മതഭ്രാന്തിന്റെയും മൗലികവാദത്തിന്റെയും പ്രവണതകള്‍ ക്രിസ്തീയ സാക്ഷ്യത്തിന് വിരുദ്ധമാണോ?

മതഭ്രാന്തിന്റെയും മൗലികവാദത്തിന്റെയും പ്രവണതകള്‍ ക്രിസ്തീയ സാക്ഷ്യത്തിന് വിരുദ്ധമാണോ?

ഡോ. സി.ഡി. സെബാസ്റ്റ്യന്‍ എം.എസ്.ടി.
(പ്രൊഫസര്‍, ഐ ഐ ടി, മുംബൈ)

ഒരു കഥയില്‍ നിന്ന് ആരംഭിക്കാം. 2017 മെയ് 19 ന് തന്റെ താമസസ്ഥലമായ സാന്താ മാര്‍ത്തായില്‍ ദിവ്യബലിക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ, അപ്പസ്‌തോല പ്രവൃത്തനങ്ങള്‍ 15:22-31 വിചിന്തനം ചെയ്തുകൊണ്ട് ഇപ്രകാരം പറ യുകയുണ്ടായി: "ഇതാണു പ്രശ്‌നം. സഭയുടെ വിശ്വാസസംഹിത ഒരു പ്രത്യയശാസ്ത്രമായി മാറുമ്പോള്‍. ഇതാണ് ജനങ്ങളുടെ ഏറ്റവും വലിയ തെറ്റ് – അവര്‍ മതഭ്രാന്തന്മാരായി ത്തീരുന്നു. സഭയ്ക്ക് മാര്‍പ്പാപ്പയുടെയും ബിഷപ്പുമാരുടെയും പ്രബോധനാധികാരം ഉണ്ട്, അത് വിശ്വാസസംഹിതകളെ വ്യാഖ്യാനിക്കുകയും ദൈവജനത്തിനു മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യും. വിശ്വാസസംഹിത എല്ലാ യ്‌പ്പോഴും ഐക്യപ്പെടുത്തുന്നു, പ്രത്യയശാ സ്ത്രമാകട്ടെ വിഭജിക്കുന്നു. പ്രത്യയശാസ്ത്ര വാദികള്‍ ആകരുത്. അപ്പസ്‌തോല പ്രവൃത്തനങ്ങള്‍ പതിനഞ്ചാം അദ്ധ്യായത്തില്‍ നാം കാണുന്ന ഒരു കാര്യമുണ്ട്. അന്ത്യോക്യയിലെ ക്രൈസ്തവസമൂഹത്തിലെ അസ്വസ്ഥത കാരണം വിളിക്കപ്പെട്ട ജറുസലേം കൗണ്‍സിലിന്റെ അവസാനത്തില്‍, ഒരു നിശ്ചിത വിഭാഗം യഹൂദ ക്രിസ്ത്യാനികളുടെ വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതിക നിലപാടിനെ അപ്പസ്‌തോലന്മാര്‍ നിരാകരിക്കുന്നു. പലസ്തീനില്‍ നിന്ന് വന്ന തീക്ഷ്ണമതികളായ ചില യഹൂദ ക്രിസ്ത്യാനികളുണ്ടായിരുന്നു, യഹൂദേതര പശ്ചാത്തലത്തിലുള്ള ക്രിസ്ത്യാനികളോട് യഹൂദ ആചാരങ്ങളും പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. രക്ഷയ്ക്ക് ഇതാവശ്യമാണെന്ന് അവര്‍ കരുതി. വി. പൗലോസിന് ഇതിനോടു കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം ജറുസലേം കൗണ്‍സി ലില്‍ പരിഹരിച്ചു. സഭയിലെ "അമിത തീക്ഷ് ണമതികളായ" വ്യക്തിഗത ശബ്ദങ്ങള്‍ പ്രത്യയശാസ്ത്രവാദികളായിത്തീ രുമ്പോള്‍, ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കിയതുപോലെ, മതഭ്രാന്തും മതമൗലികവാദവും നമ്മുടെ ഇടയില്‍ നുഴഞ്ഞു കയറു കയും തദ്ഫലമായി നമുക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയും ചെയ്യും എന്ന എന്റെ നിഗമനത്തെ അവതരിപ്പിക്കാനാണ് ഈ സംഭവം ഞാന്‍ ഉദ്ധരിച്ചത്. സന്തുലിതരും അറിവുള്ളവരുമായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞരും ചിന്തകരുമായി ആലോചിച്ച് പ്രാദേശിക സഭയിലെ ബിഷപ്പുമാരും അധികാരികളും ഔദ്യോഗിക സാര്‍വത്രിക സഭയുടെ പ്രബോധനമനു സരിച്ച് സഭയ്ക്കും സമൂഹത്തിനും മാര്‍ഗദര്‍ശനം നല്‍കാന്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

