Latest News
|^| Home -> Cover story -> കുടുംബത്തിന്റെ ആത്മീയത

കുടുംബത്തിന്റെ ആത്മീയത

sathyadeepam

-ഡോ. റോസി തമ്പി

സ്‌നേഹത്തിന്റെ ആനന്ദമാണു കുടുംബങ്ങളുടെ ആത്മീയത. പ്രണയം ഒരു സാദ്ധ്യതയാണ്. രണ്ടു പേര്‍ തമ്മിലുള്ള പ്രണയത്തിന്റെ പൂര്‍ണതയാണു കുടുംബം. കുടുംബത്തിന്റേത് ആത്മീയപ്രണയമാണ്, സ്‌നേഹമാണ്, കരുതലാണ്. എന്നാല്‍ ആത്മീയത എന്ന പദം കുടുംബവുമായി ചേര്‍ത്തു പറയുന്നതു സ്വാഭാവികമല്ല എന്നു മാത്രമല്ല അതൊരു മഹാപാപം എന്നതുപോലെയാണ് കരുതപ്പെടുന്നത്.
ആത്മാവാണു ശാശ്വതം; ശരീരം നശ്വരം. അതുകൊണ്ട് നശ്വരമായ ശരീരത്തെ എങ്ങനെയൊക്കെ പീഡിപ്പിക്കാമോ അങ്ങനെയൊക്കെ വേദനിപ്പിക്കലായിരുന്നു ഒരാള്‍ക്ക് ആത്മാവിനെ രക്ഷിക്കാനുള്ള മാര്‍ഗം. അതുകൊണ്ടാണല്ലോ വിശുദ്ധി പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശരീരത്തിന്റെ ആഗ്രഹങ്ങളെ കുടഞ്ഞുകളയാന്‍ കഠിനമായി ശരീരത്തെ വേദനിപ്പിച്ചിരുന്നത്. അരയില്‍ മുള്ളരഞ്ഞാണം കെട്ടി അതു പഴുത്തു ശരീരം വേദനിപ്പിക്കുക. ചമ്മട്ടികൊണ്ടു സ്വയം അടിക്കുക, ചരലില്‍ മുട്ടുകുത്തി നില്ക്കുക, കല്ലു തലയിണയാക്കുക. കിടക്കയില്‍ മുള്ളുകള്‍ വിതറുക, വെയിലത്തു ചരലില്‍ മുട്ടുകുത്തി നില്ക്കുക ഇതൊക്കെയായിരുന്നു വിശുദ്ധി പ്രാപിക്കാനുള്ള വഴികള്‍. വേദനയുടെ ഒരു കടലായി ശരീരത്തെ മാറ്റുക അതായിരുന്നു ദൈവത്തെ പ്രീതിപ്പെടു ത്താനുള്ള മാര്‍ഗം.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അധികാരത്തിന്റെ പിരമിഡ് ശ്രേണിയെ ക്രിസ്തുകേന്ദ്രീകൃത വൃത്തമാക്കിയെങ്കിലും ഫലത്തില്‍ പുരോഹിതരുടെയും അല്മായരുടെയും ചിന്തകള്‍ക്കു മാറ്റമൊന്നും ഉണ്ടായില്ല. ഈ ഘട്ടത്തിലാണു ഫ്രാന്‍സിസ് പാപ്പയുടെ സ്‌നേഹത്തിന്റെ സന്തോഷം ‘THE JOY OF LOVE’ എന്ന അപ്പ്‌തോലിക പ്രബോധനം ശ്രദ്ധേയമാകുന്നത്. ‘ദൈവത്തിന്റെ നാമമാണു കരുണ’ എന്നു പറയാന്‍ ധൈര്യമുണ്ടായ അദ്ദേഹം ആത്മീയതയെ പുനര്‍ നിര്‍വചിക്കുകയാണ്. ‘ഞാന്‍ വിശ്വാസിയാണ് എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ല’ എന്നു പറയാന്‍ കാണിച്ച ആ സ്ഥൈര്യം തന്നെയാണു ഫ്രാന്‍സിസ് പാപ്പയെക്കൊണ്ടു കുടുംബത്തിന്റെ ആത്മീയതയെക്കുറിച്ചു ചിന്തിപ്പിക്കുന്നത്.
