Latest News
|^| Home -> Cover story -> ആന്തരിക സ്വാതന്ത്ര്യത്തിന്റെ ആള്‍രൂപം-മഗ്ദലനമറിയം

ആന്തരിക സ്വാതന്ത്ര്യത്തിന്റെ ആള്‍രൂപം-മഗ്ദലനമറിയം

sathyadeepam

-ഡോ. സി. നോയല്‍ റോസ്

അത്താഴമേശയില്‍ കൂടെയുണ്ടായിരുന്ന പുരുഷശിഷ്യന്മാര്‍ യഥാര്‍ത്ഥ ജീവിതബലിയുടെ സമയത്തു വിശ്വാസരാഹിത്യം മൂലമുള്ള ഭയംകൊണ്ടു യേശുവിനെ വിട്ടുപോയിരുന്നു എന്നതും അവിടുത്തെ ബലിയര്‍പ്പണത്തില്‍ ഹൃദയബലിയര്‍പ്പിക്കാനുണ്ടായിരുന്നത് ഏതാനും സ്ത്രീകളായിരുന്നു എന്നതും പൂരിപ്പിക്കപ്പെടേണ്ട ചില മൗനങ്ങളുടെ സാന്നിദ്ധ്യത്തെ ഓര്‍മ്മിപ്പിക്കുന്നു.

ക്രിസ്തുവിനും സുവിശേഷത്തിനും നിരക്കുന്ന വിപ്ലവകരവും സുധീരവും വ്യത്യസ്തവുമായ നിലപാടുകളും തീരുമാനങ്ങളും ജീവിതശൈലിയുംകൊണ്ടു ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഫ്രാന്‍സിസ് പാപ്പ വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ് വി. മറിയത്തെ ‘അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല’ ((Apostolorum Apostola)) ആയി പ്രഖ്യാപിച്ചുകൊണ്ട്…! ദൈവാരാധനയ്ക്കും കൂദാശകളുടെ ശിക്ഷണത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം 2016 ജൂണ്‍ മൂന്നിനാണു സുപ്രധാനവും നിര്‍ണായകവുമായ ഒരു രേഖ പുറപ്പെടുവിച്ചത്.
‘അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല’ എന്നു വി. മഗ്ദലനമറിയത്തെ വി. തോമസ് അക്വിനാസ് പണ്ടേ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആലങ്കാരിക അര്‍ത്ഥത്തിലല്ലാതെ അക്ഷരാര്‍ത്ഥത്തില്‍, അതു സ്വീകരിക്കപ്പെടുകയോ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാളുകള്‍ക്കൊപ്പം പ്രാധാന്യം നല്കി ആഘോഷിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ സവിശേഷമായ ഈ പ്രഖ്യാപനം സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങൡ സ്ത്രീകള്‍ക്കുള്ള പ്രാധാന്യത്തെ വ്യക്തമാക്കാന്‍ ഉപകരിക്കുമെന്ന പ്രതീക്ഷ മുന്നോട്ടുവച്ചുകൊണ്ടാണു