പതിനാലു വരികളില്‍ ഒരു വസന്തം!

പതിനാലു വരികളില്‍ ഒരു വസന്തം!

അനുഭവം / കെ.വി. ബേബി
(കവിയും ഗ്രന്ഥകാരനുമായ കെ വി ബേബി തൃശൂര്‍ സെ. തോമസ് കോളജില്‍ അദ്ധ്യാപകനായിരുന്നു. കവിതാ സമാഹാരങ്ങളും ലേഖന സമാഹാരങ്ങളും ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

2000

ഷേക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍ ആദ്യമായിട്ടു മലയാളത്തില്‍
ചീഫ് എഡിറ്റര്‍: അയ്യപ്പപ്പണിക്കര്‍. വിവര്‍ത്തകര്‍: നാടകങ്ങള്‍ – കാവാലം നാരായണപ്പണിക്കര്‍, പി.കെ. വേണുക്കുട്ടന്‍ നായര്‍ തുടങ്ങിയവരും കവിതകള്‍ – അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും.
പ്രസാധകര്‍: ഡിസി ബുക്‌സ്.

പുസ്തകം വാങ്ങിയവരുടെ കൂട്ടത്തില്‍ ഈയുള്ളവനും. വീട്ടിലെത്തിയപാടേ പുസ്തകം തിരിച്ചും മറിച്ചും മണത്തും നോക്കി. നല്ല ഒന്നാംതരം നിര്‍മ്മിതി! പക്ഷെ വായനയെന്ന സൊല്ല. അതു പിന്നീടാകാം എന്നു തിക്കു തിരക്കുകളിലേയ്ക്കൂളിയിട്ടു. മറവിയുടെ ആഴങ്ങളിലേയ്ക്കാ പുസ്തകവും…

വായന

2004.
എന്തോ ഏതോ എങ്ങനെയോ ആ പുസ്തകം പൊടുന്നനെ ഓര്‍മ്മയില്‍ തെളിഞ്ഞു.
ഷേക്‌സ്പിയര്‍ നിനവില്‍ വന്നപ്പോള്‍!
താളുകള്‍ മറിച്ചു കടന്നുപോയപ്പോള്‍ ഉളളിലുടക്കിയത് കവിതകള്‍.
പഠിച്ചതും പഠിപ്പിച്ചതുമായ ഷേക്‌സ്പിയര്‍ സോണറ്റുകള്‍ !
154 ഷേക്‌സ്പിയര്‍ സോണറ്റുകളും മലയാളത്തിലേയ്ക്കാവാഹിച്ചിരിക്കുന്നത് സച്ചിദാന ന്ദന്‍! എങ്കില്‍ അവയിലൂടെ ഒന്നു കടന്നുപോയിട്ടു തന്നെ കാര്യം.
അതിനു മുമ്പു ഒരു തുടക്കമെന്ന നിലയ്ക്കു എന്റെ കാവ്യാന്വേഷണ പരീക്ഷണങ്ങളുടെ ഭാഗമെന്ന നിലയില്‍ ഒരു ഷേക്‌സ്പിയര്‍ സോണറ്റെങ്കിലും സ്വന്തം നിലയില്‍ മലയാളത്തിലാക്കാന്‍ പറ്റുമോയെന്നൊന്നു നോക്കുകതന്നെ. നോക്കി, മൂലത്തോടു നീതി പുലര്‍ത്താന്‍ ആദ്യം പദ്യത്തിലും ഗതികെട്ടു പിന്നെ ഗദ്യത്തിലും.
ദയനീയമായി തോറ്റു പിന്മാറി.
ഞാന്‍ തോറ്റിടത്തു സച്ചിദാനന്ദന്‍ എത്രമാത്രം വിജയിച്ചിരിക്കുന്നു എന്നറിയാനുള്ള കൗതുകം! കുട്ടിക്കൗതുകം!
ബേബിക്കൗതുകം !
ഇംഗ്ലീഷ് മൂലവും മലയാളം പരിഭാഷയും ഒത്തുനോക്കിയുള്ള വായനയ്‌ക്കെടുത്തതു ഏകദേശം മൂന്നു മാസം.
അഖണ്ഡഷേക്‌സ്പിയര്‍ ഗീതക പാരായണയജ്ഞം !

