Latest News
|^| Home -> Cover story -> ഇരകള്‍ക്കു ലഭിക്കേണ്ട നീതി

ഇരകള്‍ക്കു ലഭിക്കേണ്ട നീതി

sathyadeepam

-അഡ്വ. എം.ആര്‍. രാജേന്ദ്രന്‍
(സീനിയര്‍ അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)

നീതി ലഭിക്കേണ്ടത് എപ്പോഴും ഇരകള്‍ക്കാണ്. എന്നാല്‍ കോടതിയില്‍ ഞങ്ങള്‍ പലപ്പോഴും നീതിക്കുവേണ്ടി വാദിക്കുന്നതു കുറ്റവാളികള്‍ക്കുവേണ്ടിയാണ്. ഇതൊരു വൈരുദ്ധ്യമാണ്. കുറ്റവാളികള്‍ക്കു നീതി ലഭ്യമാക്കാന്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന വക്കീലന്മാര്‍ ഇവിടെയുണ്ട്. “ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്” എന്നു പറയാറുണ്ട്. ഇതൊരു തത്ത്വമായി നിലനില്ക്കുകയാണ്.
സംശയത്തിനതീതമായി കുറ്റം തെളിയിച്ചാല്‍ മാത്രമേ ഒരാളെ ശിക്ഷിക്കാന്‍ പറ്റുകയുള്ളൂ. വലിയ ബലൂണില്‍ വെള്ളം നിറച്ച് അതു പൊട്ടാന്‍ പാകത്തില്‍ നില്ക്കുന്ന തരം ജോലിയാണ് ഒരു പ്രോസിക്യൂട്ടറുടേത്. ഒരു ചെറിയ മൊട്ടുസൂചി മതി അതിനെ പൊട്ടിക്കാന്‍. വളരെ നിസ്സാരമായ ഒരു പോയിന്‍റില്‍ പ്രോസിക്യൂട്ടറുടെ ദീര്‍ഘനാളത്തെ അന്വേഷണവും പഠനവുമെല്ലാം തകരും. കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞില്ല എന്ന പേരില്‍ അതു തകിടം മറിയും. അവിടെ കുറ്റകൃത്യം അവശേഷിക്കുകയും കുറ്റവാളി രക്ഷപ്പെടുകയും ഇരകള്‍ (്ശരശോെ) കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥാവിശേഷം സംജാതമാകുകയും ചെയ്യും.
ക്രിമിനല്‍ പ്രൊസിജിയറില്‍ ഒരു വകുപ്പുണ്ട്. ഒരാള്‍ക്കു നഷ്ടപരിഹാരം നല്കണം എന്ന്. അതു ക്രിമിനല്‍ കോടതിക്കുള്ള അധികാരമാണ്. ഒരു കുറ്റകൃത്യം വിചാരണ ചെയ്തു കുറ്റവാളിയെ ശിക്ഷിച്ചുകഴിഞ്ഞാല്‍ കത്തികൊണ്ടു കുത്തുകൊണ്ടവന് എന്തു കിട്ടും? – ചെറിയൊരു നഷ്ടപരിഹാരം. പിഴ വിധിക്കുന്നതിന്‍റെ ഒരു ഭാഗം. അതിനുമപ്പുറം നിയമനടപടികളിലൂടെ നഷ്ടപരിഹാരം തേടാന്‍ വകുപ്പുണ്ട്. പക്ഷേ, അതനുസരിച്ചു മുന്നോട്ടുപോകാന്‍ ഇന്നത്തെ ചെലവേറിയ നീതിന്യായ സംവിധാനം, കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുന്ന നീതിന്യായ സംവിധാനം മൂലം അതു പ്രായോഗികമാകുന്നില്ല.
വയനാട്ടിലെ വിജനമായ സ്ഥലത്തു കൊല്ലപ്പെട്ട ഒരു പോസ്റ്റ് മിസ്ട്രസിന്‍റെ കാര്യത്തില്‍ ഇതു പോലൊരു കേസ് ഞാന്‍ കൊടുത്തിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിന്‍റെ ആശ്രയമായിരുന്നു അവര്‍. അവരുടെ ബന്ധുക്കള്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. നമ്മുടെ തെരുവുകളില്‍, റോഡുകളില്‍ ബാഹ്യആക്രമണം കൂടാതെ ജീവിക്കാനുള്ള സംവിധാനം ഉണ്ടാകണം. ബാഹ്യ ആക്രമണത്താല്‍ മുറിവേല്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഇവിടത്തെ ഭരണസംവിധാനത്തിന്‍റെ കുഴപ്പമാണ്. നിരപരാധികള്‍ വഴിയില്‍ കൊല്ലപ്പെടുന്നു. നിരാശ്രയയായ ജിഷ മാനഭംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടു. നഷ്ടപരിഹാരം കൊടുക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട്. അതിനാല്‍ നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കണം എന്നാണ് അന്നു ഞാന്‍ വാദിച്ചത്. എന്നാല്‍ അതിനു നിയമം ഇല്ല എന്നാണു കോടതി പറഞ്ഞത്. ഹര്‍ജി തള്ളിപ്പോയി. എന്നാല്‍ ഇന്നു പലപ്പോഴും നാം കാണുന്നുണ്ട് പലര്‍ക്കും നഷ്ടപരിഹാരം കിട്ടുന്നുണ്ട്. നിസാം കാറിടിച്ച് ഒരാളെ കൊന്നപ്പോള്‍ അയാളുടെ ഭാര്യയ്ക്കു ജോലി, വീട് എന്നിവ നല്കി. ജിഷ കൊല്ലപ്പെട്ടപ്പോള്‍ അവളുടെ അമ്മയ്ക്കു വീട്, സഹോദരിക്കു ജോലി, സാമ്പത്തികസഹായം എല്ലാം നല്കി… ഇതിനു മാധ്യമങ്ങളോടാണു നന്ദി പറയേണ്ടത്. മാധ്യമങ്ങളില്‍ വരുമ്പോള്‍ എന്തെങ്കിലും ചെയ്യണമെന്നു സര്‍ക്കാരിനും ജനങ്ങള്‍ക്കും തോന്നും. എന്നാല്‍ ഇരകള്‍ക്കു നഷ്ടപരിഹാരം ഇങ്ങനെ കിട്ടിയാല്‍ മതിയോ? അവകാശം എന്ന നിലയില്‍ കിട്ടേണ്ടതല്ലേ? ഇതാണ് എന്‍റെ ചോദ്യം. ഇരകള്‍ക്കു നീതി ലഭിക്കേണ്ടത് അവരുടെ മൗലികാവകാശങ്ങള്‍ക്കപ്പുറം മനുഷ്യാവകാശമാണ്.
ഇരകള്‍ക്കു നീതി എന്നു പറയുമ്പോള്‍, കൊലപാതകമോ ബലാത്സംഗമോ മാത്രമല്ല ഇരകളെ സൃഷ്ടിക്കുന്നത്. ഭവനഭേദനം, കവര്‍ച്ച, മാതാപിതാക്കളെ നോക്കാത്ത മക്കള്‍, ഭാര്യയെ നോക്കാത്ത ഭര്‍ത്താവ്, കുട്ടികളെ കായലില്‍ എറിയുന്ന അമ്മമാര്‍… ഇവരെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇരകളെ സൃഷ്ടിക്കുന്ന കുറ്റവാളികളാണ്.
ഞാന്‍ പ്രവര്‍ത്തിക്കുന്ന ആന്‍റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്‍റ് ഇരകളെ സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനമാണ് – അഴിമതികളുടെ ഇരകളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം രാജ്യത്താകമാനം പാവപ്പെട്ടവന്‍ കഷ്ടപ്പെടുകയാണ്. ഓരോ ഫയലകളുടെയും പിന്നിലും ഓരോ വ്യക്തിയുടെയും കുടുംബത്തിന്‍റെയും ജീവിതങ്ങളാണുള്ളതെന്നു നമ്മുടെ മുഖ്യമന്ത്രിതന്നെ അടുത്തിടെ പറയുകയുണ്ടായി.
ഇരകള്‍ക്കു നീതി ലഭിക്കുക എന്നാല്‍, അനീതി നടക്കാതിരിക്കുക എന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വിറ്റുകൂടാ എന്ന് എക്സൈസ് കമ്മീഷന്‍ പ്രഖ്യാപിക്കുമ്പോള്‍, നിയമപരമായി അതെത്രമാത്രം ശരിയാകും എന്നു ശങ്കിച്ചേക്കാം. പക്ഷേ, അതു നീതിയാണ്. നീതി നിയമത്തിനപ്പുറം നടപ്പാക്കാന്‍ ജഡ്ജിമാരും അഭിഭാഷകരും ഉദ്യോഗസ്ഥരും ശ്രമിക്കേണ്ട കാലഘട്ടമാണിത്. നിയമാനുസൃതമായ നീതി – അതാണു നമ്മുടെ ഭാരത ഭരണഘടനയുടെ അന്തഃസത്ത – അബദ്ധമാണത്. നിയമം നമുക്കു മാറ്റാന്‍ പറ്റും. എന്നാല്‍ നീതി നമുക്കു മാറ്റാന്‍ സാധിക്കില്ല. മാറ്റാന്‍ പറ്റാതെ സുസ്ഥിരമായിട്ടു ലോകജനതയ്ക്ക് അവകാശപ്പെട്ടതാണു നീതി. അതു ഭരണഘടനാബദ്ധമല്ല; ജന്മസിദ്ധമാണ്. അതിനെ ഞാന്‍ മനുഷ്യാവകാശമെന്നു വിളിക്കും.
