അതിജീവനത്തിന് കരുത്തും കരുതലും നല്‍കി കാരിത്താസ് ഇന്ത്യ

അതിജീവനത്തിന് കരുത്തും കരുതലും നല്‍കി കാരിത്താസ് ഇന്ത്യ

(അതിജീവനത്തിന്‍റെ പടവുകളിലൂടെ നവജീവനിലേക്ക്)


ഫാ. പോള്‍ മൂഞ്ഞേലി.

ഡയറക്ടര്‍, കാരിത്താസ് ഇന്ത്യ.

കേരളസഭ അതിന്‍റെ കരുണാര്‍ദ്രമായ കരുത്തും കൂട്ടായ്മയും പ്രളയവേളയില്‍ പ്രകടമാക്കി. കോടികണക്കിനു രൂപയും വിലതീരാത്ത മനഷ്യാദ്ധ്വാനവും രക്ഷ-ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഭ വിനിയോഗിച്ചു. സാമൂഹ്യസേവന-ജീവകാരുണ്യരംഗത്ത് പതിറ്റാണ്ടുകള്‍ കൊണ്ടാര്‍ജ്ജിച്ച അനുഭവസമ്പത്തും സംവിധാനമികവും സഭയുടെ സേവനങ്ങളെ ലക്ഷ്യവേധിയാക്കി. പ്രളയം പിന്നിട്ട് ഒരു വര്‍ഷമാകുമ്പോള്‍ സഭയുടെ സേവനങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ്, ദേശീയ സംസ്ഥാന-പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചവര്‍. ഒപ്പം ഇപ്പോള്‍ പ്രളയബാധിതമായിരിക്കുന്ന അസമില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ വിവരങ്ങളും…

2018 ജൂലൈ മാസം മുതല്‍ മഴക്കെടുതി രൂക്ഷമായ ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളില്‍ ആദ്യഘട്ട ദുരി താശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കാരിത്താസ് രംഗത്തിറങ്ങി. വയനാടും, ഇടുക്കിയും ഉള്‍പ്പെട്ട മലയോരമേഖലകളില്‍ മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലും ആലപ്പുഴയിലും എറണാകുളത്തും വെള്ളപ്പൊക്കവുമായിരുന്നു പ്രധാന പ്രശ്നങ്ങള്‍. ദുരന്തം ബാധിച്ച സ്ഥലങ്ങള്‍, വീടുകള്‍ എന്നിവ സന്ദര്‍ശിക്കുകയും ദുരന്തബാധിതരായവരെ നേരിട്ട് കാണുകയും, ദുരന്ത ബാധിതരുടെ പ്രശ്നങ്ങള്‍, ദുരന്തത്തിന്‍റെ തീവ്രത, ആവശ്യങ്ങള്‍ ഇവ സംബന്ധിച്ച് അടിയന്തിരപഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന രൂപതാ സൊസൈറ്റികളുമായി ചേര്‍ന്ന് ഭവന നവീകരണപദ്ധതികള്‍, അവശ്യവസ്തുക്കളുടെ വിതരണം, കുടിവെള്ളവിതരണം, ജീവനോപാധികളുടെ വിതരണം, ആരോഗ്യശുചിത്വ സംരക്ഷണപ്രവര്‍ത്തനങ്ങള്‍, ശിശുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുകയും ചെയ്തു. അടിയന്തിര പ്രളയ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി പ്രളയം ബാധിച്ച കേരളത്തിലെ ഏഴു ജില്ലകളിലും കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യകിറ്റുകളും, കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളടങ്ങിയ കിറ്റുകളും, ആരോഗ്യശുചിത്വ സംരക്ഷണകിറ്റുകളും, ബേബി കിറ്റുകളും വിതരണം നടത്തി.