ശ്രദ്ധയില്‍പ്പെട്ടത്

സച്ചിദാനന്ദന്റെ പരിഭാഷ യുടെ മഹത്വം! മൂലത്തിലെ കവിതയൊട്ടുംതന്നെ ചോര്‍ന്നു പോവാതെയുള്ള ചൈതന്യ നിര്‍ഭരമായ മൊഴിമാറ്റം.
ഞാന്‍ അടിയറവു പറഞ്ഞയിടത്തു അദ്ദേഹത്തിന്റെ പരിഭാഷയുടെ അശ്വമേധ വിജയം!
എന്തിനധികം ഷേക്‌സ്പിയറുടെ മലയാളാവതാരം!
ശ്രദ്ധയില്‍പ്പെട്ട മറ്റു രണ്ടു കാര്യങ്ങള്‍:
സോണറ്റ് നമ്പര്‍ 106 വിട്ടുപോയി. മലയാളത്തിലെ നമ്പറിങ്ങ് തെറ്റ്.
മൂലത്തിലെ 154 നു പകരം മലയാളത്തില്‍ 153 മാത്രം.
സച്ചിദാനന്ദന്‍ 1 മുതല്‍ 60 വരെയുള്ളവ പദ്യത്തിലും ബാക്കി 61 മുതല്‍ 154 വരെയുള്ളവ ഗദ്യത്തിലുമാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ സോണറ്റുകളും പദ്യത്തില്‍ത്തന്നെ ചെയ്യുന്നതാണ് ഷേക്‌സ്പിയറോചിതം.
എന്തുകൊണ്ട് ?

കാരണം

ഷേക്‌സ്പിയര്‍ തന്റെ സോണറ്റുകളെല്ലാം പദ്യത്തിലാണെഴുതിയത്.
അദ്ദേഹത്തിന്റെ കാലത്തു കവിത മാത്രമല്ല നാടകവും പദ്യത്തിലെഴുതുകയെന്നതായിരുന്നു നാട്ടുനടപ്പ്. അദ്ദേഹവും ആ നടപ്പ് തെറ്റിച്ചില്ല. അദ്ദേഹം ഉപയോഗിച്ച വൃത്തം സംസാര ഭാഷയോടേറ്റവും അടുത്തു നില്‍ക്കുന്ന iambic pentameter, നമ്മുടെ കേകപോലെ.
ഷേക്‌സ്പിയര്‍ സോണറ്റുകളുടെ പദ്യപരിഭാഷയ്ക്കു സച്ചിദാനന്ദന്‍ തികച്ചും കാവ്യോചിതമായിത്തന്നെ സ്വീകരിച്ചതും കേകതന്നെ!

സോണറ്റ്

സോണറ്റ് എന്നാല്‍ വൃത്തത്തിലെഴുതപ്പെട്ട, പതിന്നാലു വരിയുള്ള ഒരു കാവ്യരൂപം.
Sonnet എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്ഭവം ലഘുഗാനം എന്ന അര്‍ത്ഥമുള്ള sonnetto എന്ന ഇറ്റാലിയന്‍ വാക്കില്‍ നിന്ന്.
സോണറ്റ് എന്ന കാവ്യരൂപത്തിന്റെ ജന്മദേശവും ഇറ്റലി തന്നെ.
സോണറ്റ് കണ്ടുപിടിച്ചത് Giacomo എന്ന ഇറ്റാലിയന്‍ കവിയാണെങ്കിലും അതിനെ ജനപ്രിയമാക്കിയത് Pterarch എന്ന മറ്റൊരിറ്റാലിയന്‍ കവി.
മറ്റു യൂറോപ്യന്‍നാടുകളിലേക്കു കടന്ന കൂട്ടത്തില്‍ സോണറ്റ് ഇംഗ്ലണ്ടിലുമെത്തി.
ഇംഗ്ലീഷ് സോണറ്റിന്റെ പിതാവ് Sir Thomas Wyatt ആണെങ്കിലും പതിനാലു വരികളില്‍ ഒരു സോണറ്റ് വസന്തംതന്നെ സൃഷ്ടിച്ചു അതിനെ ജനപ്രിയമാക്കിയത് ഷേക്‌സ്പിയര്‍!