സമകാലിക കേരളം: മതജനസംഖ്യാവിന്യാസം

ഇന്ന് കേരളത്തിന്റെ മത ജന സംഖ്യാവിന്യാസം പരിശോധിക്കുമ്പോള്‍, ക്രിസ്ത്യാനികളെ അസ്വ സ്ഥരാക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. കേരളത്തിലെ മൊത്തം 3.6 കോടി ജനസംഖ്യയില്‍ (2020 മെയ് 31 ന് യുഐഡി-ആധാര്‍ വെബ്സൈറ്റ് പ്രകാരം) ഹിന്ദുക്കള്‍ 55 ശതമാനവും മുസ്ലിംകള്‍ 27 ശതമാനവും ക്രിസ്ത്യാനികള്‍ 18 ശത മാനവുമാണ്. 1951 ലെ സെന്‍സസ് അനുസരിച്ച് മത ജനസംഖ്യാവി ന്യാസം 61% ഹിന്ദുക്കളും 21% ക്രി സ്ത്യാനികളും 18% മുസ്ലിംകളുമാണ്. 2015 ലെ രേഖ പ്രകാരം, കേരള മത ജനസംഖ്യാവിന്യാസത്തിന്റെ ശിശു ജനന നിരക്ക് ഏകദേശം 43% ഹിന്ദുക്കളും 42% മുസ്ലിംകളും 15% ക്രിസ്ത്യാനികളുമാണ്.
കേരളത്തിലെ അക്രൈസ്തവ മതങ്ങളെ പരിശോധിക്കുമ്പോള്‍, വിവിധ തലങ്ങളില്‍ ആക്രമണാ ത്മകവും തീവ്രവാദപരവുമായ പ്രവണതകള്‍ പ്രകടിപ്പിക്കപ്പെടുന്നു വെന്നത് ഒരു വസ്തുതയാണ്. 19, 20 നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ഹിന്ദുമതത്തിന്റെ പ്രയാണപഥം സുദൃഢവും തീവ്രവാദപരവുമായ ഹി ന്ദുമതത്തിന് വഴിയൊരുക്കി. രാജാറാം മോഹന്‍ റോയ് (1772-1833) തന്റെ ബ്രഹ്മസമാജത്തിനൊപ്പം (1816-ല്‍ സ്ഥാപിതമായത്) ഒരു പാന്‍-ഇന്ത്യന്‍ ഹിന്ദു മതം വിഭാ വനം ചെയ്തു. ദയാനന്ദ് സരസ്വതി (1824-1883) തന്റെ ആര്യ സമാജത്തോടൊപ്പം (1875-ല്‍ സ്ഥാപി തമായത്) വേദഗ്രന്ഥങ്ങള്‍, സംസ്‌കൃത ഭാഷ, വര്‍ണാശ്രമം എ ന്നീ ഘടകങ്ങളുള്ള ഒരു ഹിന്ദു രാഷ്ട്രത്തെ വിഭാവനം ചെയ്തു. ബ്രഹ്മസമാജത്തില്‍നിന്നും ആര്യ സമാജത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഹിന്ദു മഹാസഭ 1915 -ല്‍ സ്ഥാപിതമായി. ഹിന്ദു മഹാ സഭയുടെ മുന്‍രൂപങ്ങള്‍ 1905 മുതല്‍ പ്രാദേശിക തലങ്ങളില്‍ ആ രംഭിച്ചു, 1909-ല്‍ ലാലാ ലജ്പത് റായ്, മദന്‍ മോഹന്‍ മാളവ്യ എ ന്നിവരുമായി ചേര്‍ന്ന് പഞ്ചാബ് ഹിന്ദുസഭ ആരംഭിച്ചു. 1909 ല്‍ ലാഹോറിലെ ആദ്യസമ്മേളനത്തില്‍ മാളവ്യ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ദേശീയതയായിരുന്നു ഈ പ്രസ്ഥാനങ്ങളുടെ അനന്തര ഫലം. 1923-ല്‍ വിഡി സവര്‍ക്കറുടെ "ഹിന്ദുത്വ: ആരാണ് ഒരു ഹിന്ദു" എന്ന നയരേഖ പുറത്തുവന്നു, ഹിന്ദുത്വത്തെ ഏകീകൃത സാംസ്‌കാരിക, രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായി സ്ഥാപിക്കുകയെന്ന ഏക ലക്ഷ്യത്തോടെ 1925 ല്‍ ആര്‍എസ്എസ് സ്ഥാപിതമായി. രാഷ്ട്രീയ മാനവും ഭരണാധികാരവുമുള്ള ഒരു ഹിന്ദു ഭൂരിപക്ഷവാദമാണ് ഈ പ്രത്യയശാസ്ത്രം ലക്ഷ്യമിട്ടത്. ഹിന്ദുമതത്തിന്റെ വിജയകരവും ആക്രമണാത്മകവുമായ ആവിഷ്‌കാരം ഉണ്ടായിരിക്കണമെന്ന് അത് ആഗ്രഹിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് "അപരത്തെ" സൃഷ്ടിച്ച് ഒരു ഏകീകൃത ഘടനയായി ഉയര്‍ന്നുവരാന്‍ കഴിഞ്ഞു. (അപരമെന്നാല്‍ മുസ്ലീങ്ങളെന്നും ക്രിസ്ത്യാനികളെന്നും കമ്മ്യൂണിസ്റ്റുകളെന്നും വായിക്കുക). ഭൂരിപക്ഷത്തിന്റെ ശത്രുവായി, "രാജ്യദ്രോഹികളായി" രാജ്യത്തിന്റെ "ആഭ്യന്തര ഭീഷണികള്‍" ആയി ഈ അപരന്മാരെ പരിഗണിക്കണമെന്നാണ് ഈ പ്രത്യയശാസ്ത്രം ആവ ശ്യപ്പെടുന്നത്. (എം.എസ്. ഗോല്‍വാള്‍ക്കര്‍ എഴുതിയ വിചാരധാരയുടെ ഭാഗം 2, 16-ാം അധ്യായം കാണുക). കേരളത്തിലെ നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമാ യി വിശകലനം ചെയ്താല്‍, ഈ പ്രത്യയശാസ്ത്രം ഇന്ന് കേരള ത്തിലെ നിരവധി ഹിന്ദുക്കളുടെ മനസ്സുകളിലേയ്ക്ക് അരിച്ചിറങ്ങുകയും വ്യാപിക്കുകയും ചെയ്തിട്ടുണ്ട് എന്ന വസ്തുത നിഷേധിക്കാന്‍ കഴിയില്ല.
ആക്രമണാത്മകവും തീവ്ര വാദപരവുമായ വീക്ഷണത്തിന്റെ ഘടകങ്ങള്‍ അവരില്‍ വിരളമായിട്ടെങ്കിലും കാണുന്നു. കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കാണുന്ന സലഫിസം സൗദി അറേബ്യയില്‍ നിന്ന് ഉത്ഭവിച്ച വഹാബിസത്തിന്റെ ഇന്ത്യന്‍ അവതാരമാണ്. കേരള നദ്വത്തുല്‍ മു ജാഹദീന്‍ (കെഎന്‍എം) 1947 ല്‍ ആരംഭിച്ചു. കേരള ജാമിയത്തുല്‍ ഉലമ (കെജെയു) "അതിന്റെ മാര്‍ഗദര്‍ശനത്തിനു കീഴിലുള്ള എല്ലാ ബൗദ്ധിക തലങ്ങളിലുമുള്ള ആളുകളുടെ പങ്കാളിത്തത്തോടെ ഇസ്ലാമിക പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍" അക്കാലത്തു തീരുമാനിച്ചു. മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തി ന്റെയും ജനാധിപത്യത്തിന്റെയും സ്വാധീനമുണ്ടായിരുന്നുവെങ്കിലും കെഎന്‍എമ്മില്‍ നിര്‍ബന്ധിതമായ ഇസ്‌ലാമിക പ്രചാരണത്തിന്റെ ഘടകങ്ങളും അതിലുണ്ട്. 1927 ല്‍ സ്ഥാപിതമായ തബ്ലീഗ് ജമാഅത്തിനും 1941 ല്‍ സ്ഥാപിതമായ ജ മാഅത്തെ ഇസ്ലാമിക്കും കേരള ത്തില്‍ ശക്തമായ സാന്നിധ്യമുണ്ട്. സിറിയയിലെയും ലോകത്തി ന്റെ മറ്റു ഭാഗങ്ങളിലെയും തീവ്രവാദികളായ മുസ്ലിം ഗ്രൂപ്പുകളു മായി ഓണ്‍ലൈന്‍ ബന്ധങ്ങളുള്ള വിദ്യാസമ്പന്നരായ മുസ്ലിംകള്‍ സ്വയം മൗലികവാദികളായി മാറു ന്നുവെന്ന ഗുരുതരമായ ഒരു വീക്ഷണവുമുണ്ട്. 2006-ല്‍ കേരള ത്തില്‍ ആരംഭിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) കേരളത്തില്‍ മാത്രമല്ല, ഇന്ത്യയി ലുടനീളവും അസാധാരണമായ വളര്‍ച്ച കൈവരിച്ചു. അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഭരണഘടന അനുസരിച്ച്, ന്യൂനപക്ഷ സമുദായങ്ങള്‍, ദലിതര്‍, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവ യിലെ ആളുകളെ ശാക്തീകരി ക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു നവ സാമൂഹിക പ്രസ്ഥാനമാണെന്ന് പിഎഫ്‌ഐ സ്വയം വിശേഷി പ്പിക്കുന്നു. എന്നിരുന്നാലും, പിഎഫ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണ്. ആര്‍എസ്എസ് കേഡര്‍ പോലെ, ഇവര്‍ക്കും യൂണിഫോം ഉണ്ട്, പൊതുസ്ഥലങ്ങളില്‍ പലപ്പോഴും അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു. നിരവധി ജില്ലകളില്‍ കേഡര്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. അതിനാല്‍, ചില കോണുകളിലോ പോക്കറ്റുകളിലോ കേരളത്തില്‍ ഇസ്‌ലാമിന്റെ ഭയാനകമായ തീവ്രവാദവല്‍ക്കരണമുണ്ടെന്ന വസ്തുത നമുക്ക് നിഷേധിക്കാനാവില്ല.

