Latest News
|^| Home -> Cover story -> ചാവറ ആത്മീയതയും സന്യാസവും ഗാര്‍ഹിക സഭയും

ചാവറ ആത്മീയതയും സന്യാസവും ഗാര്‍ഹിക സഭയും

Sathyadeepam


ഫാ. പോള്‍ ആച്ചാണ്ടി CMI

പ്രിയോര്‍ ജനറല്‍, സി.എം.ഐ.

ഓരോ കാലത്തിനും ഓരോ ദേശത്തിനും ദൈവത്തിന്‍റെ കൈയൊപ്പുള്ള വിശുദ്ധ പ്രവാചകരുടെ ജീവിതവും ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും കാലാതീതമായ ദിശാബോധം പകരുന്നു. ചരിത്രത്തില്‍ ഇടപെടുന്ന ദൈവം സമ്മാനിക്കുന്ന അവരുടെ ജീവിതമാതൃകകള്‍ തലമുറകള്‍ക്കു പാഠപുസ്തകമായി മാറുന്നു. ജീവിത സമസ്യകളുടെ അവ്യക്തതകളുടെ മുമ്പില്‍ വര്‍ത്തമാന ജീവിത വഴിക്കവലകളില്‍ ആ ധന്യജീവിതങ്ങള്‍ വിശുദ്ധിയിലേക്കും വിമോചനത്തിലേക്കുമുള്ള ചൂണ്ടുപലകകളാകുന്നു. 1805-ല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട കൈനകരി ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നു 1871 വരെനീണ്ട സംഭവബഹുലമായ ജീവിതംകൊണ്ട് മലയാളിയെയും മലയാളക്കരയെയും ദീപ്തമാക്കിയ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്‍റെ മരണത്തിന്‍റെ 150 തികയുന്ന ശതോത്തര സുവര്‍ണ ജൂബിലി മലയാളക്കരയ്ക്ക് ഒരു ഓര്‍മ്മയും ഓര്‍മ്മപ്പെടുത്തലുമാണ്. ചാവറ ദര്‍ശനം ആഴമായി പഠിക്കാനും ജീവിക്കാനും ദൈവം നല്‍കുന്ന കൃപയുടേയും കൃതഞ്ജതയുടെയും വത്സരവുമാണ്.

ജീവിതം തന്നെ സന്ദേശം
എന്‍റെ ജീവിതം തന്നെ എന്‍റെ സന്ദേശം എന്ന് പറഞ്ഞ ഭാരതത്തിന്‍റെ രാഷ്ട്രപിതാവ് മഹാത്മജിയുടെ വാക്കുകള്‍ കടമെടുത്താണ് പ്രശസ്ത പണ്ഡിതനായ എം.കെ. സാനു ചാവറയച്ചനെ കുറിച്ചു രചിച്ച പുസ്തകത്തിന് ‘ജീവിതം തന്നെ സന്ദേശം’ എന്ന പേരിട്ടത്. ഇത് വളരെ അര്‍ത്ഥവത്തും ചാവറ ജീവിതത്തെ അടുത്തറിഞ്ഞു എന്നുള്ളതിന്‍റെ നേര്‍സാക്ഷ്യവുമാണ്. ചാവറ ജീവിത വിശുദ്ധിയുടെ സാരസംഗ്രഹം മരണകിടക്കയിലെ ചാവറ വചസ്സുകള്‍ രേഖപ്പെടുത്തുന്നു. ‘മാമ്മോദീസായില്‍ കിട്ടിയ ദൈവേഷ്ടപ്രസാദം തിരുക്കുടുംബത്തിന്‍റെ അനുഗ്രഹത്താല്‍ ഇന്നേവരെ നഷ്ടമായിട്ടില്ല എന്ന് പറയുന്നതിന് ദൈവാനുഗ്രഹത്താല്‍ എനിക്ക് ധൈര്യമുണ്ട്.’ കറകളഞ്ഞ ആധികാരികതയുള്ള ഒരു വ്യക്തിയുടെ വെളിപ്പെടുത്തല്‍ കേട്ട പ്രിയപ്പെട്ടവര്‍ക്കറിയാം അദ്ദേഹം സത്യമായും വിശുദ്ധനായിരുന്നുവെന്ന്. യേശുവിന്‍റെ മരണസമയത്ത് ശതാധിപന്‍ വിളിച്ചുപറഞ്ഞതുപോലെ, ‘ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു.’ അദ്ദേഹത്തെ അടുത്തറിഞ്ഞ അദ്ദേഹത്തിന്‍റെ കുമ്പസാരക്കാരനും ആത്മീയപിതാവുമായ ലിയോ പോള്‍ഡ് മൂപ്പച്ചന്‍ ചാവറയച്ചനെ ഒരു വിശുദ്ധനായി അന്നേ കണ്ടിരുന്നു. അതുകൊണ്ടാണ് ചാവറയച്ചന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഉടുപ്പ് മുതലായ വസ്തുക്കളുടെ ഒരോഹരി ഓരോ ആശ്രമത്തിനും ലിയോ പോള്‍ഡ് മൂപ്പച്ചന്‍റെ നിര്‍ദേശാനുസരണം അയച്ചുകൊടുത്തതും അവര്‍ അത് തിരുശേഷിപ്പായി വിവിധ ഭവനങ്ങളില്‍ സൂക്ഷിച്ചുവെച്ചതും. ഓ പരിശുദ്ധവും മനോഹരവുമായ ആത്മാവേ എനിക്കു വേണ്ടി അപേക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിച്ചാണ് ലിയോ പോള്‍ഡ് ബെക്കാറോ ഒ.സി.ഡി. ചാവറയച്ചനെക്കുറിച്ചുള്ള മരണ കുറിപ്പവസാനിപ്പിക്കുന്നത്.