മാര്‍പാപ്പ നടത്തിയത്. നിര്‍ഭാഗ്യവശാല്‍ ഇക്കഴിഞ്ഞ ജൂലൈ 22-ാം തീയതി വി. മഗ്ദലനയുടെ തിരുനാള്‍ പതിവുപോലെ ആരാലും അറിയപ്പെടാതെയും നിരാഘോഷമായും കടന്നുപോയി എന്നതും മറ്റൊരു സത്യം. ഒരുപക്ഷേ, ഇത്തരമൊരു പ്രഖ്യാപനത്തിന്റെ ചരിത്രമൂല്യവും കാലികപ്രസക്തിയും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടോ തിരിച്ചറിയുന്നവര്‍ മനഃപൂര്‍വം മൗനം പാലിക്കുന്നതുകൊണ്ടോ ആകാം മാര്‍പാപ്പയുടെ പല നിലപാടുകളും സഭയിലാകമാനം ഒരു പ്രകടമാറ്റത്തിനു നിദാനമാകാത്തത് എന്നു തോന്നുന്നു. ഏതായാലും ക്രിസ്തുശിഷ്യരില്‍ പ്രബലയും ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ പ്രഥമസാക്ഷിയും പ്രഥമ പ്രഘോഷകയുമായ മഗ്ദലന മറിയത്തെക്കുറിച്ചും അവളെക്കുറിച്ചു ചരിത്രത്തില്‍ നിലനില്ക്കുന്ന മനനങ്ങളെയും ഒരു വീണ്ടുവിചാരത്തിനു വിധേയ മാക്കാനും മഗ്ദലനമറിയത്തെക്കുറിച്ചുള്ള മുന്നറിവുകളെയും അവള്‍ പ്രതിനിധീകരിക്കുന്ന കോടിക്കണക്കിനു സ്ത്രീവിശ്വാസികള്‍ക്കു സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളിലുള്ള സ്ഥാനനിര്‍ണയത്തെയും പുതുക്കിയെടുക്കാനും ഈ പ്രഖ്യാപനം ഒരു നിമിത്തമായേക്കാം എന്നു പ്രതീക്ഷിക്കുകയാണ്.
മഗ്ദലനമറിയത്തെ ക്രിസ്തു എപ്രകാരമാണു പരിഗണിച്ചിരുന്നതെന്നും മറിയത്തിനു ക്രിസ്തുവിനോടുള്ള സമര്‍പ്പണത്തിന്റെ ആഴമെന്തന്നുമുള്ള തിരിച്ചറിവില്‍ നിന്നുകൊണ്ട് ഈ മഹാവിശുദ്ധയുടെ ചൈതന്യം സഭ വീണ്ടെടുക്കേണ്ടതുണ്ടെന്നു തോന്നുന്നു. ദൈവികവെളിപാടുകള്‍ പുരുഷകേന്ദ്രിതമല്ലെന്ന തിരിച്ചറിവിലാണു വി. ബൈബിളില്‍ ജീവിതം സമര്‍പ്പിച്ചു കഴിയുന്ന കോടിക്കണക്കിനു സ്ത്രീവിശ്വാസികള്‍ക്ക് ആത്മീയതയുടെ ഔദ്യോഗിക സ്ഥാപനങ്ങളില്‍നിന്നും അനുഷ്ഠാനങ്ങളുടെ പരികര്‍മത്തില്‍ നിന്നുമെല്ലാം നീക്കിനിര്‍ത്തപ്പെട്ടിട്ടുള്ളവര്‍ക്കു പുതിയ പ്രതീക്ഷകള്‍ കണ്ടെത്താന്‍ കഴിയുന്നത്. വി. മഗ്ദലനമറിയം അത്തരമൊരു പ്രതീക്ഷയുടെ കതിരാണു സ്ത്രീമനസ്സുകളില്‍ ചൊരിയുന്നത്.