സോണറ്റ് രണ്ടു തരം

പ്രധാനമായി സോണറ്റുകള്‍ രണ്ടു തരം: ഇറ്റാലിയന്‍ അല്ലെങ്കില്‍ പെട്രാര്‍ക്കന്‍. ഇതില്‍ 8 വരികളും 6 വരികളുമുള്ള രണ്ടു യൂണിറ്റുകള്‍.
എന്നാല്‍ ഇംഗ്ലീഷ് അഥവാ ഷേക്‌സ്പീരിയന്‍ സോണറ്റില്‍ 4 വരികളുള്ള മൂന്നു യൂണിറ്റുകളും 2 വരികളുള്ള അവസാന യൂണിറ്റും.
ഷേക്‌സ്പിസ്പിയര്‍ സോണറ്റില്‍ അവസാനത്തെ ഈരടി പരമപ്രധാനം. കാരണം: ഇതില്‍ അതിനു മുമ്പുള്ള മൂന്നു യൂണിറ്റുകളില്‍ നടന്ന വാദങ്ങളുടെയോ വികാരവിചാരങ്ങളുടെയോ ഒരു നിഗമനം, ഓ. ഹെന്റി കഥ കളുടെ പര്യവസാനത്തിലെ twist പോലെ ഒരപ്രതീക്ഷിത വിസ്മയം!
ഷേക്‌സ്പിയര്‍ സോണറ്റു കളില്‍ ഏറ്റവും പ്രശസ്തം
"Shall I compare thee to a summer's day?' ('വേനലിന്‍ പകലിനോടുപമിച്ചാലോ നിന്നെ?' എന്നു സച്ചിദാനന്ദന്റെ പരിഭാഷ) എന്നു തുടങ്ങുന്ന നമ്പര്‍ 18. ഏറ്റവും ജനപ്രിയ ഷേക്‌സ്പിയര്‍ കവിതയും മറ്റൊന്നല്ല.

മലയാളത്തില്‍

യൂറോപ്യന്‍നാടുകള്‍ കടന്നു ഇന്ത്യയിലുമെത്തി സോണറ്റ്. അക്കൂട്ടത്തില്‍ നമ്മുടെ ഈ കൊച്ചു കേരളത്തിലും.
Sonnet എന്ന ഇംഗ്ലീഷ് വാക്കിനെ ഗീതകം എന്നു വിളിച്ചത് പി. ശങ്കരന്‍ നമ്പ്യാരാണെന്നാണറിവ്.
മലയാളത്തില്‍ ഗീതകത്തിന്റെ അവതാരകനും മറ്റൊരാളല്ല.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗീതകങ്ങളെഴുതിയത് എം.പി. അപ്പന്‍.
അങ്ങനെ അദ്ദേഹം ഗീതകങ്ങളുടെയും അപ്പനായി പോലും! അദ്ദേഹത്തിന്റേതായി രണ്ടു ഗീതക സമാഹാരങ്ങള്‍: വെള്ളിനക്ഷത്രം, തരംഗലീല.
കെ.എം. പണിക്കരുടെ സന്ധ്യാരാഗം മറ്റൊരു ഗീതക സമാഹാരം.
വൈലോപ്പിള്ളിയുടെ കുരുവികള്‍ ചേതോഹരമായ ഒരു ഗീതക സമാഹാരം!
ടാഗോറിന്റെ ഗീതകങ്ങള്‍ പ്രശസ്തം.
വൃത്തത്തിലെഴുതുന്ന മലയാളത്തിലെ ഒട്ടുമിയ്ക്ക കവികളും അറിഞ്ഞോ അറിയാതെയോ ഗീതകം എഴുതിയിട്ടുണ്ട്.
ഏകാഗ്രതയാണു ഗീതകത്തിന്റെ ആത്മാവ്. അതിന്റെ ഘടന: ഒരു ഭാവത്തിന്റെ ഉദയം, ഉന്നമനം, വിലയം എന്നീ മൂന്നവ സ്ഥകള്‍.

