ത്രിത്വത്തിനും ദൈവമാതാവിനും സ്തുതി

ത്രിത്വത്തിനും ദൈവമാതാവിനും സ്തുതി

-ജോണ്‍ പോള്‍

പാപമില്ലാത്തവന്‍ പാപികള്‍ക്കൊപ്പമെന്നതു പോലെ കളങ്കമില്ലാത്തവള്‍ എന്നും കളങ്കിതരുടെയും വ്യാകുലരുടെയും മദ്ധ്യേയാണ്. കയ്പും വിദ്വേഷവുമല്ല, സഹതാപവും കരുണയും തന്നെയാണ് അമ്മ ഹൃദയം നിറയെ. ആ സഹതാപം സഹഭാവമായി സ്‌നേഹത്തെ ഉള്‍പ്പേറ്റുന്നു.

അമ്മ മറിയത്തെ ആദ്യമറിയുന്നത് പെറ്റമ്മയുടെ നാവില്‍ നിന്നിറ്റിയ വാക്കുകളില്‍ നിന്നു ആധ്യാനവേളയില്‍ ആ മനസ്സിലെ ദീപ്തിയത്രയും മിന്നായമായി വിളങ്ങിയ അമ്മക്കണ്ണുകളില്‍ നിന്നുമാണ്. രണ്ടമ്മമാരുണ്ട് എനിക്കെന്ന ബോദ്ധ്യം എന്റെ ബാലമനസ്സില്‍ ഉണര്‍ത്തി തന്നു അമ്മമൊഴികള്‍. ശരീരത്തില്‍, ഇഹത്തില്‍ പെറ്റമ്മ. ആത്മാവിലും ഇഹപരങ്ങളിലൊരുപോലെയും നന്മനിറഞ്ഞ വാഴ്ത്തപ്പെട്ട മറിയം. ആ അമ്മയ്ക്കു മഹത്ത്വമേറുന്നത് ആ അമ്മത്വം എനിക്കു മാത്രം അല്ല, ലോകത്തിനു മുഴുവനും കൂടിയാകുന്നതിലൂടെയാണ്. ലോകത്തിനു മുഴുവന്‍ ഒരമ്മയോ എന്നു സന്ദേഹിക്കുവാന്‍ ഇടതരാതെ ആ പൊരുള്‍ അന്നേ തെളിച്ചു തന്നു പെറ്റമ്മ. ലോകൈകനാഥന്റെ അമ്മ, ലോകത്തിന്റെ അമ്മ, പെറ്റമ്മയ്ക്കുമമ്മയായ ചിരന്തരമാതൃത്വത്തിന്റെ നിറചൈതന്യം മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി.
എല്ലാ കുഞ്ഞുങ്ങളെയും പോലെ മനുഷ്യവംശത്തിന്റെ സാമാന്യ സാധാരണത്തിലായിരുന്നു മറിയത്തിന്റെയും ജനനം. മനുഷ്യകുലത്തിനതീതമായിരുന്നില്ല, കൗമാരം വരെയുള്ള ശൈശവ ബാല്യങ്ങളും. അവിടെ നിന്നുമാണ് ലോകത്തില്‍ പിറന്ന എല്ലാ സ്ത്രീകളേക്കാളും ഭാഗ്യസുകൃതം ചെയ്തവളായി വിശുദ്ധ ദൗത്യത്തിലേയ്ക്കു മറിയം ഉയര്‍ത്തപ്പെട്ടത്. ദര്‍ശന സന്ദര്‍ശനത്തിലെ വെളിപാടാണ് മറിയത്തെ ദൈവമാതാവായുയര്‍ത്തുവാന്‍ പടികള്‍ തീര്‍ത്തത്. ആ നിമിഷം തൊട്ട് അമ്മ മറിയത്തിന്റെ ചുണ്ടുകള്‍ തിരുസവിധത്തില്‍ എന്നും മന്ത്രിച്ചതു ഒരേ ജപമാത്രയാണ്:
"ഇതാ ഞാന്‍ അവിടുത്തെ ദാസി. തിരുവിഷ്ടം എന്നില്‍ നിറവേറട്ടെ."