യഹൂദമത സംസ്‌കാരത്തിലെ ആത്മീയാചാര്യന്മാരായ റബ്ബിമാര്‍ക്കു സ്ത്രീശിഷ്യര്‍ ഉണ്ടായിരുന്നില്ല. ഒരു റബ്ബിയുടെ യോഗ്യത പരിഗണിച്ചിരുന്നത് അവരുടെ നെറ്റിയിലുള്ള മുറിപ്പാടുകളുടെ എണ്ണം നോക്കിയായിരുന്നു എന്നു ഫലിതരൂപത്തില്‍ പറയാറുണ്ടത്രേ – സ്ത്രീകളെ കാണാതിരിക്കാന്‍ കണ്ണടച്ചു നടന്ന് അവിടെയുമിവിടെയും നെറ്റിയിടിച്ചുണ്ടാകുന്ന മുറിപ്പാടുകള്‍! ഫലിതമാണെങ്കില്‍പ്പോലും റബ്ബികള്‍ സ്ത്രീകളില്‍ നിന്നു വല്ലാതെ അകലം പാലിച്ചിരുന്നു എന്നാണു സൂചന. കാരണം സ്ത്രീകള്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവരാണ് എന്നതായിരുന്നു അവരുടെ നിലപാട്. ഈ പശ്ചാത്തലത്തിലാണു യേശുവിനെ അനുഗമിച്ച സ്ത്രീകള്‍ ശ്രദ്ധേയരാകുന്നത് (ലൂക്കാ 8:1-3) യേശു സ്ത്രീകളെ ശിഷ്യരായി കൂടെകൊണ്ടു നടന്നിരുന്നു. അവന്റെ പരസ്യജീവിതകാലത്ത് ഉടനീളം. മാത്രമല്ല, അവന്റെ ശിഷ്യന്മാരെല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയപ്പോഴും കൂടെ നില്ക്കുകയും അവന്റെ പീഡാനുഭവത്തിലും മരണത്തിലും ഒപ്പമുണ്ടായിരിക്കുകയും ചെയ്തശക്തിയും സുധീരയുമായ ശിഷ്യയായിരുന്നു മഗ്ദലനമറിയം. യേശുവിനോടുള്ള അത്യഗാധമായ സ്‌നേഹമാണവളെയും അതിനു പ്രേരിപ്പിച്ചത്. ”പ്രേമം മരണത്തെപ്പോലെ ശക്തമാണ് (ഉത്ത. 8:6) എന്ന വചനം മഗ്ദലനമറിയത്തില്‍ കണ്ടെത്താം.
യേശു അപ്പസ്‌തോലന്മാരായി തിരഞ്ഞെടുത്ത 12 പേരില്‍ ഒരാളായ യൂദാസ് സ്‌കറിയോത്താ ഒറ്റിക്കൊടുത്ത്, ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍, തല്‍സ്ഥാനത്തേയ്ക്കു പുതിയൊരാളെ തിരഞ്ഞെടുക്കുവാന്‍ പത്രോസിന്റെ നേതൃത്വത്തില്‍ ശിഷ്യസമൂഹം സമ്മേളിച്ചതിനെക്കുറിച്ചു നടപടിപുസ്തകത്തില്‍ പറയുന്നുണ്ട് (1:12-26). തിരഞ്ഞെടുപ്പിനുള്ള യോഗ്യതയായി പത്രോസ് പറയുന്നത് ഒരേയൊരു നിബന്ധനയാണ്: ”യോഹന്നാന്റെ സ്‌നാനം മുതല്‍ നമ്മില്‍ നിന്ന് ഉന്നതങ്ങളിലേക്കു സംവഹിക്കപ്പെട്ട നാള്‍വരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍” (നട. 1:22). ഈ നിബന്ധനയനുസരിച്ചു നിലവിലുള്ളവരേക്കാള്‍ ആ സ്ഥാനത്തിനു യോഗ്യയായിരുന്നു മഗ്ദലനമറിയം എന്നു തോന്നിപ്പോകും. ക്രിസ്തുസംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായ പീഡാനുഭവത്തിലും മരണത്തിലും ഉത്ഥാനത്തിലും അവന്റെ കൂടെയുണ്ടായിരുന്ന ഏകശിഷ്യയാണു മഗ്ദലനമറിയം. ക്രിസ്തുവിന്റെ മരണസമയത്ത്, മനുഷ്യരക്ഷയ്ക്കായുള്ള ബലിയര്‍പ്പണസമയത്ത്, അവന്റെ കുരിശിന്റെ താഴെ, അമ്മയായ മറിയത്തോടും അമ്മയുടെ സഹോദരി മറിയത്തോടും മഗ്ദലനമറിയത്തോടുമൊപ്പം ഉണ്ടായിരുന്നത് ഒരേയൊരു ശിഷ്യന്‍ -യോഹന്നാന്‍- മാത്രമായിരുന്നുവെന്നതു വിസ്മയത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല. യേശുവിന്റെ എന്നേയ്ക്കുമുള്ള ബലിയര്‍പ്പണ വേദിയില്‍ യോഹന്നാനും ഈ സ്ത്രീകളുമൊഴികെ മറ്റു ശിഷ്യന്മാര്‍, അപ്പസ്‌തോലന്മാര്‍ ഉണ്ടായിരുന്നില്ലെന്നത് എന്തിന്റെ സൂചനയാണ്…?