ചാവറ പിതാവിന്‍റെ മൃതമഞ്ചത്തില്‍ ഈയത്തകിടില്‍ എഴുതിയത് ഇപ്രകാരമായിരുന്നു – “തന്‍റെ അഴകുള്ള ആത്മാവിനെ, തന്‍റെ ജീവിതകാലം മുഴുവന്‍ സ്നേഹിച്ച നാഥന്‍റെ തൃക്കൈകളില്‍ കയ്യാളിച്ചു.” എല്‍ത്തുരുത്ത് കൊവേന്തയുടെ നാളാഗമത്തില്‍ എഴുതിയിരിക്കുന്നു – “കീര്‍ത്തിക്കപ്പെട്ടവനും വന്ദിക്കപ്പെടുന്നവനുമായ ബഹുമാനപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന നമ്മുടെ പ്രിയോരച്ചന്‍, തന്‍റെ മാണിക്യമായ ആത്മാവിനെ തമ്പുരാന് കയ്യാളിച്ചു.” വിശുദ്ധ ചാവറ പിതാവിന്‍റെ വിശുദ്ധിയുടെ മാറ്റ് തെളിയിക്കുന്ന വിശേഷണങ്ങളാണ്, അഴകുള്ള ആത്മാവിനെ, മാണിക്യമായ ആത്മാവിനെ, എന്ന പ്രയോഗങ്ങള്‍. മരിച്ചിട്ടു 150 തികയുമ്പോഴും ചാവറ പിതാവ് നമ്മെ ഓര്‍മിപ്പിക്കുന്നത് ഫ്രാന്‍സിസ് പാപ്പാ ഇന്നത്തെ കാലഘട്ടത്തില്‍ നമ്മോടു സംവദിക്കുന്ന യാഥാര്‍ഥ്യമാണ് – “വിശുദ്ധിയാണ് സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖം.”

