ശതാബ്ദി നിറവില്‍ എസ്.എച്ച്. ലീഗ്

ശതാബ്ദി നിറവില്‍ എസ്.എച്ച്. ലീഗ്

ക്ലിന്റോ പുലിക്കുന്നേല്‍, മംഗലപ്പുഴ സെമിനാരി

മലയാള പ്രസിദ്ധീകരണ രംഗത്തെ മുത്തശ്ശിയെന്ന് വിശേഷിപ്പിക്കാവുന്ന ആലുവ എസ്.എച്ച്. ലീഗ് ശതാബ്ദിയുടെ നിറവിലാ ണ്. എസ്.എച്ച്. ലീഗിന്റെ ഉത്ഭവം അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പാപ്പയുടെ ആശീര്‍വ്വാദത്തോടെ കേരളത്തിലെത്തിയ സ്‌പെയിനില്‍ നിന്നുള്ള കര്‍മ്മലീത്താ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളുമായി ഇഴചേര്‍ന്നു കിടക്കുന്നു. 1682-ല്‍ അവര്‍ വരാപ്പുഴയില്‍ തുടങ്ങിയ വൈദിക പരിശീലന കേന്ദ്രം പിന്നീടത് 1886-ല്‍ പുത്തന്‍പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1920 ല്‍ ധന്യന്‍ ഫാ. സഖറിയാസ് OCD ആണ് പുത്തന്‍പള്ളി സെമിനാരിയില്‍ എസ്.എച്ച്. ലീഗിനു തുടക്കം കുറിച്ചത്. പോപ്പ് ബനഡിക്റ്റ് XV-ാമന്റെ 'മാക്‌സിമും ഇല്ല്യൂദ്' എന്ന ചാക്രികലേഖനത്തിലെ, 'മിഷന്‍ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുക' എന്ന ആഹ്വാനത്തിനു മറുപടി എന്നോണം സുവിശേഷമൂല്യങ്ങളെ പരിചയപ്പെടുത്തുന്ന കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടിയാണ് ഇത് ആരംഭിച്ചത്.
എസ്.എച്ച്. ലീഗ് 1920 ഒക്‌ടോബര്‍ 15 നു തുടങ്ങിയ 'മതവും ചിന്ത'യും ആദ്യം ലഘുലേഖകളുടെ രൂപത്തിലായിരുന്നു. പിന്നീടത് മാസിക രൂപത്തിലായി. എസ്.എച്ച്. ലീഗിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമായിരുന്ന 1970 ലാണ് ഈ മാസിക 'മതവും ചിന്തയും' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അന്നു മുതല്‍ വിശ്വാസ-ധാര്‍മ്മിക വിഷയങ്ങളുടെ ശാസ്ത്രീയവും പ്രായോഗികവുമായ വിശദീകരണങ്ങള്‍ ലഭ്യമാക്കാന്‍ ഈ പ്രസദ്ധീകരണം ശ്രദ്ധിക്കുന്നു. 1932 ലാണ് പുത്തന്‍പള്ളി സെമിനാരി ആലുവ മംഗലപ്പുഴയിലേക്ക് മാറ്റി സ്ഥാപിച്ചത്. അതോടെ എസ്.എച്ച്. ലീഗിന്റെ പ്രവര്‍ത്തന കേന്ദ്രം മംഗലപ്പുഴ സെമിനാരിയായി.
കുടുംബങ്ങളുടെ നവീകരണം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് 1924-ല്‍ എസ്.എച്ച്. ലീഗ് തുടങ്ങിയ. 'കത്തോലിക്കാകുടുബം' എന്ന മാസിക പതിനേഴായിരത്തിലധികം കുടുംബങ്ങളില്‍ നിന്ന് കാലാകാലങ്ങളിലായി വിവരശേഖരണം നടത്തിയിരുന്നു. പിന്നീട് സഭയുടെ പ്രേഷിതദൗത്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന സഖറിയാസച്ചന്‍ 1943 ല്‍ 'പ്രേഷിതകേരളം' മാസിക ആരംഭിച്ചു. പ്രേഷിതകേരളം ഇന്നും മുടങ്ങാതെ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്നു. പ്രേഷിതാഭിമുഖ്യവും ദൈവവിളികളും വളര്‍ത്തുന്നതില്‍ പ്രേഷിത കേരളം വഹിക്കുന്ന പങ്ക് വലുതാണ്.
ബൈബിള്‍ വിവര്‍ത്തന രംഗത്ത് എസ്.എച്ച്. ലീഗ് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. 1929-ല്‍ തുടങ്ങിയ പഴയ നിയമ പുസ്തകങ്ങളുടെ വിവര്‍ത്തനം 1940 ല്‍ പൂര്‍ത്തിയാക്കി. ബഹു. കുന്നപ്പള്ളി ജോണച്ചനും ബഹു. വടക്കേല്‍ മാത്യു അച്ചനുമാണ് ഇതിനു നേതൃത്വം കൊടുത്തത്. പുതിയ നിയമ ഗ്രന്ഥങ്ങളുടെ പരിഭാഷ പലവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഈ സംരംഭം പില്‍ക്കാല വിശുദ്ധ ഗ്രന്ഥ വിവര്‍ത്തനോദ്യമങ്ങള്‍ക്ക്മാതൃകയും സഹായവുമായിത്തീര്‍ന്നു.
വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും മേഖലകളില്‍ സമൂഹത്തിനു വഴികാട്ടുക എന്ന എസ്.ച്ച്. ലീഗിന്റെ സ്ഥാപക ലക്ഷ്യത്തിന് ഇന്ന് പ്രസക്തി ഏറി വരികയാണ്. സത്യസന്ധവും മൂല്യാധിഷ്ഠിതവുമായ നിലപാടുകളാണ് എസ്.എച്ച്. ലീഗിന്റെ അടിത്തറ. ദൈവശാസ്ത്രം, തത്വശാസ്ത്രം, ധാര്‍മ്മിക ശാസ്ത്രം, ബൈബിള്‍ വിജ്ഞാനീയം എന്നീ മേഖലകളിലെ ഗ്രന്ഥങ്ങളാണ് എസ്.എച്ച്. ലീഗ് പ്രധാനമായും പ്രസിദ്ധീകരിക്കുന്നത്. അതിദ്രുതം മാറുന്ന ലോകത്തില്‍ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു ഗ്രന്ഥശാലയാകാനാണ് ഈ ജൂബിലിവര്‍ഷത്തില്‍ എസ്.എച്ച്. ലീഗിന്റെ ശ്രമം. ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍, ശ്രാവ്യരൂപപ്രകാശനം (ഓഡിയോ വേര്‍ഷന്‍) എന്നിവ എസ്.എച്ച്. ലീഗിന്റെ ശതാബ്ദി വര്‍ഷ ലക്ഷ്യങ്ങളാണ്. ഇ-ബുക്ക് രംഗത്തേയ്ക്കുള്ള ചുവടുവയ്പ്പ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. നൂറു വര്‍ഷങ്ങളുടെ സേവനത്തിന്റെ കരുത്തില്‍ അടുത്ത നൂറുവര്‍ഷങ്ങളെ മുന്നില്‍ കണ്ടുള്ള കുതിപ്പിനൊരുങ്ങുകയാണ് എസ്.എച്ച്. ലീഗ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org