മഗ്ദലനമറിയം യേശുവിനോടു കാണിച്ച സ്ത്രീസഹജമായ സ്ഥിരസ്‌നേഹത്തിന്റെയും പൂര്‍ണസമര്‍പ്പണത്തിന്റെയും ഭാഗമായിത്തന്നെയാണു കൂരിരുട്ടത്ത്, ഒരു ശവസംസ്‌കാരകര്‍മം നടത്തിയിരിക്കുന്ന ഒരു കല്ലറയിലേക്ക്, ഒറ്റയ്ക്ക്, ഭയമേതുമില്ലാതെ സധൈര്യം കടന്നു ചെല്ലുന്നത്. എല്ലാക്കാലത്തെയും സ്ത്രീവര്‍ഗത്തിന് അഭിമാനിക്കാവുന്ന തരത്തിലാണു യേശുവിന്റെ പുരുഷന്മാരായ ശിഷ്യന്മാര്‍ – അപ്പസ്‌തോലന്മാരും – ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രകാരം (യോഹ. 20;19) ഭയന്നു കതകടച്ചിരിക്കെ, ഈ സ്ത്രീ ഒറ്റയ്ക്ക് ഒരു ശവകുടീരത്തിലേക്കു കടന്നുചെല്ലുന്നത്. കാരണം, അവളുടെ സ്‌നേഹം മരണത്തെപ്പോലും തോല്പിച്ചു പ്രിയനെ ജീവനിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശക്തമായിരുന്നു. അതിശക്തമായ ഈ സ്‌നേഹത്തിലേക്കാണു യേശു ഉത്ഥിതനായി ആദ്യം പ്രത്യക്ഷനാകുന്നത്. മഗ്ദലനമറിയത്തിന്റെ സ്‌നേഹസമര്‍പ്പണത്തിനു മുമ്പില്‍ യേശു തന്നെത്തന്നെ വെളിപ്പെടുത്തുന്നു. മറിയം, റബ്ബോനി എന്ന രണ്ടു വിളികളില്‍ നിര്‍വചിക്കാനാവാത്ത, വാക്കുകള്‍കൊണ്ടു വര്‍ണിക്കാനാവാത്ത സ്‌നേഹത്തിന്റെ കടല്‍ പരക്കുന്നു.
ക്രിസ്തുസംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്ഥാനത്തിനു പ്രഥമ സാക്ഷിയായി ക്രിസ്തു മഗ്ദലനമറിയത്തെ നിയോഗിക്കുകയാണ്. ”നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്നു ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേയ്ക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.” മഗ്ദലനമറിയം ചെന്നു ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു (യോഹ. 20:18) എന്നു നാം വായിക്കുന്നു. അറിയിച്ചിട്ട് അവരതു വിശ്വസിച്ചോ? ഇല്ലെന്നാണു ബൈബിള്‍ നല്കുന്ന സൂചന. ”അവര്‍ ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥ പോലെയേ തോന്നിയുള്ളൂ. അവര്‍ അവരെ വിശ്വസിച്ചില്ല” (ലൂക്കാ 24:11) എന്നു നാം വായിക്കുന്നു. ലൂക്കായുടെ സുവിശേഷപ്രകാരം മഗ്ദലനമറിയത്തോടൊപ്പം യോഹന്നയും യാക്കോബിന്റെ അമ്മയായ മറിയവും മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. അവരെല്ലാവരും ചേര്‍ന്നു പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല. രണ്ടു കാരണങ്ങളാണ്. ഒന്ന്, ഇത്രയും നാള്‍ യേശുവിന്റെ കൂടെ ഉണ്ട്, ഉറങ്ങി, അവന്റെ വാക്കുകള്‍ക്കും ചെയ്തികള്‍ക്കും നേരിട്ടു സാക്ഷികളായിട്ടും അവര്‍ക്കു യേശുവിനെ മനസ്സിലാക്കാന്‍ സാധിച്ചില്ല. രണ്ട്, യഹൂദസമൂഹത്തില്‍ സ്ത്രീകളുടെ സാക്ഷ്യം വിശ്വസനീയമായി പരിഗണിക്കപ്പെട്ടിരുന്നില്ല. നേരിട്ടു കണ്ടതാണെങ്കില്‍പ്പോലും, സ്ത്രീയാണോ അതു സാക്ഷ്യപ്പെടുത്താന്‍ അവള്‍ക്ക് അവകാശമില്ല. അവള്‍ പറയുന്നത് ആരും വിശ്വസിക്കുകയുമില്ല.