ചാവറയുടെ ആത്മീയത
കുടുംബത്തില്‍ കിട്ടിയ ശ്രേഷ്ഠമായ ആത്മീയ പരിശീലനം ചാവറയെ നലംതികഞ്ഞ ആത്മീയലോകത്തേക്കു കൂട്ടികൊണ്ടു പോയി. അമ്മയാണ് ചാവറയുടെ വീടെന്ന ആത്മീയ ശിക്ഷണ കേന്ദ്രത്തിലെ ഗുരു. അമ്മയെ കണ്ടും കേട്ടുമാണ് കൊച്ചു കുര്യാക്കോസ് വിശുദ്ധ കുര്യാക്കോസായി മാറിയത്. “അന്നവളുടെ കാല്‍ക്കലിരുന്നു ഞാന്‍ മന്ദംമന്ദമറിഞ്ഞു ദൈവത്തെയും. എന്നവള്‍ രാത്രി പാതിരാനേരത്തും മന്ദം നീക്കിയുണര്‍ന്നെഴുന്നേറ്റിട്ട്, മുട്ടുകുത്തി നമസ്കാരം ചെയ്യുമ്പോള്‍ ഒട്ടുനേരം ഞാന്‍ മുട്ടിന്മേല്‍ ചാഞ്ഞിടും…” ആത്മാനുതാപം എന്ന സാഹിത്യ കൃതിയില്‍ ചാവറ പിതാവ് പൈതല്‍ക്കാലത്തു തന്‍റെ ‘അമ്മ അമ്മിഞ്ഞപ്പാലോടൊപ്പം തന്നെ ദൈവസ്നേഹത്തിലും വളര്‍ത്തി പോഷിപ്പിച്ചു’ എന്ന് ഏറ്റുപറയുന്നു. പിന്നീട് പാലക്കല്‍, പോരൂക്കര തോമ മല്പാന്മാരുടെ ശിഷ്യത്വവും സൗഹൃദവും ആത്മീയവളര്‍ച്ചയെ ഊട്ടി വളര്‍ത്തി. ‘ധ്യാനസല്ലാപങ്ങള്‍’ എന്ന ആത്മീയ കൃതിയില്‍ ചാവറയച്ചന്‍ അമ്മത്രേസ്യായെ ധ്യാനം പഠിപ്പിക്കാനുള്ള ആത്മീയ ഗുരുനാഥയായി സ്വീകരിക്കുന്നു. “സ്നേഹിതന്മാരോട് ഒന്നിച്ചുള്ള സംഭാഷണം എന്നപോലെ ആത്മ മണവാളനായ ഈശോമിശിഹായോട് ഒന്നിച്ചിരുന്ന് സംസാരിക്കയത്രേ ഇതിന്‍റെ പ്രവൃത്തി. സ്നേഹിതന്മാരുടെയിടയില്‍ സംസാരത്തിനു വിഷയ ദാരിദ്ര്യം ഉണ്ടാവില്ല. സ്നേഹമുണ്ടെങ്കില്‍ സംസാരിപ്പാന്‍ വകയുണ്ടാകും. ഈശോമിശിഹായോട് ആഴമായ സ്നേഹമുണ്ടെങ്കില്‍ ധ്യാനത്തിന് സംസാരിക്കാന്‍ വകയുണ്ടാകും.” അതിനാല്‍ ചാവറയച്ചന്‍ അമ്മ ത്രേസ്യയോട് ഈ സ്നേഹം തരുവിക്കാന്‍ ആവശ്യപ്പെടുന്നു; അപ്പോള്‍ ധ്യാനവും പഠിക്കും എന്നുള്ളതായിരുന്നു ചാവറ കാഴ്ചപ്പാട്.

ചാവറ ആത്മീയതയുടെ അടിസ്ഥാനഭാവം എളിമയാണ്. ധ്യാന സല്ലാപങ്ങള്‍ എന്ന ആത്മീയ കൃതി ആരംഭിക്കുന്നത് ശ്രദ്ധേയമാണ്: ‘ഉയരപ്പെട്ട പുണ്യത്തിനും വലിയ ധ്യാനത്തിനും എനിക്ക് യോഗ്യതയില്ല. അതേന്ത്യേ മഹാപാപി.’ എല്ലാം ദൈവത്തിന്‍റെ കൃപയായി കാണുന്ന എല്ലാം ദൈവം ചെയ്തതും ചെയ്യിച്ചതുമാണെന്ന വിനയഭാവം ചാവറ ആത്മീയതയുടെ അന്തസത്തയാണ്. തന്‍റെ വിളിയെ ധ്യാനിച്ച് ചാവറ എഴുതുന്നു, ‘അതേന്ത്യേ, എന്നാല്‍ ദൈവം ചെയ്യിച്ചതൊക്കെയും എന്‍റെ വശമോ, ഇത്രടം നീ വന്നത് എങ്ങനെ, വീട്ടില്‍ നിന്നാരുവിളിച്ചു? പട്ടത്തിനു എങ്ങനെ കേറി, കൊവേന്തയില്‍ എങ്ങനെ കൂടി, സഭ എങ്ങനെ കിട്ടി, പ്രിയോരെന്നാരു വിളിച്ചു, ഇവിടെ എങ്ങനെ വന്നു? ഇതൊന്നിനു നിന്നെ കൊള്ളാമോ? ഇല്ലയില്ല, നിശ്ചയം. അപ്പഴോ തിരുമനസ്സ് നടക്കും. നടത്തും.’ ചാവറയച്ചന്‍ താന്‍ ചെയ്ത കാര്യങ്ങള്‍ക്കൊന്നും അവകാശവാദം മുഴക്കിയില്ല അന്നും ഇന്നും. ചാവറ ഉരിയിടുന്ന മന്ത്രം ദൈവം ചെയ്യിച്ചതൊക്കെയും എന്‍റെ വശമോ എന്നതാണ്. വിവാദങ്ങളിലൂടെ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തുന്നവര്‍ക്കുള്ള ഉത്തരം ജ്ഞാനിയുടെ ഈ മൗനം ഭൂഷണമാക്കുകയാണ്.

ആത്മീയതയുടെ അന്തസത്ത സ്നേഹമാണെന്നു മനസിലാക്കിയ ചാവറ പിതാവ് സഭാംഗങ്ങളോട് പറഞ്ഞു: “ഈശോമിശിഹായുടെ സ്നേഹത്തില്‍ പാര്‍പ്പിന്‍; എപ്പോഴും തന്‍റെ കണ്‍മുമ്പില്‍ ഇരിപ്പിന്‍; തന്‍റെ അരികെ നടപ്പിന്‍; തന്നോടുകൂടെ എപ്പോഴും സംസാരിപ്പിന്‍.” ഇതുതന്നെ ആത്മാനുതാപമെന്ന കവിതയില്‍ അദേഹം കുറിക്കുന്നു: “എത്രയും ചിത്രമാം നിന്‍ മുഖപദ്മത്തെ ഏകാന്തപ്രേമത്താല്‍ പാര്‍ക്കുന്നഹം.” ദിവ്യകാരുണ്യസന്നിധിയില്‍ സര്‍വം മറന്നു ഏകാന്തപ്രേമത്താല്‍ മണിക്കൂറുകള്‍ ദൈവാനുഭവത്തിന്‍റെ താബോറാക്കിമാറ്റി വിശുദ്ധ ചാവറ. ചാവറയെ ശാക്തീകരിച്ചതും ദിവ്യകാരുണ്യത്തിന്‍റെ അബ്ബാനുഭവമാണ്.

കുടുംബങ്ങളുടെ ചാവറയച്ചന്‍
“ഞാന്‍ മരിച്ചാലും ഈ കടലാസ് മരിക്കയില്ല. ആകയാല്‍ ഇത് എന്‍റെ നിക്ഷേപമായി കാക്കാന്‍ എന്‍റെ മക്കളായ കൈനകരി കുരിശുപള്ളിക്കാരായ നിങ്ങളെ ഞാന്‍ ഏല്പ്പിക്കുന്നു. ഞാന്‍ ലോകത്തില്‍ വന്നു, പോകുന്നു എന്ന് ഇതുവഴി നിങ്ങള്‍ ഓര്‍ക്കുന്നതിനു വേണ്ടി സാധിക്കുന്നവരെല്ലാം ഇത് പകര്‍ത്തി എഴുതി വീടുകളില്‍ സൂക്ഷിക്കുവിന്‍. മാസത്തില്‍ ആദ്യ ശനിയാഴ്ച എല്ലാവരും കൂടി ഇത് വായിക്കണം. ഇതായിരിക്കട്ടെ, എന്‍റെ മരണദിവസത്തിന്‍റെ ഓര്‍മ്മ. മറ്റൊരോര്‍മയും എന്നെക്കുറിച്ചു നിങ്ങള്‍ ചെയ്യേണ്ട.” ചാവറ പിതാവ് ഓര്‍മ്മിക്കാന്‍ ആഗ്രഹിച്ചത് കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കാന്‍ രചിച്ച നല്ല അപ്പന്‍റെ ചാവരുള്‍ എന്ന കുടുംബച്ചട്ടത്തിലൂടെ മാത്രമായിരുന്നു.