മഹാപ്രളയത്തിനൊപ്പം
കാരിത്താസ് ഇന്ത്യ വിഭാവനം ചെയ്ത് കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിവരുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്‍റെ 29,000 പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളായി. ആഹാരവും വെള്ളവും വസ്ത്രവുമില്ലാതെ വലഞ്ഞ മനുഷ്യജീവനുകള്‍ക്ക് ആദ്യഘട്ടത്തില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കാനും പ്രളയം ഒന്നുകുറഞ്ഞ ഘട്ടത്തില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് തിരികെപോയവര്‍ക്ക് ആരോഗ്യ ശുചിത്വ സംരക്ഷണകിറ്റുകളും, ഗൃഹോപകരണങ്ങള്‍ അടങ്ങിയ അവശ്യ സാധന കിറ്റുകളും നല്‍കാനും നാം ശ്രദ്ധിച്ചു. വയനാട് ജില്ലയിലെ മലയോര മേഖലയില്‍ ആദിവാസി സമൂഹത്തിനൊപ്പം 10,785 കിറ്റുകള്‍ നല്‍കി. ബാക്കി മേഖലകളിലായി 14,578 കിറ്റുകളും നല്‍കി. 7,500 രൂപ വിലവരുന്ന കിറ്റുകളാണ് ഓരോ കുടുംബങ്ങള്‍ക്കും ലഭ്യമാക്കിയത്. കൂടാതെ ദുരന്തമുഖത്തെ ജനങ്ങളുടെ ആരോഗ്യ ശുചിത്വസംരക്ഷണ പ്രവര്‍ത്തനങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്തി. സാം ക്രമികരോഗങ്ങള്‍ തടയാനും, ശുചിത്വാവബോധം പകര്‍ന്ന് നല്‍കുവാനുമായി മെഡിക്കല്‍ ക്യാമ്പുകളും, ബോധവല്‍ക്കരണ സെമിനാറുകളും, പരിശീലനങ്ങളും സംഘടിപ്പിച്ചു. മലയോരമേഖലയിലും തീരപ്രദേശങ്ങളിലും ഉള്‍പ്പെടെ പ്രളയം ബാധിച്ച എല്ലായിടത്തും അതാത് പ്രദേശങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ശിശുസൗഹൃദകേന്ദ്രങ്ങള്‍
കുട്ടികളുടെ പഠന സാമഗ്രികള്‍ക്കും, കളിപ്പാട്ടങ്ങള്‍ക്കും, ചായപ്പെന്‍സിലുകള്‍ക്കുമൊപ്പം കളിയും, ചിരിയും, സന്തോഷവും ഒഴുകിപ്പോയ കുഞ്ഞ് മുഖങ്ങളില്‍ സന്തോഷത്തിന്‍റെ വര്‍ണ്ണങ്ങള്‍ വാരി വിതറാന്‍ കാരിത്താസ് ഇന്ത്യ മുന്നോട്ടു വന്നു. പ്രളയം രൂക്ഷമായി ബാധിച്ച മേഖലകളിലെ 5000 കുട്ടികളിലേക്കാണ് ഈ ഉദ്യമവുമായി എത്തിയത്. ബേബികിറ്റുകള്‍, വാഷ്കിറ്റുകള്‍, പഠനസാമഗ്രികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കി. പ്രളയത്തിന്‍റെ രൂക്ഷത അനുഭവിച്ച കുട്ടികള്‍ക്ക് മാനസികസന്തോഷം നല്‍കുന്ന കേന്ദ്രങ്ങളുടെ (Child Friendly Space) നിര്‍മ്മാണവും നടത്തി.

അതിജീവനത്തിന്‍റെ മാതൃകാ പാഠങ്ങളുമായി അതിജീവന്‍ പദ്ധതി
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ 13 ജില്ലകളിലേയും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിജീവന്‍ പദ്ധതി കാരിത്താസ് ഇന്ത്യ നടപ്പിലാക്കിയത്. ഒരു വ്യക്തിയെ അതിജീവനത്തിലേക്ക് കൈപിടിച്ചുയര്‍ത്തി, അതുവഴി അവരുള്‍പ്പെടുന്ന സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണമാണ് പ്രസ്തുത പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. അതിജീവന്‍പദ്ധതിയില്‍ 5 മേഖലകള്‍ തിരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഉള്‍ക്കൊള്ളിച്ചത്.

1. ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍/ടോയ്ലറ്റ് നിര്‍മ്മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

2. പാരമ്പരാഗതജീവന, വികസന ശേഷി പ്രവര്‍ത്തനങ്ങളുടെ പുനരുദ്ധാരണം

3. ദുരന്തങ്ങളെ തടയുന്നതിനുള്ള കാര്യക്ഷമത പരിപോഷണ പ്രവര്‍ത്തനങ്ങള്‍,

4. സാമ്പത്തികപിന്തുണയും, ഭക്ഷ്യേതര കിറ്റുകളുടെ വിതരണവും

5. ഗവണ്‍മെന്‍റിതര സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ 5 തലങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

940 ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, 2100 ടോയ്ലറ്റുകള്‍ നിര്‍മ്മാണ/പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, തൊഴിലും വരുമാന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട 8350 കുടുംബങ്ങളില്‍ ജീവിതശേഷി വികസന പദ്ധതികള്‍ എന്നിവയ്ക്കൊപ്പം ആരോഗ്യമുള്ള സമൂഹത്തിന്‍റെ നിര്‍മ്മിതി ലക്ഷ്യം വച്ച് WASH കിറ്റുകള്‍ ഓരോ വീടുകളിലും എത്തിക്കുകയും അവ ഉപയോഗിക്കുന്നതിനുള്ള പരിശീലനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി നല്‍കുകയും ചെയ്തു. പ്രകൃതിയുടേയും, പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പദ്ധതികളും അതിജീവനില്‍പ്പെടുന്നു. നീര്‍ത്തടപദ്ധതികളുടെ സംരക്ഷണം, കുളങ്ങളുടേയും, കിണറുകളുടേയും സംരക്ഷണം, കൈത്തോടുകള്‍, ചാലുകള്‍. അരുവികള്‍ എന്നിവയുടെ സംരക്ഷണം, സംരക്ഷണഭിത്തി നിര്‍മ്മിക്കല്‍ എന്നിങ്ങനെ പ്രകൃതി വിഭവങ്ങളുടെ പരിപാലന പദ്ധതികള്‍ നടപ്പിലാക്കി. 60 കുളങ്ങള്‍ നവീകരിച്ചു. 485 കിണറുകള്‍ നവീകരിച്ചു. 280 കിണറുകളില്‍ ജല പരിശോധന നടത്തി. കൂടാതെ കുടിവെള്ള പ്രശ്നം ഏറ്റവും രൂക്ഷമായി ബാധിച്ച ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ച് ശുദ്ധജലം ലഭ്യമാക്കി. വാട്ടര്‍ പ്യൂരിഫയര്‍ വിതരണവും നടത്തി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലംകൃഷി സ്ഥലംനഷ്ടപ്പെട്ട 400 കുടുംബങ്ങള്‍ക്ക് കൃഷിസ്ഥലം ഒരുക്കി നല്‍കുവാന്‍ അതിജീവന്‍ പദ്ധതിയിലൂടെ സാധിച്ചു.

ECHO പ്രോഗ്രാം
യൂറോപ്യന്‍ യൂണിയന്‍റെ സഹകരണത്തോടെ നടപ്പിലാക്കിയ ECHO പദ്ധതിയുടെ ഭാഗമായി എറണാകുളം, ആലപ്പുഴ ജില്ലകളിലെ 6 പഞ്ചായത്തുകളിലെ 7917 വീടുകളില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 2744 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നല്‍കി. 3330 രൂപ മൂല്യമുള്ള ഭക്ഷ്യേതരകിറ്റുകള്‍ 2721 കുടുംബങ്ങളില്‍ നല്‍കി. 220 ടോയ്ലറ്റുകളുടെ നവീകരണം, 100 കിണറുകളുടെ നവീകരണം, 100 കിണറുകളിലെ ജലപരിശോധന, ആലപ്പുഴ ജില്ലയിലെ എല്ലായിടത്തും കുടിവെള്ള വിതരണം എന്നിവ ECHO പ്രോഗ്രാം വഴി നടപ്പിലാക്കി.

