ആത്മനിയന്ത്രണത്തിലൂന്നിയ സ്വാതന്ത്ര്യം

ആത്മനിയന്ത്രണത്തിലൂന്നിയ സ്വാതന്ത്ര്യം

-ഡോ. കെ.എസ് രാധാകൃഷ്ണന്‍

ഒരു തീവ്രവാദിയും സത്യത്തില്‍ സ്വതന്ത്രനല്ല എന്നാണ് ഈ പറഞ്ഞതിന്റെ ചുരുക്കം. തീവ്രവാദികള്‍ മാത്രമല്ല, ഞാനും എന്റെ പാര്‍ട്ടിയും മാത്രമാണു ശരി എന്നു പറയുന്നവനും ഞാനും എന്റെ മതവും മാത്രമാണ് ശരി എന്നു പറയുന്നവനും ഞാന്‍ കഴിക്കുന്ന ആഹാരം ലോകത്തുള്ള എല്ലാവരും കഴിക്ക ണം എന്നു ശഠിക്കുന്നവനും ഓരോ അര്‍ത്ഥത്തില്‍ തീവ്രവാദികളാണ്.

മനുഷ്യസ്വാതന്ത്ര്യത്തിന് കൂടുതല്‍ വ്യഖ്യാനങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന ഒരു കാലമാണ് നമ്മുടേത്. പരമലക്ഷ്യപ്രാപ്തി എന്നു പറഞ്ഞാല്‍ ഇതര ജനസമൂഹങ്ങളും ആശയസംഹിതകളും മതവിശ്വാസങ്ങളുമായി ഇടപഴകി ജീവിക്കലല്ല, അവരില്‍നിന്നെല്ലാം അകന്ന് ഒറ്റയ്ക്കു കഴിയുന്നതാണ് എന്ന ഒരു സങ്കല്‍പം അപായകരമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണ് നമ്മുടേത്. അത്തരം സന്ദര്‍ഭങ്ങളില്‍ അപരന്‍ നമുക്ക് നരകമായിത്തീരും എന്നുള്ളതാണ് വസ്തുത. മറ്റ് ആശയങ്ങളും മതവിശ്വാസങ്ങളും ആചാരമര്യാദകളും ജീവിതരീതികളും ഭാഷാ വൈവിധ്യങ്ങളുമെല്ലാം വര്‍ജ്ജിക്കപ്പെടേണ്ടതാണ് എന്നും അവ അസ്പര്‍ശ്യമാണ് എന്നും നമ്മുടേതായ മതവിശ്വാസവും ജീവിത രീതികളും മാത്രമാണ് പരമശുദ്ധം എന്നും ഉള്ള ഒരു വിശ്വാസമാണ് ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വിശ്വാസങ്ങളും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളെയുമാണ് നാം ഇന്നു തീവ്രവാദം എന്നു വിവക്ഷിക്കുന്നത്.
നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ സവിശേഷത, ഒരു മനുഷ്യനും ജീവിതത്തിന്റെ ഒറ്റപ്പെട്ട ഒരു തുരുത്തില്‍ മറ്റു ജീവികളുടെ ജീവിതരീതിയില്‍ നിന്ന് അപ്പാടെ അകന്നു ജീവിക്കാന്‍ കഴിയില്ല എന്നതാണ്. നാം ജീവിക്കുന്ന സമൂഹത്തില്‍ വൈവിധ്യമാര്‍ന്ന ജീവിതരീതികളും ആശയസംഹിതകളും മതവിശ്വാസങ്ങളും ആചാരമര്യാദകളും ഒരുമിച്ചു നില്‍ക്കുന്നു എന്നതാണ് നാം ഓര്‍ക്കേണ്ട കാര്യം. ഇത്തരം അവസ്ഥയെയാണ് ബഹുസ്വരത എന്നു നാം പറയുന്നത്. ഈ അര്‍ത്ഥത്തിലാണ് നമ്മള്‍ ജീവിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിലാണ് എന്ന് പറയുന്നത്. ബഹുസ്വര സമൂഹം എന്നു പറഞ്ഞാല്‍ ഏതെങ്കിലും ഒരാളുടെ ജീവിതമോ ഏതെങ്കിലും ഒരു മതസംഹിതയോ ഏതെങ്കിലും ഒരാചാരമോ അനുഷ്ഠാനമോ മാത്രം നിലനില്‍ക്കുന്ന അവസ്ഥ എന്നല്ല മറിച്ച് വൈവിധ്യമാര്‍ന്ന ആചാരങ്ങളും വിശ്വാസങ്ങളും തത്ത്വസംഹിതകളും എല്ലാം ഒരുമിച്ചു സഹവസിക്കുന്ന അവസ്ഥ എന്നാണ് അതിന്റെ ആന്തരാര്‍ത്ഥം. ഈ സാഹചര്യത്തില്‍ ആധുനിക മനുഷ്യന്‍ ജീവിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിലാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ജീവിക്കണം എന്ന ചോദ്യവുമായി ബന്ധപ്പെടുത്തി മാത്രമേ നമ്മുടെ കാലഘട്ടത്തില്‍ സ്വാതന്ത്ര്യ ത്തെ നമുക്ക് നിര്‍വചിക്കാനാവൂ.