പറയണോ വേണ്ടയോ?

ഷേക്‌സ്പിയര്‍ സോണറ്റുകളുടെ വായനയില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട ആ രണ്ടു കാര്യങ്ങള്‍ സച്ചിദാനന്ദനോടു പറയണോ വേണ്ടയോ?
ഹാംലറ്റിന്റെ പ്രശ്‌നം:
To Be or Not To Be ?
എന്റേത്: To Tell or Not to Tell?
പറയാനും പറയാതിരിക്കാനുമുണ്ട് കാരണങ്ങള്‍.
പറയാനുള്ള കാരണങ്ങള്‍:
ഞങ്ങള്‍ അഞ്ചു കൊല്ലം സഹപ്രവര്‍ത്തകരായിരുന്നു. മാഷ് എന്റെ രണ്ടു പുസ്തകങ്ങള്‍ക്കു അവതാരിക എഴുതിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷ സമ്മേളനത്തിലും തെരഞ്ഞെടുത്ത കവിതകളുടെ പ്രകാശനച്ചടങ്ങിലും അദ്ദേഹത്തിന്റെ കവിതകള്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ അനേകം കവിസമ്മേളനങ്ങളില്‍ കണ്ടുമുട്ടി സൗഹൃദം പുതുക്കിയിട്ടുണ്ട്.
പിന്നെ ഇടയ്ക്കിടയ്ക്കു വിളിച്ചു സാഹിത്യ സംഭാഷണങ്ങളില്‍ മുഴുകാറുണ്ട്.
എങ്കിലും പറയാതിരിക്കാനുമുണ്ട് കാരണങ്ങള്‍:
മാഷ് വളരെ വലിയ ഒരു കവി.
കവിത, ലേഖനം, പ്രഭാഷണങ്ങള്‍, പരിഭാഷാപദ്ധതികള്‍, യാത്രകള്‍ എന്നു തുടങ്ങി സദാ തിക്കും തിരക്കും കൊണ്ടുപിടിച്ച ഒരു ജീവിതം! ഞാന്‍ ആ രണ്ടു കാര്യങ്ങള്‍ സൂചിപ്പിച്ചാല്‍ വിട്ടു പോയ സോണറ്റിന്റെ കാര്യത്തില്‍ അദ്ദേഹം പോസിറ്റീവായി പ്രതികരിച്ചേക്കാം. പക്ഷെ മറ്റേക്കാര്യത്തില്‍ അദ്ദേഹം എന്നോടു ദേഷ്യപ്പെട്ടേക്കാം.
എന്റെ ഉള്ളു കണ്ടിട്ടെന്ന കണക്കെ ഒരു ഷേക്‌സ്പിയര്‍ സോണറ്റെങ്കിലും തനിക്കു മലയാളത്തിലാക്കാമോ എന്നെങ്ങാന്‍ വെല്ലുവിളിച്ചാലോ?
എന്റെ സൗകര്യം പോലെ പദ്യത്തിലോ ഗദ്യത്തിലോ ചെയ്യും. താനാരാ അതൊക്കെ ചോദിക്കാന്‍ എന്നെങ്ങാന്‍ കുത്തിയാലോ?
വേണ്ട വേണ്ടെന്നു കൂര്‍ത്ത വിവേകത്തോട്ടി പിന്‍വലി വലിച്ചെങ്കിലും വേണം വേണമെന്നുള്ളിലെ കളിത്തട്ടില്‍ കുട്ടിപ്പൂതിയുടെ തിരനോട്ടം! അവസാനം വരുന്നതു വരട്ടെയെന്നു ധൈര്യപ്പെട്ടു മാഷിനെ വിളിച്ചു മടിച്ചു മടിച്ചു കാര്യം പറഞ്ഞൊപ്പിച്ചു.