പ്രചാരണോന്മുഖവും മതപരിവര്‍ത്തന
ലക്ഷ്യത്തോടെയുള്ളതുമായ മുസ്ലീങ്ങളില്‍ നിന്നോ
അല്ലെങ്കില്‍ തീവ്രവാദികളായ ഹിന്ദുക്കളില്‍നിന്നോ
ആകട്ടെ, ആക്രമണാത്മകവും തീവ്രവാദപരവുമായ
മതവീക്ഷണം അനുഭവവേദ്യമാകുമ്പോള്‍, തങ്ങള്‍ക്കു
ചുറ്റു മുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ കേരളത്തിലെ
ക്രിസ്ത്യാനികള്‍ വിക്ഷുബ്ധരാകുകയും അപകടങ്ങളായി
തങ്ങള്‍ കരുതുന്ന കാര്യങ്ങളെ കുറിച്ച് അവര്‍
വികാരാധീനരാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
എന്നിരുന്നാലും, സുവിശേഷവും കത്തോലിക്കാസഭയുടെ
പ്രബോധനാധികാരത്തിന്റെ പ്രഖ്യാപനങ്ങളും
ഒരു രൂപത്തിലും മതമൗലികവാദത്തെയും
മതഭ്രാന്തിനെയും പ്രോത്സാഹിപ്പിക്കുന്നില്ല.

മതഭ്രാന്തും മൗലികവാദവും കത്തോലിക്കാ സ്വഭാവ വിശേഷങ്ങളാണോ?

പ്രചാരണോന്മുഖവും മതപരി വര്‍ത്തനലക്ഷ്യത്തോടെയുള്ളതുമായ മുസ്ലീങ്ങളില്‍ നിന്നോ അല്ലെങ്കില്‍ തീവ്രവാദികളായ ഹിന്ദുക്ക ളില്‍നിന്നോ ആകട്ടെ, ആക്രമണാത്മകവും തീവ്രവാദപരവുമായ മതവീക്ഷണം അനുഭവവേദ്യമാകു മ്പോള്‍, തങ്ങള്‍ക്കു ചുറ്റുമുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ വിക്ഷു ബ്ധരാകുകയും അപകടങ്ങളായി തങ്ങള്‍ കരുതുന്ന കാര്യങ്ങളെ കുറിച്ച് അവര്‍ വികാരാധീനരാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, സുവിശേഷവും കത്തോലിക്കാസഭയുടെ പ്രബോ ധനാധികാരത്തിന്റെ പ്രഖ്യാപനങ്ങളും ഒരു രൂപത്തിലും മതമൗലികവാദത്തെയും മതഭ്രാന്തിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. 2015 ന വംബര്‍ 9 ന് ഫ്‌ളോറന്‍സില്‍ നടന്ന ഇറ്റാലിയന്‍ മെത്രാന്‍ സമ്മേള നത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: "സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിരോധത്തിന്റെ പ്രതികരണമായി യാഥാസ്ഥിതികത്വത്തോടും മതമൗലികവാദത്തോടും ചേര്‍ന്നുനില്‍ക്കുന്നത് നിറുത്തുക. …സഭയ്ക്കു മുറിവേല്‍ക്കണം, വേദനിപ്പിക്കപ്പെടണം, മാലിന്യമേല്‍ക്ക ണം." സഭയുടെ പ്രതിച്ഛായ വിജയീഭാവത്തിന്റേതായിരിക്കില്ല, മറിച്ച് കഷ്ടതകള്‍ സഹിക്കുന്ന സഭയുടേത്, ക്രിസ്തുവിന്റെ സഭയുടേത് ആയിരിക്കും.

