ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സുവര്‍ണ്ണ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കലാസാംസ്‌കാരിക വിദ്യാഭ്യാസ മതസൗഹൃദ പ്രവര്‍ത്തന രംഗത്ത് 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ചാവറ സാസ്‌കാരിക കേന്ദ്രത്തിന്റെ സുവര്‍ണ്ണജൂബിലി കര്‍മ്മ പരിപാടികള്‍ക്ക് സെപ്തംബര്‍ 30ന് രാവിലെ 11 മണിക്ക് സി.എം. ഐ. പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പിലിന്റെയും ജനറല്‍ കൗണ്‍സില്‍ അച്ചന്മാരുടെയും കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടുകൂടി തുടക്കം കുറിക്കുന്നു. വൈകുന്നേരം 4.30ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഹാളിലെ സാംസ്‌കാരിക സമ്മേളനത്തില്‍, കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യും. റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ സി. എം. ഐ. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ എക്കാലത്തെയും മാര്‍ഗ്ഗദര്‍ശിയായ എം. കെ. സാനുമാസ്റ്റര്‍ ജൂബിലി സന്ദേശം നല്‍കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, സിപ്പി പള്ളിപ്പുറം രചിച്ച്, ശ്രീ. ബിജി ബാല്‍ സംഗീതം പകര്‍ന്ന ജൂബിലി ഗാന സി ഡി ലാല്‍ജോസിന് നല്‍കി പ്രകാശനം ചെയ്യും.
2021 ചാവറ സംസ്‌കൃതി പുരസ്‌കാരം പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ പ്രഖ്യാപിക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് വിശിഷ്ടാതിഥിയായിരിക്കും. ഹൈബി ഈഡന്‍ എം പി, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ടി. ജെ. വിനോദ് എം. എല്‍. എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഗോവ ഗവര്‍ണ്ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സഹകരണവകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസകളര്‍പ്പിക്കും. പ്രൊഫ. എം. തോമസ് മാത്യു, തിരക്കഥാകൃത്ത് ജോണ്‍പോള്‍, എറണാകുളം ഡി. സി. സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി. എസ്. എസ്. ടി. കേരള പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ വിനീത, സി. എം. ഐ. സാമൂഹ്യസേവനവിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, സി. ജി. രാജഗോപാല്‍, ജയചന്ദ്രന്‍ സി. ഐ. സി.സി., സിസ്റ്റര്‍ ട്രിസാന്റാ എഫ്. സി. സി. എന്നിവര്‍ പങ്കെടുക്കും.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നവീകരണങ്ങളില്‍ നിന്നും വിശുദ്ധ ചാവറയച്ചന്‍ നമ്മുടെ സംസ്‌ക്കാരത്തോടും ജീവിതചട്ടങ്ങളോടും അനുവര്‍ത്തിച്ചുപോന്ന സൗഹാര്‍ദ്ദ സമീപനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുക്കൊണ്ട് സി. എം. ഐ. സഭയുടെ അന്നത്തെ പ്രിയോര്‍ ജനറാളായിരുന്ന കനിസിയുസ് തെക്കേകരയച്ചന്‍ മുന്‍കൈയെടുത്ത് ചാവറ വിശുദ്ധന്റെ നൂറാം ചരമവാര്‍ഷികത്തില്‍ 1971-ല്‍ ആരംഭിച്ച സാംസ്‌കാരിക നിലയമാണ് ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നു ചെയര്‍മാന്‍ റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് സി. എം. ഐ., ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ പറഞ്ഞു. മഹാകവി ജി. ശങ്കരക്കുറുപ്പ്, എം. കെ. കെ. നായര്‍, എം. കെ. സാനു തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ അതിനു പിന്‍ബലം നല്‍കി. ബാംഗ്ലൂരിലെ ധര്‍മ്മരാമില്‍ തത്വശാസ്ത്രദ്ധ്യാപകനായിരുന്ന റവ. ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പിലിനെയാണ് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറായി കനിസിയുസച്ചന്‍ നിയോഗിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ ആഗ്രഹനിര്‍ദ്ദേശപ്രകാരം ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന് ശേഷം കേരളം കണ്ട ഏറ്റവും പ്രൗഡമായ മതാന്തര സൗഹൃദകൂട്ടായ്മക്ക് ആതിഥേയത്വം വഹിച്ചത് ചാവറ കള്‍ച്ചറല്‍ സെന്ററാണ്. ജന്മനാ എച്ച്.ഐ.വി ബാധിച്ച കുട്ടികളുടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെയും സ്‌നേഹപരിപാലനത്തിന ഈ സെന്റര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു. അന്ധരായ യുവതീയുവാക്കള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷാ സംസ്‌കാരങ്ങളുമായുള്ള ആശയ കൈമാറ്റങ്ങള്‍ക്കുതകുന്ന കേന്ദ്രങ്ങള്‍ അതാത് എംമ്പസികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. 2019 ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തീക, സാമൂഹിക കൗണ്‍സില്‍ സ്‌പെഷ്യല്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് അംഗീകാരം നല്‍കി ചാവറയെ ആദരിക്കുകയുണ്ടായി.
കലാകാരന്മാരുടെ മക്കള്‍ക്ക് കലാ പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനുമായി 100 പേര്‍ക്ക് പത്തു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്, കോവിഡ് കാലത്തെ അതിജീവിക്കുന്നതിനായി കലാകാരന്മാര്‍ക്ക് കൈത്താങ്ങായി എല്ലാ മാസവും കലാ പരിപാടികള്‍, മുന്നുമാസത്തിലൊരിക്കല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരെ അണിനിരത്തികൊണ്ടുള്ള കലാപരിപാടികള്‍, ദേശീയ, അന്തര്‍ദ്ദേശീയ സെമിനാറുകള്‍, .ചാവറ പബ്ലിക്ക് ലൈബ്രറിയുടെ ആധുനീകരണവും പുനഃസമര്‍പ്പണവും, ആധുനികസൗകര്യങ്ങളോടുകൂടിയ 600 പേര്‍ക്ക് ഇരിക്കുവാനുള്ള എയര്‍കണ്ടീഷന്‍ഡ് ജൂബിലി മെമ്മോറിയല്‍ ഹാള്‍ തുടങ്ങിയ കര്‍മ്മപരിപാടികള്‍ ജൂബിലി വര്‍ഷത്തില്‍ ഉണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org