ഇടുക്കി ജില്ലയിലെ 5 പഞ്ചായത്തുകളില്‍ 17 വില്ലേജുകളിലായി 44 ആദിവാസി കുടികളിലെ 3930 കുടുംബങ്ങളില്‍ അതിജീവനത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കിയതും 811 കുടുംബങ്ങളില്‍ 10,000 രൂപ വീതം സാമ്പത്തികസഹായം നല്‍കിയതും 1980 കുടുംബങ്ങളില്‍ ഭക്ഷ്യേതര കിറ്റുകള്‍ വിതരണം ചെയ്തതും അര്‍ഹതപ്പെട്ട മറ്റു 1139 കുടുംബങ്ങളില്‍ 1500 രൂപ വീതം സാമ്പത്തിക പിന്തുണ നല്‍കിയതുമൊക്കെ വിദേശസഹായത്തോടെയാണ്.

കാരിത്താസ് ഗ്രാമങ്ങള്‍ – പ്രതിനന്ദിയുടെ പ്രകാശനം
പ്രളയ – പ്രളയാനന്തര കേരളത്തിന് കരുത്ത് പകര്‍ന്ന് കൊണ്ട് കാരിത്താസ് ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ കാരിത്താസ് ഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വയനാട് ജില്ലയിലെ പഞ്ചായത്തുകളിലാണ് അതിജീവനപ്രവര്‍ത്തനങ്ങളിലൂടെ കാരിത്താസ് ഗ്രാമങ്ങള്‍ പിറന്നത്. വീടുകളുടെ നവീകരണം, ടോയ്ലറ്റ് നിര്‍മ്മാണം കിണര്‍ നവീകരണം, കൃഷിഭൂമി ഒരുക്കല്‍, ജൈവകൃഷി പദ്ധതികള്‍, പാരമ്പര്യ ജലസ്രോതസ്സുകളുടെ സംരക്ഷണം, ജീവിതശേഷി വികസനപദ്ധതികള്‍ എന്നിങ്ങനെ ആശയറ്റ മനുഷ്യര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കി വിവിധ പദ്ധതികള്‍ നടപ്പാക്കിയ പ്രദേശങ്ങളെ കോര്‍ത്തിണക്കിയാണ് കാരിത്താസ് ഗ്രാമങ്ങള്‍ രൂപംകൊണ്ടത്.