കത്തോലിക്കാ സഭയിലെ രണ്ട് ആധുനിക പാഷണ്ഡതകള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ അപ്പസ്‌തോലിക ഉദ്ബോധനമായ "ആനന്ദിച്ച് ആഹ്ലാ ദിക്കുവിന്‍" എന്നതിന്റെ രണ്ടാം അധ്യായത്തില്‍ സഭയുടെ ആത്മീയ ജീവിതത്തിലെ രണ്ട് അപകടങ്ങളെ എടുത്തുകാണിക്കുന്നു, ജ്ഞാനവാദത്തിന്റെയും പെലാജിയനിസത്തിന്റെയും ആധുനിക പതിപ്പുകളാണവ. ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു: "നമ്മെ വഴിതെറ്റിക്കുന്ന വിശുദ്ധിയുടെ രണ്ട് തെറ്റായ രൂപങ്ങളെ ഇവിടെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ജ്ഞാനവാദം, പെലാജിയനിസം. ക്രിസ്തീയതയുടെ ആദ്യ കാല ഘട്ടത്തിലെ രണ്ട് മതപാഷണ്ഡതകളാണ് അവ. ഇപ്പോഴും അവ നമ്മെ ബാധിക്കുന്നു. നമ്മുടെ കാലത്തും, പല ക്രിസ്ത്യാനികളും ഒരുപക്ഷേ സ്വയമറിയാതെ, ഈ വഞ്ചനാപരമായ ആശയങ്ങളാല്‍ വശീകരിക്കപ്പെടാം. അത് കത്തോലിക്കാ സത്യത്തിന്റെ വേഷംകെട്ടിയ ഒരു മനുഷ്യവംശകേന്ദ്രീകൃതമായ അന്തര്‍വര്‍തിത്ത്വവാദത്തെ (ആന്ത്രോപ്രോസെന്‍ട്രിക് ഇമ്മ നെന്റിസം) പ്രതിഫലിപ്പിക്കുന്നു" (35). ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കുന്ന 'ആന്ത്രോപോ സെന്‍ട്രിക് ഇമ്മനെന്റിസത്തെക്കുറിച്ച്' ഒരു വാക്ക് പറയട്ടെ. ഒരു വ്യക്തിയുടെ മസ്തിഷ്‌കത്തിനോ പ്രവൃത്തികള്‍ക്കോ ദൈവത്തിന്റെ നിഗൂഢതയുടെ പൂര്‍ണ്ണത അറിയാനും അനുഭവിക്കാനും 'ഉള്‍ക്കൊ ള്ളാനും' കഴിയുമെന്ന തെറ്റായ ധാരണയാണ് 'ആന്ത്രോപോ സെന്‍ട്രിക് ഇമ്മനെന്റിസം'. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, "ദൈവത്തെക്കുറിച്ച് അറിയാനു ള്ളതെല്ലാം എനിക്കറിയാം, കൂടാതെ/അല്ലെങ്കില്‍ എന്റെ സല്‍കര്‍മ്മങ്ങള്‍, കഴിവ്, പ്രാപ്തി, ദൈവ ത്തെക്കുറിച്ചുള്ള എന്റെ അറിവ്" എന്നിവ ദൈവത്തിന്റെ കൈ എന്നോടൊപ്പമുണ്ടെന്നുള്ളതിന്റെ അടയാളമാണ്." അത്തരമൊരു മനോഭാവത്തില്‍ ഒരാള്‍ ഒരു ഉപ ദൈവമായി സ്വയം സങ്കല്‍പിക്കുകയാണ്.

ആധുനിക ജ്ഞാനവാദം

ആധുനിക ജ്ഞാനവാദം സഭയില്‍ നാമിന്നു കാണുന്ന അത്തരമൊരു മതപാഷണ്ഡതയാണ് (3646). 'അറിയുക' എന്ന ഗ്രീക്ക് പദത്തില്‍ നിന്നുള്ളതാണ് ജ്ഞാന വാദം. നിങ്ങള്‍ക്കെന്തറിയാമെന്നതാണ് ഏറ്റവും പ്രധാനമെന്ന് പറയുന്ന പഴയ മതപാഷണ്ഡതയാണ് ജ്ഞാനവാദം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോ നല്ല പ്രവൃത്തികളോ ചെയ്യേണ്ടതില്ല. നിങ്ങള്‍ക്ക് വേണ്ടത് ശരിയായ ബൗദ്ധിക സമീപനമാണ്. വിശ്വാസത്തെ "പൂര്‍ണ്ണമായി ഗ്രഹിക്കാന്‍" കഴിയുമെന്ന് ചിന്തിക്കാന്‍ ജ്ഞാനവാദം ആളുകളെ പ്രേരിപ്പിക്കുന്നു (39) ഒപ്പം അവരുടെ ചിന്താഗതി സ്വീകരിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കാ നും അതവരെ പ്രേരിപ്പിക്കുന്നു. "എല്ലാ ചോദ്യത്തിനും ആര്‍ക്കെങ്കിലും ഉത്തരമുണ്ടെങ്കില്‍ അവര്‍ ശരിയായ വഴിയിലല്ല എന്നതിന്റെ സൂചനയാണത്. അവര്‍ വ്യാജ പ്ര വാചകന്മാരായിരിക്കും, അവര്‍ സ്വന്തം ഉദ്ദേശ്യത്തിനായി, അവരുടെ മനഃശാസ്ത്രപരമോ ബൗദ്ധികമോ ആയ സിദ്ധാന്തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായ മതത്തെ ഉപയോഗിക്കുന്നു" (41) മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, എല്ലാം അറിയുന്നത് നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല. "ജ്ഞാനവാദം ഏറ്റവും മോശമായ പ്രത്യയശാസ്ത്ര ങ്ങളിലൊന്നാണ്, കാരണം അറിവിനെയോ ഒരു പ്രത്യേക അനുഭവത്തെയോ അനാവശ്യമായി ഉയര്‍ത്തുമ്പോള്‍, യാഥാര്‍ത്ഥ്യ ത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് എല്ലാം തികഞ്ഞതാണെന്ന് അത് കണക്കാക്കുന്നു" (40). 'ദൈവത്തിന്റെ നിഗൂഢതയ്ക്കും അവന്റെ കൃപയ്ക്കും" അതു യാതൊരു പരിഗണനയും നല്‍കുന്നില്ല (40). "യുക്തിക്കു പരിധി" ഉണ്ടെന്ന് അ ത് പരിഗണിക്കുന്നില്ല (GE: 43). ഈ മനോഭാവം എല്ലാ കാലത്തും പുരോഹിതന്മാര്‍, സന്യസ്തര്‍, ദൈവശാസ്ത്രജ്ഞര്‍ എന്നിവര്‍ക്കിടയില്‍ കാണപ്പെടുന്നു, എല്ലാറ്റിനുമുപരി "ആധുനിക പ്രഘോ ഷകര്‍ക്കിടയില്‍." "അജ്ഞരായ സമാന്യജനങ്ങളെക്കാള്‍ തികഞ്ഞവരും മികച്ചവരുമായതിനാല്‍" ചില നിശ്ചിത പദപ്രയോഗങ്ങള്‍ കൊണ്ട് എല്ലാ കാര്യങ്ങളും തങ്ങള്‍ക്കു "വിശദീകരിക്കാന്‍" കഴിയുമെന്ന് അവര്‍ കരുതുന്നു (45). "ഇതര വിശ്വാസികളേക്കാള്‍ ഏതോ വിധത്തില്‍ ശ്രേഷ്ഠരാണെന്ന്" സ്വയം കരുതാന്‍ കൂടു തല്‍ സഭയിലെ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കുണ്ടാകാനിടയുള്ള ഈ പ്രലോഭനത്തെ കുറിച്ചു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു (വീറ്റ കോണ്‍സക്രാത്ത 38). ഈ വിധ ത്തിലുള്ള പാഷണ്ഡതയുടെ ഘടകങ്ങള്‍ തന്റെ സ്വരത്തിലേക്കും സ്വഭാവത്തിലേക്കും കടന്നുവന്നി ട്ടുണ്ടോ എന്നു ധ്യാനഗുരുക്കന്മാരും പ്രഭാഷകരും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