ഈ പശ്ചാത്തലത്തിലാണു തന്റെ ഉത്ഥാനത്തിനു സാക്ഷിയാകുവാന്‍ യേശു സ്ത്രീയെ തിരഞ്ഞെടുക്കുന്നത്. എന്തായിരിക്കാം സൂചന? സൂചന വ്യക്തം അവന്‍ സ്ത്രീയെക്കുറിച്ച് ഒരു പുതിയ ആ കാശവും പുതിയ ഭൂമിയും സ്വപ്നം കാണുന്നു. പഴയതു കടന്നുപോയി. പുതിയതു വന്നുകഴിഞ്ഞു. യേശുവിന്റെ പരസ്യജീവിതത്തിലുടനീളം അവനോടൊപ്പമുണ്ടായിരിക്കുകയും അവന്റെ പ്രബോധനങ്ങളും പ്രവൃത്തികളും മനസ്സിലാക്കുകയും അതിന്റെ ആന്തരികാര്‍ത്ഥം ഗ്രഹിക്കുകയും ചെയ്ത ജ്ഞാനിയായിരുന്നു മഗ്ദലനമറിയം. സമ്പൂര്‍ണമായ ആന്തരികസ്വാതന്ത്ര്യം അനുഭവിച്ച ക്രിസ്തുശിഷ്യ. ബൈബിളില്‍ യാതൊരു പരാമര്‍ശവും ഇല്ലാതിരുന്നിട്ടും ഗുരുവിന്റെ ഈ വത്സലശിഷ്യ എങ്ങനെ പാരമ്പര്യങ്ങളില്‍ വേശ്യയായി വ്യാഖ്യാനിക്കപ്പെട്ടു?
മൂന്നു സന്ദര്‍ഭങ്ങളിലാണു മഗ്ദലനമറിയത്തെക്കുറിച്ചു ബൈബിള്‍ പരാമര്‍ശമുള്ളത്. 1. യേശുവിനെ അനുഗമിച്ച സ്ത്രീകളെക്കുറിച്ചു പറയുമ്പോള്‍ (ലൂക്കാ 8:13), 2. യേശുവിന്റെ കുരിശുമരണസമയത്തു കൂടെയുണ്ടായിരുന്നവള്‍ (യോഹ. 19:25). 3. ഉത്ഥാനസമയത്ത് (യോഹ. 20: 11-18).