അതിജീവനത്തിന്‍റെ തുടര്‍ച്ചയായി നവജീവന്‍
അതിജീവനത്തില്‍ നിന്നും കിട്ടിയ പാഠങ്ങള്‍, കരുത്ത് പകര്‍ന്ന അനുഭവങ്ങള്‍, ചിന്തകള്‍, കാഴ്ചപ്പാടുകള്‍ എല്ലാം സ്വാംശീകരിച്ചെടുത്താണ് കാരിത്താസ് ഇന്ത്യ അതിജീവനത്തിന്‍റെ തുടര്‍ഘട്ടമായ നവജീവനിലേക്ക് കടക്കുന്നത്. 32 രൂപത സൊസൈറ്റികള്‍ വഴി തെരഞ്ഞെടുത്ത 320 ഗ്രാമങ്ങളില്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ക്ക് സുസ്ഥിരമായ വികസനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തി. അപ്രതീക്ഷിതമായി കടന്നുവരുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള, പരിശീലനങ്ങള്‍ സിദ്ധിച്ച സുസ്ഥിരസമൂഹത്തിന്‍റെ നിര്‍മ്മിതി എന്ന ഉന്നത ലക്ഷ്യമാണ് കാരിത്താസ് ഇന്ത്യക്കുള്ളത്. കേരളത്തിലെ തെരഞ്ഞെടുത്ത 320 ഗ്രാമങ്ങളിലും ശാസ്ത്രീയ പരിശീലനം ലഭിച്ച കര്‍മ സമിതികളായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളുടെ രൂപീകരണം, സന്നദ്ധപ്രവര്‍ത്തകരുടെ ക്രോഡീകരണം, ഗ്രാമതലപഠനങ്ങളിലൂടെ, പ്രശ്നങ്ങളും സാധ്യതകളും മനസ്സിലാക്കി, ഗ്രാമതലപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കര്‍മ്മനിരതരായ സമൂഹത്തിന്‍റെ നിര്‍മ്മിതി എന്നിവയിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും അവയുടെ ആഘാതം പരമാവധി കുറയ് ക്കുന്നതിനും ശേഷിയുള്ള സമൂഹമായി മുഴുവന്‍ ഗ്രാമങ്ങളും മാറുവാന്‍ പറ്റുന്ന തരത്തിലുള്ള പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമാണ്. ചുരുക്കത്തില്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അധികാരത്തിന്‍റെ ഉന്നതതലങ്ങളില്‍ നിന്നുവരുന്ന നിലവിലെ അവസ്ഥയില്‍നിന്നുംമാറി, സമൂഹത്തിന്‍റെ സൂക്ഷ്മതലങ്ങളില്‍ തന്നെ ദുരന്തങ്ങളെക്കുറിച്ചുള്ള അറിവും അവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുമുള്ള ഒരുസമൂഹനിര്‍മിതി; ഒരു ദുരന്തമുണ്ടാകുമ്പോള്‍ അധികാരികളില്‍ നിന്നുള്ള ആജ്ഞകള്‍ക്ക് കാതോര്‍ത്തിരിക്കേണ്ടതില്ല, മറിച്ച് വ്യക്തിതലത്തിലും സംഘാതമായും അപ്പപ്പോള്‍ത്തന്നെ പ്രതിരോധം തീര്‍ക്കാന്‍ കെല്പുള്ള മനുഷ്യരുടെ കൂട്ടായ്മ; ഇതാണ് നവജീവന്‍ ലക്ഷ്യമിടുന്നത്. ഓരോ മനുഷ്യനും അപരന്‍റെ നന്മയ്ക്കു വേണ്ടി എന്ന സഭയുടെ സുവിശേഷ സന്ദേശത്തിന്‍റെ സജീവമുഖമായി ഇതിനെ നമുക്ക് കാണാം. ഒപ്പം സര്‍ക്കാരുകള്‍ക്ക് പോലും തങ്ങളുടെ ദുരന്തജാഗ്രതാ പദ്ധതികളുടെ നയരൂപീകരണങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒരു കര്‍മ്മപദ്ധതിയും.

തീവ്രകാലാവസ്ഥാനുഭവങ്ങള്‍ തുടര്‍ച്ചയാവുകയാണ്. വരള്‍ച്ച, വെള്ളക്ഷാമം, ഉഷ്ണകാലത്തും കടലാക്രമണം, ഓഖി പിന്നീട് വന്ന മഹാപ്രളയം, പ്രകൃതി മാറുകയാണ്, കാലാവസ്ഥയും. ഇത് തിരിച്ചറിയാനെങ്കിലും തയ്യാറായാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ദുരന്തങ്ങളെ അതിജീവിക്കാനും സാധിക്കൂകയുള്ളൂ എന്ന മുന്നറിവാണ് 2018 പ്രളയം മലയാളത്തിന് പകര്‍ന്ന് നല്‍കിയ പ്രധാന പാഠം.

പ്രതിരോധത്തിന്‍റെയും അതിജീവനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റത്തിന്‍റേയും ചരിത്രം പേറുന്ന ഒരു ജനതയുടെ സുസ്ഥിരവികസനം തന്നെയാണ് നവജീവന്‍ പദ്ധതിയിലൂടെ കാരിത്താസ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്നത്. അത് പ്രളയദുരന്തത്തില്‍നിന്നുള്ള കര കയറല്‍ മാത്രമല്ല മറിച്ച് വരാനിരിക്കുന്ന ദുരന്തങ്ങളേയും അവ അനുഭവിക്കാനിടയാകുന്ന തലമുറകളേയും ലക്ഷ്യമിടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org