സ്വാതന്ത്ര്യത്തിന് ഒട്ടനവധി അര്‍ത്ഥ വ്യാപാരങ്ങളുണ്ട്. പലപ്പോഴും കടുത്ത ആദംഗവാദികളായ സ്വാതന്ത്ര്യ മോഹികളെയും നമുക്കു കാണാന്‍ കഴിയും. അവരെ സംബന്ധിച്ചിടത്തോളം അവര്‍ ആ ഗ്രഹിക്കുന്നതും അവരെ സ്വാധീനിക്കുന്നതുമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒത്ത് എങ്ങനെയും ജീവിക്കാനുള്ള അവകാശം എന്നാണ് അവര്‍ അതിനെ അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ അവരെ സര്‍വതന്ത്ര സ്വതന്ത്രര്‍ എന്നു വിശേഷിപ്പിക്കാം. ആരാലും നിയന്ത്രിക്കപ്പെടാതെയുള്ള ഒരു ജീവിത വ്യവസ്ഥയാണ് ഇക്കൂട്ടര്‍ക്കു സ്വാതന്ത്ര്യം. അനിയന്ത്രിതമായ ജീവിതവ്യവസ്ഥ സ്വാതന്ത്ര്യമല്ല മറിച്ച് അരാജകത്വമാണ്. അരാജകത്വ വ്യവസ്ഥയില്‍ ഒരു മനുഷ്യനും സ്വാതന്ത്ര്യം അനുഭവിക്കാനാകില്ല. അവിടെ കൈയ്യൂക്കുള്ളവനെ കാര്യക്കാരനാക്കി ഒരു ഏകാധിപത്യസംവിധാനമാണ് സൃഷ്ടിക്കപ്പെടുക. നിയന്ത്രിതമായ ജീവിതക്രമമാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യമായി മാറുന്നത്.
ആരു നിയന്ത്രിക്കണം എന്ന ചോദ്യത്തിനാണ് നമുക്ക് ഉത്തരം തേടേണ്ടത്. അവനവനെ അവനവന്‍ തന്നെ നിയന്ത്രിക്കുന്നതാണ് ഏറ്റവും അഭിലഷണീയമായ സ്വാതന്ത്ര്യ രീതി. ഇതിനെ ആത്മനിയന്ത്രണം എന്നു പറയാം. മനുഷ്യസ്വാതന്ത്ര്യം ആത്മനിയന്ത്രണമാണ് എന്ന് ആദ്യം ലോകത്ത് ഉദ്ഘോഷിക്കുന്നതും അതിനനുസരിച്ച് മനുഷ്യരെ ഒരുക്കിയെടുത്തതും മതസംഹിതകളാണ് . അവന വനെ നിയന്ത്രിക്കുമ്പോള്‍ ശരീരത്തെ മാത്രമല്ല മനസ്സിനെയും നിയന്ത്രിക്കണം. നമ്മുടെ ഭരണഘടന ഉള്‍പ്പെടെയുള്ള നിയമസംഹിതകളെല്ലാം ബാഹ്യമായ നിയന്ത്രണത്തെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. മോശയുടെ നിയമത്തെ പരാമര്‍ശിച്ചുകൊണ്ട് യേശുദേവന്‍ പറഞ്ഞകാര്യം ഇവിടെ സ്മരണീയമാണ്. കൊലപാതകം ചെയ്യരുത് എന്നു പറഞ്ഞതിനെ കോപിക്കരുത് എന്നാണ് യേശുദേവന്‍ തിരുത്തിയത്. കോപം ഒരു ശരീര ചേഷ്ടയേക്കാളേറെ ഒരു മനോചിത്തവൃത്തിയാണ്. മനസ്സിലാണ് കോപം ജനിക്കുന്നത്. പുറത്തുള്ള ശാരീരിക ചേഷ്ടയായി കൊലപാതകം മാറുമ്പോള്‍ അകം മനസ്സ് കോപരഹിതമായി സൂക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ട്. ഇതിന് അവനവന്‍ അവനവനെ നിയന്ത്രിച്ചേ മതിയാകൂ. മനസ്സ് എത്തുന്നിടത്ത് ഒരു ദിവസം ശരീരവും എത്തിച്ചേരും എന്ന് മഹാത്മാഗാന്ധി നിരീക്ഷിച്ചിട്ടുണ്ട്. മനസ്സ് കോപരഹിതമായി, വിദ്വേഷരഹിതമായി സൂക്ഷിച്ചാല്‍ മാത്രമേ നമ്മുടെ ബാഹ്യചേഷ്ടകളും കോപരഹിതവും വിദ്വേഷരഹിതവുമായിത്തീരുകയുള്ളൂ. ഈ ചിത്തവൃത്തിയില്‍ നിയന്ത്രണം ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യനു സ്വാതന്ത്ര്യം ഉദ്ഘോഷിക്കാനും ആസ്വദിക്കാനും ആചരിക്കാനും കഴിയൂ.
