വീട്ടിൽ നിന്നും ഭൂ​ഗോളം വരെയെത്തുന്ന ആത്മീയത

വീട്ടിൽ നിന്നും ഭൂ​ഗോളം വരെയെത്തുന്ന ആത്മീയത

ഫാ. ലൂക്ക് പൂത്തൃക്കയില്‍

വീടുകളിലും ആരാധനാലയങ്ങളിലും ഒതുങ്ങുന്ന ആത്മീയതയെ വീട്ടില്‍നിന്നും ഭൂഗോളം വരെയെത്തിക്കുന്ന ആത്മീയതയിലേക്കു നമുക്കു ചുവടു മാറ്റണം. കഴിഞ്ഞ കാലഘട്ടത്തില്‍ ആത്മീയതയെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലുമാണു നാം ഒതുക്കിക്കൊണ്ടിരുന്നത്. വിശ്വാസം എന്ത്, ആത്മീയത എന്ത്, ഭക്തി എന്ത്, അനുഷ്ഠാനങ്ങള്‍ എന്ത് എന്നിങ്ങനെ നമുക്കിപ്പോള്‍ അറിയാം. ഇനി അത് ആവര്‍ത്തിക്കേണ്ട കാര്യമില്ല. വി. പൗലോസ് പറയുന്നതുപോലെ എന്നും പാല്‍ കുടിച്ചുകൊണ്ടിരുന്നാല്‍ പോരല്ലോ.

ഏ.ഡി. 315 വരെ ക്രൈസ്തവ സഭ വളര്‍ന്നതു രക്തസാക്ഷിത്വത്തിലും ക്രിസ്തുവചനത്തിലുമായിരുന്നു. ക്രിസ്തുവാകുന്ന മൂലക്കല്ലില്‍ അപ്പസ്തോലിക പാരമ്പര്യത്തിന്‍റെ അടിത്തറയില്‍ പണിയപ്പെട്ട സഭ ഏ.ഡി. 315 വരെ കൃത്യാര്‍ത്ഥത്തിലാണു വളര്‍ന്നത്. പിന്നീട് 1964 വരെ സഭയില്‍ വളര്‍ച്ചയും തളര്‍ച്ചയും ഉണ്ടായി, നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായി. ദൈവാരൂപിയും ലോകാരൂപിയും ശക്തിപ്പെട്ടു. സഭയെ നവീകരിക്കാന്‍ 1964-ല്‍ വി. ജോണ്‍ 23-ാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടി. പിന്നീടു വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സഭ ചെയ്ത മുഴുവന്‍ പാപങ്ങള്‍ക്കും കുരിശു പിടിച്ചു ലോകത്തോടു മാപ്പ് പറഞ്ഞു.

ഇക്കാലയളവില്‍ സംഭവിച്ചതു സഭ ദൈവരാജ്യസ്ഥാപനത്തിനു പകരം ഭൗതിക സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രാധാന്യം നല്കി. നീതിയും സമാധാനവും സന്തോഷവും സമത്വവും സ്ഥാപിച്ചു ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കേണ്ടിടത്തു ഭൗതികവളര്‍ച്ചയ്ക്ക് ഊന്നല്‍ നല്കി. സഭയ്ക്കുള്ളില്‍നിന്ന് ഉയര്‍ന്ന പ്രതിലോമ ശക്തിയെ തകര്‍ക്കാനുള്ള കെല്പ് ഇല്ലാതെയായി. ആത്മീയതയെ കച്ചവടച്ചരക്കാക്കി, മൂലധനം ശേഖരിക്കാനുള്ള തത്രപ്പാട് ഉണ്ടായി.

സഭ എന്ന ആശയത്തേക്കാള്‍ രൂപതകള്‍ക്കു പ്രാധാന്യം ഉണ്ടായി. ആരാധനയേക്കാള്‍ റീത്തുകള്‍ക്കു പ്രാധാന്യം നല്കി. ആത്മീയതയേക്കാള്‍ ഭൗതികനേട്ടങ്ങള്‍ ദൈവാനുഗ്രഹത്തിന്‍റെ ഭാഗമായി കാണിച്ചുകൊടുത്തു. വിശ്വാസവും ഭക്തിയും രോഗസൗഖ്യത്തിനും സാമ്പത്തികഭദ്രതയ്ക്കും സ്വകാര്യ നിയോഗങ്ങള്‍ക്കുംവേണ്ടി പ്രാധാന്യം കല്പിക്കപ്പെട്ടു. വിശ്വാസത്തില്‍ അനാചാരം കൂടിവന്നു. വിശ്വാസം ഭക്തിയായി ചുരുങ്ങിപ്പോയി.

