സമകാലിക സാമൂഹ്യ വെല്ലുവിളികളോടുള്ള ദൈവശാസ്ത്ര പ്രതികരണം

സമകാലിക സാമൂഹ്യ വെല്ലുവിളികളോടുള്ള  ദൈവശാസ്ത്ര പ്രതികരണം

-ഡോ. തോമസ് ഐക്കര സി.എം.ഐ.
ചാന്‍സലര്‍, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍

ഗുരുതരമായ സാമ്പത്തിക അസമത്വത്തിന്റെ സാഹചര്യത്തില്‍ ദരിദ്രര്‍ക്കുവേണ്ടി വാദിക്കുന്ന ഒരു വിമോചന ദൈവശാസ്ത്രം രൂപപ്പെടുത്തിയെടുക്കാന്‍ ദൈവശാസ്ത്രജ്ഞര്‍ ശ്രമിക്കേണ്ടതുണ്ട്. ദാരിദ്ര്യത്തിന്റെ കാരണങ്ങളെ വ്യവസ്ഥാപിതമായി അപഗ്രഥിക്കുകയും ക്രിയാത്മകമായ തിരുത്തല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി നിര്‍ദേശിക്കുകയും ചെയ്യേണ്ടതുണ്ട്, ദൈവശാസ്ത്രജ്ഞര്‍. അവ പ്രധാനമായും സുവിശേഷമൂല്യങ്ങളിലും കത്തോലിക്കാ സാമൂഹ്യപ്രബോധനങ്ങളിലും അധിഷ്ഠിതമായിരിക്കുകയും വേണം.

നമ്മുടെ സമൂഹം നേരിടുന്ന സമകാലിക വെല്ലുവിളികളും അവയോടുള്ള ദൈവശാസ്ത്ര പ്രതികരണവുമാണ് ഇവിടെ ചുരുക്കി പറയുന്നത്.
1, സാമ്പത്തിക അസമത്വം. ഇന്ത്യയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വന്‍തോതില്‍ വര്‍ദ്ധിച്ചു വരുന്നു.
അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നായാണ് ഇന്ത്യ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. ജി-20 രാഷ്ട്രങ്ങളില്‍ ഇന്ത്യയ്ക്ക് അംഗത്വമുണ്ട്. വളര്‍ ന്നുവരുന്ന 5 പ്രധാന സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ബ്രിക്‌സില്‍ അംഗത്വമുണ്ട്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണല്ലോ ബ്രിക്‌സ് എന്നറിയപ്പെടുന്നത്. 2030-ഓടു കൂടി ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും 2050-ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായും മാറുമെന്നു കരുതപ്പെടുന്നു. പക്ഷേ ഈ ഉദാരവത്കരണ, ആഗോളവത്കരണ നയങ്ങള്‍ക്ക് നിരവധി നിഷേധാത്മകഫലങ്ങളുണ്ട്. വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മ, വലുതാകുന്ന അസമത്വം, കൃഷിയോടുള്ള അവഗണന, വ്യാപകമാകുന്ന ദാരിദ്ര്യം തുടങ്ങിയവയാണ് അത്. ഇന്ത്യയുടെ ഈ സാമ്പത്തിക പശ്ചാത്തലത്തില്‍ സമ്പന്നര്‍ അതിസമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുന്നു.
സാമ്പത്തിക അസമത്വം പരിശോധിക്കാം. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും 2010-11 ല്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരുടെ എണ്ണം 40 കോടിയായിരുന്നു. നഗരത്തില്‍ പ്രതിദിനം 32.5 രൂപയ്ക്കും ഗ്രാമത്തില്‍ പ്രതിദിനം 29 രൂപയ്ക്കും താഴെ വരുമാനമുള്ളവരാണ് ഇവരെന്നോര്‍ക്കണം. ഇത്ര താഴെയാണ് ദാരിദ്ര്യരേഖ നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ പോലും 40 കോടി ഇന്ത്യാക്കാര്‍ അതിനും താഴെയാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ ജനസംഖ്യ ഏതാണ്ട് 132 കോടിയാണ്. അതായത്, ജനസംഖ്യയുടെ 33% പേരും ദാരിദ്ര്യരേഖ യ്ക്കു താഴെയുള്ളവരാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആയിരകണക്കിനു കര്‍ഷകരാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തതെന്നതു മറക്കാതിരിക്കാം.