നല്ല അപ്പന്‍റെ ചാവരുള്‍ എന്ന കുടുംബജീവിതത്തിന്‍റെ സുവര്‍ണപാഠങ്ങള്‍ കുടുംബങ്ങളുടെ മധ്യസ്ഥനായ ചാവറയച്ചന്‍റെ ഏക്കാലത്തേക്കുമായുള്ള ഗാര്‍ഹിക സഭയ്ക്കുള്ള സംഭാവനയാണ്. മക്കളുടെ ശിക്ഷണത്തിനുള്ള പാഠപുസ്തകമാണ്. “കത്തോലിക്കാ കുടുംബം ആകാശമോക്ഷത്തിനു സദൃശമാകുന്നു. കുടുംബത്തിന്‍റെ ന്യായം എന്നത് രക്തബന്ധത്താലും സ്നേഹത്താലും പരസ്പരം ബന്ധിതരായ പല വ്യക്തികള്‍ ഒരുമിച്ചു കാരണവന്മാരുടെ നേരെ ബഹുമാനവും വിധേയത്വവും പുലര്‍ത്തി തമ്പുരാനോടും, മനുഷ്യരോട് തമ്മില്‍ത്തമ്മിലും സമാധാനത്തില്‍ വര്‍ത്തിച്ച് അവരവരുടെ അന്തസ്സിനു അനുസരിച്ചു നിത്യ ഗതിയെ പ്രാപിക്കുന്നതിന് പ്രയത്നം ചെയ്തു ഒരുമിച്ചു ജീവിക്കുന്നതാകുന്നു.” കുടുംബചട്ടങ്ങളിലെ പ്രഥമ നിര്‍ദേശം നിങ്ങള്‍ തമ്മില്‍ത്തമ്മില്‍ ഉപവി ആയിരിപ്പിന്‍ നിങ്ങളുടെ കുറവുകളും കുറ്റങ്ങളും പരസപരം ക്ഷമിക്കുവിന്‍ എന്നതാണ്. ഒരു മനശാസ്ത്രജ്ഞന്‍റെയും ആത്മീയ പിതാവിന്‍റെയും അനുഭവത്തോടെ ചാവറയച്ചന്‍ കുറിക്കുന്ന ചട്ടങ്ങള്‍ ചാറ്റിങ്ങിന്‍റെ ഈ കാലത്തു എന്നത്തേക്കാളേറെ പ്രസക്തമാണ്. കുടുംബങ്ങളിലൂടെ സഭാ നവീകരണം സ്വപ്നം കണ്ട ചാവറയച്ചന്‍ തികച്ചും കുടുംബങ്ങളുടെ പ്രേഷിതനും മധ്യസ്ഥനും തന്നെ.

സന്യാസത്തിന്‍റെ ചാവറ ശൈലി
അനുഗ്രഹീതമായ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍, മാര്‍തോമാ ശ്ലീഹായുടെ വിശ്വാസ പൈതൃകം സ്വന്തമായ ഒരു സമൂഹം എന്തുകൊണ്ടാണ് തളര്‍ന്നു വരള്‍ച്ച മുരടിച്ചു മച്ചിയായി വിശുദ്ധര്‍ക്ക് ജന്മം നല്‍കാതെ പോയത്? ഏറിയ നന്മകള്‍ കുറഞ്ഞുപോകാനും ഇല്ലാതെ പോകാനും എന്തായിരിക്കും കാരണം? പ്രാര്‍ത്ഥനയ്ക്കും പരിചിന്തനത്തിനും ദൈവാത്മാവു നല്‍കിയ അരുളപ്പാട് ഒരു സന്യാസ സഭയുടെ അഭാവം എന്നുള്ളതായിരുന്നു. പാലക്കല്‍ തോമാ മല്പ്പാനച്ചനും പോരൂക്കര തോമാ മല്പ്പാനച്ചനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസും കണിയന്തറ യാക്കോബ് സഹോദരനും മൗറീലിയൂസ് സത്ബിലിനി മെത്രാന്‍റെ അനുവാദാശീര്‍വാദങ്ങളോടെ ഒന്നുചേര്‍ന്ന് ദൈവനിവേശനം സാക്ഷാത്ക്കരിക്കാന്‍ പ്രവര്‍ത്തിച്ചപ്പോള്‍ ദൈവം ചെയ്യിച്ച വിസ്മയമാണ് സി.എം.ഐ. സന്യാസസഭ. വാച്ച വനവാസത്തിനു പോകാന്‍ അനുവാദം ചോദിച്ചവരെ കൊവേന്തവെക്കാന്‍ പ്രേരിപ്പിച്ചത് മൗറീലിയൂസ് മെത്രാനാണ്. ദൈവം അവ്യക്തതയുടെ വഴികളിലൂടെ വ്യക്തികളുടെ ഇടപെടലുകളോടെ നടത്തിയ യാത്രയാണ് സി.എം.ഐ. സന്യാസത്തിന്‍റെ രണ്ടു നൂറ്റാണ്ടുകള്‍. എല്ലാം വിശദമായി പ്രൊജക്റ്റ് തയ്യാറാക്കി വരും വരായ്കകള്‍ വിവേചിച്ചറിഞ്ഞല്ല ദൈവതിരുമനസ്സ് നടക്കും നടത്തും എന്ന ബോധ്യത്തോടെ ദൈവത്തിന്‍റെ മനുഷ്യര്‍ നടത്തിയ യാത്രയാണ് സിഎംഐ. അതു കൊണ്ടാണ് ചാവറ പിതാവ് ഇടയ്ക്കിടെ സഭാംഗങ്ങളെ ഓര്‍മിപ്പിക്കുന്നത് ദൈവം ചെയ്യിച്ചതൊക്കെയും എന്‍റെ വശമോ?”