കുടുംബജീവിതത്തിലും അതിന്റെ അനുബന്ധങ്ങളിലും വളരുന്ന ‘സവിശേഷമായ ആത്മീയതയെയും അതിന്റെ സ്വഭാവത്തെയും മുന്‍വിധികള്‍ ഇല്ലാതെ പാപ്പ വിവരിക്കുന്നുണ്ട്. ക്രിസ്തുകേന്ദ്രീകൃതമായ ഒരു കുടുംബത്തെ പാപ്പ തുറന്ന ഹൃദയത്തോടെ കാണുന്നു. തിരുക്കുടുംബത്തിന്റെ ആത്മീയത ഓരോ കുടുംബത്തെയും കരുത്താര്‍ജ്ജിപ്പിക്കുന്നത് അതു കൊണ്ടാണ്. മനഃസാക്ഷി കൊണ്ടാണു ദുരിതങ്ങളെല്ലാം നടന്നു കയറാന്‍ അവര്‍ക്കാകുന്നത്. തല ചായ്ക്കാന്‍ അവര്‍ക്കു പരസ്പരം ഓരോ മടിത്തട്ടുള്ളതുകൊണ്ടാണു ദുഃഖങ്ങളെ പിയാത്തയാക്കി നടന്നു കയറാന്‍ അവര്‍ക്കു കഴിയുന്നത്.
നസ്രത്തിലെ മറിയത്തിന്റെ കുടുംബത്തെയാണു നമ്മള്‍ ‘തിരുക്കുടുംബം’ എന്നു വിളിക്കുന്നത്. ഇന്നത്തെ നമ്മുടെ സഭയുടെ – ലോകത്തിന്റെ ആദര്‍ശകുടുംബവുമായി അതിനു യാതൊരു ബന്ധവുമില്ല. നോക്കൂ, വിവാഹനിശ്ചയം കഴിഞ്ഞ കന്യക മറ്റൊരാളില്‍ നിന്നു ഗര്‍ഭം ധരിക്കുന്നു. ദൈവത്തില്‍ നിന്ന് എന്ന് ആലങ്കാരികമായി പറയാം. നമ്മുടെ കുടുംബത്തില്‍ അങ്ങനെ ഒരു പെണ്‍ കുട്ടി ദൈവേഷ്ടത്തിനു സമ്മതിച്ചാല്‍ നമ്മുടെ കുടുംബവും സമൂഹവും സഭയും എങ്ങനെ അതിനെ കാണും. വിവാഹനിശ്ചയം കഴിഞ്ഞ പുരുഷനോട് അവള്‍ അത് ഏറ്റുപറയുമ്പോള്‍ അവന് ചെയ്യാന്‍ കഴിയുന്ന നന്മ അവളെ ഉപേക്ഷിച്ചുപോകലാണ്. അയാള്‍ മനം മടുത്ത് അതിനു തയ്യാറാകുന്നു. വഴിയില്‍വച്ചു ദൈവദൂതന്‍ അയാളെ തിരിച്ചുകൊണ്ടു വരുന്നു. അവര്‍ ഒന്നിച്ചു ജീവിക്കുന്നു. ബൈബിള്‍ ഒരാളെയേ നീതിമാന്‍ എന്നു വിളിക്കുന്നുള്ളൂ. അതു ജോസഫിനെയാണ്. എന്തുകൊണ്ടാണത്? അയാള്‍ മനുഷ്യത്വത്തോടെ പെരുമാറുന്നു. തന്റേതല്ലാത്ത തന്റെ ഭാര്യ പ്രസവിച്ച കുഞ്ഞു മൂലം ഉണ്ടാകുന്ന ദുരിതങ്ങളെല്ലാം അയാള്‍ സ്വയം ഏറ്റെടുക്കുന്നു. ദുിതങ്ങള്‍ മാത്രമേ ആ മനുഷ്യനു തന്റെ വിവാഹത്തിലൂടെ ലഭിച്ചിട്ടുള്ളൂ. ഇത്രമാത്രം സ്‌നേഹിച്ചു വളര്‍ത്തിയിട്ടും മകന്‍, അമ്മയുടെ മകനാണ്. ദൈവമായിട്ടുപോലും യേശു ജോസഫിനോടു നീതി കാണിക്കുന്നില്ല. അപ്പനും അമ്മയും കൂടി പെരുന്നാളിനു കൊണ്ടുപോയ പന്ത്രണ്ടു വയസ്സായ മാകനെ കാണാതെ പേടിച്ചു സങ്കടപ്പെട്ടു തിരഞ്ഞെത്തുന്ന ജോസഫിനോട് ഒന്നും പറയുന്നില്ല. എന്നു മാത്രമല്ല നമുക്കു മനസ്സിലാകുന്ന രീതിയിലാണെങ്കില്‍ അപമാനിക്കുകകൂടി ചെയ്യുന്നു. മകനെ കാണുമ്പോള്‍ അമ്മ ചോദിക്കുന്നു. ‘നീ എന്താ കാണിച്ചത്? ഞങ്ങള്‍ ഞാനും നിന്റെ അപ്പനും എത്ര വിഷമിച്ചു?” മകന്റെ മറുപടി അമ്മയോടാണ്.