ഈ നീതിയുടെ ഒരു ഭാഗമാണ് അഴിമതിരഹിതമായി, സമയബന്ധിതമായി സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുക എന്നത്. ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. എന്‍റെ വീട്ടില്‍ ഞാനൊരു വേലക്കാരനെ നിയമിക്കുന്നു. വീടു തൂക്കാനും തുടയ്ക്കാനും ഡോര്‍ തുറന്നിടാനും… കൃത്യസമയത്തു വന്നു കൃത്യമായി ആ ജോലി ചെയ്തില്ലെങ്കില്‍ ആ വേലക്കാരന്‍റെ പണി പോകില്ലേ? നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ – ഏറ്റവും താഴെത്തട്ടിലുള്ള ശിപായി മുതല്‍ രാഷ്ട്രപതിവരെയുള്ള നമ്മുടെ ഉദ്യോഗസ്ഥന്മാര്‍-നമ്മുടെ മേലാളന്മാരല്ല; ജനങ്ങളുടെ വേലക്കാരാണ്. തങ്ങള്‍ പബ്ലിക് സെര്‍വന്‍റ്സാണെന്നുള്ള സത്യം, തത്ത്വം അവര്‍ മനസ്സിലാക്കണം…
നിയമത്തിനപ്പുറം നീതിയുടെ സംഭാവനയെന്ന വിധത്തില്‍ ജനങ്ങള്‍ക്ക് അവകാശപ്പെടുന്ന അഴിമതിരഹിത സമയബന്ധിത സേവനം ഉണ്ടാകണം. അത് വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള എല്ലാ സ്ഥലങ്ങളിലും ലഭിക്കേണ്ടതാണ്.
ഈ അടുത്ത് ഒരു അദ്ധ്യാപിക റിട്ടയറായി. അവര്‍ക്കു ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് കിട്ടിയിട്ടില്ല അവര്‍ ആന്‍റി കറപ്ഷന്‍ മൂവ്മെന്‍റിനെ സമീപിച്ചു; ഒരു പരാതി അവര്‍ തന്നു. ഞങ്ങള്‍ അന്വേഷണം നടത്തി. ഇന്‍ ഷ്വറന്‍സ് കമ്പനി പറഞ്ഞത് പേയ് മെന്‍റ് അയച്ചു എന്നാണ്. സ്കൂളില്‍ അന്വേഷിക്കുക, അവിടെ കിട്ടിയിട്ടില്ലെങ്കില്‍ ട്രഷറിയില്‍ ചെന്ന് നോണ്‍ പേയ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊണ്ടുവന്നാല്‍ ഉടനടി Payment authorisation തരാം എ ന്നാണു പറഞ്ഞത്.
സ്കൂളില്‍ അന്വേഷിച്ചു ടീച്ചര്‍ വീണ്ടും ചെന്നു. അപ്പോള്‍ “നിങ്ങള്‍ വിജിലന്‍സില്‍ കേസ് കൊടുത്തല്ലേ, എന്നാല്‍ ഇനി അങ്ങനെ വാങ്ങിച്ചോ” എന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണു കിട്ടിയത്. ഇതു പരാതിയായി ടീച്ചര്‍ വീണ്ടും എഴുതിത്തന്നു. കാര്യങ്ങള്‍ കുറച്ചുകൂടി കാര്‍ക്കശ്യത്തോടെ നീങ്ങി. ഉടനടി അവരുടെ പേയ്മെന്‍റ് കൊടുക്കുമെന്ന ഉറപ്പു കിട്ടിയിട്ടുണ്ട്….
ഇരള്‍ക്കു നീതി എന്ന സങ്കല്പം വളരെ വിപുലമായ ഒരു വിഷയമാണ്. അതു നാം വിശദമായി പരിഗണിച്ചു കക്ഷി ചേരാതെ വിഷയത്തില്‍ ഉറച്ചുനില്ക്കണം. നീതിയുടെ ഭാഗത്ത് ഉറച്ചുനിന്നു നീതിപൂര്‍വം വിലയിരുത്തിക്കൊണ്ടു വേണം മുന്നോട്ടു പോകാന്‍. അങ്ങനെ നീതിപൂര്‍വം, നിഷ്പക്ഷമായി വിലയിരുത്തുന്ന, കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കതീതമായി നീങ്ങണം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ നോക്കാതെ നീതിയുടെ ഭാഗത്ത് ഉറച്ചുനില്ക്കാന്‍ നമുക്കു സാധിക്കണം.
(അന്താരാഷ്ട്ര നീതി ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ ജൂലൈ 18-നു നടത്തിയ പ്രഭാഷണത്തില്‍ നിന്ന്).

Leave a Comment

*
*