സമ്പത്തിന്റെയും അധികാരത്തിന്റെയും പദവികളുടെയും യശസ്സിന്റെയും മറ്റും രംഗങ്ങളില്‍ അനിയന്ത്രിതമായ ജീവിതവ്യവസ്ഥകള്‍ പലപ്പോഴും നമുക്കു കാണാന്‍ കഴിയും. ഒരുവന്‍ സമ്പത്തു വാരിക്കൂട്ടി അതില്‍ കേന്ദ്രീകരിക്കുന്നത് അനിയന്ത്രിതമായ ജീവിതവ്യവസ്ഥയുടെ ഭാഗമായിട്ടാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും പദവികളുെടയുമെല്ലാം കേന്ദ്രീകരണം സംഭവിക്കുന്നത് അനിയന്ത്രിതമായ ജീവിതവ്യവസ്ഥിതികളുടെ ഫലമാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. കേന്ദ്രീകൃതം എന്നു നാം വിവക്ഷിക്കുന്ന നമ്മുടെ ജീവിതരീതികളെല്ലാം തന്നെ നമ്മോടു പറയുന്നത് നിയന്ത്രണങ്ങളില്ല എന്നാണ്. ഒരുവന് ആവശ്യമുള്ളതില്‍ കവിഞ്ഞതെന്തും സംഭരിക്കുന്നത് അസ്വാതന്ത്ര്യത്തിന്റെ ലക്ഷണമാണ്. ആ വശ്യമുള്ളതില്‍ കവിഞ്ഞ അധികാരം കയ്യാളുന്നവന്‍, സമ്പത്തു കയ്യടക്കുന്നവന്‍ സ്വാഭാവികമായും അധികാരത്തിന്റെയും സമ്പത്തിന്റെയും അടിമയായിത്തീരും. അവിടെ സ്വാതന്ത്ര്യമല്ല മറിച്ച് അടിമത്തമാണ് സംഭവിക്കുന്നത്. ഉദാഹരണം പറഞ്ഞാല്‍ ഏത് ഏകാധിപതിയും അയാള്‍ വിഭാവനം ചെയ്‌തെടുക്കുന്ന അധികാരത്തിന്റെ അടിമയാണ് എന്നതാണു വസ്തുത. അടിമ എപ്പോഴും ഭീതിയുടെ നിഴലിലായിരിക്കും. അതുകൊണ്ടുതന്നെ അധികാരഭ്രമം ബാധിച്ച ഏകാധിപതികളെല്ലാം എപ്പോഴും അരക്ഷിതമായ അവസ്ഥയിലായിരിക്കും. ഇതുതന്നെ സമ്പത്തിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. സമ്പത്തു വാരിക്കൂട്ടി വാരിക്കൂട്ടി വന്നാല്‍ ഒരുവന്‍ സമ്പത്തിന്റെ അടിമയായിത്തീരുകയും അവന്റെ ഹൃദയം എപ്പോഴും അവന്‍ വാരിക്കൂട്ടിയ സമ്പത്തിലോ അധികാരത്തിലോ മാത്രമായി രമിക്കുകയും ചെയ്യും. കേന്ദ്രീകൃതമായിരിക്കുന്ന അധികാരവും സമ്പത്തുമെല്ലാം സ്വാതന്ത്ര്യത്തെയല്ല, അസ്വാതന്ത്ര്യത്തെയാണ്, അടിമത്തത്തെയാണ് സാധൂകരിക്കുന്നത്. ഇതു വ്യക്തമായതുകൊണ്ടാണ് ആകാശത്തിലെ പറവകളില്‍ നിന്നു നാം വാഴ്‌വിന്റെ തത്ത്വം ഗ്രഹിക്കണമെന്ന് യേശുദേവന്‍ ഉപദേശിച്ചത്. അധികാരത്തിന്റെയും സമ്പത്തിന്റെയുമെല്ലാം മിതവ്യയം അനുശീലിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ആമിതവ്യയ അനുശീലത്തിലേക്കു പോകാത്ത ഒരാളും സ്വതന്ത്രനാണ് എന്നു പറയാന്‍ കഴിയില്ല, സ്വാതന്ത്ര്യം അനുഭവിക്കുകയുമില്ല.