”ഞാന്‍ എന്റെ പിതാവിനെ അന്വേഷിക്കുകയാണെന്നു നിങ്ങള്‍ക്കറിയില്ലേ?”
ഇതാണു തിരുക്കുടുംബം. പൊള്ളുന്ന തീക്കനലാണ് അവിടെ ഓരോ നെഞ്ചും. എന്നിട്ടും ദൈവം അവരോടുകൂടെ. ഈ ആത്മീയതയാണ്, കരുതലാണു ഫ്രാന്‍സിസ് പാപ്പ കുടുംബങ്ങള്‍ക്കു നല്കുന്ന ധൈര്യം, കരുതുന്ന, ആശ്വസിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന ആത്മീയതയാണത്. അവിടെ പ്രാര്‍ത്ഥന ചിലപ്പോള്‍ ഒന്നിച്ചു കൈപിടിച്ചുള്ള ഒരു ഓര്‍മയാകും. ചിലപ്പോള്‍ കെട്ടിപ്പിടിച്ചുള്ള ഒരു കരച്ചിലാകും. അല്ലെങ്കില്‍ ഒരു പൊട്ടിച്ചിരിയാകും. അസുഖമുള്ള ആളുടെ അടുത്തിരുന്നു സ്വന്തമായി പരിപാലിക്കലാകും. എല്ലാ പരിഭവങ്ങളും പീഡനങ്ങളും അഴിഞ്ഞുവീഴുന്ന ഉടലിന്റെ കൂടിച്ചേരലാകും. വൈകിയെത്തുന്ന ഒരു അതിഥിക്കു കരുതുന്ന ഒരു നേരത്തെ അന്നമാകും. അയല്‍പക്കങ്ങളിലെ സാന്ത്വന സന്ദര്‍ശനങ്ങളാകും. ചിലപ്പോള്‍ വൈകാരികമായ ഏറ്റുമുട്ടലുമാകും. എന്നാല്‍ ഇതെല്ലാം സംഭവിക്കുന്ന അവരുടെ പ്രണയത്തെ – ദൈവത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടാവണം എന്നു മാത്രം. സങ്കടങ്ങളിലും സന്തോഷത്തിലും അവര്‍ അവരുടെ ദൈവത്തിനു മുന്നില്‍ ഒരു നിമിഷം ചേര്‍ന്നു നില്ക്കുന്നു. നമ്മുടെ വീടുകളില്‍ കയറിവരുന്ന മുറിയില്‍ത്തന്നെ നമ്മള്‍ യേശുക്രിസ്തുവിന്റെ തിരുഹൃദയം പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിലേക്കു നോക്കാതെ നമ്മുടെ വീടുകളില്‍ നിന്ന് ആരും പുറത്തുപോകുകയോ കയറിവരികയോ ചെയ്യാറില്ല. അവിടെ വന്ന് അന്നന്നത്തെ കാര്യങ്ങള്‍ പറയാതെ ആരും ഉറങ്ങാറില്ല. എന്റെ വീട്ടില്‍ ഞാന്‍ ശീലിച്ചതാണ്. എന്റെ മക്കളെയും ധരിപ്പിച്ചതാണ്. എല്ലാ അമ്മമാരും അപ്പന്മാരും ഇതു ചെയ്യുന്നുണ്ട്. ഒരുപക്ഷേ മുട്ടിന്മേല്‍ നിന്നു കൈവിരിച്ചു ഉച്ചത്തില്‍ കൊന്ത ചൊല്ലുന്നുണ്ടാകില്ല. പക്ഷേ, മറിയം അവര്‍ക്കെപ്പോഴും സാന്ത്വനമായി കൂടെയുണ്ട്. എന്തു ചെയ്യുമ്പോഴും ദൈവമേ എന്ന വിചാരം കുടുംബസ്ഥരുടെ കൂടെയുണ്ട്. അതാണു കുടുംബത്തിന്റെ ആത്മീയത. കുഞ്ഞിനു സുഖമില്ലാതെ കിടക്കുമ്പോള്‍ അമ്മ ഒരുപക്ഷേ കടമുള്ള ഞായറാഴ്ചക്കുര്‍ബാനയ്ക്കു പോയില്ലെന്നിരിക്കും. സുഖമില്ലാത്ത