ഇത്രയും ഗുരുതരമായ സാമ്പത്തിക അസമത്വത്തിന്റെ സാഹചര്യത്തില്‍ ദരിദ്രര്‍ക്കുവേണ്ടി വാദിക്കുന്ന ഒരു വിമോചന ദൈവശാസ്ത്രം രൂപപ്പെടുത്തിയെടുക്കാന്‍ ദൈവശാസ്ത്രജ്ഞര്‍ ശ്രമിക്കേണ്ടതുണ്ട്. ദാരിദ്ര്യത്തിന്റെ കാരണങ്ങളെ വ്യവസ്ഥാപിതമായി അപഗ്രഥിക്കുകയും ക്രിയാത്മകമായ തിരുത്തല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി നിര്‍ദേശിക്കുകയും ചെയ്യേണ്ടതുണ്ട്, ദൈവശാസ്ത്രജ്ഞര്‍. അവ പ്രധാനമായും സുവിശേഷമൂല്യങ്ങളിലും കത്തോലിക്കാ സാമൂഹ്യപ്രബോധനങ്ങളിലും അധിഷ്ഠിതമായിരിക്കുകയും വേണം. കൂടുതല്‍ നീതിനിഷ്ഠമായ ഒരു സാമ്പത്തികസംവിധാനം വളര്‍ത്തിയെടുക്കാനുതകുന്ന തരത്തിലുള്ള ഭരണകൂട നയങ്ങളെ സഭയ്ക്ക് എപ്രകാരം സ്വാധീനിക്കാന്‍ കഴിയുമെന്ന് നാം സ്വയം ചോദിക്കണം. നമ്മുടെ സ്ഥാപനങ്ങള്‍ക്ക്, വിശേഷിച്ചും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സാമൂഹ്യനീതിയുടെ തത്ത്വങ്ങള്‍ എപ്രകാരം പകര്‍ന്നു കൊടുക്കാനാകുമെന്നും വിദ്യാര്‍ത്ഥികളില്‍ ശരിയായ സാമൂഹ്യാവബോധം എപ്രകാരം സൃഷ്ടിക്കാനാകുമെന്നും നാം ചിന്തിക്കണം. പ്രകടമായ ഈ സാമൂഹ്യയാഥാര്‍ത്ഥ്യത്തിനും ദരിദ്രരുടെ ഉന്നമനത്തിനും ഊന്നല്‍ നല്‍കുന്നതായിരിക്കണം ഇന്ത്യയിലെ ദൈവശാസ്ത്രം. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാദമുദ്രകള്‍ നമുക്കു പിന്തുടരാം.
2, കുത്തനെ വര്‍ദ്ധിക്കുന്ന ആത്മഹത്യാനിരക്കും കുടുംബങ്ങളിലും സഭയിലും മനുഷ്യബന്ധങ്ങളിലും ഉള്ള വ്യക്തിവാദസംസ്‌കാരവും
ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. അതിശയോക്തിവത്കരിച്ച നിരാശാബോധം, നിരാശയുടെ സാഹചര്യങ്ങളില്‍ സൃഷ്ടിച്ചെടുത്ത മാനസികതടവറയില്‍ നിന്നു പുറത്തു കടക്കാനുള്ള കഴിവില്ലായ്മ, ആത്മവിശ്വാസത്തിന്റെയും ദൈവവിശ്വാസത്തിന്റെയും അഭാവം, മനുഷ്യബന്ധങ്ങളിലെ തകര്‍ച്ച, കുടുംബങ്ങളിലെ പ്രതിസന്ധികള്‍-ഇവയെല്ലാം ആത്മഹത്യയിലേയ്ക്കു നയിക്കാം.
മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തിനു ദൈവശാസ്ത്രജ്ഞര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന മനുഷ്യരെ എങ്ങനെ സമീപിക്കാമെന്നതിനെക്കുറിച്ച് കരുണയിലും ക്രൈസ്തവപ്രത്യാശയിലും നിന്നു പ്രചോദനമുള്‍ക്കൊള്ളുന്ന ഗൗരവതരമായ അജപാലന വിചിന്തനങ്ങള്‍ക്കു നാം തയ്യാറാകണം. കുടുംബപ്രശ്‌നങ്ങള്‍ക്കും മനഃശാസ്ത്ര, വൈയക്തിക സംഘര്‍ഷങ്ങള്‍ക്കും കൂടുതല്‍ ഊന്നലേകുന്ന ഒരു അജപാലനദൈവശാസ്ത്രം ദൈവശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുക്കണം. വിവാഹമോചനങ്ങളുടെയും അനുബന്ധ കുടുംബപ്രശ്‌നങ്ങളുടെയും എണ്ണം വര്‍ദ്ധിക്കുന്നതു കണക്കിലെടുത്തുകൊണ്ട് ഒരു കുടുംബദൈവശാസ്ത്രം നാം വികസിപ്പിക്കണം. ഇതിനായി സ്‌നേഹത്തിന്റെ സന്തോഷമെന്ന അപ്പസ്‌തോലിക പ്രഖ്യാപനത്തിന്റെ ഉള്‍ക്കാഴ്ചകള്‍ സ്വാംശീകരിക്കാവുന്നതാണ്.
3, ദേശീയതലത്തിലും ആഗോളതലത്തിലുമുള്ള മൗലികവാദവും ഭീകരതയും
ദൈവശാസ്ത്രജ്ഞര്‍ വളരെ ജാഗ്രത പാലിക്കേണ്ട ഒരു മേഖലയാണിത്. ഇവിടെ എന്തും അമിതമായാല്‍ വിപരീതഫലം ചെയ്യും. ഏതുതരം മൗലികവാദവും കൂടുതല്‍ മൗലികവാദത്തിനു കാരണമാകും. വിദ്വേഷം വളര്‍ത്തുകയും ഭീകരതയിലേയ്ക്ക് അതു നയിക്കുകയും ചെയ്യും. അതിനാല്‍ ആരോഗ്യകരമായ വിധത്തില്‍ സകലരേയും ഉള്‍ക്കൊള്ളുന്ന ഒരു ദൈവശാസ്ത്രം വളര്‍ത്തിക്കൊണ്ട് മതാന്തര, സംസ്‌കാരാന്തര സംഭാഷണങ്ങളെ കുറിച്ചു കൂടുതല്‍ ഗൗരവത്തോടെ ചിന്തിക്കാന്‍ ദൈവശാസ്ത്രജ്ഞര്‍ തയ്യാറാകണം. സ്വന്തം അനന്യതയില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുമ്പോള്‍ തന്നെ ഇതര വിശ്വാസങ്ങളെയും സംസ്‌കാരങ്ങളേയും സ്വാംശീകരിക്കാനുള്ള തുറവി ദൈവശാസ്ത്രജ്ഞര്‍ പ്രകടിപ്പിക്കണം.
4, സമൂഹത്തില്‍ ഭയങ്കരമായ വിധത്തില്‍ വര്‍ദ്ധിക്കുന്ന അഴിമതി
സര്‍വവ്യാപകമായിരിക്കുന്ന അഴിമതി വികസനത്തിനും നീതിയ്ക്കും യഥാര്‍ത്ഥ ഭീഷണിയായി നില്‍ക്കുകയാണ്. വിശേഷിച്ചും പാവങ്ങള്‍ക്കുള്ള നീതിയ്ക്ക് ഇതു വലിയ തടസ്സമാണ്. ആഗ്രഹത്തിനപ്പുറത്തുള്ള അത്യാഗ്രഹമാണ് എല്ലാത്തരം അഴിമതിയുടെയും വേര്. അഴിമതിയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന തിന്മയെയും ഘടനാപരമായ പാപത്തെയും കുറിച്ച് നാം അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മുടെ സ്ഥാപനങ്ങളും ക്രയവിക്രയങ്ങളും എത്രത്തോളം അഴിമതിമുക്തമാണെന്നതിനെ കുറിച്ചുള്ള ആത്മപരിശോധനകളും അത്യാവശ്യമാണ്. പ്രസംഗിക്കുന്നതു നാം പ്രവര്‍ത്തിക്കുന്നുണ്ടോ? നീതിയുടെ ഒരു ദൈവശാസ്ത്രം മുന്നോട്ടു വച്ചുകൊണ്ട് സഭയുള്‍ പ്പെടെയുള്ള സമൂഹത്തെ അഴിമതിമുക്തവും നീതിനിഷ്ഠവും ആക്കുന്നതിനുള്ള വിമര്‍ശനാത്മകവും ക്രിയാത്മകവുമായ സംഭാവനകള്‍ ദൈവശാസ്ത്രജ്ഞര്‍ നല്‍കേണ്ടതുണ്ട്.