തുടര്‍ന്നുള്ള ജീവിതയാനത്തില്‍ ലോകത്തില്‍ ഒരു സ്ത്രീയും ചൂടിയിട്ടില്ലാത്ത മഹത്ത്വത്തിന്റെ കിരീടം അണിയുന്നതും പീഢകളും മാറു പിളര്‍ക്കുന്ന നൊമ്പരപര്‍വ്വങ്ങളും സഹിച്ചതും വിശ്വാസ പ്രസരണത്തിനും വിശ്വാസി സമൂഹ വ്യവസ്ഥാപനത്തിനും വേണ്ടി മറ്റേതൊരു ക്രിസ്തു ശിഷ്യനേക്കാളും ഏറെ ദൂരം സഞ്ചരിച്ചതും വിശ്വാസദാര്‍ഢ്യത്തോടെ ഒരു പൊടിപോലും ഇടറാതെ, പൂര്‍ണ്ണ സമര്‍പ്പിതയായി സുവിശേ ഷവേല ചെയ്തതും ഒടുവില്‍ സ്വര്‍ഗ്ഗാരോപണത്തിലൂടെ അത്യുന്നതങ്ങളില്‍ മക്കളായ മക്കള്‍ക്കെല്ലാം വേണ്ടി മദ്ധ്യസ്ഥ ദൗത്യത്തിലേയ്ക്കു ചേര്‍ക്കപ്പെട്ടതും ഒന്നും തന്റെ വൈഭവത്താലല്ല. തനിക്കുള്ളിലെ ക്രിസ്തുവിന്റെ ഇച്ഛയാലും ശക്തിയാലും നിയോഗത്താ ലുമാണെന്ന് മറിയം തിരിച്ചറിഞ്ഞിരുന്നു.
"നിന്റെ വന്ദനസ്വരം എന്റെ കാതില്‍വീണപ്പോള്‍ എന്റെ ഹൃദയം ആനന്ദത്താല്‍ തുടിച്ചുതുള്ളി" എന്നു മറിയം സാക്ഷ്യപ്പെടുത്തിയതു മക്കളായ മക്കളെല്ലാം സാധര്‍മ്മ്യതലത്തില്‍ സമാനമായ ഹൃദയൈക്യത്തില്‍ ആ നിര്‍വൃതിക്കര്‍ഹരാകുവാനുള്ള പ്രാര്‍ത്ഥന കൂടിയായിരുന്നു. സഖറിയായുടെ വീട്ടില്‍ മറിയത്തിന്റെ മുമ്പില്‍ എലിസബത്തിനുണ്ടായ വിസ്മയം അനുഭൂതിയായി അവളുടെ ചുണ്ടില്‍ നിന്നുതിര്‍ന്നതു നാം വായിച്ചിരിക്കുന്നു:
"എന്റെ കര്‍ത്താവിന്റെ മാതാവ് എന്റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എനിക്കെങ്ങനെയുണ്ടാ യി!?"
ഈ ദൈവികസ്പന്ദജന്യപുളകം എനിക്കുമവകാശപ്പെട്ടതെന്നു മനസ്സില്‍ എഴുതിത്തന്നു പെറ്റമ്മ. കന്യകാത്വവും മാതൃത്വവും മറിയത്തില്‍ ഒന്നായി ചേര്‍ന്നു ഭവിച്ചതിലൂടെ ഫലവൃഷ്ടിയും സ്‌നേഹപൂര്‍ണ്ണതയാലുള്ള ഉന്മാ ദസമമായ സായൂജ്യവും വിശ്വമാതൃവാത്സല്യത്തിന്റെ ഓരോ കണികയിലും നിറതുളുമ്പുന്നത് അനുഭവഗോചരമാക്കിത്തരുന്നു, വിശ്വാസ സമര്‍പ്പണത്തിന്റെ ഓരോ നിമിഷവും.
അമ്മയെ ഭൂമിയായും പ്രകൃതിയായും നിഷ്ഠപ്പെടുത്തി തരുന്ന പിറന്ന മണ്ണിന്റെ ആര്‍ഷ സംസ്‌കൃതി. എല്ലാം ഒന്നുതന്നെയെന്നോ തിതരുന്ന ജീവിതപാഠം. എന്റെ വിശ്വാസത്തിന്റെ ലിഖിതം തിരുവെഴുത്തുകളില്‍ നിന്നും സ്വരൂപിച്ചെടുക്കുന്നത് എന്റെ ജനിനിഷ്ഠ… അമ്മയാണ് ഉറവിടം. അമ്മയില്‍ നിന്ന് എന്നിലേയ്ക്കുള്ള വഴികളിലാണു ദൈവാത്മസ്പര്‍ശം. അമ്മയിലേയ്ക്കുള്ള വഴി അവനവന്‍ തെളിച്ചെടുക്കുന്നതെന്നോതി തരു ന്നു അര്‍ച്ചനാ സംസ്‌കൃതി….
യേശുവിന്റെ മാതാവായ മറിയം എന്ന വിശേഷണത്തില്‍ സുവിശേഷങ്ങളില്‍ അറിയപ്പെട്ടിരുന്ന മാതാവ് സര്‍വ്വര്‍ക്കും അമ്മയായി മാറിയ കാനായിലെ കല്യാണവിരുന്നുശാലയിലെ സന്ദര്‍ഭത്തിന് ഫുള്‍ട്ടന്‍ ജെ. ഷീന്‍ നല്കുന്ന വ്യാഖ്യാന വിശദീകരണം എന്നെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. അവിടെയാണ് യേശു മറിയത്തെ 'സ്ത്രീയേ' എന്നു സംബോധന ചെയ്യുന്നത്.