ആധുനിക പെലാജിയനിസം

ഒഴിവാക്കേണ്ട രണ്ടാമത്തെ കാര്യം പെലാജിയനിസമാണ്. അഞ്ചാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനായ പെലാജിയസിന്റെ പേരിലുള്ള ആശയമാണിത് (4762). നമ്മുടെ സ്വന്തം പരിശ്രമത്തിലൂടെ നമ്മുടെ രക്ഷയുടെ കാര്യം നോക്കാന്‍ കഴിയുമെന്ന് പെലാജിയനി സം പറയുന്നു. പെലാജിയന്‍സ് സ്വന്തം ശക്തിയില്‍ വിശ്വസിക്കുന്നു, തങ്ങള്‍ക്ക് ദൈവത്തിന്റെ കൃപ ആവശ്യമാണെന്ന് അവര്‍ കരുതുന്നില്ല, തങ്ങള്‍ ചില നിയമങ്ങള്‍ പാലിക്കുന്നതിനാല്‍ മറ്റുള്ളവരെ ക്കാള്‍ ശ്രേഷ്ഠരാണെന്നു കരുതുന്നു. ഇത് വിശുദ്ധിക്ക് ഒരു യഥാര്‍ത്ഥ അപകടമാണ്, കാരണം അത് നമ്മില്‍ നിന്നു വിനയം കവര്‍ന്നെടുക്കുന്നു (4951), നമ്മെ മറ്റുള്ളവരു ടെ മേല്‍ പ്രതിഷ്ഠിക്കുന്നു, കൃപയ്ക്ക് ഇടം നല്‍കുന്നില്ല. അവര്‍ "സ്വന്തം ശക്തിയില്‍ മാത്രം വിശ്വസിക്കുകയും ചില നിയമങ്ങള്‍ പാലിക്കുകയോ അല്ലെങ്കില്‍ ഒരു പ്രത്യേക കത്തോലിക്കാ ശൈലിയോടു വിട്ടുവീഴ്ചയില്ലാത്ത വിശ്വസ്തത പുലര്‍ത്തുകയോ ചെയ്യുന്നതുകൊണ്ടു മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരായി സ്വയം കരുതുകയും ചെയ്യുന്നു" (49). 'പരസ്പര ബന്ധമില്ലാത്ത പലതരം ചിന്താഗതികളിലും പ്രവര്‍ത്തനരീതികളിലും ഇത് ആവിഷ്‌കാരം കണ്ടെത്തു ന്നു: നിയമത്തോടുള്ള അഭിനിവേശം, സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടുള്ള ആകര്‍ഷണം, സഭയുടെ ആരാധനാക്രമം, പ്രബോധനം, അന്തസ്സ് എന്നിവയോട് അനുഷ്ഠാനപരമായ താത്പര്യം, പ്രായോഗിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവു സംബന്ധിച്ച പൊങ്ങച്ചം, സ്വയം-സഹായത്തിന്റെയും വ്യക്തിപരമായ സംതൃപ്തിയുടെയും പരിപാടികളോടുള്ള അമിതമായ താത്പര്യം തുടങ്ങിയവയില്‍" (57). സഭയുടെ കൗദാശികാനുഷ്ഠാനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്കും സാമൂഹ്യ നീതി പരിപാടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വര്‍ക്കും (അല്ലെങ്കില്‍ സഭയെ ഒരു തരം എന്‍ജിഒ മാത്രമാക്കി മാറ്റുന്നതും ആരാധനയെയും പ്രാര്‍ഥനകളെയും അവഗണിക്കുന്നതുമായ സാമൂഹിക പ്രവര്‍ത്തന ഭ്രാന്തുള്ളവര്‍ എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിക്കുന്നവര്‍ (100) ഇത്തരം കാഴ്ചപ്പാട് ഒരു പ്രലോഭനമായേക്കാം. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ ഇത് നമ്മെ അനുവദിക്കുന്നില്ല. സാമൂഹ്യപ്രവര്‍ത്തനത്തിന് തീര്‍ ത്തും എതിരായവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കുന്നു (101). കൃപയാലും ആത്മാവി നാലും നയിക്കപ്പെടാന്‍ സ്വയം അനുവദിക്കാതെ അത്തരം ആളുകള്‍ ദൈവത്തില്‍ നിന്നുള്ള ദൃഷ്ടി തങ്ങളിലേക്ക് എളുപ്പത്തില്‍ മാറ്റുന്നു. "നമ്മുടെ മതം ഒരു തരം അടിമത്തമായിത്തീരും" (59). ദൈവത്തിന്റെ കൃപയ്ക്കു മാത്രമേ വിശുദ്ധിയിലേക്കുള്ള പാതയില്‍ നമ്മെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ, മനുഷ്യന്റെ "ഒറ്റയ്ക്കുള്ള" പരിശ്രമത്തിനും സംരംഭത്തിനും അതു സാധിക്കില്ല. "നവ പെലാജിയന്‍ വ്യക്തിവാദവും ശരീരത്തെ സംബന്ധിച്ച നവ-ജ്ഞാനവാദ അവഗണനയും, സാര്‍വത്രിക രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിലിനെ ദുര്‍ബലപ്പെടുത്തുന്നു" (പ്ലാക്കറ്റ് ഡിയോ 4)