5, ഇന്ത്യയ്ക്കുള്ളിലെ ആഭ്യന്തര കുടിയേറ്റങ്ങളും അന്താരാഷ്ട്ര കുടിയേറ്റവും
ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരു നീറുന്ന പ്രശ്‌നമാണ് കുടിയേറ്റം. കുടിയേറ്റക്കാരെ വെറും തൊഴിലാളികളായോ ചിലപ്പോള്‍ നമ്മുടെ സുരക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുള്ള ഭീഷണിയായോ നാം പരിഗണിക്കുന്നതായി കാണുന്നു. "നിങ്ങളുടെ അയല്‍ക്കാരില്‍ കുടിയേറ്റക്കാരും ഉള്‍പ്പെടുന്നുവെന്ന്" ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു. ആതിഥ്യത്തിന്റെ ഒരു മൂര്‍ത്തമായ ദൈവശാസ്ത്രം വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് നാം രൂപം നല്‍കേണ്ടതുണ്ട്. ഇന്ത്യയിലും നിരവധി വിദേശരാജ്യങ്ങളിലും കുടിയേറ്റക്കാരായി പോയിട്ടുള്ള അംഗങ്ങളുള്ള അനേകം കുടുംബങ്ങള്‍ നമുക്കുണ്ടെന്ന വസ്തുത ദൗര്‍ഭാഗ്യവശാല്‍ നാം മറക്കുന്നു. കുടിയേറ്റക്കാരെ യഥാവിധി ഉള്‍ചേര്‍ക്കുന്നതിനുള്ള ദൈവശാസ്ത്രപരവും അജപാലനപരവുമായ സമീപനങ്ങള്‍ നാം വികസിപ്പിക്കേണ്ടതുണ്ട്.
6, ലൈംഗികാടിസ്ഥാനത്തിലുള്ള അക്രമങ്ങളുടെ വര്‍ദ്ധിക്കുന്ന നിരക്ക്
ലൈംഗികാടിസ്ഥാനത്തിലുള്ള അക്രമങ്ങള്‍ അതിവേഗം വര്‍ദ്ധിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അനീതിയും അക്രമവും മനുഷ്യവംശത്തിനെതിരായ അനീതിയും അക്രമവും തന്നെയാണ്. ഇവിടെ ഒരു അമ്പരപ്പിക്കുന്ന ചോദ്യമുയരുന്നു: ലിംഗനീതിയുടെ ഒരു ദൈവശാസ്ത്രവും സ്‌ത്രൈണ ദൈവശാസ്ത്രവും നമുക്കെങ്ങനെ വളര്‍ത്തിയെടുക്കാം? എതിര്‍ ലിംഗത്തിലുള്ളവരുമായി പക്വതയാര്‍ന്ന ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ആളുകളെ സഹായിക്കുന്ന ബിബ്ലിക്കലും ദൈവശാസ്ത്രപരവുമായ ദര്‍ശനമുള്ള ആരോഗ്യകരമായ ഒരു ലൈംഗിക വിദ്യാഭ്യാസപരിപാടി നമുക്കു രൂപപ്പെടുത്താനാകുമോ? സഭയിലും സമൂഹത്തിലും സ്ത്രീകളുടെ ദൗത്യവും അന്തസ്സും അര്‍ഹമായ വിധത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? ഇവിടെയും സ്‌നേഹത്തിന്റെ സന്തോഷത്തില്‍ (നം. 54) ഫ്രാന്‍സി സ്മാര്‍പാപ്പ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ പ്രചോദനാത്മകമാണ്.
7, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം
വിവിധങ്ങളായ മതങ്ങളും ജാതികളും സംസ്‌കാരങ്ങളുമുള്ള ഇന്ത്യയുടെ മതേതരസാഹചര്യത്തിനു യോജിച്ച ഒരു രാഷ്ട്രീയ ദൈവശാസ്ത്രം വികസിപ്പിക്കുക എന്നതാകണം രാഷ്ട്രീയ ധ്രുവീകരണത്തോടുള്ള പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികളുടെ നിക്ഷി പ്ത താത്പര്യങ്ങളെക്കുറിച്ചും അവരുടെ ചൂഷണങ്ങളെക്കുറിച്ചും അതിലുള്‍പ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കണം. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ക്രൈസ്തവദര്‍ശനത്തില്‍ വേരൂന്നിയ സന്തുലിതമായ സാമൂഹ്യ-രാഷ്ട്രീയ ദര്‍ശനങ്ങള്‍ നല്‍കുന്ന ഒരു രാഷ്ട്രീയ ദൈവശാസ്ത്രം ദൈവശാസ്ത്രജ്ഞര്‍ വികസിപ്പിക്കണം.