1829-നു അനുവാദം ലഭിച്ച് 1831-ല്‍ കല്ലിട്ടു സ്ഥാപിതമായി സന്യാസം തുടങ്ങിയ ആത്മീയ കൂട്ടായ്മ നീണ്ട 24 വര്‍ഷം കാത്തിരിക്കേണ്ടിവന്നു അമലോത്ഭവ ദാസ സംഘമായി 1855 ഡിസംബര്‍ 8-ന് വ്രതസമര്‍പ്പണം നടത്തി കാനോനികമായ സഭയിലെ സന്യാസ കൂട്ടായ്മയായി അംഗീകരിക്കപ്പെടാന്‍. ഈ 24 വര്‍ഷത്തെ കാത്തിരിപ്പ് വേദനയുടെ, വിയോഗങ്ങളുടെ, കഠിന പരീക്ഷകളുടെ സമയമായിരുന്നു. സ്ഥാപകപിതാക്കന്മാരില്‍ മല്പാന്‍ പാലക്കലച്ചനും മല്പാന്‍ പോരൂക്കരയച്ചനും ചാവറയച്ചനെ ഒറ്റയാക്കി സ്വര്‍ഗത്തിലേക്ക് യാത്രയായി. സ്ഥലം കണ്ടെത്താനും മാന്നാനത്തു കൊവേന്ത പണിയാനും സഹസന്യാസികള്‍ക്കു പ്രതീക്ഷ പകരാനും ചാവറപിതാവ് അനുഭവിച്ച മനോവ്യഥ ഒരു ഗത്സമനി അനുഭവമായിരുന്നു. ദൈവതിരു മനസ്സു നടക്കും, നടത്തും. അങ്ങനെ തീയില്‍ കുരുത്ത ഒരു ചരി ത്രം പിന്നീടുള്ള യാത്രയില്‍ ഏഴു വ്യാകുലങ്ങളുടെയും വിദേശ മേധാവിത്തത്തിന്‍റെയും മറ്റിതര അവഗണനകളുടെയും ഇടയില്‍ ദൈവതിരുമനസ്സിനും ദൈവപരിപാലനയ്ക്കും വിട്ടുകൊടുക്കാന്‍ പ്രാപ്തമാക്കി.

കൂടപ്പിറപ്പുകളുടെ സന്യാസം
സന്യാസത്തെകുറിച്ചുള്ള ചാവറ കാഴ്ചപ്പാടുകള്‍ ഇക്കാലഘട്ടത്തിലും പ്രസക്തമാണ്. സന്യാസ ശ്രേഷ്ഠനായ ചാവറയച്ചന്‍ സഭാംഗങ്ങള്‍ക്ക് എഴുതി, ‘പ്രിയമുള്ള കുഞ്ഞുങ്ങളെ, സന്യാസിയുടെ ഏകമായ അടയാളം സ്വന്ത മനസ്സിനെ മുഴുവനായി ഉപേക്ഷിച്ചു കണ്ണും ചെവിയുമില്ലാത്ത അനുസരണമത്രേ. ഇതുള്ളവനാണ് സന്യാസി, വൃതം ചെയ്തപ്പോള്‍ തിരുക്കുടുംബത്തിന്‍റെ നാമധേയം സ്വീകരിച്ച ചാവറയച്ചന്‍ സന്യാസ ഭവനത്തെ കുടുംബമായും സഭാംഗങ്ങളെ കൂടപ്പിറപ്പുകളുമായാണ് കണ്ടത്. ‘എത്ര കൊവേന്തകളുണ്ടായാലും ഒരു വീട്, ഒരമ്മയുടെ തന്നെ പാല്‍ കുടിച്ചുവളര്‍ന്നവര്‍ എന്നതുപോലെ പരസ്പരം ആത്മാര്‍ത്ഥ സ്നേഹം ഉള്ളവരായിരിക്കണം നിങ്ങള്‍. ഈ സ്നേഹത്തിന് ഒരിക്കലും കുറവുണ്ടാകരുത്. പോരാ, അതിനെ അനുദിനം വര്‍ധിപ്പിക്കുകയും വേണം.’ പ്രാര്‍ത്ഥനയും സമൂഹജീവിതവും തന്നെയാണ് ഏറ്റവും വലിയ ജീവിതസാക്ഷ്യമെന്ന ചാവറ ശൈലി ഫ്രാന്‍സിസ് പാപ്പാ ഇക്കാലഘട്ടത്തില്‍ അടിവരയിട്ടു നമ്മെ ഓര്‍മിപ്പിക്കുന്നത് ശ്രദ്ധേയമാണ്.

