കൊറോണ: ദേവാലയങ്ങളിലും കുടുംബങ്ങളിലും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി കെസിബിസി

കൊറോണ: ദേവാലയങ്ങളിലും കുടുംബങ്ങളിലും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി കെസിബിസി

കൊറോണ എന്ന കോവിഡ് 19-നെ പ്രതിരോധിക്കാന്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പുറപ്പെടുവിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ രൂപതാധ്യക്ഷന്മാര്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിശ്വാസികള്‍ക്കായി നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോടു സഹകരിച്ചു കൊറോണയെ പ്രതിരോധിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വിവിധ രൂപതകളിലെ വൈദികമേലധ്യക്ഷന്മാര്‍ ആഹ്വാനം ചെയ്തു. കെസിബിസിയുടെ നിര്‍ദ്ദേശങ്ങളുടെ തുടര്‍ച്ചയായി കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ സമ്മേളനം പിഒസിയില്‍ ചേര്‍ന്നു.

കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ നിന്നുള്ള വിദഗ്ധസംഘം ചര്‍ച്ച ചെയ്തതിന്‍റെ വെളിച്ചത്തില്‍ കത്തോലിക്കാ ഇടവകകളിലും സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ പാലിക്കണ്ട നിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടു. അവയില്‍ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കാതെയും, പരീക്ഷ കഴിഞ്ഞാല്‍ എത്രയും വേഗം വീട്ടില്‍ എത്താനും ശ്രദ്ധിക്കണം. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായും മുഖവും മൂടുക. രോഗലക്ഷണയുള്ളവര്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. കരള്‍ വൃക്ക, ശ്വാസകോശം എന്നിവ സംബന്ധമായി രോഗമുള്ളവരും ഹ്യദ്രോഗികള്‍, പ്രമേഹരോഗികള്‍ എന്നിവരും പൊതുപരിപാടികളിലേക്കും, പള്ളികളിലേക്കുമുള്ള സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും കഴിയുന്നത്ര പൊതുപരിപാടികള്‍ ഒഴിവാക്കണം.

തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും, പൊതു സമ്മേളനങ്ങള്‍, വിവാഹ ആഘോഷങ്ങള്‍ സിനിമാശാലകള്‍, വിനോദ യാത്രകള്‍ മുതലായവ ഒഴിവാക്കുകയും ചെയ്യുക. നേര്‍ച്ചസദ്യ പൊതുഭക്ഷണ പരിപാടികള്‍, പൊതു ഇടങ്ങളില്‍ നിന്നുള്ള ഭക്ഷണം എന്നിവ കഴിയുന്നത്ര ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. ഇടക്കിടയ്ക്ക് കൈകള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയാക്കുക. യാത്രകള്‍ പരമാവധി നിയന്ത്രിക്കണം.

ആരാധനാലയങ്ങളില്‍ തിരുസ്വരൂപങ്ങളില്‍ തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യുന്ന പ്രവണത ഒഴിവാക്കുക. തിരുനാളുകള്‍ തീര്‍ത്ഥാടനങ്ങള്‍ കണ്‍വന്‍ഷനുകള്‍ എന്നിവ മാറ്റിവയ്ക്കുകയോ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കഴിയും വിധത്തില്‍ പരിപാടികളില്‍ മാറ്റം വരുത്തുകയോ ചെയ്യണം. മൃതദേഹങ്ങളിലുള്ള ചുംബനങ്ങള്‍ ഒഴിവാക്കുക.

വ്യക്തിപരമായ പ്രാര്‍ത്ഥനകളിലും കുടുംബപ്രാര്‍ത്ഥനയിലും ഇടവകയില്‍ ക്രമീകരിക്കുന്ന ആരാധന ശുശ്രൂഷകളിലും, പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള വിടുതലിനും പ്രത്യേകസംരക്ഷണത്തിനുമായി പ്രാര്‍ത്ഥിക്കുകയും പരിശുദ്ധ മാതാവിന്‍റെയും മറ്റു വിശുദ്ധരുടെയും സംരക്ഷണം അപേക്ഷിക്കുകയും ചെയ്യണമെന്നും ആരോഗ്യവ കുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റ് നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും വിശ്വാസികളും തയ്യാറാകണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org