എന്റെ ഭയാശങ്കകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ടുള്ള മാഷിന്റെ പ്രതികരണം മാനുഷികകാരുണ്യത്തിന്റെ നറുംപാല്‍ നിറഞ്ഞു തുളുമ്പുന്നത്. (full of the milk of human kindness-Macbeth)
വിട്ടുപോയ സോണറ്റിന്റെ കാര്യത്തെപ്പറ്റി മാഷ്:
ഞാന്‍ മുഴുവന്‍ സോണറ്റുകളും വിവര്‍ത്തനം ചെയ്തു കൊടുത്തുവെന്നതു തീര്‍ച്ച.
ഞാന്‍ ഫയലും പുസ്തകവും ഒത്തുനോക്കിയിട്ടു കുറച്ചു കഴിഞ്ഞു വിളിക്കാം.
മാഷ് വിളിച്ചു പറഞ്ഞത്:
ദാ നമ്പര്‍ 106 എന്റെ ഫയലിലുണ്ട്. ഞാന്‍ അയച്ചുകൊടുത്തിട്ടുമുണ്ട്. പുസ്തകത്തില്‍ അച്ചടിച്ചു ചേര്‍ക്കാന്‍ വിട്ടു പോയതാണ്. അതു ഞാന്‍ ബേബിക്കയച്ചുതരാം. അയച്ചു തന്നു. അത് ഇപ്പോഴും എന്റെ ഫയലിലുണ്ട്.
മാഷ് തുടര്‍ന്നു:
പിന്നെ, എന്റെ വിവര്‍ത്തനത്തെക്കുറിച്ചു ബേബി പറഞ്ഞ അഭിപ്രായത്തോടെനിക്കു പരിപൂര്‍ണ്ണ യോജിപ്പ്.
ഷേക്‌സ്പിയറോടു നീതി പുലര്‍ത്തണമെങ്കില്‍ മുഴുവന്‍ സോണറ്റുകളും പദ്യത്തില്‍ത്തന്നെ വിവര്‍ത്തനം ചെയ്യണം.
എന്നിട്ടെന്താണു മാഷങ്ങനെ ചെയ്യാതിരുന്നത്?
സമയക്കുറവുകൊണ്ടു മാത്രം.
എങ്കില്‍ മാഷിന് മുഴുവന്‍ സോണറ്റുകളും പദ്യത്തില്‍ ചെയ്തു ഷേക്‌സ്പിയര്‍ ഗീതകങ്ങള്‍ എന്നൊരു പുസ്തകമിറക്കിക്കൂടേ?
ചെയ്യാം. പക്ഷെ ഉടനെ പറ്റില്ല.
എന്നു ചെയ്യും?
പറയാന്‍ പറ്റില്ല.
ചിലപ്പോള്‍ കൊല്ലം കുറെ കഴിഞ്ഞാകാം.
ഞാന്‍ ഇടയ്ക്ക് ഓര്‍പ്പിച്ചോട്ടേ?
ആയിക്കോളൂ.
പക്ഷെ ഉടനെ നടക്കില്ല.
ഞന്‍ കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ ഓര്‍പ്പിച്ചു പോന്നു.
സമയമായിട്ടില്ലാ
സമയമായിട്ടില്ലാ
എന്നു മാഷിന്റെ പല്ലവി.
സമയമായില്ലാ പോലും
സമയമായില്ലാ പോലും
എന്നെന്റെ പരിദേവനം.
ഓ ഇനി അതു മാഷ് ചെയ്യാനിടയില്ലായെന്നാശ വെടിഞ്ഞിരിക്കെ.
അതാ! അന്ന് പറന്നു വന്നു എന്റെ മെയില്‍ ബോക്‌സിലേക്ക് മാഷ് പദ്യത്തില്‍ ചെയ്ത 61 മുതല്‍ 90 വരെയുള്ള 30 ഷേക്‌സ്പിയര്‍ സോണറ്റുകള്‍!
