ക്രൈസ്തവരുടെ വിശ്വാസം സംരക്ഷിക്കുമെന്ന് യു പി മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാ ക്രൈസ്തവരും സുരക്ഷിതരായിരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. യുപിയില്‍ ക്രൈസ്തവര്‍ക്കു വേണ്ട എല്ലാ പരിരക്ഷയും നല്‍കുമെന്നും ക്രൈസ്തവരുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആദിത്യനാഥ് പറഞ്ഞു. യുപിയില്‍ കത്തോലിക്കാ സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മെത്രാന്മാര്‍ക്കാണ് ക്രൈസ്തവ സഭകള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന സൂചന മുഖ്യമന്ത്രി നല്‍കിയത്. അലഹബാദ്, ബെയ്റെലി, ബിജ്നോര്‍, ഗോരഖ്പൂര്‍, ലക്നൗ, വാരണാസി രൂപതകളിലെ മെത്രാന്മാരും ആഗ്ര ആര്‍ച്ചുബിഷപ്പുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടു സീറോ മലബാര്‍ രൂപതയടക്കം 11 രൂപതകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. മതങ്ങളുടെ പേരില്‍ സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മെത്രാന്മാര്‍ക്ക് ഉറപ്പു നല്‍കിയ മുഖ്യമന്ത്രി അത്തരത്തില്‍ ഏതെങ്കിലും പ്രയാസങ്ങളോ പ്രതിസന്ധികളോ ഉണ്ടായാല്‍ നേരിട്ട് തന്‍റെ ഓഫീസുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു. ഉത്തര്‍പ്രദേശിലെ പുതിയ ഭരണനേതൃത്വം സഭയക്കു പൂര്‍ണ പിന്തുണയാണു പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ആഗ്ര ആര്‍ച്ചുബിഷപ് ആല്‍ബര്‍ട് ഡിസൂസ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org