ഈ പശ്ചാത്തലത്തില്‍ വേണം ഇന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന ഏകാധിപത്യ പ്രവണതകളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നാം കാണാന്‍. തീവ്രവാദി എന്നും അവനവനിലേക്കു മാത്രം ചുരുങ്ങുകയും അവനവനപ്പുറത്തേക്ക് ഒരു ലോകമുണ്ടെന്നു കരുതാതിരിക്കുകയും ചെയ്യുന്നവനാണ്. അവനവന്‍ എന്നത് താനും തന്നെപ്പോലെയുള്ള മറ്റുള്ളവരും എന്നു മാത്രമായി ചുരുങ്ങാവുന്നതാണ്. അങ്ങനെ വരുമ്പോഴാണ് ഒരു ചെറിയ സംഘം രൂപീകൃതമാകുന്നത്. ആ സംഘത്തിലുള്ള എല്ലാവരും ഒരേ രീതിയില്‍ ചിന്തിക്കുകയും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുകയും ആഹരിക്കുകയും ഒരേ തൊഴില്‍ തേടുകയും ചെയ്യുന്നത്. ഈയിടെ നമ്മുടെ നാട്ടില്‍ സംഭവിച്ച തീവ്രവാദപ്രവര്‍ത്തനങ്ങളുമായി പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തകളില്‍ കണ്ടത് മനുഷ്യന് അവലംബിക്കാവുന്ന ഏറ്റവും സംശുദ്ധമായ തൊഴിലുകള്‍ ഒന്നു കൃഷിയും മറ്റൊന്ന് ആടുമേയ്ക്കലുമാണ് എന്നതാണ്. ഈ രണ്ടു തൊഴിലല്ലാത്ത മറ്റേതു തൊഴില്‍ ചെയ്യുന്നതും ശരിയല്ല എന്നു വിശ്വസിക്കുന്നവന്‍ തീവ്രവാദത്തിലേക്കാണു പോകുന്നത്. ആടു വളരാത്ത സ്ഥലങ്ങളില്‍ അതിനെ മേയ്ക്കാന്‍ നമുക്കാവില്ല. ഒരുപാടു മറ്റു കര്‍മ്മരംഗങ്ങളുണ്ട്. മനുഷ്യന്റെ ആഹാരം, വസ്ത്രം, പാര്‍പ്പിടം, അവന്റെ ജീവിത രീതി – ഇതെല്ലാം അവന്‍ ജീവിച്ചു മരിക്കുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണു നിലനില്‍ക്കുന്നത്. അതുകൊണ്ട് മനുഷ്യജീവിതം പാരിസ്ഥിതികമാണ്. അവിടെ എന്തുകിട്ടുന്നുവോ അതാണ് അവന്‍ ഭക്ഷിക്കുന്നത്, ധരിക്കുന്നത്. യൂറോപ്പിന്റെ തണുത്ത അന്തരീക്ഷത്തിലുള്ള വസ്ത്രധാരണ രീതി കേരളത്തില്‍ അപ്രായോഗികമായിത്തീരുന്നതിന്റെ കാരണം മറ്റൊന്നുമല്ല. പരിസ്ഥിതിജന്യവും ജനകവുമാണ് മനുഷ്യജീവിതവും അവന്റെ ആചാരവും അനുഷ്ഠാനങ്ങളും എല്ലാം തന്നെ.