ഗദ്‌സമെന്‍ തോട്ടത്തില്‍ ശിഷ്യരോടൊത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണു യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നതും യേശു അറസ്റ്റ് ചെയ്യപ്പെടുന്നതും. അവിടെനിന്നും യേശുവിന്റെ അന്ത്യനാളിലെ പീഡാസഹനത്തിന്റെ വിചാരണയിലും വിധിയിലും അതികഠോരമായ കുരിശിന്റെ വഴിയിലും കാല്‍വരിമലയിലെ കുരിശുമരണത്തിലും യോഹന്നാന്‍ ഒഴിച്ചുള്ള പുരുഷശിഷ്യന്മാര്‍ ആരുമുണ്ടായിരുന്നില്ലെന്നതു ശ്രദ്ധേയമാണ്. യേശു പിറ്റേന്നു ജീവിതംകൊണ്ട് അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ബലിയുടെ പ്രതീകാത്മകമായ അര്‍പ്പണമാണു സെഹിയോന്‍ മാളികയില്‍ നടന്ന പെസഹാ ആചരണത്തില്‍ സംഭവിച്ചത്. അത്താഴമേശയില്‍ കൂടെയുണ്ടായിരുന്ന പുരുഷശിഷ്യന്മാര്‍ യഥാര്‍ത്ഥ ജീവിതബലിയുടെ സമയത്തു വിശ്വാസരാഹിത്യം മൂലമുള്ള ഭയംകൊണ്ടു യേശുവിനെ വിട്ടുപോയിരുന്നു എന്നതും അവിടുത്തെ ബലിയര്‍പ്പണത്തില്‍ ഹൃദയബലിയര്‍പ്പിക്കാനുണ്ടായിരുന്നത് ഏതാനും സ്ത്രീകളായിരുന്നു എന്നതും പൂരിപ്പിക്കപ്പെടേണ്ട ചില മൗനങ്ങളുടെ സാന്നിദ്ധ്യത്തെ ഓര്‍മ്മിപ്പിക്കുന്നു.
മഗ്ദലനമറിയത്തെക്കുറിച്ചു ബൈബിള്‍ നല്കുന്ന നിഷേധാത്മകമെന്നു തോന്നുന്ന ഏക പരാമര്‍ശം ”ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവള്‍” (ലൂക്കാ 8:2) എന്നാണ്. എന്തായിരിക്കാം ഈ ദുഷ്ടാത്മാക്കള്‍? യേശുവിന്റെ കാലത്ത് – ആധുനിക മനഃശാസ്ത്ര ജ്ഞാനത്തിനുമുമ്പു – മനസ്സിനെ ബാധിച്ചിരുന്ന രോഗങ്ങളെ പിശാചുബാധയായിട്ടാണു മനസ്സിലാക്കിയിരുന്നത്. ഇപ്പോള്‍പ്പോലും ഇത്തരം തെറ്റിദ്ധാരണകള്‍ ജനങ്ങളുടെയിടയിലുണ്ട് (മണിച്ചിത്രത്താഴ് എന്ന സിനിമ ഓര്‍ക്കാം). അങ്ങനെയെങ്കില്‍ എന്തായിരുന്നു മഗ്ദലമറിയത്തെ ബാധിച്ചിരുന്ന മനോരോഗം? അതു വിഷാദരോഗം (Mental Depression) ആയിരുന്നുവെന്നു നിരീക്ഷിക്കുന്ന ബൈബിള്‍ പണ്ഡിതന്മാരുണ്ട്. യേശുവിന്റെ കാലത്തു സ്ത്രീകള്‍ അനുഭവിച്ചിരുന്ന നിന്ദ്യമായ അവഗണനകളും ചൂഷണങ്ങളും വിവേചനങ്ങളും പീഡനങ്ങളും ദൈവത്തിനുപോലും വേണ്ടാത്തവര്‍ സൂചിപ്പിക്കുന്ന പ്രാര്‍ത്ഥനകളും (”….സ്ത്രീയായും ജനിപ്പിക്കാതിരുന്നതിനു നന്ദി…”) നിറഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തില്‍ ചിന്താശേഷിയുള്ള, ബുദ്ധിമതികളായ സ്ത്രീകള്‍ക്കു വിഷാദരോഗം പിടിപെട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഈ അവസ്ഥയില്‍ ഒരു മാറ്റവും പ്രതീക്ഷിക്കാനില്ലാതിരുന്ന സാഹചര്യത്തിലാണു യേശു എന്ന റബ്ബി മറ്റു യഹൂദറബ്ബിമാരില്‍നിന്നു വ്യത്യസ്തനായി സ്ത്രീകളെ മനസ്സിലാക്കുന്നതും അവര്‍ക്കുവേണ്ടി നിലപാടുകളെടുക്കുന്നതും, സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നതും മഗ്ദലനമറിയം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഒരു പുതിയ പ്രതീക്ഷ അവളില്‍ ഉടലെടുക്കുമ്പോള്‍ വിഷാദരോഗത്തില്‍ നിന്ന് അവള്‍ മുക്തയാകുന്നു. ബുദ്ധിമതിയും കാര്യശേഷിയുമുള്ള ആ കന്യക തന്റെ ജീവിതം ഒരു പുതിയ വരവിനായി സമര്‍പ്പിക്കുന്നു. പിന്നീടങ്ങോട്ട് അവളുടെ ജീവിതം അവനുവേണ്ടി മാത്രമുള്ളതായിരുന്നു. ആരെയും ഭയപ്പെടാതെ മരണത്തോളം കല്ലറയോളം ഉത്ഥാനത്തേക്കാളും അവന്റെ കൂടെ നിന്നു വിശ്വസ്തയായ ശിഷ്യയായി.