ഭര്‍ത്താവിന്റെ അടുത്തിരിക്കുമ്പോള്‍ വാര്‍ഷികധ്യാനം മുടങ്ങിയെന്നിരിക്കും. കാരണം അവള്‍ അപ്പോള്‍ ചെയ്യുന്നതാണു യഥാര്‍ത്ഥ ആത്മീയത എന്നവര്‍ക്കറിയാം. അതുകൊണ്ടാണ് പുരോഹിതന്‍ പള്ളിപ്രസംഗത്തില്‍ എത്ര കുറ്റപ്പെടുത്തിയാലും അവള്‍ പിന്നെയും ആവശ്യം വരുമ്പോള്‍ അതു തന്നെ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീ കഠിനമായ വേദന സഹിച്ച് ചോരചിന്തി കുഞ്ഞിനെ പ്രസവിക്കുന്നതും മലത്തിലും മൂത്രത്തിലും കിടന്ന് ഇഴയുന്ന കുഞ്ഞിനെ സ്വന്തം രക്തം പാലാക്കി നല്കി അഞ്ചു വയസ്സുവരെയെങ്കിലും വളര്‍ത്തി വലുതാക്കുന്നതും മഹത്തായ ആത്മീയ പ്രവൃത്തിയാണ്. ഒരിക്കല്‍ ഞാനതിനെ യേശുക്രിസ്തു മനുഷ്യരക്ഷയ്ക്കുവേണ്ടി ചിന്തിയ രക്തത്തിനു തുല്യമായ ആത്മീയതയാണെന്നു പറയുകയുണ്ടായി. അന്നു വിശ്വാസതീവ്രവാദികള്‍ അതിനെ ആക്രമിച്ചതു ‘ഞങ്ങടെ കര്‍ത്താവീശോമിശിഹായുടെ കുരിശുമരത്തെ പെണ്ണുങ്ങളുടെ പേരിനോട് ഉപമിച്ചുകൊണ്ടു കര്‍ത്താവീശോമിശിഹായെ ആക്ഷേപിച്ചു എന്നാണ്. ഓരോ വീടും ഓരോദേ വാലയമാണ് എന്നു നമ്മള്‍ ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ഹൈന്ദവ കുടുംബങ്ങളില്‍ ഒരു പൂജാമുറി അവര്‍ക്കു നിര്‍ബന്ധമാണ്. നമ്മളും വീടുകളില്‍ തിരുഹൃദയ പ്രതിഷ്ഠ നടത്തുകയും ഓരോ വര്‍ഷവും ഓര്‍മ പുതുക്കുകയും ചെയ്യുന്നുണ്ട്. ആ ദൈവസാന്നിദ്ധ്യംകൊണ്ടാണ് എത്ര അടിയും വഴക്കും കഴിഞ്ഞാലും പാതിരാത്രി അവര്‍ക്കു കെട്ടിപ്പിടിച്ചു കരയാന്‍ കഴിയുന്നത്. കുടുംബങ്ങളില്‍ അല്പമായി ബന്ധം വേര്‍പെടുത്തല്‍ നടക്കുമ്പോള്‍ നമ്മള്‍ ആ കുലപ്പെടുന്നു, അവരെ ഒറ്റപ്പെടുത്തുന്നു. പകരം കുടുംബത്തിന്റെ ആത്മീയതയിലേക്കു സ്‌നേഹത്തിലേക്കു തിരിച്ചു നടക്കാന്‍ കഴിയുംവിധം കുടുംബത്തിന്റെ ആത്മീയതയെ ബലപ്പെടുത്തുകയാണു സഭ ചെയ്യേണ്ടത്. കുടുംബം മാനുഷികവും ദൈവികവുമായതിനെ ഒന്നിച്ചുേചര്‍ക്കുന്നു. കുടുംബത്തില്‍ ആര്‍ക്കും കാപട്യം കാണിക്കാന്‍ സാദ്ധ്യമല്ല. ഒരാള്‍ എന്താ ണോ അതവിടെ എല്ലാവര്‍ക്കും അറിയാം. ഓരോരുത്തര്‍ക്കും വേണ്ടത് എന്തെന്ന് എല്ലാവര്‍ക്കും അറിയാം. വീട്ടില്‍ പത്തു പേരുണ്ടെങ്കില്‍ പത്തു പേരും ഒരേപോലെ പ്രധാനമാണ്. ഒരാള്‍ക്ക് ഒരു പനി