മനസ്സിന്‍റെ വിശാലതയും ഹൃദയത്തിന്‍റെ ആത്മീയതയും നേടിയെടുക്കുന്നതാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം. പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന അനുഷ്ഠാനങ്ങളുടെ എണ്ണവും നീളവും വര്‍ദ്ധിച്ചപ്പോള്‍, വിശ്വാസിയെ വരുതിയിലാക്കാന്‍ കാനന്‍നിയമങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍, സമ്പത്ത് ശേഖരിക്കാനുള്ള ബുദ്ധിപ്രയോഗങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, ആത്മീയത പ്രാര്‍ത്ഥനയിലും അനുഷ്ഠാനങ്ങളിലും ഉപവാസത്തിലും മാത്രം തള്ളിയിട്ടപ്പോള്‍ മനുഷ്യന്‍റെ സാമൂഹ്യബോധം വല്ലാതെ കുറഞ്ഞുപോയി. രാഷ്ട്രീയസാമ്പത്തിക അസമത്വങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെയുള്ള മറുമരുന്നാകാന്‍ ആത്മീയതയ്ക്കു സാധിച്ചില്ല.

കാലം മാറുന്നതിനനുസരിച്ചുള്ള ചിന്താപദ്ധതികള്‍ ഉണ്ടായില്ല. മനുഷ്യന്‍ മനുഷ്യനെ സഹായിക്കുന്നതു രാഷ്ട്രത്തെ സേവിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞുകൊടുത്തില്ല. ആധുനികകാലത്തു വ്യക്തി വ്യക്തിയിലേക്കും, ജാതി ജാതിയിലേക്കും, മതം മതത്തിലേക്കും ചുരുങ്ങിപ്പോവുകയാണ്. മതബോധമുണ്ടെങ്കിലും രാഷ്ട്രബോധമില്ല. സാമൂഹികബോധത്തെ ആത്മീയമായി കാണുന്നില്ല. ലോകം കുടുംബമാണെന്ന ബോധം കുറഞ്ഞുപോയി. വ്യക്തിബോധം സമൂഹബോധമായി വളര്‍ന്നില്ല, കക്ഷി രാഷ്ട്രീയം രഷ്ട്രബോധമായി വളര്‍ന്നില്ല. മതബോധം അനുഷ്ഠാനമല്ലായെന്നും അതു മൂല്യബോധമായിട്ടു വളരണമെന്നും പറഞ്ഞുകൊടുത്തില്ല.

വര്‍ഷങ്ങളായി പൗരാണിക കുടുംബങ്ങളായി വിരാജിക്കുന്നവരും പുതുമടിശ്ശീലക്കാരും ദൈവികചിന്തയില്‍ വളരുന്നില്ല. വഴിയില്ലാത്തവനു വഴികൊടുത്തവന്‍ എങ്ങനെ വിശ്വാസിയാകും, മനുഷ്യനാകും? വീടില്ലാത്തവനു വീടുവച്ചുകൊടുക്കാതെ ലക്ഷങ്ങളുടെയും കോടികളുടെയും വീടു പണിയുന്നത് എങ്ങനെ ന്യായീകരിക്കും, സ്വന്തമായി ഭൂമിയില്ലാത്തവര്‍ ഈ ഭൂമിയിലുള്ളപ്പോള്‍ 60-80 ഏക്കര്‍ ഭൂമിയുമായി കഴിയുന്നവര്‍ എങ്ങനെ മനുഷ്യനാകും? ഒരു രൂപാപോലും കാണാന്‍ ഭാഗ്യമില്ലാത്തവരുള്ള ഈ ലോകത്തില്‍ നോട്ടെണ്ണാന്‍ മെഷീന്‍ വാങ്ങിക്കുന്നവര്‍ മനുഷ്യരാണോ? ചികിത്സ കിട്ടാതെയും വിദ്യാഭ്യാസത്തിനു പണം ലഭിക്കാതെയും മനുഷ്യന്‍ ജീവിക്കുമ്പോള്‍ എവിടെപ്പോയി ആത്മീയതയുടെ സദ്ഫലങ്ങള്‍? ആത്മയീത അനുഷ്ഠാനമായിക്കൊണ്ടിരിക്കുന്നു. പ്രവാചകത്വം പ്രസംഗിക്കേണ്ട വൈദികര്‍ പൂജാരികളായി മതചൈതന്യം ഉള്ളില്‍ സൂക്ഷിക്കേണ്ടവര്‍ ജാതീയതയ്ക്കുവേണ്ടി വാദിക്കുന്നു. ഗ്രൂപ്പു കളുണ്ടാക്കി സുരക്ഷിതത്വം ഉറപ്പിക്കാനുള്ള ശ്രമമാണിന്നു നടക്കുക.

