മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചനം

മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചനം

ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു 103-ാമത്തെ വയസ്സില്‍ വേര്‍പിരിഞ്ഞുപോയ ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്തായെന്നു സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡന്റും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. കരുത്താര്‍ന്ന സുവിശേഷപ്രസംഗങ്ങളിലൂടെ ക്രിസോസ്റ്റം തിരുമേനി അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വഴി അനേകര്‍ക്കു സംരക്ഷണവും ആശ്വാസവും നല്‍കി. എല്ലാ വിഭാഗം ജനങ്ങളെയും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നുവെന്നും ജനഹൃദയങ്ങളില്‍ ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റോം തിരുമേനിക്ക് എന്നും സ്ഥാനമുണ്ടായിരിക്കുമെ ന്നും കര്‍ദിനാള്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മാനവീകതയുടെ മഹാചാര്യനാണ് മാഞ്ഞുപോയതെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തെ അനുസ്മരിച്ചുകൊണ്ട് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ക്രിസോസ്റ്റം പിതാവ് മാര്‍ത്തോമ്മാ സഭയുടെ മാത്രമല്ല എല്ലാവരുെടയും പിതാവായിരുന്നു. താന്‍ ജീവിച്ച കാലത്തിന് നര്‍മ്മമധുരമായി ക്രിസ്തുവിനെ പരിചയപ്പെടുത്തിയ ആ മഹത്ജീവിതം മാതൃകാപരമായിരുന്നു. സഭൈക്യത്തിന്റെ ശക്തനായ വക്താവായിരുന്ന വലിയ ഇടയന്‍ ജാതി മത ഭേദമെന്യേ സകലരുടെയും ആദരവു നേടി. സുദീര്‍ഘമായ ആ ജീവിതം സുവിശേഷ സുകൃതങ്ങളാല്‍ സുരഭിലമായിരുന്നു. മാര്‍ത്തോമ്മാ സഭയുടെ അപരിഹാര്യമായ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നതായി മാര്‍ കരിയില്‍ പറഞ്ഞു.

ചിരിച്ച് ചിരിപ്പിച്ച് ചിന്തിപ്പിച്ച അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയെന്ന് സീറോ-മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. എല്ലാവര്‍ക്കും ആദരണീയനും എല്ലാവരുടെയും സുഹൃത്തുമായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവ വിഭാഗങ്ങളോടും മതസ്ഥരോടും ഒരു നല്ല അയല്‍ക്കാരനെ പോലെ ഇടപെട്ടിരുന്ന അദ്ദേഹം മതാന്തരവേദികളിലും എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org