സിബിസിഐ പ്ലീനറി സമ്മേളനം സമാപിച്ചു

സിബിസിഐ പ്ലീനറി സമ്മേളനം സമാപിച്ചു

അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസി ഐ) മുപ്പത്തിനാലാം ദ്വൈവാര്‍ഷി കപ്ലീനറി സമ്മേളനം ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നു. ഭാരതത്തിലെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ 174 രൂപതകളില്‍ നിന്നായി ഇരുനൂറോളം മെത്രാന്മാരും സിബിസിഐ കമ്മീഷന്‍ ഭാരവാഹികളും പങ്കെടുത്തു.

ആനന്ദകരമായ ശുശൂഷകളിലൂടെ സദ്വാര്‍ത്ത പ്രഘോഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്ര ആഹ്വാനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പതിതരോടുമായിരിക്കണം സഭയുടെ പ്രഥമ ആഭിമുഖ്യവും പരിഗണനയും. അത്തരം സമീപനങ്ങള്‍ കൂട്ടുത്തരവാദിത്വത്തിലേക്കു നയിക്കുന്ന ആത്മീയതയെ പരിപോഷിപ്പിക്കും. പരസ്പരമുള്ള സഹകരണവും പങ്കാളിത്തവും സുതാര്യതയും ജാഗ്രതയും ഇതിനാവശ്യമാണെന്നും വത്തിക്കാന്‍ സ്ഥാനപതി പറഞ്ഞു. സമൂഹത്തില്‍ സമാധാനവും സൗഹാര്‍ദ്ദതയും വ്യാപിപ്പിക്കാന്‍ നാം പരിശ്രമിക്കണം. മെത്രാന്മാരുടെ നേതൃത്വത്തില്‍ വിവിധ കത്തോലിക്കാ സംഘടനകള്‍ പ്രാദേശികമായി നടത്തുന്ന സേവനങ്ങളെ വത്തിക്കാന്‍ സ്ഥാനപതി പ്രകീര്‍ത്തിച്ചു.

ആര്‍ച്ചുബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്രയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് സമ്മേളനത്തിനു തുടക്കമായത്. സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അധ്യക്ഷനായിരുന്നു. എഴുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്ന കത്തോലിക്കാ മെത്രാന്‍ സമിതി ലോകത്തിലെ തന്നെ വലിയ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സാണെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു. ഫലപ്രദവും ശക്തവുമായ നേതൃത്വത്തിലൂടെ ജനങ്ങള്‍ക്ക് ശ്രേഷ്ഠമായ ശുശ്രൂഷ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്‍റുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാ ഡോ, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജെര്‍വിസ് ഡിസൂസ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയൂസ് മാര്‍ ക്ലമിസ് കാതോലിക്കാ ബാവ, സെന്‍റ് ജോണ്‍സ് ഡയറകടര്‍ ഫാ. പോള്‍ പാറത്താഴം എന്നിവര്‍ പ്രസംഗിച്ചു. "സംവാദം സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത" എന്നതായിരുന്നു സമ്മളനം മുഖ്യമായും ചര്‍ച്ച ചെയ്തത്. ഇന്നത്തെ ഭാരതത്തിന്‍റെ സാഹചര്യങ്ങള്‍, സംവാദത്തോടുള്ള സഭയുടെ പ്രതിബദ്ധത, ഇതര ബോധ്യങ്ങളുള്ളവരുമായുള്ള സംഭാഷണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും ആശയവിനമയങ്ങളും നടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org