ശാസ്ത്രവും സാങ്കേതികത്വവും വളര്‍ന്നുവെങ്കിലും ലോകം ദരിദ്രമായിക്കൊണ്ടിരിക്കുകയാണ്. പുതിയ രോഗങ്ങള്‍ ഉണ്ടാകുന്നു. ശിശുമരണങ്ങള്‍ സംഭവിക്കുന്നു. മതഭ്രാന്ത് മൂത്ത് അനേകരെ കൊല്ലുന്നു. എയ്ഡ്സും ക്ഷയവും മലമ്പനിയും കാന്‍സറും നമ്മോടു ചേര്‍ന്നുനില്ക്കുന്നു. പട്ടിണികൊണ്ടു മരിക്കുന്നവര്‍ ലോകത്തില്‍ കൂടുന്നു. യുദ്ധസാമഗ്രികള്‍ക്കും പ്രതിരോധത്തിനുംവേണ്ടി കോടികള്‍ ചെലവഴിക്കുമ്പോള്‍ ക്ഷേമപ്രവര്‍ത്തനത്തിനു തീരെ കുറവും ശാസ്ത്രം വളരുന്നതോടൊപ്പം ഹൃദയം വളരുന്നില്ല. മനസ്സ് സങ്കുചിതമായിപ്പോകുന്നു. നമ്മുടെ നാട്ടിലാണെങ്കില്‍ കയറ്റുമതി ചെയ്യാന്‍ ആകെയുള്ളതു കുശുമ്പും കുന്നായ്മയുമാണ്. അതിനുമാത്രം ഒരു പഞ്ഞവുമില്ല.

നമ്മള്‍ അധിവസിക്കുന്ന ഭൂമിയോടും ജീവിക്കുന്ന രാജ്യത്തോടും പ്രതിബദ്ധതയില്ലാത്തത് ആത്മീയതയല്ല. അഴിമതി, മാലിന്യം, ദാരിദ്ര്യം, തീവ്രവാദം, ജാതീയത, വര്‍ഗീയത എന്നിവ എങ്ങനെ ഇന്ത്യയിലുണ്ടായി? ഇതു മുഴുവനും അവിശ്വാസികളും നിരീശ്വരവാദികളും ഉണ്ടാക്കിയതാണോ? അല്ല, ഇതു മുക്കാലും വിശ്വാസികളുടെ സംഭാവനയാണ്. വിശ്വാസി പൊളിറ്റിക്കല്‍ ആകാത്തതാണു തെറ്റ്. വിശ്വാസിക്കു രാഷ്ട്രീയമുണ്ടാകണം. കക്ഷിരാഷ്ട്രീയമല്ല. രാജ്യത്തിന്‍റെ പ്രതിരോധവും ആഭ്യന്തരവും വളര്‍ച്ചയും വിശ്വാസിയുടെ ആത്മീയവിഷയമാകണം. ഭാരതത്തിന്‍റെ ഭരണഘടന എന്ന സക്രാരിയാണു മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും പരിസ്ഥിതി സംരക്ഷണവും സ്ത്രീപുരുഷ തുല്യതയും സാധുജനസംരക്ഷണവും ഭാരതത്തിന്‍റെ മദ്ബഹയാണ്. ഭാരതത്തിന്‍റെ ശ്രീകോവിലില്‍ മാമൂലുകളുടെയും യാഥാസ്ഥിതികരുടെയും മാറാല ധാരാളമുണ്ട്. അവ തുടച്ചുമാറ്റണമെങ്കില്‍ ശാസ്ത്രബോധവും സാങ്കേതികജ്ഞാനവും ഉണ്ടാകണം. സിബിഐയും റിസര്‍വ് ബാങ്കും സുപ്രീംകോടതിയും ഭരണഘടനയുടെ താക്കോലുകളാണ്.

ഭാരതത്തില്‍ പ്രവാചകന്മാര്‍ കുറയുകയാണ്. രക്തസാക്ഷികള്‍ ഇല്ലാതാവുകയാണ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവു വര്‍ദ്ധിക്കുന്നതിനെപ്പറ്റി മതാധികാരികള്‍ക്കു വേദനയില്ല. അവര്‍ ശ്രദ്ധിക്കുന്നില്ല. പാവങ്ങളെ സഹായിക്കുന്നുണ്ടായിരിക്കും. അതു പോരല്ലോ, കര്‍ഷകര്‍ക്കുവേണ്ടി നമ്മള്‍ ഒന്നും ചെയ്യുന്നില്ല. സര്‍ക്കാര്‍ അമിതമായി നല്കുന്ന ശമ്പളത്തിനും പെന്‍ഷനുമെതിരെ ആരും ശബ്ദിക്കുന്നില്ല. പൊരുത്തപ്പെട്ടു പോകാനുള്ള ശ്രമം മാത്രം നടത്തുന്നു.