വത്തിക്കാന്‍ രണ്ടിന്റെ നേട്ടമായി റാനര്‍
വ്യക്തമാക്കിയ അനിഷേധ്യമായ മൂന്ന് വശങ്ങളുണ്ട്:
സഭാചരിത്രത്തിലെ ഒരു സവിശേഷ സംഭവമെന്ന നിലയില്‍
വത്തിക്കാന്‍ രണ്ടിന്റെ പ്രാധാന്യം, അതിന്റെ
നേട്ടങ്ങളുടെയും രേഖകളുടെയും മാറ്റാനാവാത്ത സ്വഭാവം,
അധുനാധുനീകരണത്തിന്റെ തുടരുന്ന ചൈതന്യത്തിലുള്ള
വ്യവസ്ഥാപിത ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍
ആ രേഖകളുടെ അപൂര്‍ണ പ്രവര്‍ത്തനം.

ദൈവത്തിന്റെ ദൗത്യം: അതിന്റെ പ്രാധാന്യം

നമ്മുടെ ചില പ്രസംഗകരുടെ പ്രസംഗങ്ങളില്‍ പ്രതിധ്വനിക്കുന്ന സുവിശേഷത്തിനും സഭയുടെ ദൈവശാസ്ത്രപരമായ നിലപാടിനും വിരുദ്ധമായ ആക്രമണാത്മക എക്‌സ്‌ക്ലൂസിവിസത്തെ നിരാകരി ക്കുന്നതിനായി സഭയിലെ 'മിഷന്‍ ഓഫ് ഗോഡ്' എന്ന ആശയത്തെക്കുറിച്ചുള്ള സമകാലിക ദൈവശാസ്ത്ര സംവാദത്തെ ഞാന്‍ അവതരിപ്പിക്കുകയാണ്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞരുടെ സംഭാ വനയാണ് ദൈവത്തിന്റെ മിഷന്‍ എന്ന ആശയം. (വത്തിക്കാന്‍ രണ്ടിന് ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്). കത്തോലിക്കാ സഭയില്‍ ഈ ആശയം ആദ്യമായി വത്തിക്കാന്‍ രണ്ടിലാണു പ്രകാശിപ്പിക്കപ്പെട്ടത്. ദൈവത്തിന്റെ മിഷന്റെ ദൈവശാസ്ത്രം അര്‍ത്ഥ മാക്കുന്നത് ദൈവം ഒരു മിഷനറി ദൈവമാണ് എന്നാണ്. അതിന്റെ അര്‍ത്ഥം "മിഷന്‍ പ്രാഥമികമായി സഭയുടെ ഒരു പ്രവൃത്തിയല്ല, മറിച്ച് ദൈവത്തിന്റെ ഒരു സ്വഭാവഗു ണമാണ് എന്നതാണ്. ദൈവം ഒരു മിഷനറി ദൈവമാണ്" (ഡേവിഡ് ബോഷ്). പിതാവ് തന്റെ പുത്രനെ അയച്ചു, പിതാവും പുത്രനും പരിശുദ്ധാത്മാവിനെ ലോകത്തിലേക്ക് അയച്ചു/അയക്കുന്നു (യോഹന്നാന്‍ 14:26, 20:22, നിഖ്യാ വിശ്വാസപ്രമാണം). ദൈവത്തിന്റെ "അയയ്ക്കല്‍" അസ്തിത്വത്തെ (സത്ത) ഈ പ്രവൃത്തി വെളിപ്പെടുത്തുന്നു. ലോകത്തെ തന്നോട് അ നുരഞ്ജിപ്പിക്കുന്നതില്‍ ദൈവം ഈ നിമിഷം പോലും പ്രവര്‍ത്തിക്കുകയും ഈ ദൗത്യത്തില്‍ പങ്കെടുക്കാന്‍ തന്റെ സഭയെ അയയ്ക്കുകയും ചെയ്യുന്നു (യോഹന്നാന്‍ 20:21-22).
ദൈവത്തിന്റെ പ്രകൃതത്തെ പോലെ ത്രിത്വാത്മകമാണു ദൈവത്തിന്റെ മിഷനും. വത്തിക്കാന്‍ II ന്റെ പ്രമാണരേഖയില്‍ (ആദ് ജെന്റിസ്) നാം വായിക്കുന്നു: "ഭൂമിയിലെ സഭ അതിന്റെ സ്വഭാവത്താലേ മിഷനറിയാണ്, പിതാവിന്റെ പദ്ധതി പ്രകാരം, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും മിഷനിലാണ് അതിന്റെ ഉത്ഭവം." സുഘടിതമായ അപ്പസ്‌തോലേറ്റ് ദൈവശാസ്ത്രത്തിലൂടെ സ്വന്തം ത്രിത്വാത്മക അടിത്തറയെ സഭാ ചക്രവാളവുമായി ബന്ധിപ്പിക്കാനുള്ള കഴിവാണ് 'ദൈവത്തിന്റെ മിഷന്‍' ദൈവശാസ്ത്രത്തിന്റെ വ്യതിരിക്ത മായ സവിശേഷത. ഈ രീതിയില്‍ നോക്കിയാല്‍, "മിഷന്‍ ഒരു മനുഷ്യ കര്‍മ്മമോ സഭാസംരംഭമോ അല്ല, മറിച്ച് തന്റെ രാജ്യത്തി ലേക്ക് ഒരു കാഴ്ചയോടെ തന്റെ ജനത്തെ ഒന്നിച്ചു ചേര്‍ക്കുന്ന ദൈവത്തിന്റെ യുഗാന്ത്യോന്മുഖ നട പടിയാണ്." അതിനാല്‍, മിഷന്‍ ദൈവത്തെ ആശ്രയിച്ചിരിക്കുന്നു, അത് ഓരോ നിമിഷത്തിലും അവ ന്റേതാണ്. മിഷന്‍ ദൈവശാസ്ത്രം മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും വത്തിക്കാന്‍ രണ്ട് പുതിയ അര്‍ത്ഥവും ദിശയും നല്‍കി. സഭയ്ക്കു പുതിയ ഉള്‍ക്കാഴ്ചയും ദൈവശാസ്ത്ര വീക്ഷണവും നല്‍കാന്‍ വത്തിക്കാന്‍ രണ്ട് പല വിധത്തിലും പുതു ചൈതന്യം പ കര്‍ന്നു. "വത്തിക്കാന്‍ രണ്ടിന്റെ അടിസ്ഥാന ദൈവശാസ്ത്ര വ്യാഖ്യാനത്തിലേക്ക്" എന്ന 1979 ലെ തന്റെ വിഖ്യാതമായ രചനയില്‍ കാള്‍റാനര്‍ ഈ സത്യത്തെ ഉയര്‍ത്തിക്കാട്ടി. സഭ ഒരു 'ലോക സഭ' ആയി മാറുന്നതിലായിരുന്നു റാനറുടെ വ്യാഖ്യാനശാസ്ത്രപരമായ ഊന്നല്‍. ഇത് പ്രാദേശിക സഭയെയും സാംസ്‌കാരികാനുരൂപണത്തെയും മിഷന്‍ ദൈവശാസ്ത്ര ത്തിന്റെ മുന്നണിയിലേക്ക് കൊണ്ടുവന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് എഴുതിയ ഈ പ്രബന്ധത്തില്‍, വത്തിക്കാന്‍ രണ്ടിന്റെ വെളിച്ചത്തില്‍ മിഷനറി മുന്നേറ്റത്തിന്റെ അടിസ്ഥാന പുനര്‍വ്യാഖ്യാനവും ക്രൈസ്തവ ലോകത്തില്‍ സംഭവിച്ച മാറ്റങ്ങളും കാള്‍ റാനര്‍ വിശദീകരിച്ചു. വത്തിക്കാന്‍ രണ്ടിന്റെ നേട്ടമായി റാനര്‍ വ്യക്തമാക്കിയ അനിഷേധ്യമായ മൂന്ന് വശങ്ങളുണ്ട്: സഭാചരിത്രത്തിലെ ഒരു സവിശേഷ സംഭവമെന്ന നിലയില്‍ വത്തിക്കാന്‍ രണ്ടിന്റെ പ്രാധാന്യം, അതിന്റെ നേട്ടങ്ങളുടെയും രേഖകളുടെയും മാറ്റാനാവാത്ത സ്വഭാവം, അധുനാധുനീകരണത്തിന്റെ തുടരുന്ന ചൈതന്യത്തിലുള്ള വ്യവസ്ഥാപിത ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ആ രേഖകളുടെ അപൂര്‍ണ പ്രവര്‍ത്തനം. വരും നൂറ്റാണ്ടുകളില്‍ ദൈവശാ സ്ത്രജ്ഞര്‍ ഏര്‍പ്പെടാനിരിക്കുന്ന ദൈവശാസ്ത്ര യത്‌നങ്ങള്‍ക്ക് വത്തിക്കാന്‍ രണ്ട് വാതില്‍ തുറന്നു, മിഷന്‍ ദൈവശാസ്ത്രം അതിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്.
വത്തിക്കാന്‍ രണ്ടിനുശേഷം, കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളില്‍ ദൈവത്തിന്റെ മിഷന്റെ ദൈവശാസ്ത്ര ധ്വനികള്‍ കൂടുതല്‍ വ്യക്തമായി നിര്‍വചിക്കുകയും ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. അടുത്ത ദശകങ്ങളില്‍ പെട്രൈന്‍ മജിസ്റ്റീരിയം ആധികാരികമായി പ്രകടിപ്പിച്ചു, സഭയുടെ മിഷനറി സ്വഭാവത്തിനും ദൗത്യത്തിനും ത്രിത്വപരമായ അടിത്തറ അഥവാ ദൈവത്തിന്റെ മിഷന്‍ ഉള്ളതിനാല്‍, നവീകൃതമാ യ ഒരു മിഷനറി പ്രതിബദ്ധതയുടെ ആവശ്യകത ഇക്കഴിഞ്ഞ ദശകങ്ങളില്‍ പത്രോസിന്റെ പ്രബോധനാധികാരം എക്കാലത്തേക്കാളും ശക്തവും നിശ്ചിതവുമായ ശബ്ദത്തില്‍ ആധികാരികമായി പ്രകടിപ്പിച്ചിട്ടുണ്ട്. പോള്‍ ആറാമന്റെ ആധുനിക ലോകത്തിന്റെ സുവിശേഷവത്കരണം (1975), ജോണ്‍ പോള്‍ രണ്ടാമന്റെ രക്ഷകന്റെ മിഷന്‍ (1990) എന്നിവ ഈ വസ്തുത വ്യക്തമാക്കുന്നവയാണ്. പുത്രന്റെയും ആത്മാവിന്റെയും ദൗത്യം സഭ വഹിക്കുന്നു. സഭയുടെ ദൗത്യം ത്രിത്രൈക ദൈവത്തിന്റെ ഐക്യത്തോടും ഭൂമിയില്‍ ദൈവത്തിന്റെ വാഴ്ചയുടെ പുരോഗതി യോടും ബന്ധപ്പെട്ടിരിക്കുന്നു. യെവ്‌സ് കോംഗര്‍ അതിങ്ങനെ സ്ഥിരീകരിക്കുന്നു: "ദൈവത്തിന്റെ സഭ ഒന്നേയുള്ളൂ. അത് ഒരേസമയം സ്ഥാപിതമായ സഭയും സഭയുടെ ഭാവിയുമാണ്, അത് ദൈവത്തിന്റെ രണ്ട് കൈകളാല്‍ നിര്‍മ്മിതമാണ്! ഒരാളെ തന്നോട് ഐക്യപ്പെടുത്താന്‍ ദൈവം ഉപയോഗിക്കുന്നതും ഈ കരങ്ങളാണ്. 'ദൈവിക മിഷനുകളുടെ' അഗാധമായ ദൈ വശാസ്ത്രത്തിലും ഇക്കണോമിക് ട്രിനിറ്റിക്കും ഇമ്മനെന്റ്ട്രിനിറ്റിക്കുമിടയിലെ നൈരന്തര്യത്തിലും നമ്മെ ഉറപ്പിക്കുന്നു."