വന്നാല്‍ എല്ലാവരും ആ പനിക്കിടക്കയ്ക്കു ചുറ്റും കൂടുന്നു. ഒരാളുടെ വിജയത്തില്‍ എല്ലാവരും ആഹ്ലാദിക്കുന്നു. ‘എന്റെ വീട്’ തോറ്റവനും ജയിച്ചവനും ഒരുപോലെ ഇടമുള്ള ദൈവത്തിന്റെ മിത്താണത്. ”ആദ്ധ്യാത്മികത കുടുംബത്തിന്റെ കൂടിച്ചേരലില്‍ മൂര്‍ത്തമാകുന്നു” (സ്‌നേഹത്തിന്റെ സന്തോഷം). ലൈംഗികതയെ കുടുംബത്തിന്റെ ആത്മീയതയില്‍ പാപ്പ കാണുന്നത് ഇപ്രകാരമാണ്. ”പരിശുദ്ധാത്മാവിന്റെ കൃപയാല്‍ അതു വിശുദ്ധിയില്‍ വളരുന്നു. ക്രിസ്തുവിന്റെ കുരിശിന്റെ രഹസ്യം പ്രയാസങ്ങളെയും സഹനങ്ങളെയും സ്‌നേഹമാക്കി മാറ്റുന്നു. സന്തോഷത്തിന്റെയും വിശ്രമത്തിന്റെയും ആഘോഷത്തിന്റെയും ലൈംഗികതയുടെയും നിമിഷങ്ങളെ ഉത്ഥാനത്തിന്റെ പൂര്‍ണ ജീവിതത്തിലുള്ള പങ്കെടുക്കലായി അനുഭവിക്കാം.
പള്ളിയില്‍ ചെല്ലുമ്പോള്‍ മാത്രമല്ല വീട്ടിലും ഞാന്‍ ദൈവസന്നിധിയിലാണ് എന്ന ഓര്‍മയാണു കുടുംബ ആത്മീയതയുടെ കാതല്‍. അവിടെ കുറ്റം ഏറ്റുപറയാനും മാപ്പു കൊടുക്കാനും എല്ലാവര്‍ക്കും ഒരുപോലെ സാധിക്കുന്നു. ലളിതമായ കുറച്ചു വാക്കുകള്‍കൊണ്ടു കുടുംബങ്ങള്‍ക്ക് അളവറ്റ നന്മ ചെയ്യാന്‍ കഴിയും. ഭക്തി ആത്മീയതയുടെ നിക്ഷേപമാണ്. ഞായറാഴ്ച കുടുംബങ്ങള്‍ കഴിയുന്നതും ഒന്നിച്ചിരിക്കുക എന്നതു കുടുംബ ആത്മീയതയുടെ പ്രധാന നിയമമാകണം. ഒന്നിച്ചു വീടു വൃത്തിയാക്കുക, ഭക്ഷണം പാകം ചെയ്യുക, തോട്ടം പരിചരിക്കുക, ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നതുപോലെ തന്നെ പ്രധാനമായി കരുതണം.
ഇങ്ങനെയൊക്കെയാണെങ്കിലും കുടുംബത്തില്‍ ”ഓരോ വ്യക്തിയും മറ്റേ വ്യക്തിക്കു പരിശുദ്ധാത്മാവില്‍ നിന്നുള്ള സ്ഥിരമായ വെല്ലുവിളിയാണ്. അതു മനസ്സിലാക്കുക എന്നതാണു പ്രധാനം. ഒരു കുടുംബത്തെ രൂപപ്പെടുത്താന്‍ രണ്ടു വ്യക്തികള്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ ദൈവത്തിന്റെ പദ്ധതി നടപ്പാക്കാന്‍ ദൈവത്തോടൊപ്പം സ്വപ്നം കാണുകയാണ്. അങ്ങനെ കുടുംബത്തില്‍ രണ്ടു പേരും അവരുടെ വാക്കുകൊണ്ട്, നോട്ടംകൊണ്ട്, സഹായംകൊണ്ട്, ചുംബനംകൊണ്ട്, ആശ്ലേഷംകൊണ്ട് ദൈവസ്‌നേഹത്തിന്റെ പരസ്പര പ്രതിഫലനങ്ങളാകുന്നു. ഒരാളും ഒറ്റയ്ക്കല്ലെന്ന തോന്നലാ ണു കുടുംബത്തിന്റെ കരുത്ത്.