എന്നാല്‍ അവനവനിലേക്കും അവനവന്റെ വിശ്വാസത്തിലേക്കും മാത്രം ചുരുങ്ങിപ്പോകുന്ന ഒരു ആ ദംഗവാദിയെ സംബന്ധിച്ചിടത്തോളം, തന്നെപ്പോലെയല്ലാത്തത്, അ വഗണിക്കപ്പെടേണ്ടത് എന്നല്ല സംഹരിക്കപ്പേടേണ്ടതാണ് എന്നവന്‍ കരുതും. അതുകൊണ്ടാണ് മതത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ തീവ്രവാദം വളര്‍ന്നു വരുന്നത്. ഒരു തീവ്രവാദിയും സത്യത്തില്‍ സ്വതന്ത്രനല്ല എന്നാണ് ഈ പറഞ്ഞതിന്റെ ചുരുക്കം. തീവ്രവാദികള്‍ മാത്രമല്ല, ഞാനും എന്റെ പാര്‍ട്ടിയും മാത്രമാണു ശരി എന്നു പറയുന്നവനും ഞാനും എന്റെ മതവും മാത്രമാണ് ശരി എന്നു പറയുന്നവനും ഞാന്‍ കഴിക്കുന്ന ആഹാരം ലോകത്തുള്ള എല്ലാവരും കഴിക്കണം എന്നു ശഠിക്കുന്നവനും ഓരോ അര്‍ത്ഥത്തില്‍ തീവ്രവാദികളാണ്. പക്ഷെ ഇതു പലരും വിസ്മരിക്കുന്നു. എന്റെ ആഹാരം ഞാന്‍ നിയന്ത്രിച്ചു കഴിക്കണം. അനിയന്ത്രിതമായി ഞാന്‍ ആഹരിച്ചാല്‍ അതിന്റെ വില ഞാന്‍ തന്നെ കൊടുക്കേണ്ടി വരും. അതേസമയം ഞാന്‍ എന്തു കഴിക്കണം എന്നു മറ്റുള്ളവന്‍ തീരുമാനിക്കുന്ന ഒരു വ്യവസ്ഥ അപലപനീയമാണ് എന്നു മാത്രമല്ല, അപകടകരം കൂടിയാണ്. അതു ബീഫല്ല, എന്തായാലും ശരിയാണ്. അതു ഞാനാണ് തീരുമാനിക്കേണ്ടത്. അനിയന്ത്രിതമായി ഞാന്‍ ആഹാരം കഴിച്ചാല്‍ പിന്നെ എനിക്ക് ആഹാരമേ കഴിക്കാന്‍ പറ്റാത്ത അവസ്ഥ വരും.
മനുഷ്യസ്വാതന്ത്ര്യം നമുക്ക് അനുഭവിക്കാന്‍ കഴിയണം എന്നുണ്ടെങ്കില്‍ എല്ലാ രംഗത്തും അവന്റെ നിയന്ത്രണം ഉണ്ടായേ പറ്റൂ എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ആ ആത്മനിയന്ത്രണത്തിലൂന്നി നില്‍ക്കാതെ നമുക്ക് ഒരു കാരണവശാലും സ്വാതന്ത്ര്യം അനുഭവിക്കാനാകില്ല. ആ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ഭരണഘടന മാത്രം പോരാ. ഭരണഘടനയ്ക്ക് അതിന്റെ ബാഹ്യതലങ്ങളിലുള്ള സ്വാതന്ത്ര്യമാണ് സംരക്ഷിക്കാന്‍ കഴിയുക. അതിന്റെ ആന്തരീകഭാവം സംരക്ഷിക്കണം എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് ആത്മീയഭാവം കൂടി വേണം. ആ ആത്മീയത മനുഷ്യര്‍ക്കു പ്രദാനം ചെയ്യുന്നത് മതമാണ്. ആത്മീയത എന്നതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് ഓരോ ജീവിക്കും ആഹാരവും വസ്ത്രവും പാര്‍പ്പിടവും വൈദ്യസഹായവും വിദ്യാഭ്യാസവും എല്ലാം ലഭിക്കുന്ന അവസ്ഥ യെയാണ്. മനുഷ്യരുടെ ആവാസ വ്യവസ്ഥയ്ക്കു പുറത്തു ജീവിക്കുന്ന ജീവികള്‍ക്ക് അവരുടെ ആവാസവ്യവസ്ഥ ലഭിക്കുന്നതും മനുഷ്യന്റെ ആത്മീയതയുടെ ഭാഗമാണ്. ഈ ആത്മീയതയുടെ അഭാവത്തില്‍ ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന് അധികകാലം നിലനില്‍പ്പുണ്ടാകില്ല എന്നാണ് എനിക്കു തോന്നുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org