ചാവറ വിഭാവനം ചെയ്ത കേരളത്തിലെ കൊവേന്ത സംസ്കാരം, പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ദൈവസ്നേഹച്ചരടില്‍ ഒന്നിപ്പിച്ച പ്രേഷിത വീക്ഷണം ഇന്നും ഏവര്‍ക്കും സന്യാസത്തിന് ചൂണ്ടു പലകയാണ്. ‘ദൈവതിരുമനസ്സ് നടക്കും നടത്തും’ എന്ന മന്ത്രം ജീവിതത്തില്‍ സ്വാംശീകരിച്ചു ചാവറ പിതാവ് ഏറിയ നന്മകള്‍ ഏറെപ്പേര്‍ക്കു ചെയ്യാനുള്ള മനസ്സോടെ തുടക്കം കുറിച്ചതാണ് സി.എം.ഐ. സന്യാസ കൂട്ടായ്മ. സന്യാസ ഭവനത്തിനു ചാവറ പിതാവ് നല്‍കിയ പേരുകള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു: ബേസ്റൗമ (മലമുകളിലെ വീട്), ദര്‍ശനവീട്, പുണ്യ സങ്കേതം, തപസുഭവനം, ചെറിയ ആകാശമോക്ഷം തുടങ്ങിയ വേറിട്ട പദങ്ങളാണ്. സന്യാസവ്രതങ്ങളെ ചാവറയച്ചന്‍ വിളിച്ചത് ചൊല്‍വിളി (അനുസരണം), അഗതിത്തം (ദാരിദ്ര്യം) മണവാട്ടിത്തം (കന്യാവ്രതം) എന്നാണ്. സാധാരണ ഈ മൂന്ന് വ്രതങ്ങള്‍ക്ക് പുറമെ എളിമ എന്ന നാലാം വ്രതവും ചാവറയച്ചനും ആദ്യ പിതാക്കന്മാരും എടുത്തിരുന്നു. മാമ്മോദീസായുടെ പുഷ്പിതരൂപമാണല്ലോ സന്യാസവ്രതങ്ങള്‍. മാമ്മോദീസയില്‍ ലഭിച്ച വരപ്രസാദം നഷ്ടപ്പെടുത്താതെ വളര്‍ത്തി എടുത്തതിന്‍റെ തെളിവാണല്ലോ സന്യാസത്തിന്‍റെ വിശ്വസ്തത.

സമൂഹ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍
ദൈവത്തെ ദര്‍ശിച്ചവന് നിഷ്ക്രിയനാകാന്‍ കഴിയില്ല, സഹോദരങ്ങളുടെ, പ്രത്യേകിച്ച് ദളിതരെയും ദരിദ്രരേയും ശാക്തികരിക്കാന്‍ കച്ച കെട്ടിയിറങ്ങണം എന്ന സുവിശേഷ വീക്ഷണമാണ് ചാവറ പ്രത്യയശാസ്ത്രം. ‘കണ്ണു കാട്ടപ്പെട്ട നന്മകളൊക്കെ’ ചെയ്ത് കേരളക്കരയെയും കേരളസഭയെയും സകല സൗഭാഗ്യങ്ങളും കൊണ്ട് നിറയാന്‍ അക്ഷീണം യത്നിച്ച ചാവറയച്ചന്‍റെ സുവര്‍ണ നിയമമായിരുന്നു നന്മ ചെയ്യാത്ത ദിവസം ആയുസ്സിന്‍റെ പുസ്തകത്തില്‍ രേഖപെടുത്തില്ല എന്നുള്ളത്. വെള്ളത്താല്‍ ചുറ്റപ്പെട്ട കൈനകരിയില്‍ ജനിച്ചുവളര്‍ന്നു അതിജീവനത്തിന്‍റെ ആയോധനം സ്വന്തമാക്കിയ ചാവറയച്ചന്‍, തന്‍റെ മാത്രമല്ല സഹജീവികളുടെയും ആത്മരക്ഷയ്ക്കായി സന്യസിക്കാന്‍ ഇറങ്ങി തിരിച്ചു. സഭയെ നവീകരിക്കുക, സഭയെ പടുത്തുയര്‍ത്തുക, അതിനാവശ്യമായ എന്തും ചെയ്യാന്‍ തയ്യാറായി. അതില്‍നിന്നും അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍ പുഴ പോലെ ശാന്തമായി തപസ്സിന്‍റെ മാന്നാനം കുന്നില്‍നിന്നും താഴ്വാരങ്ങളിലേക്കൊഴുകി. സെമിനാരിയും ഉത്തമ വൈദിക സന്യാസ ശിക്ഷണവും, ധ്യാന പ്രഭാഷണങ്ങളും ആത്മീയത ഊട്ടിവളര്‍ത്തുന്ന ദിവ്യകാരുണ്യ ഭക്തിയും മാതൃഭക്തിയും മറ്റു ഭക്താഭ്യാസങ്ങളും ആത്മീയ വിശപ്പനുഭവിച്ച ജനതയ്ക്ക് മരുഭൂമിയിലെ മന്നയുടെ വിരുന്നനുഭവം പകര്‍ന്നു.