വരും തലമുറയെ ദാരിദ്ര്യത്തിലൂടെ സമ്പന്നതയിലേക്ക് എത്തിക്കണം. പിറന്നുവീഴുന്നതു സമൃദ്ധിയിലേക്കാകുമ്പോള്‍ ദാരിദ്ര്യമോ ദരിദ്രരെയോ അറിയാതെ പോകുന്നു. ശിക്ഷണവും ദാരിദ്ര്യവും യഥാര്‍ത്ഥ വ്യക്തിത്വ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ പഠനത്തിനല്ലാതെ യുവതലമുറയ്ക്കു സാമ്പത്തികസഹായം മാതാപിതാക്കള്‍ നല്കരുത്. അവര്‍ തന്നെ സ്വയം തൊഴില്‍ കണ്ടുപിടിക്കണം.

സാമൂഹികജീവിതവും ആത്മീയജീവിതവും രണ്ടും രണ്ടല്ല, ഒന്നാകുന്ന അവസ്ഥയുണ്ടാകണം. ആത്മീയജീവിതം ദുഷ്കരമാകരുത്. സാമൂഹ്യജീവിതം സങ്കീര്‍ണമാകരുത്. ജീവിതം ലളിതവും സുന്ദരവും സുതാര്യവും ഹൃദ്യവുമാകാന്‍ ആത്മീയതയ്ക്കു കഴിയണം. ഭാരപ്പെടുത്തുന്ന ഒരു മതജീവിതം ആവശ്യമില്ല. എന്‍റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമടു ഭാരം കുറഞ്ഞതുമാണ് എന്നു യേശു പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഭാരപ്പെടുത്തുന്ന ആത്മീയത മനുഷ്യന് ആവശ്യമില്ല. എന്‍റെ പിന്നാലെ വരുന്നവന്‍ കുരിശെടുക്കണം എന്നു യേശു പഠിപ്പിക്കുന്നു. ഈ കുരിശ് അവനവന്‍റെ ഈഗോയും കോംപ്ലക്സും സ്വാര്‍ത്ഥതയും അസൂയയും ഉണ്ടാക്കുന്ന കുരിശല്ല. മറിച്ചു മറ്റുള്ളവരുടെ നന്മയ്ക്കായി ഉയര്‍ത്തുന്ന കുരിശാണ്.

ആത്മീയജീവിതത്തിനു പുതിയ കാഴ്ചപ്പാടുണ്ടാകണം. ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീഡന്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞ പുതിയ അഷ്ഠഭാഗ്യങ്ങള്‍ ഏകദേശം ഇപ്രകാരമാണ്. മറ്റുള്ളവര്‍ ദ്രോഹിക്കുമ്പോഴും അവരോടു ക്ഷമിക്കുമ്പോള്‍ ഭാഗ്യവാന്മാര്‍. പാവപ്പെട്ടവരെയും രോഗികളെയും കരുണയോടെ കാണുന്നവരും സ്വീകരിക്കുന്നവരും ഭാഗ്യവാന്മാര്‍. മറ്റുള്ളവരുടെ സുഖത്തിനായി സ്വന്തം സഖം ത്യജിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. പരിസ്ഥിതിയെ മലിനപ്പെടുത്താതെ കാവല്‍ക്കാരായിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. മാമൂലുകളെയും യാഥാസ്ഥിതികരെയും വിട്ടു പ്രവാചകത്വവും സത്പ്രവൃത്തിയും ഉള്ളവന്‍ ഭാഗ്യവാന്‍. ദൈവത്തെ ഉപയോഗിക്കാതെ ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്നവന്‍ ഭാഗ്യവാന്‍. മറ്റുള്ളവരില്‍ ദൈവത്തെ കാണുന്നവന്‍ ഭാഗ്യവാന്‍.

ഈ ആത്മീയദര്‍ശനമുള്ളവര്‍ ഭാരതത്തിന്‍റെയും ലോകത്തിന്‍റെയും രക്ഷകരായിരിക്കും. ഈ കാ ലഘട്ടം ആവശ്യപ്പെടുന്ന ആത്മീയത ഇതുതന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org