സമകാലിക മിഷന്‍ ദൈവശാസ്ത്രത്തിലെ ചര്‍ച്ചാവിഷയമാണ് ദൈവത്തിന്റെ മിഷന്റെ ക്രിസ്തു വിജ്ഞാനീയപരമായ മാനം. 1980 കളോടെ ദൈവത്തിന്റെ മിഷന്‍ എന്ന ആശയം ഒരു ത്രിത്വാത്മക അടിത്തറയില്‍ ചേര്‍ത്തുകൊണ്ട് ക്രിസ്തുവിജ്ഞാനീയത്തിന് കാര്യമായ പ്രാധാന്യം നല്‍കുന്നുവെന്ന് തങ്ങളുടെ സമീപകാല പഠനത്തില്‍ സ്റ്റീഫന്‍ ബി. ബെവന്‍സും റോജര്‍ പി. ഷ്രോഡറും അംഗീ കരിക്കുന്നു. കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിക്കല്‍, പെന്തക്കോസ്ത് മിഷന്‍ ദൈവശാസ്ത്രത്തില്‍ ഇത് ആവിഷ്‌കരിക്കപ്പെടു ന്നുണ്ട്. ദൈവത്തിന്റെ പ്രകൃതത്തെയും അസ്തിത്വത്തെയും സം ബന്ധിച്ച ത്രിത്വാത്മക ധാരണയില്‍ അധിഷ്ഠിതമായ 'ദൈവത്തിന്റെ മിഷന്‍' ഇപ്പോഴും മിഷന്‍ സം രംഭങ്ങള്‍ക്കുള്ള പ്രചോദനത്തിന്റെ വലിയ ഘടകമായി തുടരുന്നു. ദൈവത്തിന്റെ മിഷനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ആഴമേറിയ ക്രിസ്തുവിജ്ഞാനീയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബെവന്‍സും ഷ്രോഡറും വിശദീകരിക്കുന്നു. അവരുടെ കത്തോലിക്കാ നിലപാട്, കഴിഞ്ഞ വര്‍ഷങ്ങളിലെ ഇവാഞ്ചലിക്കല്‍, പെന്തക്കോസ്ത് മിഷന്‍ ദൈവശാസ്ത്രജ്ഞരില്‍ പ്രയാസമില്ലാതെ പ്രതിധ്വനികള്‍ കണ്ടെത്തുന്നു. ഈ വീക്ഷണ ത്തില്‍ മിഷന്റെ അവിഭാജ്യ ഘടകമാണ് ക്രിസ്തുവിജ്ഞാനീയം. എന്നാല്‍ പുരുഷന്മാരെയും സ്ത്രീകളെയും ദൈവത്തിന്റെ അഗ്രാഹ്യമായ നിഗൂഢതയിലേക്ക് നയിക്കാനുള്ള ദൈവത്തിന്റെ പരിശുദ്ധാ ത്മാവിന്റെ പ്രവൃത്തിക്കും ക്രിസ്ത്യന്‍ മാനദണ്ഡങ്ങള്‍ക്കു പുറത്തുള്ള ദൈവത്തിന്റെ അത്ഭുത കരമായ സാന്നിധ്യം തിരിച്ചറിയാന്‍ ക്രിസ്ത്യാനികളെ അനുവദിക്കാനും അവിടെ ഇടമുണ്ട്. മിഷന്‍ സഭയുടെ അടിസ്ഥാനപരവും അടിയന്തിരവുമായ ചുമതലയാണ്. കാരണം മനുഷ്യരുടെ പ്രവര്‍ത്തനമില്ലാതെ മിക്കവയും പൂര്‍ത്തീകരണത്തില്‍ എത്തുകയില്ല എന്നതുകൊണ്ടല്ല അത്, മറിച്ച് ക്രിസ്ത്യാനികളായിരിക്കുക എന്നാല്‍ ദൈവത്തിന്റെ ജീവിതത്തിന്റെയും ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ദര്‍ശനത്തിന്റെയും ഭാഗമായിരിക്കലാണ് എന്നതു കൊണ്ടാണ്. എല്ലാ പ്രദേശങ്ങളിലും എല്ലാ തലങ്ങളിലും, സന്യാസസമൂഹങ്ങളോ രൂപതാ വൈദികരോ ചെയ്യുന്ന എല്ലാ മിഷന്‍ സംരംഭങ്ങളും ദൈവത്തിന്റെ മിഷന്‍ ആണ്. ദൈവത്തിന്റെ പ്രവൃത്തിയാണ്. മനുഷ്യര്‍ അതില്‍ പങ്കെടുക്കുന്നു എന്നേയുള്ളൂ. അതിന്റെ ഏക നായകരോ അധികാരികളോ ആയി അവര്‍ പെരുമാറരുത്.

(അടുത്തലക്കം : സര്‍ഗാത്മക വിശ്വാസ സമര്‍ത്ഥനം കാലത്തിന്റെ ആവശ്യം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org