യേശുവിന്റെ ഉത്ഥാനത്തിന്റെ പ്രഥമ സാക്ഷിണിയാവുകയും പിന്നീട് ”അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല” എന്നു കീര്‍ത്തിക്കപ്പെടുകയും ചെയ്ത ഈ കന്യകയ്ക്ക് ”അപ്പസ്‌തോല പ്രവര്‍ത്തനങ്ങ”ളില്‍ എന്താണു സംഭവിച്ചത്? ഒരു പേരുപോലും പരാമര്‍ശിക്കപ്പെടാത്ത തരത്തില്‍ ശിഷ്യന്മാരുടെ സുവിശേഷവേലകള്‍ വിവരിക്കുന്ന ഗ്രന്ഥത്തിലെ വരികളില്‍ നിന്ന് അവള്‍ എങ്ങോട്ടാണ് അപ്രത്യക്ഷയായത്?
മഗ്ദലനമറിയത്തെക്കുറിച്ചു ചരിത്രത്തില്‍ പിന്നീട് അവശേഷിക്കുന്നത് ഏതാനും ചില ഐതീഹ്യങ്ങള്‍ മാത്രമാണ്. എഫേസൂസിലോ മറ്റോ വച്ചു മരിച്ചുപോയെന്നു മാത്രം. ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യത്തിന്റെ മൂലക്കല്ലായി മാറേണ്ടിയിരുന്ന ശക്തയായ ഈ ക്രിസ്തുശിഷ്യ ഇപ്പോഴും വേശ്യയായി കലാരൂപങ്ങളിലും സഭാപാരമ്പര്യങ്ങളിലും പ്രബോധനങ്ങളിലും ന്യൂനീകരിക്കപ്പെട്ട വ്യാഖ്യാനങ്ങള്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിധേയമാകുന്നു എന്നതു സ്ത്രീചരിത്രത്തിലെ മറ്റൊരു ദുരന്തചരിത്രമാണ്.