അതുകണ്ടാഹ്ലാദം പൂണ്ടു പൂര്‍വ്വാധികം ഉത്സാഹത്തോടെയും ആവേശത്തോടെയും ഓര്‍പ്പിക്കല്‍ തുടര്‍ന്നു. പക്ഷെ നോ ഫലം.
നാളെ നാളെ നാളെയെന്നു മാഷ്.
Tomorrow tomorrow tomorrow എന്നു തുടങ്ങുന്ന മാക്ബതിന്റെ ആത്മഗതം.
മാഷിന്റെ നാളെ എന്നെങ്കിലും എന്റെ ഇന്നായെങ്കില്‍!
വീണ്ടും നിരാശയില്‍ മുഴുകിയിരിക്കെ.
അതാ! മാഷിന്റെ വിളി!
കുറച്ചു കൊല്ലം മുമ്പു ഞാന്‍ പദ്യത്തില്‍ ചെയ്തു ബേബിക്കയച്ചു തന്ന 61 മുതല്‍ 90 വരെയുള്ള ആ 30 കവിതകള്‍ എന്റെ mail box-ല്‍ കാണുന്നില്ല. ഒന്നു ചെക്കു ചെയ്തിട്ടു ബേബിയുടെ മെയില്‍ ബോക്‌സിലുണ്ടെങ്കില്‍ തിരിച്ചയച്ചുതരാമോ?
തീര്‍ച്ചയായും.
പക്ഷെ ചെക്കു ചെയ്തപ്പോള്‍ കണ്ടത് എന്റെ മെയില്‍ ബോക്‌സില്‍ നിന്നും അവ എങ്ങോട്ടേക്കോ പറന്നു പോയിരിക്കുന്നു!
കാര്യം പറഞ്ഞപ്പോള്‍ മാഷ്:
സാരമില്ല. വീണ്ടും ചെയ്യാം.
ഇതാ മാഷ് ഇരുപത്തൊന്നു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഷേക്‌സ്പിയര്‍ സോണറ്റുകളുടെ പദ്യപരി ഭാഷ പുനഃരാരംഭിച്ചിരിക്കുന്നു!
എനിക്കു വ്യക്തിപരമായി ഇതു ഒരു മധുരവാഗ്ദാനത്തിന്റെ മധുരപ്പതിനേഴ്! കാരണം, ഷേക്‌സ്പിയര്‍ സോണറ്റുകളെല്ലാം പദ്യത്തില്‍ ചെയ്യാമെന്നു മാഷ് എനിക്കു വാക്കു തന്നിട്ടു പതിനേഴു കൊല്ലമാകുന്നു.
മഹത്തായ ഈ പരിഭാഷാ പദ്ധതി വിശ്വമഹാകവിക്കുള്ള ഒരു മലയാള മഹാകവിയുടെ
ആദരാഞ്ജലി!
ഷേക്‌സ്പിയറും ദൈവവും നിലനില്‍പ്പിന്റെ വരം ചൊരിഞ്ഞദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.

വാല്‍ക്കഷണം:

ഒരിക്കല്‍ എന്റെ Dose of Reminder വല്ലാതെ കൂടിയപ്പോള്‍ അതിനു മാഷിന്റെ ഒറ്റമൂലി പ്രയോഗം:
A Dose of Laughter: a collection of cartoons by R.K. Laxman.
ഓര്‍മ്മ വന്നത്: ഷേക്‌സ്പിയര്‍ ദുരന്തനാടകങ്ങളിലെ നര്‍മ്മാശ്വാസവേളകളായ Comic Reliefs.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org