8, ആഡംബരത്തിനും സുഖഭോഗങ്ങള്‍ക്കും വേണ്ടിയുള്ള വര്‍ദ്ധിക്കുന്ന അത്യാര്‍ത്തിയും ജീവിതലാളിത്യത്തിന്റെ അഭാവവും
നമുക്കൊരുപക്ഷേ അറിയില്ലെങ്കിലും കോര്‍പറേറ്റ് സംസ്‌കാരം നമ്മുടെ ജീവിതത്തിലും സംസ്‌കാരത്തിലും വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ആഡംബരങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍, സുവിശേഷവെളിച്ചത്തിലുള്ള ജീവിതലാളിത്യത്തിന്റെ മൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് സഭയിലെയും സമൂഹത്തിലെയും അംഗങ്ങളെ ബോധവത്കരിക്കാന്‍ ദൈവശാസ്ത്രജ്ഞര്‍ ശ്രമിക്കേണ്ടതുണ്ട്.
ഉപസംഹാരം
സമൂഹം നേരിടുന്ന സമകാലി കവെല്ലുവിളികളും അവയോടുള്ള സാദ്ധ്യമായ പ്രതികരണങ്ങളും ചുരുക്കമായി വിവരിച്ചു കഴിഞ്ഞ ഈ ഘട്ടത്തില്‍ രണ്ടു നിര്‍ദേശങ്ങളാണ് എനിക്കു മുന്നോട്ടു വയ്ക്കാനുള്ളത്.
1, സഭാവിജ്ഞാനീയശാഖകളില്‍ ഉന്നത യോഗ്യതകളുള്ള അനേകം അംഗങ്ങള്‍ സീറോ മലബാര്‍ സഭയിലുണ്ട്. അതുകൊണ്ട്, ഈ സഭയുടെ തനിമയും ഇന്ത്യയിലെ മത-സംസ്‌കാരങ്ങളുടെ സമ്പന്നമായ വൈവിധ്യവും കണക്കിലെടുത്തുകൊണ്ട് ഒരു സ്‌കൂള്‍ ഓഫ് തോട്ട് വികസിപ്പിക്കാവുന്നതല്ലേ? സഭയുടെ തനിമയെ ഗാഢമായി ഉള്‍ക്കൊള്ളുകയും അതോടൊപ്പം ഇന്ത്യയുടെ വിജ്ഞാനത്തിലേയ്ക്ക് തുറവിയുള്ളതുമായ ഒരു ചിന്താധാര.
2, കേരളത്തിനു പുറത്തും ആഗോളസാഹചര്യങ്ങളിലുമുള്ള മിഷണറി വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനു വ്യക്തികളെ പ്രാപ്തരാക്കുന്ന ഒരു പരിശീലന സ്ഥാപനം ആരംഭിക്കുക. സ്വയാധികാരസഭയെന്ന നിലയിലുള്ള വിപുലമായ അജപാലന, മിഷണറി സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുതകുന്നതായിരിക്കണം ഈ സ്ഥാപനം. വന്‍കരകളുടെ അതിരുകള്‍ മറികടന്നു പോകാനും ആഗോളസാഹചര്യത്തിലെ സുവിശേഷവത്കരണവെല്ലുവിളികള്‍ ഏറ്റെടുക്കാനും ഒരു അപ്പസ്‌തോലികസഭയെന്ന നിലയില്‍ സീറോമലബാര്‍ സഭയ്ക്കു ബാദ്ധ്യതയുണ്ട്. സഭയുടെ തനിമയും മിഷണറി അവസരങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ദൈവശാസ്ത്രമാണ് നാം വികസിപ്പിക്കേണ്ടത്. ആഗോളസഭയുടെ സാഹചര്യത്തില്‍ ഉയര്‍ന്നുവന്നേക്കാവുന്ന നിഷേധാത്മകമായ അ നന്തരഫലങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടാകണമിത്.
(സീറോ മലബാര്‍ ദൈവശാസ്ത്രകമ്മീഷന്‍ സഭാ ആസ്ഥാനത്തു നടത്തിയ ദൈവശാസ്ത്രജ്ഞരുടെ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org