ഗ്രിഗറി ഒന്നാമന്‍ മാര്‍പാപ്പ ഏ.ഡി. 591-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മഗ്ദലനമറിയത്തോടൊപ്പം പുതിയ നിയമത്തിലെ മറ്റു സ്ത്രീകളായ ബഥാനിയായിലെ മറിയത്തെയും (യോഹ. 12:1) പട്ടണത്തില്‍നിന്നുള്ള ഒരു പാപിനിയായ സ്ത്രീയെയും (ലൂക്കാ 7:32, 38) സംയോജിപ്പിച്ചതിന്റെ ഫലമായിട്ടാണു മഗ്ദലനമറിയം ഒരു വേശ്യയായി ചിത്രീകരിക്കപ്പെട്ടത്. ഈ തെറ്റ് 1969-ല്‍ സഭ തിരുത്തിയെങ്കിലും പൊതുമനസ്സില്‍ ഇന്നും മഗ്ദലനമറിയം വേശ്യയായിരുന്നവള്‍ എന്ന നിലയില്‍ തുടരുന്നു. മഗ്ദലനമറിയത്തിന്റെ പുനഃസ്ഥാപനത്തോടുള്ള ഈ എതിര്‍പ്പ് സാഹിത്യത്തിലും കലയിലും തുടരുകതന്നെയാണു ചെയ്തത്. മഗ്ദലനയെ വേശ്യയായി നിലനിര്‍ത്തുന്നതിന്റെ സാദ്ധ്യതകളാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. ”മഗ്ദലനമറിയം ഇന്നും ‘മാനസാന്തരപ്പെട്ട വേശ്യ’യായി സാഹിത്യത്തിലും കലയിലും തുടരുന്നതിനു കാരണം, ആധുനിക സമൂഹത്തിന്റെ സ്വതന്ത്രധാര്‍മികതയുടെ മറയില്‍ ലൈംഗികവത്കരിച്ച മഗ്ദലനയുടെ ഉടല്‍ നല്കുന്ന തൃഷ്ണാശമനങ്ങള്‍തന്നെയാണ്. പെണ്ണുടലിനു പുരുഷന്റെ കമ്പോളത്തില്‍ ലഭിക്കുന്ന വിലതന്നെയാണ് ഇത് – ഒരു വ്യാപാരച്ചരക്കിന്റെ വില!” എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ആത്മീയതയുടെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ തമസ്‌കരിക്കപ്പെട്ടുപോകുന്ന സ്‌ത്രൈണ ആ ത്മീയതയുടെയും സ്‌ത്രൈണ പ്രതിഭയുടെയും (Feminine Genus)െ വീണ്ടെടുപ്പിന് ഈ പ്രഖ്യാപനം സഹായിക്കും എന്നും പ്രതീക്ഷിക്കുകയാണ്. സ്വത്വ പ്രതിസന്ധിയിലേക്കും സാംസ്‌കാരിക പ്രതിസന്ധിയിലേക്കും സ്ത്രീവിശ്വാസികളെ നയിച്ചേക്കാവുന്ന പാര്‍ശ്വവത്കരണം അവരുടെ ആത്മീയതയെയും ബാധിക്കുമെന്നതില്‍സം ശയമില്ല. കാരണം, ആത്മീയത യെന്നാല്‍ ആന്തരികസ്വാതന്ത്ര്യമാണ്. ദൈവത്തോടു മുഖാമുഖം നില്ക്കുകയും ദൈവത്തില്‍ ഉറച്ച തന്റെ സ്വത്വത്തിന്റെ വേരുകള്‍ തിരിച്ചറിയുകയും ആ മട്ടില്‍ ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാകുന്ന സ്വാതന്ത്ര്യം അത്തരത്തിലുള്ള യഥാര്‍ത്ഥ സ്വാതന്ത്ര്യം പരി. കന്യാമറിയത്തോടൊപ്പം അനുഭവിക്കുകയും മാനുഷികമായ യാതൊന്നിനെയും ഭയപ്പെടാതെ, ദൈവഹിതം പൂര്‍ത്തിയാക്കുക എന്ന തന്റെ നിയോഗവഴിയില്‍ പതറാതെ നില്ക്കുകയും ചെയ്തു മഗ്ദലനമറിയം. ആന്തരിക സ്വാതന്ത്ര്യത്തിന്റെ ആള്‍ രൂപമായി രണ്ടു ശക്തരായ സ്ത്രീ രത്‌നങ്ങള്‍-പരി. കന്യകാമറിയവും വി. മഗ്ദലനമറിയവും – ഒരു പുതിയ തിരിച്ചറിവിലേക്കും ആത്മാഭി മാനത്തിലേക്കും ആന്തരിക സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്ന വെള്ളി വെളിച്ചങ്ങളാകുന്നു.

Leave a Comment

*
*