യേശുവിന്റെ അമ്മ തന്റെ വിശുദ്ധ നിയോഗത്തിന്റെ കൂടി സാക്ഷ്യമായി ഒരത്ഭുതം നിവര്‍ത്തിക്കുവാന്‍ യേശുവിനോടാവശ്യപ്പെട്ടു:
"അത്ഭുതം നിവര്‍ത്തിക്കുന്ന ആ നാഴികതൊട്ടു തന്റെ പൊതുജീവിതവും പരസ്യനിവര്‍ത്തനവും ആരംഭിക്കുമെന്നും തന്റെ (കുരിശിന്റെ) നാഴികയിലേക്കു താന്‍ നടന്നടുക്കുമെന്നുമാണു കര്‍ത്താവു പ്രത്യുത്തരമായി പറഞ്ഞത്. വെള്ളം ദൈവികദൃഷ്ടിയാല്‍ പ്രസരണ പ്രാപ്തമായി വീഞ്ഞായി മാറിയ നിമിഷമാണ് പരാമര്‍ശങ്ങളില്‍ മറിയം 'സ്ത്രീ'യായി മാറുന്നത്. യേശുവിന്റെ മാതാവായ മറിയം അപ്രത്യക്ഷയാകുന്നു. പകരം യേശു വീണ്ടെടുക്കുന്നവര്‍ക്കും വീണ്ടെടുക്കുവാനിരിക്കുന്ന സര്‍വ്വര്‍ക്കും 'അമ്മ'യായി മാറുന്നു.
മാതാവു പിന്നീടൊരിക്കലും സംസാരിക്കുന്നതായി തിരുവെഴുത്തില്‍ വായിക്കുന്നില്ല. ആ അര്‍ത്ഥത്തില്‍ അമ്മ അവസാനമായി മൊഴിഞ്ഞ വാക്കുകള്‍ എത്ര അര്‍ത്ഥഗര്‍ഭമാണെന്നു നോക്കുക. "…അവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‌വിന്‍…"
അമ്മ ഇവിടെ സര്‍വ്വലോകങ്ങള്‍ക്കും അമ്മയാവുകയാണ്. കടല്‍ത്തീരത്തെ മണല്‍ത്തരികളേക്കാളേറെ വിത്തുകളെഉള്‍ ക്കൊള്ളുന്ന ഫലദായിനിയാവുകയാണ്."
അമ്മ, ജനനി, മഹേശ്വരി, സര്‍ വ്വംസഹ…
നിത്യസഹായ നാഥ, ആശ്രയത്തിന്‍ രാജ്ഞി. പരംപൊരുളിന്റെ അനര്‍ഘഖനി.
ഈ സന്ദര്‍ഭത്തിനു മുന്‍പേ യേശുവിനു 12 വയസ്സായപ്പോള്‍ പെസഹാപെരുന്നാളിനു ജറുസലേമില്‍ പോയ വേളയില്‍ യേശുവിനെ കാണാതായ സംഭവം നാം വായിച്ചിരിക്കുന്നു. മാതാപിതാക്കള്‍ അറിയാതെ ജെറുസലേമില്‍ തുടര്‍ന്നു തങ്ങുകയായിരുന്നു ബാലന്‍. മടങ്ങുംവഴി കുറെ ചെന്നശേഷമാണ് യേശു കൂടെയില്ലെന്ന് അറിയുന്നത്. അതുവരെ ബാലന്‍ കൂട്ടത്തിലുണ്ടെന്നായിരുന്നു കരുതിയിരുന്നത്. ഇല്ലെന്നറിഞ്ഞപ്പോള്‍, മകനെ കാണാതായപ്പോള്‍ "അമ്മയുടെ കണ്ണുകളിലത്രയും ഇരുട്ടു വ്യാപിച്ചു."
ഈ മുഹൂര്‍ത്തത്തിലാണ് മറിയം പാപികളുടെ അഭയമാകുന്നതെന്നാണു ഫുള്‍ട്ടന്‍ ജെ. ഷീനിന്റെ നിരീക്ഷണം:
….പാപമെന്തെന്ന് അമ്മയ്ക്കു ബോദ്ധ്യമായി. അമ്മയും മറ്റുള്ളവരെപ്പോലെ സ്രഷ്ടാവിനെന ഷ്ടപ്പെടുമ്പോഴുള്ള ഉള്‍ത്രാസം അനുഭവിച്ചറിഞ്ഞു. ആത്മാവിലെ നിഗൂഢമായ തമസ്സിലാണ് അമ്മയ്ക്കു ദൈവപുത്രനെ കാണാതെ പോയത്.