ജ്ഞാന കര്‍മ്മ ഭക്തി മാര്‍ഗങ്ങളുടെ യേശു സ്നേഹ സമന്വയത്തില്‍ ചാലിച്ചെടുത്ത ഒരു സന്യാസ സംസ്കാരം ഈ നാടിനു സമ്മാനിച്ച ക്രൈസ്തവ ഋഷിയാണ് വിശുദ്ധ ചാവറ. അറിവും ആത്മീയതയും ഒന്നിച്ചാല്‍ മാത്രമേ സമൂഹവും സംസ്കാരവും വികസിക്കുകയുള്ളൂ എന്നതിന്‍റെ തെളിവാണ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന സമഗ്ര വീക്ഷണം. വൈദികര്‍ക്ക് പൂജാചാര വിധികള്‍ മാത്രം പോരാ ആഴമായ അറിവും, ഭാഷയും സാഹിത്യവും സഹിതം മനുഷ്യനെ സമുദ്ധരിക്കാനുതകുന്ന കാലിക പരിശീലനത്തിനായി ഇന്നത്തെ സെമിനാരികളുടെ ആദ്യ പതിപ്പായി മാന്നാനത്തു വേറിട്ട വൈദിക പരിശീലനം ആരംഭിച്ചു. വിദ്യാഭ്യാസവും ഉപവിശാലയും ഉച്ചക്കഞ്ഞിയും ഉടുതുണിയും തൊഴിലും ന്യായവേതനവും, സ്ത്രീശാക്തീകരണവും തുല്യനീതിയും ഒരു പൊതുസമൂഹ പിറവിക്കു ഈണം കൊടുത്തു. പ്രസ്സും പ്രസിദ്ധീകരണങ്ങളും എഴുത്തും വായനയും വലിയ ലോകത്തിലേക്കുള്ള തുറവിയും ചിന്താശൈലിയിലെ പരിവര്‍ത്തനവും സാധ്യമാക്കി. കേരളം കേരളമായതു പരശുരാമന്‍റെ മഴുകൊണ്ടല്ല, ഏവരെയും ശാക്തീകരിക്കുന്ന നാവോത്ഥാന ആയുധങ്ങളായ വിദ്യയും വായനയും, സമത്വവും സാഹോദര്യവും കൊണ്ടാണ്. അങ്ങനെ 19-ാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ കേരള വ്യവസ്ഥിതിയെ അക്ഷരം കൊണ്ടും, അന്നം കൊണ്ടും, സമത്വം കൊണ്ടും സാഹോദര്യബോധം കൊണ്ടും ആരോഗ്യകരമായ സാമൂഹ്യസ്ഥിതിയിലേക്കു നയിച്ച നവോത്ഥാന നായകനായി മാറി മലയാളിയുടെ സ്വന്തം ചാവറയച്ചന്‍. ആരെയും അന്യരായി കാണാതെ കൂടപ്പിറപ്പുകളായി സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്ന കുടുംബബോധം ഇന്നത്തെ വിഭാഗീയ വിഭജിത ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടില്‍ ഒരു വഴിവിളക്കും വഴികാട്ടിയുമാകട്ടെ.

Leave a Comment

*
*