Latest News
|^| Home -> International -> ഫിലിപ്പീന്‍സ് ജനാധിപത്യം കൈവിടുന്നുവെന്നു സഭ

ഫിലിപ്പീന്‍സ് ജനാധിപത്യം കൈവിടുന്നുവെന്നു സഭ

Sathyadeepam

ഫിലിപ്പീന്‍സ് ഭരണകൂടം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നു കത്തോലിക്കാ മെത്രാന്‍ സംഘം സംയുക്ത ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തി. രാജ്യത്തോടുള്ള പ്രസിഡന്റ് റൊഡ്രിഗോ ദ്യതെര്‍ത്തെയുടെ വാര്‍ഷിക അഭിസംബോധന വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഭരണനടപടികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മെത്രാന്മാര്‍ ഇടയലേഖനം പ്രസിദ്ധീകരിച്ചത്. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തില്‍ കിടക്കുന്ന കഥയിലെ തവളയെ പോലെയാണ് ഫിലിപ്പീന്‍സ് ഇപ്പോഴെന്നു മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ബിഷപ് പാബ്ലോ ഡേവിഡ് അഭിപ്രായപ്പെട്ടു. കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ യത്‌നിക്കുന്നതിനിടെ ഫിലിപ്പീന്‍സ് തിരക്കിട്ട് ഒരു ഭീകരവിരുദ്ധ നിയമം പാസ്സാക്കിയതിനെ മെത്രാന്മാര്‍ വിമര്‍ശിച്ചു.

ഇടയലേഖനത്തിലെ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സര്‍ ക്കാര്‍ പത്രക്കുറിപ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദ്യൂതെര്‍ത്തെ 2016 ല്‍ പ്രസിഡന്റായി അധികാരമേറ്റതി നു ശേഷം പതിനായിരകണക്കിനാളുകളെയാണ് മയക്കുമരുന്നു വേട്ടയുടെ പേരില്‍ കൊന്നു കളഞ്ഞതെന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്നുമായി ബന്ധമില്ലാത്ത സാധാരണക്കാരേയും പോലീസ് ഇതിന്റെ ഭാഗമായി കൊന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. ഫിലിപ്പീന്‍സിലെ ഇപ്പോഴത്തെ സാഹചര്യം സ്വേച്ഛാധിപതിയായിരുന്ന ഫെര്‍ഡിനാന്റ് മാര്‍ക്കോസിന്റെ ഭരണകാലത്തിനു സമാനമാണെന്നും മെത്രാന്മാര്‍ കുറ്റപ്പെടുത്തി.

Leave a Comment

*
*