ചൈനയും വത്തിക്കാനും തമ്മില്‍ ചരിത്രപ്രധാനമായ നയതന്ത്രബന്ധമാരംഭിച്ചു

ചൈനയും വത്തിക്കാനും തമ്മില്‍ ചരിത്രപ്രധാനമായ നയതന്ത്രബന്ധമാരംഭിച്ചു

ചൈനയില്‍ കത്തോലിക്കാ മെത്രാന്മാരെ നിയമിക്കുന്നതു സംബന്ധിച്ച ചരിത്രപ്രധാനമായ ഒരു ധാരണയില്‍ ചൈനയും വത്തിക്കാനും ഒപ്പുവച്ചു. ഇരുകക്ഷികളും തമ്മില്‍ വര്‍ദ്ധിച്ച സഹകരണം ഉറപ്പുവരുത്താന്‍ കഴിയുന്ന സുപ്രധാനമായ ഒരു ചുവടുവയ്പാണിതെന്ന് സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നു. വളരെ വ്യത്യസ്തമായ നിലപാടുകളില്‍ നിന്നിരുന്നവര്‍ തമ്മിലുള്ള ഒരു സംഭാഷണപ്രക്രിയയുടെ ആരംഭമാണിതെന്നും അന്ത്യമല്ലെന്നും വത്തിക്കാന്‍ വക്താവ് അഭിപ്രായപ്പെട്ടു.

ഈ നയതന്ത്രധാരണയുടെ ലക്ഷ്യം അജപാലനപരമാണെന്നും രാഷ്ട്രീയമല്ലെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. ചൈനയിലെ സഭയില്‍ വിശ്വാസികള്‍ക്കു വത്തിക്കാനുമായി കൂട്ടായ്മയിലായിരിക്കുന്ന മെത്രാന്മാരെ ലഭ്യമാക്കുക, അവരെ ചൈനീസ് ഭരണകൂടവും അംഗീകരിക്കുക എന്നതാണ് കരാറു കൊണ്ടുദ്ദേശിക്കുന്നത്. ഇങ്ങനെ മെത്രാന്മാരെ വച്ചതിനു ശേഷം സംഭാഷണങ്ങള്‍ തുടരുകയും ചൈനയിലെ സഭാജീവിതത്തിന്‍റെ വിവിധ വശങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തതകള്‍ ഉണ്ടാകുകയും വേണം.

വത്തിക്കാനോടു ചോദിക്കാതെ ചൈനയിലെ മതകാര്യവകുപ്പ് മെത്രാന്മാരെ നിയമിക്കുക, അത്തരത്തില്‍ നിയമിതരായ മെത്രാന്മാരെ മെത്രാന്മാരായി സഭ അംഗീകരിക്കാതിരിക്കുക, ഭരണകൂടമറിയാതെ രഹസ്യമായി വത്തിക്കാന്‍ ചൈനയില്‍ മെത്രാന്മാരെ അഭിഷേകം ചെയ്യുക, മാര്‍പാപ്പയോടു വിധേയത്വം പുലര്‍ത്തുന്ന അത്തരം മെത്രാന്മാരെ കണ്ടെത്തി ചൈനീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുക തുടങ്ങിയവയാണ് ചൈനയില്‍ നടന്നു വന്നിരുന്നത്. ഇതിന്‍റെ ഫലമായി ചൈനീസ് സഭയും രണ്ടു വിഭാഗമായി തിരിഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്‍റെ കൂടെ നില്‍ക്കുന്നവര്‍ ഒരു വിഭാഗവും വത്തിക്കാനുമായി ബന്ധം പുലര്‍ത്തുന്നവര്‍ മറ്റൊരു വിഭാഗവും. വത്തിക്കാനുമായി ബന്ധം പുലര്‍ത്തുന്നവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ വിഭാഗീയതയ്ക്കാണ് പുതിയ ധാരണയോടെ അന്ത്യമാകുന്നത്. ഇത് ചൈനയിലെ കത്തോലിക്കരുടെ ജീവിതം സാധാരണനിലയിലാകുന്നതിനു സഹായിക്കുമെന്നാണ് സഭ പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതു മുതല്‍ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org