”നാം സ്‌നേഹിക്കുന്നവരെ ദൈവത്തിന്റെ കണ്ണുകള്‍െകാണ്ടു ധ്യാനിക്കുകയും അവരില്‍ തന്റെ ദൈവത്തെ ക്രിസ്തുവില്‍ കാണുകയും ചെയ്യുന്ന ആഴമേറിയ ആദ്ധ്യാത്മിക അനുഭവമാണ് ഓരോ പ്രണയവും ദാമ്പത്യവും.” ”ഞാന്‍ നിനക്ക് എന്തു ചെയ്യണം എന്നാണു നീ ആഗ്രഹിക്കുന്നത്” എന്ന ക്രിസ്തുവാക്യമാണു കുടുംബത്തില്‍ ഓരോരുത്തരും പരസ്പരം ചോദിക്കുന്നത്. കുടുംബത്തില്‍ അനുദിനജീവിതത്തില്‍ നാം അറിയാതെ അനുഭവിക്കുന്ന ആത്മീയ അനുഭൂതിയാണത്.
ഇപ്രകാരം കുടുംബത്തില്‍ ഇതുവരെ ശ്രദ്ധിക്കാതിരുന്ന കാര്യങ്ങളെ ആത്മീയമായി ഏറ്റവും ഔന്നത്യമുള്ള കാര്യങ്ങളായി ഫ്രാന്‍സിസ് പാപ്പ കാണുന്നു. കുടുംബത്തോട് ഇത്രമാത്രം പ്രണയാര്‍ദ്രമായൊരു സഭാപഠനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. എല്ലാ അല്മായരും പഠിച്ചിരിക്കേണ്ട പുസ്തകമാണ് ‘The Joy of Love’
കുടുംബത്തിന് ഒരു ആത്മീയതയുണ്ടെന്നും അതു പൗരോഹിത്യത്തിനും സന്ന്യാസത്തിനും തുല്യമാണെന്നും അഥവാ അതിനേക്കാള്‍ ഉന്നതമാണെന്നും പറഞ്ഞുവയ്ക്കുന്ന പുസ്തകമാണ് ‘The Joy of Love’. കുടുംബത്തിന്റെ അന്തസ്സ് സഭയിലും സമൂഹത്തിലും വ്യക്തിയും ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നു ദൈവത്തിനു മുന്നില്‍ ഉയര്‍ന്നു നില്ക്കുന്ന ഒരു ആത്മാവു തനിക്കുമുണ്ടെന്ന് ഈ പുസ്തകം ഓരോ ഗൃഹസ്ഥാശ്രമിയെയും ബോദ്ധ്യപ്പെടുത്തുന്നു. ദൈവത്തോടൊപ്പം സ്വപ്നം കാണുകയും ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ പങ്കാളിയാകുകയും ചെയ്യുന്നു എന്ന് ഓരോ അപ്പനെയും അമ്മയെയും ഈ പുസ്തകം ധൈര്യപ്പെടുത്തുന്നു. കത്തോലിക്കാസഭയില്‍ ഈ ആത്മവിശ്വാസം വലിയൊരു തുടക്കത്തിനു കാരണമാകും എന്നതു തീര്‍ച്ചയാണ്. വിവാഹത്തിന് ഒരുക്കമാകുന്ന പഠനത്തില്‍ ഇനി മുതല്‍ ഈ പുസ്തകമാകട്ടെ പാഠ്യവിഷയം. തീര്‍ച്ചയായും തന്റെ ആത്മീയതയില്‍ അഭിമാനമുള്ള ഒരു വ്യക്തിക്കാണു കുടുംബത്തിലും സഭയിലും സമൂഹത്തിലും തലയുയര്‍ത്തി നില്ക്കാന്‍ കഴിയുക. വീണുപോയ വരെ എഴുന്നേല്പിച്ചു തന്നോടൊപ്പം നിര്‍ത്താന്‍ കഴിയുക. തീര്‍ച്ചയായും അതൊരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും.

Leave a Comment

*
*