….മറിയം തന്റെ പുത്രനെ കണ്ടെത്തി കാണാതായതു തേടി സ്വയം തിരികെ വരുംവരെ കാത്തിരിക്കുകയല്ല, തേടി പുറകെ ചെന്നു കണ്ടെത്തുകയാണു വേണ്ടതെന്ന നിര്‍ദ്ദേശമാണ് മറിയം എല്ലാ അജ പാലകര്‍ക്കുമായി ഇതിലൂടെ നല്കുന്നത്.
….ഏറ്റവും പരവശവും സങ്കീര്‍ണ്ണവുമായ സന്ധികളില്‍ അമ്മയുടെ മദ്ധ്യസ്ഥത രക്ഷയുടെ കൂട്ടായുണ്ടാകുമെന്നു മനസ്സിലാക്കുമ്പോള്‍ വിശുദ്ധ അഗസ്റ്റിനോടൊപ്പം നമുക്കും ഏറ്റു പറയാനാകും.
"…. മറ്റു വിശുദ്ധന്മാര്‍ക്ക് അമ്മയുടെ സഹായത്താല്‍ നേടി ചെയ്യുവാനാകുന്നതത്രയും അവരുടെ സഹായമില്ലാതെയും ഒറ്റയ്ക്കു ചെയ്യുവാന്‍ അമ്മയ്ക്കു സാദ്ധ്യമല്ലോ!"
പാപമില്ലാത്തവന്‍ പാപികള്‍ക്കൊപ്പമെന്നതു പോലെ കളങ്കമില്ലാത്തവള്‍ എന്നും കളങ്കിതരുടെയും വ്യാകുലരുടെയും മദ്ധ്യേയാണ്. കയ്പും വിദ്വേഷവുമല്ല, സഹതാപവും കരുണയും തന്നെയാണ് അമ്മ ഹൃദയം നിറയെ. ആ സഹതാപം സഹഭാവമായി സ്‌നേഹത്തെ ഉള്‍പ്പേറുന്നു.
ദയാപൂര്‍ണമായ, വാത്സല്യകനിവുകള്‍ ചുരത്തുന്ന ദൈവമാതാവിന്റെ അഗ്നിതീവ്രവും സ്ഫുടശുദ്ധവുമായ മദ്ധ്യസ്ഥതയുടെ സാന്ത്വന പ്രസരണത്തിലാണ് എന്റെ ആശ്രയം, അഭയം, പ്രത്യാശാ സ്ഥൈര്യം.
വിശ്വാസിസമൂഹത്തിന് ചിട്ടചര്യകള്‍ ഉണ്ടാകും മുമ്പേ, വിശുദ്ധയായവളാണു മറിയം. നാമകരണം സ്വര്‍ഗ്ഗസ്ഥാപിത കരങ്ങളിലായിരുന്നു. ഔപചാരികതയുടെ അളവുമാത്രകളുടെ തീര്‍പ്പുകള്‍ക്കെല്ലാമപ്പുറത്ത് മയ്യലിന്റെ യാമത്തില്‍ മണ്ണെണ്ണ വിളക്കിന്റെ ആളുന്ന നാളം പകുത്തു തരുന്ന ഇത്തിരി വെട്ടത്തിന്റെ ആലക്തിക പ്രകാശത്തില്‍ കൈകള്‍കൂപ്പി മിഴികളുയര്‍ത്തി പെറ്റമ്മ ചൊല്ലുന്ന പ്രാര്‍ത്ഥനാവരികള്‍ ഞാനേറ്റു ചൊല്ലട്ടെ വീണ്ടും:
"നന്മ നിറഞ്ഞ മറിയമേ നിനക്കു സ്വസ്തി,
നമ്മുടെ കര്‍ത്താവു നിന്നോടു കൂടെ,
നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍…
അനുധ്യാന തുടര്‍ച്ചയില്‍ ഞാന്‍ സ്തുതി അര്‍പ്പിക്കുന്നു. "പിതാവിനും പുത്രനും, പരിശുദ്ധ റൂഹായ്ക്കും മാതാവിനും സ്തുതി… എന്നുമെന്നേക്കും ആമ്മേന്‍!" അങ്ങനെ പറയാമെങ്കില്‍ ത്രിത്വം ചതുര്‍ത്ഥത്തില്‍, പൂര്‍ണ്ണത നേടുന്നതായി എനിക്കു തോന്നുന്നു. ഏറ്റുചൊല്ലുന്നു. സാക്ഷ്യപ്പെടുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org