും നിലപാട് ഏറെ വിചിത്രമാണ്. ഇതേ നയം തന്നെയാണ് കോണ്‍ഗ്രസ് സര്‍ക്കാരും മുന്‍കാലങ്ങളില്‍ തുടര്‍ന്നത്.

ന്യൂനപക്ഷമെന്ന പേരില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കേണ്ടത് ഔദാര്യമല്ല, അവകാശമാണ്. പക്ഷേ ഈ നില തുടര്‍ന്നാല്‍ നിയമഭേദഗതികളിലൂടെയും ഉത്തരവുകളിലൂടെയും ഈ അവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണ് സൃഷിടിക്കപ്പെടുന്നതെന്ന് ക്രൈസ്തവസമൂഹം തിരിച്ചറിയണമെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org