കൊറോണ : കാരിത്താസ് ഇന്ത്യ പ്രത്യേക സംഘം രൂപീകരിച്ചു

രാജ്യവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ കാരിത്താസ് ഇന്ത്യ സജീവമായി ഇടപെട്ടുകഴിഞ്ഞെങ്കിലും ഏകാന്തതയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ സഹായിക്കാനുള്ള പ്രത്യേക ദൗത്യസംഘത്തെ രൂപപ്പെടുത്തി അത്തരക്കാര്‍ക്കിടയിലേക്കു കടന്നു ചെല്ലുകയാണെന്ന് കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി പറഞ്ഞു. പൊതുജനാരോഗ്യം സംബന്ധിച്ചു കാരിത്താസ് ഇന്ത്യ ഏറെ ശുഷ്കാന്തി പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ചവ്യാധി കൂടുതല്‍ വ്യാപകമാകാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാരിത്താസ് ഇന്ത്യയുടെ സ്റ്റാഫിനും ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നുണ്ടെന്ന് സംഘടനയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം മാനേജര്‍ പാട്രിക് ഹാന്‍സ്ഡ പറഞ്ഞു.

കാരിത്താസ് ഇന്ത്യ മാത്രമല്ല കത്തോലിക്കാ സഭയിലെ ഇതര സംഘടനകളും കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ – ജാഗ്രതാ നിര്‍ദ്ദേശങ്ങളും മറ്റു സഹായങ്ങളുമായി രംഗത്തുണ്ട്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും പ്രാദേശിക മെത്രാന്‍ സമിതികളുടെയും രൂപതാധ്യക്ഷന്മാരുടെയും നിര്‍ദ്ദേശങ്ങളും ഇതിനോടകം നല്‍കപ്പെട്ടു കഴിഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജാഗ്രതയോടെ പാലിക്കണമെന്ന ആഹ്വാനത്തിനു പുറമെ അജപാലനപരമായ കാര്യങ്ങളില്‍ വിശ്വാസികളും വൈദികരും മറ്റും പുലര്‍ത്തേണ്ട നിഷ്ഠകളും മാനദണ്ഡങ്ങളും സഭാ നേതൃത്വം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org